പതിനെട്ടാം പടി ചവിട്ടിയില്ല, ആചാരപരമായ ഭക്തിയോടെ ഭഗവാനെ തൊഴുതുപോലുമില്ല ! പിന്നെങ്ങനെ ? പിന്നാമ്പുറത്തുകൂടിയുള്ള ഈ കോപ്രായങ്ങള്‍ സുപ്രീംകോടതി വിധിയുടെ നടപ്പിലാക്കലാകും ? വിശ്വാസികളായ സ്ത്രീകളെ മലചവിട്ടിക്കാനായോ ?

വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍
Thursday, January 3, 2019

എഡിറ്റോറിയല്‍ / അവിടിവിടെ വിള്ളലുകളുണ്ടായെങ്കിലും വനിതാ മതില്‍ വലിയ പൊള്ളലേല്‍ക്കാതെ പൂര്‍ത്തിയാക്കാന്‍ സി പി എമ്മിനും സര്‍ക്കാരിനും കഴിഞ്ഞിരുന്നു.  പക്ഷേ, വീണ്ടും രണ്ടു ആക്ടിവിസ്റ്റുകളെ മല കയറ്റിയതോടെ അതുല്പ്പെടെ ഒന്നും നേട്ടമല്ലാതായി മാറി.

വിശ്വാസങ്ങളെ (അന്ധ) തകര്‍ക്കുകയാണ് സി പി എം അജണ്ട എന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെ വിമര്‍ശിക്കുന്നത്.  എന്തായാലും അക്കാര്യം യുവതീ പ്രവേശനത്തിലൂടെ ഭംഗിയായി നിറവേറി. പക്ഷേ, വികലമായ വാശി കാട്ടി ആചാര പ്രകാരമല്ലാത്ത, ഇരുമുടിക്കെട്ടുപോലുമില്ലാതെ രണ്ട് ആക്ടിവിസ്റ്റുകളെ മലകയറ്റിയത് എന്തിനുവേണ്ടിയായിരുന്നെന്ന ചോദ്യം വരും ദിവസങ്ങളില്‍ സര്‍ക്കാരിന് തലവേദനയായി മാറും.

ഇതിലൂടെ സുപ്രീംകോടതി വിധി നടപ്പിലാക്കി എന്ന് ആരെങ്കിലും ഊറ്റം കൊള്ളുന്നുണ്ടെങ്കില്‍ അത് തെറ്റെന്ന് പറയേണ്ടി വരും.  വിശ്വാസികളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ആകാം എന്നാണ് ഭരണഘടന ബഞ്ചിന്റെ വിധി.  അങ്ങനുള്ള സ്ത്രീകളാണ് ബിന്ദുവും കനക ദുര്‍ഗ്ഗയുമെന്ന് അവര്‍പോലും പറയില്ല.

മറ്റൊന്ന്‍, വിശ്വാസികള്‍ മലകയറുന്ന ആചാരങ്ങളോടെ ആയിരുന്നില്ല മലകയറ്റം.  എങ്ങനെയൊക്കെയോ പിന്‍വാതിലിലൂടെ അവരെ സന്നിധാനത്തെത്തിച്ചു.  പതിനെട്ടാംപടി ചവിട്ടിയില്ല, ആചാരപരമായ ഭക്തിയോടെ ഭഗവാനെ ഒന്ന് തൊടാന്‍ പോലും അവര്‍ തയാറായുമില്ല. പിന്നെങ്ങനെ പിന്നാമ്പുറത്തുകൂടിയുള്ള ഈ കോപ്രായങ്ങള്‍ സുപ്രീംകോടതി വിധിയുടെ നടപ്പിലാക്കലാകും ?

പകരം പിറ്റേ ദിവസം മുതല്‍ സംസ്ഥാനം അക്രമത്തിലേക്ക് വഴുതി മാറി.  വീണ്ടും ഹര്‍ത്താല്‍. ശബരിമല പോലെ ലക്ഷങ്ങളുടെ വിശ്വാസ കേന്ദ്രമായ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്ന തരത്തില്‍ ഒരു സംഭവം ഉണ്ടായാല്‍ വിശ്വാസികളില്‍ നിന്നും പ്രതിഷേധം ഉണ്ടാകുക സ്വാഭാവികമാണ്.

അക്രമ സംഭവങ്ങളെ അണുവിട ന്യായീകരിക്കാനാകില്ലെങ്കിലും സ്വാഭാവികമായുണ്ടായ ഏകാധിപത്യപരമായ പ്രതിഷേധങ്ങളെ അങ്ങനെ തന്നെ കാണാന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്.  അതൊക്കെ ജനാധിപത്യത്തില്‍ സംഭവ്യങ്ങളാണ്.

വിശ്വാസി പക്ഷത്തോടൊപ്പം നില്‍ക്കുന്ന ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും പ്രതിഷേധങ്ങളെ ആ നിലയ്ക്ക് കാണാന്‍ ശ്രമിച്ചാലും അക്രമ സംഭവങ്ങളില്‍ മറുപക്ഷത്തു കണ്ട സി പി എം സാന്നിധ്യങ്ങളെ ഏത് നിലയില്‍ കാണേണ്ടി വരുമെന്നത് അന്വേഷിക്കേണ്ടതാണ്.

പന്തളത്ത് കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ളത് രണ്ട് സി പി എം പ്രവര്‍ത്തകരാണ്.  കോട്ടയത്ത് തിടനാട് ആക്രമ സംഭവങ്ങള്‍ക്കിടെ വടിവാളുമായി പിടിയിലായ ആക്രമികളെക്കുരിച്ചന്വേഷിച്ചപ്പോള്‍ അവരും ഇടത് പ്രവര്‍ത്തകരാണ്.

അങ്ങനെ സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളുടെ ഒരു തലയ്ക്കല്‍ സി പി എമ്മിന്റെ ആളുകള്‍ കടന്നുകൂടിയത് ഏത് സാഹചര്യത്തില്‍ എന്ന് പരിശോധിക്കണം.

ഏത് സാഹചര്യത്തിലും നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാരിനും ഭരണം നയിക്കുന്ന സി പി എമ്മിനും ബാധ്യതയുണ്ട്.  ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തുന്നവരെയും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അതിക്രമം കാണിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കര്‍ശനമായ നടപടിയ്ക്ക് വിധേയമാക്കണം. അത് ഈ ഹര്‍ത്താലല്ല, ഏത് ഹര്‍ത്താലായാലും.

ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതി മുട്ടിയ നാടാണ് കേരളം. പക്ഷേ അതല്ല ഇപ്പോള്‍ നടക്കുന്നത്. ചിലര്‍ കാറ്റ് വിതയ്ക്കുന്നു, ചിലരത് കൊടുങ്കാറ്റാക്കി മാറ്റുന്നു, വേറെ ചിലരത് കൊയ്യാന്‍ ശ്രമിക്കുന്നു ! ഈ പോക്ക് നല്ലതിനല്ല, നല്ലതാക്കുകയും ഇല്ല.

– എഡിറ്റര്‍.

×