Advertisment

സല്യൂട്ട് യൂ സര്‍. തന്‍റെ കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതൊഴിവാക്കാന്‍ തുടര്‍ച്ചയായി 16 മണിക്കൂര്‍ വാദം കേട്ട ജസ്റ്റിസ് ഷാരൂഖ് ജെ. കത്ഥാവാല

New Update

ന്‍റെ കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതൊഴിവാക്കാന്‍ സദാ ജാഗരൂകനായ ജസ്റ്റിസ് ഷാരൂഖ് ജെ. കത്ഥാവാല ( Justice Shahrukh J. Kathawalla) ഇന്നലെ നാടിന്‍റെ അഭിമാനമായി മാറി.

Advertisment

ബോംബെ ഹൈക്കോടതിയുടെ 156 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായിഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ പിറ്റേന്ന് അതായത് ഇന്നലെ വെളുപ്പിന് (ശനിയാഴ്ച) 3.30 വരെ ഹൈക്കോടതിയുടെ 20 -മത്ന മ്പര്‍ ആര്‍ബിട്രേഷന്‍, ഇന്റലാക്ച്ച്വല്‍, പ്രോപ്പര്‍ട്ടി റൈറ്റ്സ് ,കൊമേര്‍സ്യല്‍ കേസുകള്‍ നടക്കുന്ന കോടതിമുറിയില്‍ ജസ്റ്റിസ് ഷാരൂഖ് ജെ. കത്ഥാവാല തുടര്‍ച്ചയായി 16 മണിക്കൂര്‍ വാദം കേട്ടത്, 70 അടിയന്തരസ്വഭാവമുള്ളവയുള്‍പ്പെടെ മൊത്തം 135 കേസുകള്‍. ഇതിനിടെ കേവലം 20 മിനിറ്റ് മാത്രമാണ് അദ്ദേഹം ബ്രേക്ക് എടുത്തത്.

publive-image

ജൂണ്‍ മൂന്നു വരെ കോടതികള്‍ക്ക് വേനല്‍ക്കാല അവധിയായിരിക്കും എന്ന ഒരു കാരണവും ഈ അടിയന്തര വാദം കേള്‍ക്കലിനുണ്ടെങ്കിലും കേസുകള്‍ കെട്ടിക്കിടക്കുന്നതൊഴിവാക്കണം എന്ന ഒരു നിര്‍ബന്ധം കൂടിയുണ്ട് ഈ ജഡ്ജിക്ക്.

ഹൈക്കോടതി കൂടുന്നത് എല്ലാദിവസവും രാവിലെ പതിനൊന്നുമണിക്കാണെങ്കിലും ദിവസവും കൃത്യം 10 മണിക്കുതന്നെ തന്‍റെ ചേംബറില്‍ എത്തുന്ന ഏക ജഡ്ജിയാണ് ജസ്റ്റിസ് ഷാരൂഖ് ജെ. കത്ഥാവാല. രാത്രി 10 മണി വരെ കേസുകള്‍ വാദം കേള്‍ക്കാറുള്ള രണ്ടോ മൂന്നോ ജഡ്ജിമാരില്‍ ഒരാളും.

കഴിഞ്ഞ 7 വര്‍ഷക്കാലം അദ്ദേഹത്തിന്‍റെ പി.എ ആയി പ്രവര്‍ത്തിച്ചിട്ടുള്ള മലയാളിയായ കെ.പി.പി. നായരുടെ അഭിപ്രായത്തില്‍ " ഇതുവരെ താന്‍ 15 ജഡ്ജിമാര്‍ക്കൊപ്പം ജോലിചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഊര്‍ജ്ജാവാനായ വേറൊരു വ്യക്തിയെ കണ്ടിട്ടില്ലെന്നും കേസുകള്‍ ഇത്ര ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ,നിഷ്പക്ഷമായി വിധി പുറപ്പെടുവി ക്കുന്ന ജസ്റ്റിസ്‌ ഷാരൂഖ് ജെ. കത്ഥാവാല ഇന്നും തനിക്ക് ഒരത്ഭുത വ്യക്തിത്വം തന്നെയാണെന്നുമാണ്.

