follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

ഭർത്താവിന്റെ ശവദാഹം നടത്താൻ മകനെ പണയം വച്ച അമ്മ .. മകന്റെ മോചനത്തിനായി പണം കണ്ടെത്താനാവാതെ, ഇളയ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ കഴിയാതെ ഒടുവില്‍ ഓടയിലെ വെള്ളം കോരി അവര്‍ക്ക് നല്‍കി ..

പ്രകാശ് നായര്‍ മേലില » Posted : 17/05/2017

ഇത് പണ്ട് നടന്നതല്ല. ഏറ്റവും പുതിയ വാർത്തയാണ് . ഇന്ന് ഈ ആധുനികഭാരത്തിൽ ഇതൊക്കെ നടക്കുമോ എന്ന് നാം ഒരു പക്ഷേ അത്ഭുതപ്പെട്ടേക്കാം. എന്നാൽ വിശ്വസിച്ചേ മതിയാകൂ. ആഗ്രയിലെ ഷാ മാർക്കറ്റിലും ,പോലീസ് സ്റ്റേഷനിലുമാണ് ഈ സംഭവങ്ങളുടെ പരിസമാപ്തി കുറിക്കപ്പെട്ടത്.

നാഗാലാൻഡ് സ്വദേശിനി റീത്തയുടെ ഭർത്താവ് ഏതോ ഗുരുതരമായ അജ്ഞാതരോഗം മൂലം ഏഴു മാസം മുൻപാണ് മരിച്ചത്. മരണാന്തര കർമ്മങ്ങൾ നടത്താൻ അന്ന് അവരുടെ കൈയിൽ പണമില്ലായിരുന്നു. ഗ്രാമത്തിലെ സമ്പന്നനായ മഹാജന്റെ പക്കൽ തന്റെ 7 വയസ്സ് പ്രായമു ള്ള മൂത്ത മകനെ കൊണ്ട് പോയി പണയം വച്ച് 2000 രൂപാ വാങ്ങിയാണ് അന്ന് ചടങ്ങുകൾ നടത്തിയത്.തേയിലത്തോട്ടത്തിൽ ജോലിചെയ്തിരുന്ന റീത്ത ദിവസം 40 രൂപ വച്ച് മഹാജന്റെ പക്കൽ മകനെ മോചിപ്പിക്കാനായി ഏൽപ്പിക്കുമായിരുന്നു. മഹാജന്റെ വീട്ടിൽ പയ്യനു വീട്ടുജോലിയും, തൊഴുത്ത് വൃത്തിയാക്കൽ, കാലികളെ മേയ്ക്കൽ ഇവയൊക്കെയായിരുന്നു ജോലികൾ. കൂലിയില്ല . ആഹാരം മാത്രം. അതും കഷ്ടി..

റീത്തക്കു മറ്റു രണ്ടു മക്കൾ കൂടിയുണ്ട്. മൂന്നു വയസ്സുള്ള മകളും ഒന്നര വയസ്സുള്ള മകനും. തേയിലത്തോട്ടത്തിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം വീട്ടുചിലവിനുപോലും തികയാത്ത അവസ്ഥ . മകന്റെ മോചനം നീണ്ടുപോകുന്ന വ്യഥ.

മുന്നിലൊരു വഴിയുമില്ലാത്ത അവസരത്തിൽ റീത്തക്കു ആഗ്രയിലെ ഇഷ്ടികക്കളങ്ങളിൽ ഉയർന്ന വേതനമുള്ള ജോലി ലഭിക്കുമെന്ന ഭർതൃസഹോദരൻ പപ്പുവിന്റെ വാക്കു വിശ്വസിച്ചു ഇറങ്ങിവന്ന അവരെ ഒടുവിൽ അയാൾ വഴിയിലുപേക്ഷിച്ചു കടന്നു കളഞ്ഞു. നാട്ടിൽപോകാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ആഗ്ര പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവരും ആട്ടിപ്പായിച്ചു.ജോലി കിട്ടാതെ കയ്യിൽ പണമില്ലാതെ പട്ടിണിയായി രണ്ടു കുഞ്ഞുങ്ങളുമായി ആഗ്രയിലെ ഷാ മാർക്കറ്റിലൂടെ അലഞ്ഞുനടന്ന അവർ, വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് വെള്ളത്തിനും ആഹാരത്തിനുമായി കടകളിൽപ്പോയി യാചിച്ചെങ്കിലും എല്ലാവരും ഭിക്ഷക്കാരിയെന്നു കരുതി ആട്ടിയോടിക്കുകയായിരുന്നു.

