ഇഗ്‌നോ ജനങ്ങളുടെ വിശ്വ വിദ്യാലയം

സമദ് കല്ലടിക്കോട്
Monday, February 4, 2019

ന്നത വിദ്യാഭ്യാസത്തെ ജനകീയ വൽക്കരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 1985ൽ ഇന്ത്യൻ പാർലമെന്റ് രൂപം നൽകിയതാണ് ഇഗ്‌നോ (ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി). ദേശീയതലത്തില്‍ വിദൂര വിദ്യാഭ്യാസം നല്‍കിവരുന്ന ഒരേയൊരു സര്‍വകലാശാലയാണിത്. ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഓരോ ഇന്ത്യൻ ഗ്രാമങ്ങളിലും ഇഗ്നോയുടെ ഓരോ വിദ്യാർത്ഥിയെങ്കിലും ഉണ്ടാകും.

രാത്രിയിലും യാത്രയിലും ജോലിക്കിടയിൽ അവധി ദിനത്തിലും വിദ്യാർത്ഥികളാകുന്നവർ,വിദ്യാഭ്യാസ സാമൂഹിക കാര്യങ്ങളിൽ ഫലപ്രദമായും ക്രിയാത്മകമായും ഇടപെടുന്നവർ, വ്യത്യസ്തമായ സേവന മേഖലയിലേക്ക് ഇറങ്ങുമ്പോൾ ഉദ്യോഗം അർത്ഥപൂർണ്ണമാക്കാൻ ഉന്നത ബിരുദം തേടുന്നവർ, വിദ്യാഭ്യാസ പങ്കാളിത്തവും കർത്തവ്യങ്ങളും ഏറ്റെടുക്കുന്നവർ ഇങ്ങനെ അനേകം പേർ വിദ്യാഭ്യാസ യോഗ്യതയും അറിവും മെച്ചപ്പെടുത്തുന്നതിനായി, ബഹുമുഖ ലക്ഷ്യങ്ങളോടെ ഇഗ്‌നോയെ ആശ്രയിക്കുന്നു. അഞ്ഞൂറില്പരം വിവിധ കോഴ്‌സുകൾ ജനങ്ങളുടെ വിശ്വവിദ്യാലയം എന്നഭിമാനിക്കുന്ന ഈ സർവകലാശാലക്കു കീഴിലുണ്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രാദേശിക കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി കലൂരിലേത്. ഇവിടെ 2500-ല്‍പ്പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മാതൃകാ പഠനകേന്ദ്രവും പ്രാദേശിക മൂല്യനിര്‍ണയ കേന്ദ്രവുമുണ്ട്. പല കാരണങ്ങള്‍ കൊണ്ട് പഠനം മുടങ്ങിപ്പോയവര്‍ക്ക് ആശ്വാസവും ആശ്രയവുമാകുകയാണ് ഇഗ്നോയുടെ വിദൂരവിദ്യാഭ്യാസ പഠനരീതി.

വിദ്യാഭ്യാസസ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ചവര്‍, വിദേശത്ത് ജോലി തേടിപ്പോയവര്‍, ക്ലാസ് നടക്കുന്ന ഇടത്തേക്ക് യാത്രചെയ്തുപോയി പഠിക്കാൻകഴിയാത്തവിധം പ്രതിസന്ധിയുള്ളവർ ഇവരൊക്കെ ഇന്നും ആശ്രയിക്കുന്നത് ഇഗ്‌നോ എന്ന ജനകീയ വിദ്യാഭ്യാസസംരംഭത്തെയാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ നല്ലൊരുപങ്കും വിദ്യാര്‍ഥികള്‍ ഇഗ്നോയിലേക്കു ചേക്കേറിക്കഴിഞ്ഞു.

സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ചെയ്യുന്ന ജോലിയോടൊപ്പം പഠിച്ചുകയറാമെന്ന ആത്മവിശ്വാസത്തോടെ കോഴ്‌സുകള്‍ചെയ്യുന്നു. പഠിതാവായി ചേരുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കേരളത്തില്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം പേര്‍ വിവിധ കോഴ്‌സുകള്‍ക്കായി ചേരുന്നു. പ്ലസ്ടു യോഗ്യത ഇല്ലാത്തവര്‍ക്ക് ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാമുകളിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടാന്‍ ഇഗ്‌നോ അവസരമൊരുക്കുന്നു.

