“പത്രപ്രവർത്തകർ ഞങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. റിപ്പോർട്ടിംഗിന് വരുമ്പോൾ ദയവായി പോലീസുകാർക്കൊപ്പം വരാതിരിക്കുക” – ഇതായിരുന്നു മാവോവാദികളുടെ പ്രസ്താവന

പ്രകാശ് നായര്‍ മേലില
Saturday, November 3, 2018

“പത്രപ്രവർത്തകർ ഞങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. അറിഞ്ഞുകൊണ്ട് ഞങ്ങൾ പത്രക്കാരെ ഒരിക്കലും ആക്രമിക്കാറില്ല. അച്യുതാനന്ദ് സാഹുവിന്റെ വേർപാടിൽ ഞങ്ങൾക്ക് അതിയായ ദുഖമുണ്ട്.”

കഴിഞ്ഞ 30 നു ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ നക്‌സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ ദൂരദർശൻ ക്യാമറാമാൻ അച്യുതാനന്ദ് സാഹു കൊല്ലപ്പെട്ടതിനെത്തുടർന്ന് നാനാഭാഗത്തുനിന്നുമുള്ള പ്രതിഷേധങ്ങൾക്കിടെ നക്‌സലൈറ്റ് ദർഭാ ഡിവിഷണൽ കമ്മിറ്റി സെക്രട്ടറി സായ്‌നാഥ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് മുകളിൽ ശീർഷകത്തിൽ പറയുന്ന വിവരങ്ങളുള്ളത്. പ്രസ്താവന എല്ലാ മുഖ്യപത്രങ്ങൾക്കും അയച്ചുകൊടു ക്കുകയായിരുന്നു..

പ്രസ്താവന ഇങ്ങനെ തുടരുന്നു ..

“ഈ ആക്രമണം ഒരിക്കലും പത്രപ്രവർത്തകരെ ലക്‌ഷ്യം വച്ചുകൊണ്ടുള്ളതലായിരുന്നു. അവിടെ നടക്കുന്ന റോഡു പണിയെ എതിർക്കുന്ന ഗ്രാമീണരെ ആക്രമിക്കുകയും തല്ലുകയും വെടിവയ്ക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്യുന്ന പോലീസിനോടുള്ള പ്രതികാര നടപടിയായിരുന്നു ഞങ്ങളുടെ ആക്രമണം. ദൂരദർശൻ ടീം അവർക്കൊപ്പമുണ്ടെന്ന് അറിയില്ലായിരുന്നു.

നക്സലൈറ്റുകളുടെ കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ഇതെന്ന തരത്തിൽ ഛത്തീസ്‌ ഗഡ്‌ മുഖ്യമന്ത്രിയും, കേന്ദ്ര വാർത്താവിതരണവകുപ്പുമന്ത്രിയും പോലീസ് അധികാരി അവസ്തിയും ഞങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന പ്രചാരങ്ങളിൽ ആരും വീഴരുത്. ഞങ്ങളുടെ മിത്രങ്ങളാണ് പത്രപ്രവർത്തകർ ,അവർ റിപ്പോർട്ടിംഗിന് വരുമ്പോൾ ദയവായി പോലീസുകാർക്കൊപ്പം വരാതിരിക്കുക. ഇവിടെ അതാണുണ്ടായത്.

പോലീസുമായി സംഘർഷം നടക്കുന്ന മേഖലകളിൽ പത്രപ്രവർത്തകരും ,സർക്കാർ ഉദ്യോഗസ്ഥരും പോലീസ് ടീമിനൊപ്പം ഒരു കാരണവശാലും വരാതിരിക്കുക. തെരഞ്ഞെടുപ്പ് ജോലികൾക്കായി വരുന്ന ഉദ്യോഗസ്ഥർ ഒരിക്കലും പോലീസിനൊപ്പം വരാതിരിക്കുക.” – ഇതായിരുന്നു പ്രസ്താവന.

മാവോവാദികളുടെ ദർഭാ ഡിവിഷനിൽ നിന്നിറങ്ങുന്ന പ്രസ്താവനകളിൽ സായ്‌നാഥ് ആണ് മുൻപും ഒപ്പിട്ടിരുന്നത്.

×