follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ചികിത്സ കിട്ടാതെ മരിച്ച മകന്‍റെ മൃതദേഹം മുതുകില്‍ വച്ചുകെട്ടി ഗ്രാമത്തിലേക്ക് നടന്നുപോകുന്ന അച്ഛന്‍; വിലപിച്ചുകൊണ്ടു പിന്നാലെ പോകുന്ന അമ്മ - ഇതാണ് ആധുനിക ഭാരതം. ലജ്ജിക്കാതെ തരമില്ല

പ്രകാശ് നായര്‍ മേലില » Posted : 08/08/2017

മതിയായ ചികിത്സ കിട്ടാതെ മരിച്ച മകന്‍റെ മൃതദേഹം മുതുകില്‍ വച്ചുകെട്ടി ഗ്രാമത്തിലേക്ക് നടന്നുപോകുന്ന സാധു , വിലപിച്ചുകൊണ്ടു പിന്നാലെ പോകുന്ന ഭാര്യ. ചങ്ക് തകരുന്ന ദൃശ്യം.

കഴിഞ്ഞ ദിവസം നടന്നതാണ് ഏതൊരു കഠിന ഹൃദയന്റെയും കരളയിക്കുന്ന ഈ കാഴ്ച. ഇത്തരം ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ സര്‍വ സാധാരണമാണ്. ഏതു പാര്‍ട്ടി ഭരിച്ചാലും അതില്‍ വലിയ മാറ്റമൊന്നും വരുന്നില്ല. അഴിമതിക്ക് ഒരു കുറവുമില്ല.ആശുപത്രികളില്ലാത്ത ,സ്കൂള്‍ , റോഡുകള്‍ ,വൈദ്യുതി ഒന്നും ഇനിയും എത്താത്ത ലക്ഷക്കണക്കിന്‌ ഗ്രാമങ്ങള്‍ അവിടെയുണ്ട്. അതുകൊണ്ട് തന്നെ മതിയായ ചികിത്സയും ,വിദ്യാഭ്യാസവും ഇവിടെ അധിവസിക്കുന്ന പിന്നോക്കവിഭാഗങ്ങള്‍ക്ക്‌ ലഭിക്കുന്നില്ല.

ജാര്‍ഖണ്ഡ് ലെ റാഞ്ചിക്കടുത്തുള്ള ബസിയാ ബ്ലോക്കിലെ സുമന്‍ സിംഗിന്റെ എട്ടു വയസ്സുള്ള മകന്‍ കരന്‍ സിംഗ് നെ മഞ്ഞപ്പിത്തബാധയെത്തു ടര്‍ന്നാണ് നാലുദിവസം മുന്പ് ബസിയാ റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടെ മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്നു അവിടെന്നിന്നു ഗുമല ജില്ലാ സദര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു.

കുട്ടിക്ക് മലേറിയ ബാധിച്ചതിനാല്‍ മരുന്നുകള്‍ പുറത്തുനിന്നുവാങ്ങാന്‍ ഡോകടര്‍ കുറിപ്പെഴുതി നല്‍കിയെങ്കിലും കയ്യില്‍ പണമില്ലാത്തതിനാല്‍ സുമന്‍ സിങ്ങിനു മരുന്നുവാങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആശുപത്രിയില്‍ മലേറിയക്കുള്ള മരുന്നുകള്‍ സൌജന്യമായി ലഭ്യമായിരുന്നു എന്നാണു ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

മരുന്നും മതിയായ ചികിത്സയും കിട്ടാതെ ഇന്നലെ ഞായറാഴ്ച രാവിലെ കുട്ടി മരിച്ചു. മൃതദേഹം 50 കി.മീറ്റര്‍ ദൂരെയുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെത്തുടര്‍ന്ന് മകന്‍റെ മൃതദേഹം തന്‍റെ പുറത്തുവച്ചുകെട്ടി സുമന്‍സിംഗ് ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയാ യിരുന്നു. വിലപിച്ചുകൊണ്ടു ഭാര്യ പിറകേ പോകുന്ന കാഴ്ച വളരെ ഹൃദയഭേദകമായിരുന്നു.

അവിടുത്തെ ലോക്കല്‍ മാദ്ധ്യമ പ്രതിനിധികള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സഹകരിക്കാനവര്‍ തയ്യാറായില്ല.

വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റമെല്ലാം സുമന്‍ സിംഗിന്റെ തലയില്‍ ചാരുകയായിരുന്നു. ആംബുലന്‍സ് ചോദിക്കേണ്ടത്‌ ഡോക്ടറോടും ,ആശുപത്രി സ്റ്റാഫിനോടുമല്ല മറിച്ചു ഹെല്പ് ഡെസ്കിലായിരുന്നത്രേ. അക്ഷരാഭ്യാസമില്ലാത്ത ഒരു തനി ഗ്രാമീണന് ഇതൊക്കെ അറിയാമോ എന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല.

സംഗതി വലിയ വിവാദവും നാണക്കേടുമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ഉത്തരേന്ത്യയില്‍ ഇതുപോലുള്ള സംഭവങ്ങള്‍ അടിക്കടി ഉണ്ടാകുന്നത് നാം സ്ഥിരം വായിക്കാറുണ്ട്. മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം സംഭവങ്ങള്‍ അനവധിയാണ്.അത് നമ്മള്‍ അറിയുന്നില്ല.

അധികാരത്തിനുവേണ്ടി MLA മാരെയും MP മാരെയും കുതിരക്കച്ചവടത്തിലൂടെ പാട്ടിലാക്കുന്ന - നേതാക്കളുടെ വീടുകളിലും ,വിദേശ ബാങ്കുകളിലും കോടികള്‍ നിക്ഷേപങ്ങള്‍ കണ്ടെത്തുന്ന ഈ നാട്ടില്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ , മതിയായ ചികിത്സ കിട്ടാതെ ജീവച്ഛവങ്ങളായിക്കഴിയുന്ന ലക്ഷക്കണക്കിന്‌ പാവങ്ങളുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+