ഒടുവിൽ മറ്റു നിവർത്തിയില്ലാതെ ഓടയിലെ വെള്ളം കൈകൊണ്ടു കോരി കുഞ്ഞിനു നൽകുന്നത് കണ്ട കടക്കാർ അവർക്ക് വെള്ളവും ആഹാരവും നൽകുകയായിരുന്നു. പിന്നീട് ആഗ്രയിലെ പ്രസിദ്ധ സാമൂഹ്യ സംഘടനയായ (NGO ) മെഹ്‌ഫൂസ് നെറ്റ്‌വർക്ക് ന്റെ പശ്ചിമ ഉത്തർപ്രദേശ് കോ ഓർഡിനേറ്റർ നരേഷ് പാരസ്‌ വിവരമറിഞ്ഞത്തുകയും റീത്തയോട് കാര്യങ്ങൾ ചോദിച്ചറിയുകയുമായിരുന്നു.

അദ്ദേഹം ആശാ ജ്യോതി കേന്ദ്രം എന്ന മഹിളാ സ്വയം സേവി സംഘടനയുമായി ബന്ധപ്പെട്ടെങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല. ആഗ്ര കാന്റ് കൗൺസിലറും ആഗ്രാപോലീസും വ്യാപാരികളും ചേർന്ന് റീത്തയെ സഹായിക്കാൻ മുന്നോട്ടുവന്നു. ആട്ടിപ്പായിച്ചവർ ഒടുവിൽ അഭയമേകി.കുഞ്ഞിനെ മോചിപ്പിക്കാനുള്ള പണവും യാത്രാച്ചെലവും ,ടിക്കറ്റും റീത്തക്കും കുഞ്ഞുങ്ങൾക്കും മൂന്നു ദിവസത്തേക്കുള്ള ഭക്ഷണവും നൽകി ഗുവാഹാട്ടിക്കുള്ള ബ്രഹ്മപുത്ര മെയിലിൽ അവരെ യാത്രയാക്കി. ആഗ്രാ പോലീസ് ഈ വിഷയമെല്ലാം കൊഹിമാ എസ.പി യെ അറിയിക്കുകയും ചെയ്തു.

കൊഹിമയിലെ വനിതാ ഡി.എസ.പി "അസെങ്ങള" (Asengala ) രാത്രി നരേഷ് പാരസിനെ വിളിക്കുകയും ഗുവാഹാട്ടി സ്റ്റേഷനിൽ നിന്ന് റീത്തയെയും കുഞ്ഞുങ്ങളെയും അവരുടെ ഗ്രാമത്തിൽ കൊണ്ടുപോകാൻ എല്ലാ ഏർപ്പാടുകളും പോലീസ് ചെയ്യുമെന്നും മൂത്ത കുട്ടിയെ മോചിപ്പിക്കാൻ പോലീസ് ശക്തമായി ഇടപെടുമെന്നും ഉറപ്പു നൽകുകയുണ്ടായി.

ഒപ്പം റാത്തയെ സഹായിച്ച എല്ലാവർക്കും അവർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ റീത്തയുടെയും കുഞ്ഞുങ്ങളുടെയും ദയനീയാവസ്ഥ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അവർ ഉറപ്പുനൽകി.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+