കോടതി സ്റ്റാഫ്, അഭിഭാഷകര്‍ എന്നിവരെല്ലാം പൂര്‍ണ്ണ സഹകരണമാണ് അദ്ദേഹത്തിന് നല്‍കുന്നത്. എത്ര ഇരുട്ടിയാലും ജസ്റ്റിസ് ഷാരൂഖ് ജെ. കത്ഥാവാലയുടെ കോടതിമുറി പ്രവര്‍ത്തനനിരതമാണെങ്കില്‍ ബന്ധപ്പെട്ട അഭിഭാഷകരും കേസുകള്‍ തീര്‍ന്ന ശേഷമേ വീടുകളില്‍ പോകാറുള്ളു.

നിയമപീഠത്തിനും നിയമവിദ്യാര്‍ത്ഥികള്‍ക്കും മാതൃകയാണ് ജസ്റ്റിസ് ഷാരൂഖ് ജെ. കത്ഥാവാല. 2011 ലാണ് അദ്ദേഹം മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. സാധാരണക്കാര്‍ക്ക് വേഗം നീതികിട്ടാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ ഒട്ടും ചെറുതല്ല.

ജഡ്ജിമാര്‍ അവധിസമയത്ത് അഞ്ചുദിവസം കുറഞ്ഞത്‌ 25 - 30 കേസുകള്‍ വീതം പരിഗണിക്കുകയാണെങ്കി ല്‍ നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ നല്ലൊരുഭാഗം തീര്‍പ്പാക്കാന്‍ കഴിയുമെന്ന് അടുത്തിടെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉപദേശിക്കുകയുണ്ടായി. വളരെ മികച്ച ഒരു നിര്‍ദ്ദേശമായാണ് ജനസമൂഹം അത് നോക്കിക്കാണുന്നത്. പക്ഷേ പ്രാവര്‍ത്തികമാക്കേണ്ട നിയമജ്ഞര്‍ ഇതുവരെ അതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

സുപ്രീംകോടതിയില്‍ അറുപതിനായിരം കേസുകളാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. രാജ്യത്തെ 24 ഹൈക്കോടതികളിലായി 40 ലക്ഷം കേസുകള്‍ ഇപ്പോള്‍ പെന്‍ഡിംഗ് ആണ്. രാജ്യത്തെ മുഴുവന്‍ കീഴ്ക്കോടതികളിലുമായി 2 കോടി 74 ആയിരം കേസുകളാണ് വിചാരണക്കായി കാത്തുകിടക്കുന്നത്.

സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ 31 പോസ്റ്റുകളില്‍ 7 എണ്ണം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. 24 ഹൈക്കോടതികളിലായി മൊത്തം 1079 ജഡ്ജിമാ രുടെ പദവികളില്‍ 413 എണ്ണം അതായത് 38 % ഒഴിഞ്ഞുകിടക്കുകയാണ് . കീഴ്ക്കോടതികളില്‍ 5925 ന്യായാധിപന്മാരുടെ ഒഴുവുകളാണ് ഇപ്പോഴും നികത്താനുള്ളത്.

ഈ അവസ്ഥയില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ നീതികിട്ടാന്‍ ? മാറിമാറി വരുന്ന സര്‍ക്കാരുകളും ഈ വിഷയത്തില്‍ ഒട്ടും തല്‍പ്പരരല്ല എന്ന് വ്യക്തം.

എങ്കിലും ന്യായവീഥിയിലെ നീണ്ട കാത്തിരിപ്പില്‍ പ്രതീക്ഷയുടെ ഒരു നേരിയ തിരിവെട്ടം നമുക്ക് തെളിയിച്ചുതന്ന ജസ്റ്റിസ് ഷാരൂഖ് ജെ. കത്ഥാവാല എന്ന ന്യായാധിപന് ഒരിക്കല്‍ക്കൂടി ഒരായിരം അഭിനന്ദനങ്ങള്‍..

Advertisment