വിശ്വാസമാണ് വലുത്; കോടതികള്‍ അതില്‍ ഇടപെട്ടത് മതി; ശബരിമലയില്‍ അയ്യപ്പന്‍റെ ഇഷ്ടമാണ് പുലരേണ്ടത്. സുപ്രീംകോടതിയുടേതല്ല !

വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍
Wednesday, October 3, 2018

എഡിറ്റോറിയല്‍/ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി രാജ്യത്തെ വിശ്വാസി സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വിധിയെ സ്വാഗതം ചെയ്തിട്ടുള്ളവര്‍ ചുരുക്കമാണെങ്കില്‍ വിധിയോട് ആശങ്ക പങ്കുവച്ചവരും എതിര്‍ത്തവരും ഏറെയാണ്‌.

ഭരണഘടനയും സാമൂഹിക തത്വങ്ങളുമൊക്കെ വിശകലനം ചെയ്തുകൊണ്ട് ശബരിമലയിലേക്ക് സ്ത്രീകള്‍ക്ക് സുപ്രീംകോടതി പ്രവേശനം അനുവദിച്ചപ്പോള്‍ നാട്ടില്‍ നിലനില്‍ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ വിസ്മരിക്കപ്പെട്ടു. ഒരു ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് ആധാരം തന്നെ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമൊക്കെയാണ്.

സുപ്രീംകോടതി ശബരിമല വിഷയം പരിഗണിച്ചപ്പോള്‍ രാജ്യത്തെ ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഈ ക്ഷേത്രത്തോടുള്ള വൈകാരിക വിശ്വാസ സത്യങ്ങളെ മുഖവിലയ്ക്കെടുത്തോ എന്ന്‍ സംശയമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ വിശ്വാസികളില്‍ നിന്ന് ഉയരുന്ന ആശങ്കകളും അത്തരത്തിലുള്ളതാണ്.

ശബരിമല ഇന്ത്യ മുഴുവനുള്ള ജനസമൂഹത്തിന്റെ ആരാധ്യ ക്ഷേത്രമായി മാറിയത് ആ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയുമൊക്കെ പ്രത്യേകതകള്‍ കൊണ്ട് മാത്രമാണ്. ഒരിക്കലും സ്ത്രീകളെ ഇവിടെ നിന്ന് മാറ്റി നിര്‍ത്തിയിട്ടുമില്ല. സ്ത്രീകളുടെ ചില ശാരീരിക അവസ്ഥകള്‍ മാറുന്ന ഒരു പ്രായപരിധിയ്ക്കുള്ളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണമുള്ളത്.

ആ നിയന്ത്രണങ്ങള്‍ ഇന്നാട്ടിലെ വിശ്വാസി സമൂഹം മനസാ ഏറ്റെടുത്തിട്ടുള്ളതുമാണ്. അതിനെയൊക്കെ തച്ചുടച്ച എല്ലാ സമയത്തും എങ്ങനെയും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന് സുപ്രീംകോടതി പറഞ്ഞാലും വിശ്വാസികള്‍ അതേറ്റെടുക്കണമേന്നില്ല. കാരണം അതൊരു വിശ്വാസമാണ്.

രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവുകള്‍ ആദരിക്കപ്പെടേണ്ടത് തന്നെയാണ്. സംശയമില്ല. പക്ഷേ, ഇക്കാര്യത്തില്‍ വിശ്വാസസമൂഹത്തിന്റെ വികാരത്തിനൊപ്പം നില്‍ക്കാന്‍ സുപ്രീംകോടതിയ്ക്കും കഴിയണം. വിശ്വാസം എന്നത് നിയമം കൊണ്ടോ നിര്‍ബന്ധം കൊണ്ടോ നിയന്ത്രിക്കപ്പെടേണ്ട ഒന്നല്ല. വിധിയ്ക്ക് ശേഷം പുറത്തുവന്ന പ്രതികരണങ്ങളില്‍ നിന്ന് അത് മനസിലാക്കാവുന്നതാണ്.

അതിനാല്‍ സുപ്രീംകോടതിയ്ക്ക് തിരുത്താന്‍ അവസരം ഒരുക്കുംവിധം സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയാണ് വേണ്ടത്. ഇത് പുനപരിശോധിക്കപ്പെടേണ്ട ഒരു വിധിയാണെന്ന് ഇതിനോടകം സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടെങ്കില്‍ അതിനിയും വൈകരുത്.

വിശ്വാസമാണ് വലുത്. കോടതികള്‍ അതില്‍ ഇടപെട്ടത് മതി. എല്ലാ ചരിത്രങ്ങളും തിരുത്തിക്കളയാം എന്ന വാശി ആര്‍ക്കും ഭൂഷണമല്ല. ചില ചരിത്രങ്ങള്‍ കാലാകാലങ്ങളായി നിലനിര്‍ത്തപ്പെടേണ്ടതാണ്. അത് മറക്കരുത്, ആരും !

×