വേനല്‍ക്കാലത്ത് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍… കഴിക്കാം ഇവ …

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 14, 2019

വേനൽക്കാലത്ത് ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുക. വെള്ളം കുടിക്കാത്തതിരുന്നാല്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്.

വേനല്‍ക്കാലത്ത് വെള്ളം കഴിഞ്ഞാൽ പഴങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂടുന്നു. മാമ്പഴം, മുന്തിരി, ആപ്പിൾ, തണ്ണിമത്തൻ അങ്ങനെ എല്ലാതരം പഴങ്ങളും കഴിക്കാം. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

ജ്യൂസ് വേണമെങ്കിൽ ഫ്രഷ്ജ്യൂസ് മധുരം ഇടാതെ കുടിക്കാം. പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക. അമിതമായ ഉപ്പ്, ഉപ്പിലിട്ട ഭക്ഷണങ്ങൾ, എരിവ്, പുളി എന്നിവ കുറയ്ക്കുക. ഈ സമയത്ത് എണ്ണ കുറവുള്ള ഭക്ഷണമാണ് കൂടുതൽ ഉത്തമം. വറുത്തതും പൊരിച്ചതുമായ സമോസ, പഫ്സ്, ചിപ്സ് തുടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കണം. ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഐസ്‌ക്രീം, കൂൾഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും.

ചായ, കാപ്പി എന്നിവ ഒഴിവാക്കി നാരങ്ങാവെള്ളം,​ സംഭാരം,​ ഇളനീര് എന്നിവ കുടിക്കുക. ഡ്രൈ ഫ്രൂട്സിന്റെ ഉപയോഗം വേനൽക്കാലത്ത് പരമാവധി ഒഴിവാക്കുക. ഇവ ശരീരത്തിന്റെ താപനില ഉയർത്തുന്നുണ്ട്. മിക്കവരും രാത്രി ചപ്പാത്തിയാണ് കഴിക്കാറുള്ളത്. വേനൽക്കാലത്ത് ചപ്പാത്തി ഒഴിവാക്കുന്നതാണ് നല്ലത്. ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാം.

വേനലിലും ഊർജസ്വലരായി തിളങ്ങണമെങ്കിൽ പ്രകൃതി നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിലേക്ക് മാറണം. ഉന്മേഷം ലഭിക്കാൻ ഉത്തമമായ പാനീയമാണ് ഇളനീർ. ദാഹവും ക്ഷീണവും അകറ്റാൻ ഉത്തമ പാനീയം ഇളനീർ തന്നെയാണ്. ഇളനീരിൽ ശരീരത്തിന് ഹിതകരമായ തോതിൽ പ്രകൃതിദത്തമായ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

 

×