അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബന്ദികളാക്കുന്ന ഈ നെറികേട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ഇടവരരുത്. രഹന ഫാത്തിമയെ സന്നിധാനത്തെത്തിച്ച് കോടതിയലക്‌ഷ്യം ഒഴിവാക്കാന്‍ വെപ്രാളം കാണിച്ചവര്‍ 2009 ലെ സുപ്രീംകോടതി ഉത്തരവിന്റെ കാര്യം മറക്കരുത്

വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍
Saturday, November 17, 2018

എഡിറ്റോറിയല്‍ : ബന്ദും ഹര്‍ത്താലും നിരോധിച്ചുകൊണ്ടുള്ള ഒരു കോടതി ഉത്തരവുണ്ടായിരുന്നു പണ്ട് ! നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് അത് ഓര്‍മ്മയില്ലായിരിക്കാം. സംഭവം 2009 ലെ സുപ്രീംകോടതിയുടെ ഉത്തരവാണ്.

ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന പാര്‍ട്ടികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഒരു മാര്‍ഗരേഖയും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. അതും നമ്മുടെ നേതാക്കള്‍ക്ക് ഓര്‍മ്മയില്ലായിരിക്കാം. പക്ഷേ, ഇന്നത്തെ നമ്മുടെ ഗവര്‍ണര്‍ പി സദാശിവം അത് മറക്കാനിടയില്ല.

കാരണം 2013 ല്‍ അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ അദ്ദേഹത്തിന്റെ ബഞ്ചാണ് 2009 ലെ ബന്ദ് / ഹര്‍ത്താല്‍ നിരോധന ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. അന്ന് ഈ ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഉള്‍പ്പെട്ട ബഞ്ച് കേന്ദ്ര / സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസും അയച്ചിരുന്നതാണ്.

പക്ഷേ, എന്ത് പ്രയോജനം ? ഇന്ന് നേരം വെളുത്തപ്പോള്‍ മലയാളിയെ വരവേറ്റ വാര്‍ത്ത ഇന്ന് ഹര്‍ത്താല്‍ ആണെന്നതാണ്. പലരും സ്കൂളില്‍ പോകുന്നതിനും ഓഫീസില്‍ പോകുന്നതിനുമുള്ള ഒരുക്കത്തിനിടെയാണ് ഈ വാര്‍ത്ത കേട്ടത്.

ചിലര്‍ പുറപ്പെട്ട് റോഡിലെത്തിയപ്പോഴും. ഇതില്‍പ്പരം ഒരു നെറികേട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് കേരളത്തോട് കാണിക്കാന്‍ ബാക്കിയുണ്ടാകില്ല.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു അര്‍ത്ഥരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം. ആയിക്കൊള്ളട്ടെ ? ഹര്‍ത്താല്‍ നിയമവിരുദ്ധമാണെങ്കിലും ഈ ‘പരിഷ്കൃത’ രാഷ്ട്രീയ കാലഘട്ടത്തില്‍ അതവരുടെ അവകാശമായി കാണാം.

പക്ഷേ, അതിന് ഒരു ദിവസത്തെ സാവകാശം നല്‍കാനുള്ള വിവേകം ഇന്ന് ഈ ‘സാമൂഹ്യദ്രോഹം’ ചെയ്ത ഹിന്ദു ഐക്യവേദി കാണിക്കാതെ പോയത് ദൌര്‍ഭാഗ്യകരമാണ്. അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിച്ച് പുലര്‍ച്ചെ നടപ്പിലാക്കാന്‍ തക്ക എന്ത് അടിയന്തിര പ്രാധാന്യമായിരുന്നു ശശികലയുടെ അറസ്റ്റിനുള്ളത് ?

കേരള സമൂഹത്തില്‍ ശശികലയ്ക്ക് അതിനുള്ള എന്ത് പ്രാധാന്യമാണുള്ളത് ? കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികളായ പൊതുസമൂഹം അനിഷ്ടത്തോടെ കാണുന്ന ഒരാള്‍ക്ക് വേണ്ടി മൂന്നേകാല്‍ കോടി ജനതയെ ഇങ്ങനെ ഒരു ദിവസം മുഴുവന്‍ ബന്ദികളാക്കണമായിരുന്നോ ? ഞങ്ങളുടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം നല്‍കിയത് ?

