Advertisment

ഇളയച്ഛനെയും മകളെയും ജീവനോടെ ചുട്ടുകൊല്ലാൻ ഘാട്ട് പഞ്ചായത്തിന്റെ കൽപ്പന

New Update

ജ്യേഷ്ഠന്റെ 13 വയസ്സുകാരിയായ മകളെ ബലാൽസംഗം ചെയ്തു ഗർഭിണിയാക്കിയ ഇളയച്ഛനെ കഴിഞ്ഞ ചൊവ്വാഴ്ച വിശദമായി വിചാരണചെയ്ത ഘാട്ട് പഞ്ചായത്താണ് ഒടുവിൽ രണ്ടുപേരെയും ചുട്ടുകൊല്ലാനാണ് വിചിത്രമായ വിധിപുറപ്പെടുവിച്ചത്.

Advertisment

ജാർഖണ്ഡ് വ്യാവസായികനഗരമായ ജംഷെഡ് പൂരിനടുത്തുള്ള ചായ്‌ബസയിലുള്ള മജ്‌ഹാരി പോലീസ് സ്റ്റേഷനതിർത്തിയിലാണ് ഈ സംഭവം അരങ്ങേറിയത്. ആദിവാസി സമൂഹമായ 'ഹോ' വിഭാഗമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വിഷയവുമായി ബന്ധപ്പെട്ടു പഞ്ചായത്തു വിളിച്ചുകൂട്ടിയത്. ഇക്കാര്യത്തിൽ ഇത് രണ്ടാം തവണയാണ് പഞ്ചായത്ത് കൂടുന്നത്.

publive-image

പഞ്ചായത്തു വിളിച്ചുചേർത്ത ജനസമൂഹത്തിനു മുന്നിൽവച്ചു കുറ്റാരോപിതനായ റോബിൻ സിംഗ് (28 ) തന്റെ കുറ്റം സമ്മതിക്കുകയായിരുന്നു. അതിനുശേഷമാണ് ഹോ ആദിവാസി സമാജത്തിന്റെ ജില്ലാ അദ്ധ്യക്ഷനായ ഗബ്ബർ സിംഗ് ഘാട്ട് പഞ്ചായത്ത് തീരുമാനങ്ങൾ വായിച്ചുകേൾപ്പിച്ചത്. ഇതായിരുന്നു വിധിന്യായം.

" ആരും സമാജത്തിലെ നിയമങ്ങൾക്കും പരമ്പരകൾക്കും അതീതരല്ല.സമൂഹത്തിനുമുന്നിൽ എല്ലാവരും തുല്യരാണ്. റോബിൻ സിംഗ് ആദിവാസി സമൂഹത്തിലെ നിയമമര്യാദകൾ തെറ്റിച്ചതിന് 5 ലക്ഷം രൂപ പഞ്ചായത്തിന് പിഴയൊടുക്കണം. അതുപോലെ സമാജത്തിനു കളങ്കം വരുത്തിയ തുല്യമായ കുറ്റമാണിരുവരും ചെയ്തതെന്നതിനാൽ രണ്ടാളെയും ജീവനോടെ ചുട്ടുകൊല്ലുകയും വേണം."

ഇത്തരം വിഷയങ്ങളിൽ ഇരുവരെയും ജീവനോടെ ചുട്ടെരിക്കുന്ന പാരമ്പര്യമാണ് കാലാകാലങ്ങളായി ഹോ സമുദായത്തിൽ നടന്നുവരുന്നതെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.

ഈ വിവരം പുറംലോകമറിഞ്ഞതോടെ പോലീസ് ജാഗരൂകരായി. ജാംഷെഡ് പൂർ എസ്‌.പി ക്രാന്തികുമാർ IAS സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനുത്തരവിടുകയും ചായ്‌ബസാ ടൌൺ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സംഘം ഗ്രാമത്തിൽ തമ്പടിച്ചു ആളുകളെ ചോദ്യം ചെയ്യുകയുമാണ്.

സംഭവത്തെ അതീവ ഗുരുതരാമെന്നാണ് എസ്.പി വിശേഷിപ്പിച്ചത്.സ്ഥിതിഗതികൾ സശ്രദ്ധം നിരീക്ഷിച്ചുവരുകയാണെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ ഇന്നും പ്രാകൃതശിലായുഗത്തിലാണോ ജീവിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന വിചിത്രമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും അബദ്ധജടിലമായ ധാരണകളും കൊണ്ട് സജീവമായ ഉത്തരേന്ത്യയിലെ പല ഗ്രാമീണമേഖലകളും ഇനിയും മുഖ്യധാരയിൽനിന്ന് വളരെ അകന്നാണ് കഴിയുന്നത്. വിദ്യാഭ്യാസപരമായി ഇന്നും വളരെ ശോചനീയമായ നിലയിൽക്കഴിയുന്ന ഇവരുടെ ഈ അവസ്ഥയ്ക്ക് ആരാണ് കാരണക്കാർ ?

Advertisment