ജിദ്ദയില്‍ നടന്ന ഗുസ്തിമത്സരം, മാപ്പ് പറഞ്ഞ് സൗദി കായികമന്ത്രാലയം ?

Monday, April 30, 2018

സൗദി അറേബ്യ , മാറ്റങ്ങളുടെ പാതയിലാണ്. എന്നാല്‍ വളരെ തിടുക്കപ്പെട്ടു നടത്തുന്ന പല കാര്യങ്ങളിലും വീഴ്ചസംഭവിക്കുക സ്വാഭാവികം മാത്രം. പുതിയ പരിഷ്ക്കാരങ്ങള്‍ നടത്തുന്നതില്‍ അല്‍പ്പം ധൃതി കൂടുന്നുവോ എന്ന സംശയം പല ഭാഗത്തുനിന്നുമുയരുന്നുണ്ട്. പലപ്പോഴും വേണ്ട മുന്‍കരുതല്‍ എടുക്കുന്നില്ല എന്ന് സാരം.

ഇന്നലെ ജിദ്ദയിലെ കിംഗ്‌ അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആബാലവൃദ്ധം സാക്ഷിയായി Greatest Royal Rumble എന്ന റെസ്ലിംഗ് മത്സരം നടത്തപ്പെട്ടു.

60000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ ഇതാദ്യമായി ധാരാളം സ്ത്രീകളും കുട്ടികളും വന്നെത്തിയിരുന്നു. സ്ത്രീകള്‍ വീടുകളില്‍ തങ്ങളുടെ ജോലിക്കിടയിലും മത്സരം കാണുകയും അത് സോഷ്യല്‍ മീഡിയ യില്‍ പങ്കുവയ്ക്കുകയും ചെയ്തത് തന്നെ അവരുടെ ആഹ്ലാദം എത്രമാത്രമായിരുന്നു എന്നതിന് തെളിവാണ്.

പുരുഷ ഗുസ്തിക്കാര്‍ തമ്മില്‍ മാത്രം നടത്തപ്പെട്ട മത്സരത്തിനിടയില്‍ സ്ക്രീനില്‍ അല്‍പ്പവസ്ത്ര ധാരികളായ വനിതാ റെസ്ലര്‍മാരുടെ പ്രൊമോഷന്‍ വീഡിയ കാണിച്ചതാണ് വന്‍ വിവാദമായി മാറിയത്.

ഈ വീഡിയോ പ്രക്ഷേപണം നടന്നതിനുപിന്നാലെ സൗദി യുടെ ഔദ്യോഗിക ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവയ്ക്കുകയും ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മറ്റുള്ള ചാനലുകള്‍ പ്രക്ഷേപണം തുടരുകതന്നെ ചെയ്തു.

വിവാദം രണ്ടുതരത്തിലാണ് ഉടലെടുത്തത്. സൈന്യത്തില്‍ വരെ വനിതകള്‍ക്ക് പ്രാമുഖ്യം തയ്യാറായ രാജ്യം, വനിതാ ഗുസ്തിക്കാരെ ഒഴിവാക്കിയെന്ന് പറഞ്ഞു സ്ത്രീ വിമോചന വാദികളും , സൗദി പാരമ്പര്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരായി ചാനല്‍ വഴി ആഭാസകരമായ വീഡിയോ കാണിച്ചുവെന്ന പരാതിയുമായി എതിര്‍പക്ഷവും ശക്തമായി രംഗത്തുവന്നതോടെ സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ഈ വിഷയത്തില്‍ രാജ്യത്തോട് മാപ്പുചോദിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

×