വിദ്യാര്‍ഥികള്‍ക്കായി ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്ററുകളും റേഡിയോ സ്ട്രീമിങ്ങും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രിന്റഡ് സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കി ഓണ്‍ലൈന്‍ സപ്പോര്‍ട്ടോടുകൂടിയാണ് ഇഗ്‌നോ വിദ്യാഭ്യാസം. സ്റ്റഡി സെന്ററുകള്‍ വഴി കോണ്‍ടാക്ട് ക്ലാസുകളും ഉണ്ടാകും.

യോഗ്യതയുള്ള എല്ലാ അപേക്ഷകര്‍ക്കും സാങ്കേതിക തടസ്സങ്ങളില്ലെങ്കില്‍ പ്രവേശനം നേടാമെന്നുള്ളത് ഇഗ്‌നോ സര്‍വകലാശാല നല്‍കുന്ന ഏറ്റവും വലിയ ആനുകൂല്യമാണ്. മറ്റൊരു പ്രത്യേകത, ഇഗ്‌നോയുടെ കുറഞ്ഞ ഫീസ് നിരക്കാണ്. പ്രോഗ്രാം ഘടനയനുസരിച്ച് ഫീസിൽ വ്യത്യാസമുണ്ട്. എങ്കിലും സര്‍ക്കാര്‍ സര്‍വകലാശാല എന്ന നിലയില്‍ വളരെ തുച്ഛമായ ഫീസ് മാത്രമേ ഇഗ്‌നോ പ്രോഗ്രാമുകള്‍ക്കുള്ളൂ.

എല്ലാ പ്രോഗ്രാമുകള്‍ക്കും ഏറ്റവും കുറഞ്ഞതും ഏറ്റവും കൂടിയതുമായ പഠന കാലയളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് രണ്ടുവര്‍ഷം വരെയും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് മൂന്നും നാലും വര്‍ഷം വരെയും മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ആറുവര്‍ഷം വരെയും രണ്ടു വര്‍ഷത്തെ മാസ്റ്റര്‍ ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് അഞ്ചുവര്‍ഷം വരെയും കാലയളവ് അനുവദിച്ചിട്ടുണ്ട്.

ഈ കാലയളവിനുള്ളിലും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് അവശേഷിക്കുന്ന കോഴ്സുകള്‍ മാത്രം വീണ്ടും രജിസ്റ്റര്‍ ചെയ്ത് നിര്‍ദിഷ്ട കാലയളവില്‍ പൂര്‍ത്തിയാക്കാനുള്ള അവസരവുമുണ്ട്. അതായത് ദ്രുതഗതിയില്‍ പഠനം തീര്‍ക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന നല്‍കുന്ന സമയപരിധി എന്നത് പഠിതാവിന്റെ സ്വാതന്ത്ര്യവും സൗകര്യവുമാണ്.

വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മറ്റൊരു ആനുകൂല്യം ഇന്ത്യയിലായാലും വിദേശത്തായാലും അവരുടെ ഇഷ്ടമനുസരിച്ച് പരീക്ഷാ സെന്ററുകള്‍ തിരഞ്ഞെടുക്കാം എന്നതാണ്. അതിന് ഏതു പ്രാദേശിക കേന്ദ്രത്തില്‍, ഏത് പഠനകേന്ദ്രത്തില്‍ തങ്ങള്‍ ചേര്‍ന്നു എന്നത് വിഷയമേയല്ല. ഇന്ത്യയിലെല്ലായിടത്തും പഠന പരീക്ഷാ ഫീസുകള്‍ ഏകീകൃതമാണ്.

എന്നാല്‍, ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസില്‍ മാറ്റമുണ്ട്. ഇന്ത്യയിൽ ദശലക്ഷ കണക്കിന് ആളുകൾക്ക് ജീവിതവും ആത്മാഭിമാനവും പകർന്നു നൽകിയ ലോകോത്തര സർവ്വകലാശാലയാണിത്.ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവരിലേക്ക് ഇനിയും വലിയ തോതിൽ പ്രചരിക്കപ്പെടേണ്ട അതുല്യ സാന്നിധ്യമാണ് ഇഗ്‌നോ.

