എന്താണ് ഇറാന്‍ ആണവ കരാര്‍ ? ഇതില്‍ നിന്നും അമേരിക്ക പിന്മാറാനുള്ള കാരണം ?

പ്രകാശ് നായര്‍ മേലില
Thursday, May 10, 2018

അമേരിക്ക ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയ സ്ഥിതിക്ക് എന്താണ് ഈ കരാറെന്നും അമേരിക്ക പിന്മാറാനുള്ള കാരണം എന്തെന്നും വളരെ ലളിതമായി നമുക്കൊന്നു പരിശോധിക്കാം…

2015 ജൂലൈ 14 നു വിയന്നയില്‍ P5 + 1 + EU അതായത് യൂ. എന്‍ സുരക്ഷാ സമിതിയിലെ 5 അംഗരാജ്യങ്ങളും ഫ്രാന്‍സ് ,ബ്രിട്ടന്‍, അമേരിക്ക,ചൈന, റഷ്യ ) ജര്‍മ്മനിയും .യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ഇറാനുമായി ഒപ്പുവച്ച ആണവ ഉടമ്പടിയാണ് Joint Comprehensive Plan of Action (JCPOA). ഇതില്‍നിന്നാണ് ഇപ്പോള്‍അമേരിക്ക പിന്മാറിയിരിക്കുന്നത്.പ്രധാനമായും കാരാര്‍ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു.

1.ഇറാന്‍റെ നാട്ടാന്‍സ് ,ഫോര്‍ഡ എന്നീ ആണവനിലയങ്ങളില്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് വൈദ്യുത ഉപയോഗത്തിന് മാത്രമായിരിക്കണം.

2. ഇറാന്‍റെ പക്കലുള്ള യുറേനിയം കരുതല്‍ ശേഖരം 98% കുറച്ച് കേവലം 300 കിലോഗ്രാം ആക്കണം.

3.യുറേനിയം സമ്പുഷ്ടീകരണത്തിനായി ഇറാന്‍റെ പക്കലുള്ള മെഷീനുകള്‍ ഗണ്യമായി കുറച്ച് നാമമാത്രമാക്കുക.

4. അടുത്ത 8 വര്‍ഷം വരെ മാത്രമേ സമ്പുഷ്ടീകരണവും ഗവേഷണവും ഒരു റിയാക്ടറില്‍ നടത്താന്‍ പാടുള്ളൂ. മറ്റേ റിയാക്ടര്‍ അടച്ചുപൂട്ടണം.

5. ഒരു കാരണവശാലും ആണവ ബോംബ്‌ നിര്‍മ്മിക്കാന്‍ പാടില്ല.

കരാര്‍ ലഘനമൊന്നും ഇതുവരെ ഇറാന്‍ നടത്തിയതായി വെളിപ്പെ ട്ടിട്ടില്ല.

എന്നാല്‍ ഇറാന്‍ ലോകത്തോട്‌ പറയുന്നത് നുണയാണെന്നും അവര്‍ രഹസ്യമായി അണുബോംബ് നിര്‍മ്മിക്കുന്നതായും ഇസ്രായേലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനുപിറകെ ഇറാന്‍ വിനാശം വിതയ്ക്കുന്ന ആയുധങ്ങളുടെ പണിപ്പുരയി ലാണെന്ന അവകാശ വാദവുമായി സൗദി അറേബ്യയും രംഗത്ത് വരുകയുണ്ടായി.

ഇറാന്‍റെ പ്രബലമായ രണ്ടു ശതൃ രാജ്യങ്ങളാണ് ഇസ്രായേലും ,സൗദി അറേബ്യയും. ഇസ്രായേല്‍ ,സൗദി അറേബ്യയുമായി അടുക്കുന്നതും ഇറാനെ അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ അമേരിക്കയുടെ ചുവടുമാറ്റത്തിനു പിന്നില്‍ ഈ രണ്ടു രാജ്യങ്ങളുടെയും കറുത്ത കൈകള്‍ ഇറാന്‍ കാണുന്നുമുണ്ട്.

പലതവണ പദ്ധതിയിട്ടതുപോലെ ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ഭാവിയില്‍ ഇസ്രായേല്‍ ആക്രമിക്കുകയാണെങ്കില്‍ അതിനുപിന്നില്‍ സൗദി അറേബ്യയുടെയും അമേരിക്കയുടെയും സുശക്തമായ പിന്തുണ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്താകും അമേരിക്കയുടെ ഈ പിന്മാറ്റം ഭാവിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നത് ഇപ്പോള്‍ പ്രവചനാതീതമാണ്‌.

×