Advertisment

50 പൗണ്ടിന്റെ ബ്രിട്ടീഷ് കറൻസിയിൽ ഇതാദ്യമായി ഒരിന്ത്യൻ ശാസ്ത്രജ്ഞന്റെ ചിത്രം പതിയുകയാണ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ചെടികൾക്കും വൃക്ഷങ്ങൾക്കും ജീവനും ബുദ്ധിയുമുണ്ടെന്ന കണ്ടെത്തൽ നടത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സർ ജഗദീഷ് ചന്ദ്ര ബോസിന്റെ ചിത്രം ബ്രിട്ടനിലെ 50 പൗണ്ടിന്റെ പുറത്തിറങ്ങാൻ പോകുന്ന കറൻസികളിൽ മുദ്രണം ചെയ്യാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർദ്ദേശിച്ചിരിക്കുന്നു.

Advertisment

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതുമായി ബന്ധപ്പെട്ട് ഒരു ബൃഹത് സർവ്വേ നടത്തിയിരുന്നു. ബ്രിട്ടനെ ശാസ്ത്രലോകത്ത് മുന്നേറാൻ സഹായിച്ച മരണപ്പെട്ട ശാസ്ത്രജ്ഞരുടെ ചിത്രം കറൻസിയിൽ ആലേഖനം ചെയ്യാൻ വേണ്ടി നടത്തിയ സർവ്വേയിൽ സ്റ്റീഫൻ ഹാക്കിങ്, അലക്‌സാണ്ടർ ഗ്രഹാം ബെൽ, പേട്രിക് മുറേ എന്നീ പേരുകളുമുണ്ടായിരുന്നു. എന്നാൽ ഇതുവരെ ലഭിച്ച നിർദ്ദേശങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് ജഗദീഷ് ചന്ദ്ര ബോസിനാണ്.

publive-image

50 പൗണ്ടിന്റെ നോട്ടുകളിൽ ഇതുവരെയുണ്ടായിരുന്നത് Steam എഞ്ചിൻ കണ്ടുപിടിച്ച ജെയിംസ് വാട്ട്, മാത്യു ബാൾട്ടൻ എന്നിവരുടെ ചിത്രങ്ങളായിരുന്നു.

1858 നവമ്പർ 30 നു ഇപ്പോഴത്തെ ബംഗ്ളാദേശിൽ ജനിച്ച ജഗദീഷ് ചന്ദ്ര ബോസ് അമേരിക്കൻ പേറ്റന്റ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ ശാസ്ത്രജ്ഞനാണ്. കൊൽക്കത്തയിലും ഇംഗ്ലണ്ടിലും വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം പഠനസമയത്തും വലിയ ശാസ്ത്രകുതുകിയായിരുന്നു.

1894 ൽ കൽക്കത്താ ടൌൺ ഹാളിൽ അദ്ദേഹം മൈക്രോവേവ് തരംഗങ്ങൾ വഴി വെടിമരുന്നു ജ്വലിപ്പിക്കുകയും ബെൽ പ്രവർത്തിപ്പിക്കുകയും ചെയ്തു ശാസ്ത്രലോകത്തെത്തന്നെ അമ്പരപ്പിച്ചുകളഞ്ഞു. വയർലെസ്സ് സിഗ്നലുകളയക്കാൻ അദ്ദേഹം ഇതാദ്യമായി സെമി കണ്ടക്ടർ ഉപയോഗിച്ച് വിജയിച്ചു.

publive-image

ശാസ്ത്രകണ്ടുപിടുത്തം മാനവരാശിയുടെ പുരോഗതിക്കുള്ളതാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം പേറ്റന്റിന്അപേക്ഷിക്കാൻ ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

ശാസ്ത്രവിദ്യ ആരുടെയെങ്കിലും പ്രശസ്തിക്കോ ധനസമ്പാദനത്തിനോ ഉള്ള ഉപാധിയല്ലെന്ന അദ്ദേഹത്തിൻറെ ബലമായ ധാരണ മാറ്റിയെടുക്കാൻ സുഹൃത്തുക്കൾ ഏറെ പണിപ്പെട്ടു. അങ്ങനെ 1904 മാർച് 29 നു അദ്ദേഹം അമേരിക്കൻ പേറ്റന്റ് കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യൻ ശാസ്ത്രജ്ഞനായി മാറി.

വായുവിലൂടെ സന്ദേശങ്ങൾ അയക്കാൻ കഴിയുമെന്ന് തെളിയിച്ചശേഷം യൂറോപ്പിലേക്ക് പോയ അദ്ദേഹത്തിൽ നിന്ന് അതിന്റെ വിസ്തൃതിയിലുള്ള കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് മാർക്കോണി തട്ടിയെടുക്കുകയായിരുന്നു.

publive-image

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം അദ്ദേഹം കണ്ടുപിടിച്ച 'ക്രെസ്ക്കോഗ്രാഫ്' വൃഷങ്ങളുടെയും ചെടികളുടെയും ബുദ്ധി അളക്കുന്ന മാപിനിയായിരുന്നു. ഇന്നും ഈ വിഷയത്തിൽ ശാസ്ത്രലോകം പിന്തുടരുന്ന രീതിയും ഇതുതന്നെയാണ്.

1978 ൽ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ സർ നെവിൽ മൊട്ട് അഭിപ്രായപ്പെട്ടത് ബോസ് ഞങ്ങളെക്കാൾ 60 വർഷം മുന്നേ സഞ്ചരിക്കുന്ന വ്യക്തിയാണെന്നാണ്.

ബ്രിട്ടീഷ് സർക്കാർ ജഗദീഷ് ചന്ദ്ര ബോസിന് അദ്ദേഹത്തിൻറെ അമൂല്യമായ ശാസ്ത്രസംഭാവനകൾ പരിഗണിച് 'നൈറ്റ്' (സർ) ഉപാധി നൽകി ആദരിച്ചിരുന്നു.

ഇക്കാരണങ്ങൾ കൊണ്ടാണ് ബ്രിട്ടീഷ് ജനത അദ്ദേഹത്തെ തങ്ങളുടെ കറൻസിയിലൂടെ അനശ്വരനാക്കാനായി വോട്ടുചെയ്തത്.

Advertisment