അട്ടപ്പാടിയിലേക്ക് ഇഗ്‌നോ സംഘം

അട്ടപ്പാടിയിൽ ആദിവാസി സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടികളിലൂടെ ശക്തമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ആദിവാസികളും അല്ലാത്തവരുമായ നല്ലൊരു വിഭാഗം ആളുകളും തുല്യതാപരീക്ഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനും വൈജ്ഞാനിക മുന്നേറ്റത്തിനുമുള്ള അട്ടപ്പാടിയുടെ സാധ്യതകൾ പഠിക്കുന്നതിനും പരിമിതികൾ നേരിട്ടറിയുന്നതിനുമാണ് ഇഗ്‌നോ പാലക്കാട് ജില്ല പ്രതിനിധി സംഘം അഗളി ഹയർ സെക്കന്ററി സ്‌കൂളിൽ ഓറിയന്റേഷൻ ക്ലാസൊരുക്കിയത്.

ഉന്നത വിദ്യാഭ്യാസ നിലവാരത്തിലേക്ക് അട്ടപ്പാടിയെ പ്രാപ്തമാക്കുന്നതിനു ശ്രദ്ധേയമായ നീക്കങ്ങളാണ് ഇഗ്‌നോ പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിലേക്കും തൊഴിൽ പരിശീലനത്തിലേക്കും സർക്കാർ ജോലികളിലേക്കും നല്ല കഠിനാദ്ധ്വാനത്തിലൂടെ എത്തപ്പെട്ടവർ അട്ടപ്പാടിയിൽ നിരവധിയുണ്ട്.

എന്നാൽ നിരക്ഷരതാ നിര്‍മാര്‍ജനം,പ്രാഥമിക-ഉന്നത വിദ്യാഭ്യാസം അപ്രാപ്യമായവർ മറ്റേതു പ്രദേശത്തേക്കാളും കൂടുതൽ അട്ടപ്പാടിയിലുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. അട്ടപ്പാടിയിൽ ആർക്കും ഉന്നത വിദ്യാഭ്യാസത്തിന്അവസരമൊരുക്കിയാണ് പരിചയപ്പെടുത്തൽ യോഗങ്ങൾ ഇഗ്‌നോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടത്.

ഉന്നത വിദ്യാഭ്യാസം ജനകീയ വൽക്കരിക്കുക, അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങൾ ഉൾപ്പടെയുള്ള സാധാരണ ജനവിഭാഗത്തിന് ഉപരിപഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇഗ്‌നോ പാലക്കാട് സാരഥികൾ അഗളി ഹയർ സെക്കന്ററി സ്‌കൂളിൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

ഏറ്റവും കുറഞ്ഞ ചെലവിൽ ഉന്നത വിദ്യാഭ്യാസം വിദൂര ഗ്രാമങ്ങളിൽ പോലും സാധ്യമാക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ജനകീയ സർവകലാശാലയായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലക്‌ഷ്യം. ഉന്നത വിദ്യാഭ്യാസത്തിനു പ്രായം തടസ്സമല്ലെന്നാണ് ഈ വിദൂര പഠനപദ്ധതിയുടെ പ്രത്യേകത. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴ്സ് പരിചയപ്പെടുത്തൽ യോഗം ഇഗ്‌നോ പാലക്കാട് ജില്ല അസിസ്റ്റന്റ് കോഡിനേറ്റർ ഷഹീദ മുബാറക് നയിച്ചു. ഇഗ്‌നോ വടക്കഞ്ചേരി കോഡിനേറ്റർ സുജ അധ്യക്ഷയായി.

ആർ.രംഗൻ, രാജേഷ്, മുരുകൻ, ഗ്രീഷ്മ, സനിത, മുഫീദ് മുബാറക് തുടങ്ങിയവർ പ്രസംഗിച്ചു. അട്ടപ്പാടിയിൽ ഇഗ്‌നോ കോഴ്‌സുകൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക്: 9526906254

×