Advertisment

ശബരിമലയെ ഇങ്ങനെ ആയിരുന്നോ കൈകാര്യം ചെയ്യേണ്ടിയിരുന്നത് ! ആരോടാണീ വാശി ? സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കല്‍ സമാധാനപരമായ അന്തരീക്ഷത്തിലാകണം ! മാധ്യമങ്ങളും നില മറക്കരുത് / എഡിറ്റോറിയല്‍ 

New Update

എഡിറ്റോറിയല്‍/ രാജ്യമെമ്പാടുമുള്ള വിശ്വാസികള്‍ ഒരു വര്‍ഷം കാത്തിരുന്നു വ്രതമെടുത്ത് മല ചവിട്ടാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ മണ്ഡലകാലാരംഭത്തിന് തൊട്ടുമുമ്പ് ശബരിമലയില്‍ അരങ്ങേറുന്നത് ഒട്ടും ഹിതകരമായ കാര്യങ്ങളല്ല. ശബരിമല വിഷയത്തെ ഇങ്ങനെ ആയിരുന്നോ കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്നതില്‍ ആര്‍ക്കും സംശയം തോന്നാ൦. അത്രയും സംഘര്‍ഷഭരിതമാണ് നിലയ്ക്കലും പമ്പയും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങള്‍.

Advertisment

publive-image

സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കേണ്ടത് ആരോടും വാശി തീര്‍ത്താകണമെന്നില്ല. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കത്തിലും സുപ്രീംകോടതി ഉത്തരവുണ്ടായിട്ടുണ്ട്. പക്ഷേ അത് നടപ്പിലാക്കാന്‍ വൈകുന്നത് മറുഭാഗത്തുള്ള വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്ത് എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്.

ഹര്‍ത്താലിനും ബന്ദിനുമൊക്കെ എതിരെയും ഇവിടെ കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ ഗതി എന്തായിരുന്നുവെന്ന് നമുക്കറിയാം. പിന്നെ ശബരിമലയുടെ കാര്യത്തില്‍ മാത്രം എന്തായിരുന്നു ഇത്ര തിരക്ക് ?

publive-image

വലിയൊരു വിഭാഗം വിശ്വാസികളില്‍ വലിയ എതിര്‍പ്പുകളുള്ള ഒരു വിഷയത്തില്‍ വിശ്വാസികളുടെ താല്പര്യങ്ങള്‍ കൂടി സംരക്ഷിച്ചു കൊണ്ട് ഇത് നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയോട് കൂടുതല്‍ സാവകാശം ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നത് ഖേദകരമാണ്. രണ്ട് ഡസനിലേറെ പുനപരിശോധനാ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കെത്തിയതും മറ്റൊരു സാഹചര്യമായിരുന്നു.

publive-image

ഇതെല്ലാം പരിഗണിച്ച് ഈ മണ്ഡലകാലത്തേക്കെങ്കിലും സ്ത്രീ പ്രവേശന ഉത്തരവ് നടപ്പിലാക്കുന്നതിന് സാവകാശം തേടാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. അതിന് ഇനിയും സാഹചര്യമുണ്ട്. പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ ചെയ്യണ്ടതും അത് തന്നെയാണ്. കാലാകാലങ്ങളായി ഒരു ക്ഷേത്രത്തില്‍ തുടരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഒറ്റ ദിവസം കൊണ്ട് തിരുത്തിക്കുറിക്കാം എന്ന് കരുതിയവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.

എല്ലാ നിയമങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന വാശി ജനാധിപത്യത്തിന് ഗുണകരമല്ല.

publive-image

മാധ്യമങ്ങള്‍ക്ക് നേരെയും നിലയ്ക്കലും പമ്പയിലും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും കുറച്ചുകൂടി ആത്മ സംയമനം ആവശ്യമായിരുന്നു. ആയിരക്കണക്കിനായ വിശ്വാസികളുടെ മുമ്പില്‍ പോയി നിന്ന് അവര്‍ക്കെതിരെ ഏകപക്ഷീയമായി റിപ്പോര്‍ട്ടിംഗ് നടത്തുമ്പോള്‍ പ്രകോപനം സ്വാഭാവികമാണ്.  ആ മേഖലയുടെയും അവിടെയുള്ള ജനങ്ങളുടെയും വികാരം മനസിലാക്കി വേണമായിരുന്നു റിപ്പോര്‍ട്ടിംഗ്.

publive-image

മാത്രമല്ല, യുവതീ പ്രവേശനത്തിനെതിരെ വ്യാപകമായ ജനവികാരം നിലനില്‍ക്കുന്ന ഒരു സ്ഥലത്തേക്ക് 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവ വനിതാ മാധ്യമ പ്രവര്‍ത്തകരെ തന്നെ അയയ്ക്കണമെന്ന വാശി ആരുടെതാണ്. ആ പക്വതയില്ലായ്മ ഈ വിഷയത്തിലെ റിപ്പോര്‍ട്ടിംഗിലും വ്യക്തമാണ്. അവിടെ നൂറുകണക്കിന് യുവതികളൊന്നും മലചവിട്ടാനെത്തി പരാജയപ്പെട്ടു മടങ്ങിയിട്ടില്ലെന്നു മാധ്യമങ്ങളും കണ്ടതാണ്. വിശ്വാസികളുടെ വികാരം മാധ്യമങ്ങളും ഉള്‍ക്കൊള്ളേണ്ടത് തന്നെയാണ്.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പോലീസിനും സമൂഹത്തിനും ബാധ്യതയുണ്ടായിരുന്നു.  ഇന്ന് നിലയ്ക്കലിലും പമ്പയിലും അതുണ്ടായില്ല. ഖേദകരം തന്നെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കയ്യേറ്റം.

-  എഡിറ്റര്‍ 

Advertisment