ഞങ്ങള്‍ക്ക് അത്യാവശ്യമായി ആശുപത്രിയില്‍ പോകാനുള്ള അടിയന്തിരാവശ്യം നിഷേധിക്കാന്‍ നിങ്ങള്‍ക്കെന്താണവകാശം ? ഞങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം നിഷേധിക്കാന്‍ നിങ്ങളാരാണ്‌ ?

ഞങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു കച്ചവടം നടത്താനുള്ള സാഹചര്യം എന്തിനാണ് നിങ്ങള്‍ എതിര്‍ക്കുന്നത് ? ഞങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള അവകാശം എന്തിന് നിങ്ങളെ നിഷേധിക്കുന്നു ?

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാകാം എന്ന സുപ്രീംകോടതി വിധി കേട്ട ഉടന്‍ ഒരു വിശ്വാസിയെപ്പോലും കിട്ടാഞ്ഞിട്ട് എങ്ങുനിന്നോ ചില അവിശ്വാസികളെ എത്തിച്ച് ഇരുന്നൂറോളം പോലീസുകാരുടെ അകമ്പടിയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട് സുപ്രീംകോടതി ഉത്തരവ് ശിരസാവഹിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് ഹര്‍ത്താല്‍ / ബന്ദ് സംബന്ധിച്ച ഉത്തരവ് നടപ്പിലാക്കാതെ പോകുന്നു.

അപ്പോള്‍ ആ ഉത്തരവ് നടപ്പിലാക്കാത്തതിന്റെ പേരില്‍ ഉണ്ടാകാത്തതിനേക്കാള്‍ വലിയ കോടതിയലക്ഷ്യ നടപടി ശബരിമലയുടെ പേരില്‍ ഉണ്ടാകുമോ ?

അല്ലയോ നേതാക്കളെ, ജനങ്ങളായ ഞങ്ങളെ നിങ്ങള്‍ ഇലിഭ്യരാക്കിക്കോ ! കാരണം നിങ്ങളെയൊക്കെ ചുമക്കുന്ന ഞങ്ങള്‍ അതര്‍ഹിക്കുന്നു. പക്ഷേ, ഞങ്ങളെയങ്ങ് തീരെ പൊട്ടന്മാരാക്കല്ലേ ?

അതിനാല്‍ സുപ്രീംകോടതിയോട് നിങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നാട്ടിലെ മുഴുവന്‍ ജനങ്ങളെയും പൌരാവകാശങ്ങളും മൌലികാവകാശങ്ങളും നിഷേധിക്കുന്ന ഹര്‍ത്താല്‍ / ബന്ദ് നിരോധന ഉത്തരവ് നടപ്പിലാക്കലാണ്.

അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പുലര്‍ച്ചെ ജനത്തെ ബന്ദികളാക്കുന്ന ഈ നെറികേട് ഇനി ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ഇടവരരുത് ! അതിനുള്ള ആര്‍ജ്ജവം പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കുണ്ടാകുമോ എന്നാണ് അറിയേണ്ടത് !

അല്ലാതെ നാളെ രാവിലെ നിങ്ങള്‍ ശബരിമലയില്‍ രഹനാ ഫാത്തിമയുടെയോ തൃപ്തി ദേശായിയുടെയോ തോന്നാസ്യം സാധിച്ചു കൊടുക്കുമോ എന്നത് ഞങ്ങളുടെ വിഷയമല്ല.

അവിടെ ബഹുഭൂരിപക്ഷ൦ വരുന്ന വിശ്വാസികള്‍ക്ക് ആവശ്യമില്ലാത്ത കോടതി ഉത്തരവ് നടപ്പിലാക്കാന്‍ നിങ്ങള്‍ വെമ്പല്‍ കൊള്ളുമ്പോള്‍ ഇവിടെ ബഹുഭൂരിപക്ഷ൦ ജനങ്ങളും വര്‍ഷങ്ങളായി ആഗ്രഹിച്ച കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അതവര്‍ പൊറുക്കില്ല.

കാലം മാറിയത് ആചാരങ്ങളുടെ കാര്യം പറയുമ്പോള്‍ മാത്രമേ ഓര്‍മ്മിക്കൂ എന്ന വാശി സര്‍ക്കാരിന് വേണ്ട. കാലം മാറിയതാണ് ! നിങ്ങളും മാറണം.

– എഡിറ്റര്‍.

×