Advertisment

ജനാതിപത്യഭാരതത്തിലെ നേർക്കാഴ്ചകൾ ! ജന്മനാ കൈകാലുകളില്ലാത്ത കുട്ടിക്ക് വീല്‍ചെയറിനായി വികലാംഗ സര്‍ട്ടിഫിക്കറ്റിന് ഓഫീസുകള്‍ കയറിയിറങ്ങി മാതാപിതാക്കള്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

"എന്റെ പേര് ഗോവിന്ദ്, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു, എനിക്ക് കൈകാലുകളില്ല, മുത്തച്ഛനാണ്‌ എന്നെ എടുത്തുകൊണ്ടുവന്ന് സ്‌കൂളിലാക്കുന്നതും തിരികെ കൊണ്ടുപോകുന്നതും, ക്ലാസ്സിൽ പേന താഴെവീണാൽ കൂട്ടുകാരാണ് അതെടുത്ത് എന്റെ വായിൽ വച്ചുതരുന്നത്.വായിൽ പേന വച്ചാണ് ഞാൻ എഴുതുന്നത്."

Advertisment

ജന്മനാ കൈകാലുകളില്ലാത്ത ഗോവിന്ദ് ഛത്തീസ്‌ ഗഡ്‌ സംസ്ഥാനത്തെ റായ്‌ഗഡ് ജില്ലയിലെ ധരംജയഗഡി നടുത്തുള്ള മുളന്തു സ്വദേശിയായ രാം സാഹുവിന്റെ മകനാണ്. കൂലിപ്പണിക്കാരനായ രാം സാഹുവിനും ഭാര്യ കുസുമിനും ഏക മകനാണ് ഗോവിന്ദ്, മുത്തച്ഛൻ ഗോപാൽ രാമാണ് ഗോവിന്ദിനെ ദിവസവും തോളിലെടുത്തു സ്‌കൂളിൽ കൊണ്ടുപോകുന്നതും വരുന്നതും.

publive-image

രാവിലെ ഗോവിന്ദുമായി സ്‌കൂളിലെത്തുന്ന ഗോപാൽ രാം വൈകിട്ട് സ്‌കൂൾ വിടുന്നവരെ അവിടെ തങ്ങും. കാരണം സ്‌കൂളിൽനിന്നു ലഭിക്കുന്ന ഉച്ചഭക്ഷണം ഗോവിന്ദിനു വാരിക്കൊടുക്കുന്നതും അദ്ദേഹമാണ്.

ഗോവിന്ദ് വളരുകയും മുത്തച്ഛൻ പ്രായമാകുകയും ചെയ്തപ്പോൾ അവനെ തോളിലേറ്റാൻ വലിയ ബുദ്ധിമുട്ടായി. ഒരു വീൽ ചെയറോ, മുച്ചക്രവാഹനമോ കിട്ടിയാൽ അവനെ തോളിലേറ്റുന്നതിൽ നിന്ന് മോചനമാകുമെന്നു കരുതിയാണ് റായ്‌ഗഡ് കളക്ടറെ കാണാൻ മൂന്നുതവണ പോയത്.

വികലാംഗ സർട്ടിഫിക്കറ്റില്ലാതെ മുച്ചക്രവാഹനം ലഭിക്കില്ലെന്നു പറഞ്ഞവർ മടക്കിയയക്കുകയായിരുന്നു. വികലാംഗ സർട്ടിഫിക്കറ്റിനായി ധരംജയ് ഗഡ്‌ സിവിൽ ആശുപത്രിയിൽ പലയാവർത്തിപോയി ഡോക്ടറെ കണ്ടെങ്കിലും അതും വിഫലമായി.

അസ്ഥിരോഗവിദഗ്ധനില്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഒടുവിൽ റായ്‌ഗഡ് ജില്ലാ ആശുപത്രിയിൽ പോയെങ്കിലും അവിടെ ആരും അവരെ ശ്രദ്ധിക്കാൻ പോലും തയ്യാറായില്ല.

"ഗോവിന്ദ് ജന്മനാ കൈകാലുകളില്ലാത്ത വികലാംഗനാണ്. പക്ഷേ അതംഗീകരിച് അവനൊരു സർട്ടിഫിക്കറ്റ് നൽകാൻ എന്തുകൊണ്ട് ഇവിടുത്തെ അധികൃതർക്ക് കഴിയുന്നില്ല ? ഏതു ഭരണം വന്നാലും പാവപ്പെട്ടവന് എന്നും നീതിനിഷേധം തന്നെയാണ് മിച്ചം" ഗോവിന്ദിന്റെ ദുർദശ അറിഞ്ഞെത്തിയ പത്രക്കാരോട് കാര്യങ്ങൾ വിവരിക്കവേ മുത്തച്ഛൻ രോഷാകുലനായി.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇത്തരം സംഭവങ്ങൾ ധാരാളമാണ്. നീതിനിഷേധം അവിടെ പുതുമയല്ല. ഗോവിന്ദ് പഠിക്കുന്ന പ്രൈമറി സ്‌കൂളിന്റെ തന്നെ ദുർദശ നോക്കുക.

വിദ്യാഭ്യാസ - ആരോഗ്യമേഖലകളിലെ നിലവാരത്തിന്റെ കാര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയെല്ലാം അവസ്ഥ ഇന്നും വളരെ പരിതാപകരമാണ്. മാറിമാറിവരുന്ന ഭരണകർത്താക്കൾ നൽകുന്ന പൊള്ളയായ വാഗ്‌ദാനങ്ങളല്ലാതെ ഈ രംഗങ്ങളിൽ കാര്യമായ ഒരു ചലനവും അവിടെ നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

Advertisment