ഇങ്ങനെയും ഒരാരാധകൻ !  ഒരു ആരാധകനെ കാണാനായി അമിതാബും കുടുംബവും കാത്തുനിന്നത് മണിക്കൂറുകൾ

പ്രകാശ് നായര്‍ മേലില
Thursday, November 8, 2018

മിതാബിനെ ഒരുനോക്കു കാണാൻ ആരാധകർ മണിക്കൂറുകൾ കാത്തുനിൽക്കുമ്പോൾ ഒരു ആരാധകനെ കാണാനായി അമിതാബും കുടുംബവും കാത്തുനിന്നത് മണിക്കൂറുകൾ.

സിനിമാ താരങ്ങളോടുള്ള ആരാധനയ്ക്ക് പേരുകേട്ട നാടാണ് തമിഴ്‌നാട്. സിനിമാതാരങ്ങളെ ദൈവതുല്യ രായി കാണുന്നവരാണ് തമിഴ് മക്കൾ. പലരും ശബരിമലയ്ക്കു പോകാൻ കെട്ടുനിറയ്ക്കുന്നതും പളനിയ്ക്കു പോകാൻ കാവടിപൂജനടത്തുന്നതും പഴയകാലങ്ങളിൽ MGR ന്റെ ചിത്രത്തെ സാക്ഷിയാക്കിയായിരുന്നെങ്കിൽ ഇന്ന് രജനീകാന്ത് ,വിജയ് തുടങ്ങിയവർ ആ സ്ഥാനം അലങ്കരിക്കപ്പെടുകയാണ്.

താരങ്ങളോടുള്ള വീരാരാധ നയിൽ ഇപ്പോൾ കേരളവും പിന്നിലല്ല എന്ന് തന്നെ പറയാം. വിജയ് ചിത്രങ്ങളുടെ ആഘോഷങ്ങളും ബൈക്ക് വിളമ്പര ജാഥകളും കട്ടൗട്ടുകളിൽ പാലാഭിഷേകവും അതേത്തുടർന്ന് ഒരു വ്യക്തി മരണപ്പെട്ടതുമെല്ലാം കേരളത്തിലും സംഭവിക്കുകയാണ് …

എന്നാൽ ഇത് വളരെ വെത്യസ്തമായ ഒരു താരാരാധനയുടെ കഥയാണ്. ഇന്നേക്ക് 36 വർഷങ്ങൾക്കുമുൻപ് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്ന് അബോധാവസ്ഥയിൽ ബോബെയിലെ ബീച്ച് കേന്റി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അമിതാബ് ബച്ചൻ രോഗവിമുക്തനായാൽ തന്റെ ജന്മനാട്ടിൽ നിന്ന് പിറകോട്ടു നടന്ന് ( 283 കിലോമീറ്റർ) മുംബൈയിലെ സിദ്ധിവിനായകക്ഷേത്രത്തിൽ വന്നു വിഘ്നേശ്വരനെ സാഷ്ടാഗപ്ര ണാമം ചെയ്യാമെന്ന ഒരു ആരാധകന്റെ പ്രതിജ്ഞയാണ് അമിതാബ് ഉൾപ്പെടെ സിനിമാലോക ത്തെത്തന്നെ അമ്പരപ്പിച്ചത്.

ഒടുവിൽ അതുതന്നെ സംഭവിച്ചു. അമിതാബ് സസുഖം മടങ്ങിവന്നശേഷം ആരാധകൻ തന്റെ വാക്കുപാലിച്ചു.

ഗുജറാത്തിലെ സൂററ്റ്‌ നിവാസിയായ അരവിന്ദ് ഭായ് പാണ്ട്യ എന്ന തൊഴിലാളിയുവാവ് അമിതാബ് ബച്ചന്റെ കടുത്ത ആരാധകനായിരുന്നു.1982 ജൂലൈ 26 നു ബാംഗ്ലൂരിൽ കൂലി എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ അപകടം പിണഞ്ഞ അമിതാബ് ബച്ചനെ അബോധാവസ്ഥയിലാണ് മുംബയിലെത്തിച്ചത്.

അവിടെ ദിവസങ്ങളോളം അദ്ദേഹം മരണത്തോടുമല്ലിട്ട് അബോധാവസ്ഥയിൽക്കഴിഞ്ഞു.അന്ന് ഇന്ത്യയൊട്ടാകെ ആബാലവൃദ്ധം അമിതാബിന്റെ മടങ്ങിവരവിനായുള്ള പ്രാര്ഥനയിലായിരുന്നു.

അമിതാബിന്റെ കടുത്ത ആരാധകനായിരുന്നു അരവിന്ദ് ഭായ് പാണ്ട്യ ആ ദിവസങ്ങളിൽ ഉറങ്ങിയിട്ടില്ല. ദിവസവും ഗണപതിക്ഷേത്രത്തിൽപ്പോയി അമിതാബിനുവേണ്ടി പ്രാർത്ഥിക്കുക പതിവായിരുന്നു. അമിതാബ് സുഖം പ്രാപിച്ചാൽ സൂറത്തിൽ നിന്ന് പിന്നോട്ടു നടന്നു മുംബൈയിലെ സിദ്ധിവിനായകക്ഷേ ത്രത്തിലെത്തി ദർശനം നടത്താമെന്നദ്ദേഹം പ്രതിജ്ഞയെടുത്തു. അക്കാലത്തു മാദ്ധ്യമങ്ങളിൽ ഇത് വലിയ വാർത്തയായിരുന്നു.

അമിതാബ് സുഖം പ്രാപിച്ചശേഷം അരവിന്ദ് ഭായ് പാണ്ട്യ സൂറത്തിൽ നിന്ന് പിറകോട്ടു നടത്തം ആരംഭിച്ചു പുറംതിരിഞ്ഞുള്ള 283 കിലോമീറ്റർ ദൂരം നടത്തം മാസങ്ങൾ കഴിഞ്ഞാണ് അദ്ദേഹം മുംബൈയിൽ പൂർത്തിയാക്കിയത്. സിദ്ധിവിനായക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അമിതാബിന്റെ ജുഹുവിലുള്ള വീട്ടിലേക്കെത്തിയ അദ്ദേഹത്തെ കാത്ത് അമിതാബും കുടുംബവും രാവിലെ മുതൽ വാതിൽക്കൽത്തന്നെ നിൽപ്പുണ്ടായിരുന്നു.

അമിതാബിന്റെ ഭാര്യ ജയഭാദുരി ,അരവിന്ദ് ഭായ് പാണ്ട്യ യെ ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്.കൂടാതെ അവർ അദ്ദേഹത്തിൻറെ കയ്യിൽ രാഖി കെട്ടുകയും ചെയ്തു. അമിതാബാകട്ടെ തന്റെ ആരാധകനെ ആശ്ലേഷിക്കുന്നതിനുമുന്നോടിയായി അദ്ദേഹത്തിൻറെ കാൽതൊട്ടുവന്ദിക്കുകയും ചെയ്തു.

76 കാരനായ അമിതാബ് ഇന്നും തന്റെ പ്രിയ ആരാധകനെ മറന്നിട്ടില്ല. എല്ലാ ദീപാവലിദിവസവും പ്രത്യേക മിഠായിയും സമ്മാനങ്ങളും അരവിന്ദ് ഭായ് പാണ്ട്യക്കയച്ചുകൊടുക്കുന്നത് ഇപ്പോഴും മുടക്കിയിട്ടില്ല.

×