തൃശൂരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ന്യൂസ്‌ വിസ്‌ സീസണ്‍ 3 ഗ്രാന്റ്‌ ഫൈനലിലെ വിജയികള്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, November 5, 2018

കൊച്ചി:  വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള രാജ്യാന്തര സ്‌കൂള്‍ ക്വിസ്‌ പരിപാടിയായ ന്യൂസ്‌ വിസില്‍ തൃശൂര്‍ ടീം വിജയം കരസ്ഥമാക്കി. ക്വിസ്‌ പരിപാടിയില്‍ പ്രഗല്‍ഭനായ സിദ്ധാര്‍ത്ഥ ബസുവിന്റെയും അവതാരകനായ പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായിയുടെയും നേതൃത്വത്തില്‍ നടന്ന ന്യൂസ്‌ വിസിന്റെ മൂന്നാം പതിപ്പില്‍ കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.

കേരളത്തിലെ പ്രളയത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ തൃശൂരിലെ പൂച്ചാട്ടിയിലെ ഭാരതീയ വിദ്യാ ഭവന്‍സിന്റെ വിദ്യാ മന്ദിര്‍ സ്‌കൂളില്‍ നിന്നുള്ള ശീറാം മാധവന്‍ വിയും, പോള്‍ ബിനുവുമാണ്‌ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ വിജയികളായത്‌.

വിജയികള്‍ക്ക്‌ ഇംഗ്ലണ്ടിലെ ഒക്‌സ്‌ഫോര്‍ഡ്‌ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പ്രളയകാലത്ത്‌ ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്‌ ജേതാക്കളായത്‌ എന്നത്‌ എടുത്തു പറയേണ്ട കഥയാണെന്നും വാര്‍ത്തകളുടെ അറിവ്‌ എന്തും മറികടക്കാനുള്ള ശക്തി തരുമെന്ന്‌ ശീറാം മാധവന്‍ വിയും, പോള്‍ ബിനുവും തെളിയിച്ചിരിക്കുകയാണെന്നും രാജ്‌ദീപ്‌ സര്‍ദേശായി വിജയികള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പറഞ്ഞു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുത്തി അനുഭവിച്ച പട്ടണത്തില്‍ നിന്നാണ്‌ ഞങ്ങള്‍ വരുന്നതെന്നും ഒറ്റപ്പെട്ടു പോയ ഈ സ്ഥലത്തു നിന്നും ഞങ്ങള്‍ക്ക്‌ അന്ന്‌ ഒഴിഞ്ഞു പോകേണ്ടി വന്നെന്നും ഈ വിജയത്തോടെ ഞങ്ങളുടെ കുട്ടികള്‍ തൃശൂരിനെ ഇന്ത്യയുടെ ഭൂപടത്തില്‍ എത്തിച്ചതില്‍ അഭിമാനമുണ്ടെന്നും മാതാപിതാക്കള്‍ അറിയിച്ചു.

ഈ വിജയത്തോടെ ഞങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുകയാണെന്നും വിജയം നേടിതന്ന കുട്ടികളില്‍ അഭിമാനമുണ്ടെന്നും ക്വിസില്‍ മാത്രമല്ല പഠനത്തിലും ഇവര്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നവരാണെന്നും പൂച്ചാട്ടി ഭാരതീയ വിദ്യാ ഭവന്‍സിന്റെ വിദ്യാ മന്ദിര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മല്‍സരം മികച്ച വിജയത്തോടെ പൂര്‍ത്തിയാക്കിയതില്‍ അഭിമാനമുണ്ടെന്നും മൂന്നാം സീസണില്‍ ആദ്യമായി വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രി അനുവദിച്ചിരുന്നെന്നും ഇന്ത്യ ടുഡേ ഗ്രൂപ്പ്‌ സിഇഒ വിവേക്‌ ഖന്ന പറഞ്ഞു.

×