സ്വാതന്ത്ര്യത്തിന്‍റെ നാമറിയാത്ത രഹസ്യങ്ങള്‍ ! എന്തുകൊണ്ട് ആ വര്‍ഷം, തീയതി, സമയo ?

പ്രകാശ് നായര്‍ മേലില
Saturday, January 5, 2019

ഭാരതം സ്വതന്ത്രയാകാന്‍ 1947 വര്‍ഷം എന്തുകൊണ്ട് തെരഞ്ഞെടുത്തു ? അതും ആഗസ്റ്റ്‌ 15 എന്ന ദിവസം എന്തുകൊണ്ട് ? കൂടാതെ അര്‍ദ്ധരാത്രി അതും കാരണമെന്ത് ?

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ആഗസ്റ്റ്‌ 15 അര്‍ദ്ധരാത്രിയിലാണ്. എന്താണ് ഈ വര്‍ഷം , തീയതി, സമയo ഒക്കെ ഇങ്ങനെ നിശ്ചയിക്കാന്‍ കാരണം ? ആരായിരുന്നു ഇതിനുപിന്നില്‍ ? നമുക്ക് നോക്കാം.

കാരണമുണ്ട്.. വ്യക്തമായ കാരണങ്ങള്‍ ..മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും രണ്ട് ദിശകളായി നിന്ന് നടത്തിയ പോരാട്ടങ്ങള്‍ 40 കളില്‍ ചില്ലറയല്ല ബ്രിട്ടീഷ് സാമ്രാജ്യത്തെ ഉലച്ചതും പരിഭ്രാന്തരാക്കിയതും. നേതാജി അവര്‍ക്ക് വലിയ തലവേദനയായിരുന്നു എന്നതാണ് പരമാര്‍ത്ഥം.

1945 ലെ രണ്ടാം ലോകമഹായുദ്ധo അവസാനിച്ചതോടു കൂടി ബിട്ടന്‍ സാമ്പത്തികമായി ആകെത്തകര്‍ന്നു. സ്വന്തം രാജ്യഭരണം തന്നെ മുന്നോട്ടു നയിക്കാന്‍ അവര്‍ക്ക് കഴിയാത്ത അവസ്ഥ. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ബ്രിട്ടന്‍ പാപ്പരായിക്കഴിഞ്ഞിരുന്നു.

ഇതേ വര്‍ഷം ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി അധികാരത്തില്‍ വന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വലിയ ആവേശമായി.കാരണം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഭാരതമുള്‍പ്പെടെ ബ്രിട്ടീഷ് അധിനിവേശമുള്ള എല്ലാ രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുമെന്ന് അവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്‍പ്രകാരം അവര്‍ വാക്കുപാലിക്കുക തന്നെ ചെ യ്തു.

അങ്ങനെ ഭരണം കൈമാറുക എന്ന ലക്ഷ്യത്തോടെ അവസാനത്തെ വൈസ്രോയിയായി മൌണ്ട് ബാറ്റനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക്‌ അയച്ചു.

ചര്‍ച്ചകള്‍ തകൃതിയായി മുന്നേറി.. തടസ്സങ്ങളും, എതിര്‍പ്പുകളും ഏറെയുണ്ടായെങ്കിലും സ്വാതന്ത്ര ഭാരതമെന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ വേഗം പുരോഗമിച്ചു.

ഫെബ്രുവരി 1947 ന് അധികാരം കയ്യാളിയ മോണ്ട് ബാറ്റണ്‍ ,സമന്വയത്തിനായി ഇന്ത്യന്‍ നേതാക്കളോട് ആഹ്വാനം ചെയ്ത ശേഷം 1948 അധികാരക്കൈമാറ്റത്തിനുള്ള വര്‍ഷമായി നിശ്ചയിക്കുകയും ചെയ്തു.

എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ജിന്നയും ,നെഹ്‌റുവുമായുള്ള ഭിന്നത രൂക്ഷമാ യി. പാകിസ്ഥാന്‍ രൂപീകരിക്കണമെന്ന ജിന്നയുടെ വാദത്തോടെ രാജ്യമെങ്ങും വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറ പ്പെട്ടു. നിരവധിയാളുകള്‍ ദിനം പ്രതി മരിച്ചുവീണു. പല സ്ഥലത്തും സ്ഥിതിഗതികള്‍ വഷളായി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിയന്ത്രണാതീതമായി. കാര്യങ്ങള്‍ കൈവിടുന്നെന്നു മോണ്ട് ബാറ്റണ്‍ മനസ്സിലാക്കി.

