നൊബേൽ ജേതാവ് ‘നാദിയ മുറാദ്’: സഹനത്തിന്റെ മറ്റൊരു മാലാഖ

പ്രകാശ് നായര്‍ മേലില
Tuesday, October 9, 2018

സ്ലാമിക് സ്റ്റേറ്റ് തടവറയിൽ മൂന്നുമാസക്കാലം താനനുഭവിച്ച ക്രൂരമായ ലൈംഗിക പീഡനങ്ങളും കൊടിയ യാതനകളും മറയില്ലാതെ ലോകത്തോട് വിളിച്ചുപറഞ്ഞ ധീരയായ നാദിയ മുറാദാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഡോക്ടർ Denis Mukwege നൊപ്പം പങ്കിട്ടത്.

മനസ്സിൽ ഒരഗ്നിപർവ്വതം പുകയുകയായിരുന്നു. കൂടെപ്പിറപ്പുകളും അമ്മയും കണ്മുന്നിൽ നിഷ്ടൂരമായി കൊലചെയ്യപ്പെട്ടു. തന്നിലെ കൗമാരം പിച്ചിച്ചീന്തപ്പെട്ടു. ആത്മഹത്യ ചെയ്യാൻ പോലും അവകാശം നിഷേധിക്കപ്പെട്ട് മണ്ണിൽ പിറന്നതു തന്നെ ശാപമെന്നു തോന്നിയ ആ നാളുകളിൽ ഇനി ഒരു മോചനമില്ലെന്നു കരുതിയെങ്കിലും സ്നേഹത്തിന്റെ – കരുണയുടെ ഒരു തിരിവട്ടം അവളുടെ ജീവിതം തന്നെ മാറ്റിയെഴുതുകയായിരുന്നു.

ഇനി നാദിയയുടെ വാക്കുകൾ ……

” വടക്കൻ ഇറാക്കിലെ ‘ഷിൻജ’ പട്ടണത്തിനടുത്തുള്ള ‘കോച്ചു’ എന്ന ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ വീട്. അമ്മയ്ക്കും സഹോദരീ സഹോദരന്മാർക്കുമൊപ്പം പ്രകൃതിമനോഹരമായ ആ ഗ്രാമത്തിൽ അല്ലലും ,ബുദ്ധിമുട്ടുകളും അറിയാതെയാണ് ഞങ്ങൾ ജീവിച്ചത്. തികച്ചും ശാന്തസുന്ദരമായ ഗ്രാമം.കൃഷിയായിരുന്നു ഗ്രാമീണരുടെ മുഖ്യതