follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

ഭാരതത്തിൽ തടവിൽക്കഴിഞ്ഞ ബർമയിലെ രാജകുടുംബം.. ഒപ്പം ഒരു രാജകുമാരിയുടെ പ്രണയദുരന്തവും

പ്രകാശ് നായര്‍ മേലില » Posted : 17/06/2017

മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ബർമയിലെ അവസാനത്തെ രാജാവായിരുന്ന "തിബാവ്‌ മിൻ" ന്റെ പിൻതലമുറ ഇന്നും ജീവിക്കുന്നുണ്ട്. ഇവരുടെ കുടുംബാംഗങ്ങളിൽ അധികമാളുകളും ഇപ്പോൾ മ്യാൻമാറിലാണ് കഴിയുന്നത്. ഇവർ ഇവിടെ കഴിയുന്നതിനു പിന്നിലും ഒരു ദുരന്തകഥയുണ്ട്‌.തന്റേതു മാത്രമെന്ന് കരുതിയ പുരുഷന് മുന്നിൽ സ്വയം സമർപ്പിക്കപ്പെട്ട് ഒടുവിൽ തിരസ്‌ക്കാരമേറ്റുവാങ്ങേണ്ടിവന്ന പിന്നീട് പ്രതികൂല ജീവിതസാഹചര്യങ്ങളോട് പൊരുതി ജീവിതം തന്നെ ഹോമിച്ച ഒരു രാജകുമാരിയുടെ കഥ . അതിലേക്കു കടക്കും മുൻപ് അൽപ്പം ചരിത്രം ഇതുമായി ബന്ധപ്പെട്ടു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ഇവിടെയും ബ്രിട്ടീഷുകാരുടെ കൊടിയ ക്രൂരതകൾ തന്നെയാണ് പ്രകടമാകുന്നത്. 1885 ൽ മ്യാൻമറിലെ രാജാവായിരുന്ന "തിബാവ്‌ മിൻ" നെ പരാജയപ്പെടുത്തിയാണ് ബ്രിടീഷുകാർ അധികാരം കൈക്കലാക്കിയത് .മ്യാൻമാർ ജനതയുടെ കാണപ്പെട്ട ദൈവമായിരുന്ന രാജാവിനുള്ള അപാരമായ ജനപിന്തുണ ബ്രിട്ടീഷുകാരെപ്പോലും അന്പരപ്പിച്ചുകളഞ്ഞു. രാജാവിനെ അവിടെ തടങ്കലിൽ വച്ചാൽ ജനങ്ങൾ ഇളകുമെന്നും ജനപിന്തുണയോടെ ഒരുപക്ഷേ ഭരണ അട്ടിമറി നടക്കാൻ സാദ്ധ്യതയുമുണ്ടെന്ന ഭയത്താൽ രാജാവിനെയും മുഴുവൻ രാജ കുടുംബാംഗങ്ങളെയും രഹസ്യമായി അവർ ഭാരതത്തിൽ കൊണ്ടുവന്നു മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വീട്ടുതടങ്കലിലാക്കി.

ഇതുതന്നെയായിരുന്നു ബ്രിട്ടീഷുകാർ ഭാരതത്തിലെ അവസാന ബാദ്ഷാ ആയിരുന്ന ബഹാദൂർ ഷാ സഫറിനോടും ചെയ്തത്. അദ്ദേഹത്തെയും അവർ മ്യാൻമാറിലേക്കാണ് നാടുകടത്തിയിരുന്നത്.രാജാവ് തിബാവ്‌ മിൻ മുപ്പതു വർഷക്കാലം രത്നഗിരിയിലാണ് കഴിഞ്ഞത്. 1916 ൽ അവിടെത്തന്നെയാണ് അദ്ദേഹം മരിച്ചതും. തിബാവും കുടുംബവും പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് രത്നഗിരിയിൽ ജീവിച്ചത്. തിബാവും അദ്ദേഹത്തിൻറെ രണ്ടു റാണിമാരും നാല് പെൺമക്കളും പൂർണ്ണമായും ഇംഗ്ലീഷുകാരുടെ കാവലിലായിരുന്നു. ഇങ്ങേയറ്റം പെണ്മക്കളെ സ്‌കൂളിലയക്കാൻ പോലും അനുവദിച്ചിരുന്നില്ല. അവർക്കു വിദ്യാഭ്യാസവും പുറംലോകമായുള്ള ബന്ധങ്ങളും പൂർണ്ണമായും നിഷേധിക്കപ്പെട്ടു.

ജോലിക്കാരും അവരുടെ മക്കളും മാത്രമായി രാജകുടുംബത്തിന്റെ ബന്ധം ചുരുങ്ങി. ഇംഗ്ലീഷുകാർ രാജാവിനെ എത്രമാത്രം ഭയന്നിരുന്നു എന്നതിന് തെളിവായിരുന്നു അദ്ദേഹത്തെ പുറം ലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതിരുന്നത് തന്നെ.ഗദകാലസ്മരണകളിൽ മുഴുകി തന്റെ അവസ്ഥയിൽ മനംനൊന്ത് നിരാശ്രയനായി വിങ്ങുന്ന മനസ്സോടെയാണ് കുടുംബാംഗങ്ങൾക്ക് ആശ്വാസം പകർന്ന് രാജാവ് അവിടെ ദിനങ്ങൾ തള്ളിനീക്കിയിരുന്നത്.

കാലം അതിവേഗം മുന്നോട്ടുപോയി. തിബാവിന്റെ മൂത്തമകൾ "ഫായാ ഗീ" ക്ക് 26 വയസ്സായി.
പെണ്മക്കളുടെ വിവാഹം പോലും സാദ്ധ്യമല്ലാത്ത ഗതികേടിലായിരുന്നു രാജകുടുംബം. ഫായാ ഗീ ക്കു അവിടെ ജോലിചെയ്തിരുന്ന ഒരു മറാഠ ജോലിക്കാരൻ ഗോപാൽ സാവന്തുമായി കടുത്ത പ്രണയമായി .

ഗോപാൽ അവരുടെ കാവൽക്കാരനായിരുന്നു. പ്രണയം രാജാവറിഞ്ഞു. വെറും പ്രണയമല്ല ഫായാ ഗീ ആറു മാസം ഗര്ഭിണിയുമായിരുന്നു. വേറൊരു വഴിയും രാജാവിന് മുന്നിലില്ല ഒടുവിൽ ഗത്യന്തരമില്ലാതെ അദ്ദേഹം സമ്മതിച്ചു . അവരുടെ വിവാഹം നടന്നു.ഫായ ഗീ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. രാജകുടുംബത്തിൽപ്പിറന്ന ആദ്യ കണ്മണിക്ക് "ടുട്ടു" എന്നവർ പേരിട്ടു.
തിബാവും ഭാര്യയും രത്നഗിരിയിലാണ് മരിച്ചതും അവിടെത്തന്നെയാണ് അവരെ അടക്കം ചെയ്തതും. ഇതോടെ ഇനിയൊരു അട്ടിമറി സാദ്ധ്യത രാജകുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടാകില്ല എന്ന് ബ്രിട്ടീഷുകാർക്ക് ബോധ്യമായി. 1919 ൽ അവർ രാജകുടുംബത്തിലെ എല്ലാവരെയും തിരികെ മ്യാൻമാറിലേക്കു കൊണ്ടുപോയി. ഫായാ ഗീയും ടുട്ടു വും പോയെങ്കിലും ഗോപാൽ സാവന്ത് പോകാൻ വിസമ്മതിച്ചു.

ബർമ്മയിലെത്തിയ ഫായ ഗീ ക്ക് അവിടെ ഒട്ടും മനസ്സുവന്നില്ല. അവർ കൊട്ടാരം വിട്ടു മകൾക്കൊപ്പം രത്‌നഗിരിയിൽ ഗോപാലിനടുത്തേക്കു തന്നെ മടങ്ങി. എന്നാൽ ഗോപാൽ സാവന്ത് അവരെ ചതിക്കുകയായിരുന്നു. അയാൾ നേരത്തെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു. അക്കാര്യം അയാൾ രാജകുടുംബത്തിൽ നിന്നൊളിച്ചു വെച്ചാണ് ഫായ ഗീ യെ വിവാഹം കഴിച്ചത്.കുറെ നാൾ ടുട്ടു പഠിച്ചതെല്ലാം രത്‌നഗിരിയിലാണ് . വളരെ ഗതികേടിലായിരുന്നു ഫയാ ഗീയും മകളും. ഏറെ കഷ്ടപ്പെട്ടു. എങ്കിലും ബർമ്മക്കു തിരിച്ചുപോകാൻ അവർ തയ്യാറായില്ല. ഒരിക്കൽ വിട്ടിറങ്ങിയ രാജകൊട്ടാരത്തിലേക്കു ഇനിയില്ല എന്നുറച്ച നിലപാടായിരുന്നു അവർക്ക്. ഈ വിവരമറിഞ്ഞ റോയൽ ഫാമിലി ഫയാ ക്കും മകൾക്കുമായി ഒരു തുക പെൻഷനായി നൽകിവന്നു.ഗോപാൽ സാവന്ത് ഫായാക്കും മകൾക്കുമായി മുംബയിൽ ഒരു വീട് തരപ്പെടുത്തികൊടുത്തു. ഫായാ ക്കു കിട്ടുന്ന പെൻഷൻ തുക തട്ടിയെടുക്കുകയായിരുന്നു അയാളുടെ ഒരേയൊരു ലക്‌ഷ്യം.

ടുട്ടു വളർന്നു ..കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതം. അവർ മുംബയിൽ തന്നെ വിവാഹിതയായി. ടുട്ടുവിനു 11 മക്കൾ പിറന്നു. ഫായാ ഗീ യുടെ മരണശേഷം ഗോപാൽ സാവന്ത് ടുട്ടുവിനെ തിരിഞ്ഞു നോക്കിയിട്ടില്ല. ടുട്ടുവിന്റെ ഭർത്താവിനും കാര്യമായ പണിയൊന്നുമില്ലായിരുന്നു.ടുട്ടുവിന്റെ മക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ ചന്ദ്രകാന്ത , മാലതി എന്ന രണ്ടുപേർ മാത്രമാണ്. ടുട്ടു പേപ്പർകൊണ്ടുള്ള പൂക്കളുണ്ടാക്കിവിറ്റാണ്‌ മക്കളെ പോറ്റിയിരുന്നതെന്ന് ചന്ദ്രകാന്തയും മാലതിയും ഇന്നുമോർക്കുന്നു.

2012 ൽ സുധ ഷാ ഈ രാജകുടുംബത്തെപ്പറ്റി എഴുതിയ "The King In Exile" എന്ന പുസ്തകം വഴിയാണ് അവരെപ്പറ്റി പുറം ലോകമറിയുന്നതുതന്നെ.

മ്യാൻമാറിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതോടെ രാജകുടുംബത്തെ ആദരിക്കാൻ സർക്കാർ തീരുമാനിക്കുകയും തിബാവ്‌ മിൻ ന്റെ നൂറാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹം മുപ്പതുവർഷം താമസിച്ച മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ മ്യാൻമാർ സർക്കാരിന്റെ നേതൃത്വത്തിൽ ഈയിടെ വലിയ ഒരു ചടങ്ങുതന്നെ സംഘടിപ്പിക്കുകയും ചെയ്തു .അന്ന് ബർമ്മ സർക്കാർ പ്രതിനിധികളും ബർമയിലെ രാജകുടുംബാംഗങ്ങളും എല്ലാം പങ്കെടുക്കുകയും ടുട്ടുവിന്റെ മക്കളായ മാലതിയെയും ചന്ദ്രകാന്തയെയും പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു.

ഇന്നും മ്യാൻമാർ ജനത തിവാബ്‌ രാജകുടുംബത്തെ ആദരവോടെയാണ് നോക്കിക്കാണുന്നത്. ജനങ്ങളുടെ ഈ സ്നേഹവും വാത്സല്യവുമാണ് ആ കുടുംബത്തെ നാടുകടത്താനും നാമാവശേഷമാക്കാനും ബ്രിടീഷുകാരെ പ്രേരിപ്പിച്ച ഘടകവും.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+