1948 എന്ന തീരുമാനം അദ്ദേഹം മാറ്റി.എത്രയും പെട്ടെന്ന് അധികാരം കൈമാറുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം 1947 തന്നെ സ്വാതന്ത്ര്യത്തിനായി തീരുമാനിച്ചു..അടുത്തത്‌ ദിവസം തീരുമാനിക്കുക എന്നതായിരുന്നു..അതും തീരുമാനിച്ചത് മോണ്ട് ബാറ്റണ്‍ തന്നെയാണ്..

ആഗസ്റ്റ്‌ 15. രണ്ടാം ലോകമഹായുദ്ധത്തില്‍ മോണ്ട് ബാറ്റണ്‍ കമാണ്ടറായി നേതൃത്വം നല്‍കിയ ബ്രിട്ടീഷ് സൈന്യത്തിന് മുന്നില്‍ 1945 ആഗസ്റ്റ്‌ 15 നാണ് ജപ്പാന്‍ സേന കീഴടങ്ങിയത്. അതുകൊണ്ട് തന്നെയാണ് മോണ്ട് ബാറ്റണ്‍ ആഗസ്റ്റ്‌ 15 അധികാരക്കൈമാറ്റത്തിനുള്ള ദിവസമായി തെരഞ്ഞെടുത്തത്.ആഗസ്റ്റ് 15 തന്റെ ലക്‌ഷ്യം വിജയിച്ച ദനമായതിനാൽ ഈ രണ്ടാം ദൗത്യത്തിന്റെ ശുഭപര്യവസാനത്തിനും ആ ദിനം തന്നെ അദ്ദേഹം തിരഞ്ഞെടുത്തത് സ്വാഭാവികം.

അര്‍ദ്ധരാത്രി എന്തുകൊണ്ട് ?

ആഗസ്റ്റ്‌ 15 നു രാവിലെയായിരുന്നു അധികാരക്കൈ മാറ്റം തീരുമാനിച്ചിരുന്നത്. ഇത് വലിയ വിവാദമായി. ആഗസ്റ്റ്‌ 15 എന്ന ദിവസം അശുഭവും അമംഗളവുമാണെന്ന് രാജ്യമെമ്പാടുമുള്ള ജോത്സ്യന്‍മാര്‍ വിധിയെഴുതി. അവര്‍ മറ്റു ചില ദിവസങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും മോണ്ട് ബാറ്റണ്‍ അതൊന്നും സ്വീകരിച്ചില്ല.ആഗസ്റ്റ്‌ 15 എന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.

ഒടുവില്‍ ജ്യോത്സ്യന്മാര്‍ തന്നെ വഴികണ്ടുപിടിച്ചു. 14 നും 15 നും ഇടയിലുള്ള അര്‍ദ്ധരാത്രിയിലെ ‘ അഭിജിത്’ മുഹൂര്‍ത്തം .48 മിനിറ്റ്. അതിനുള്ളില്‍ കാര്യങ്ങള്‍ നടത്തുക.മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു.രാത്രി 11.51 മുതല്‍ 12.15 വരെ യുള്ള 24 മിനിറ്റ്.അതിനുള്ളില്‍ ഉടമ്പടി ഒപ്പുവയ്ക്കണം.എന്നാല്‍ പ്രസംഗം തുടരാം 39 മിനിറ്റ് വരെ.

അങ്ങനെ തീരുമാനിച്ചു , കാര്യങ്ങള്‍ അങ്ങനെ തന്നെ നടക്കുകയും ചെയ്തു.എന്നാല്‍ ജ്യോത്സ്യന്മാര്‍ ഒരു കാര്യം സൌകര്യപൂര്‍വ്വം വിസ്മരിച്ചു എന്നുതന്നെ പറയാം.അതായത് ഇംഗ്ലീഷ് രീതിയനുസരിച്ചാണ് രാത്രി 12 നു ശേഷം ദിവസം പിറക്കുന്നത്‌. എന്നാല്‍ ഇന്ത്യന്‍ വിശ്വാസമനുസരിച്ച് പുലര്‍ച്ചെ ഉദയത്തോട് കൂടിയാണ് പുതുദിനം പിറക്കുക.അക്കാര്യം സൗകര്യപൂർവ്വം എല്ലാവരും മറന്നു. മൗണ്ട് ബാറ്റന്റെ ഉറച്ചനിലപാടിനുമു ന്നിൽ അവർക്ക് മറ്റു പോംവഴികളില്ലായിരുന്നു..

ഏതായാലും ഭാരതീയരുടെ ചിരകാലാഭിലാഷം 1947 ആഗസ്റ്റ്‌ 15 ന് അങ്ങനെ സഫലമായി.

×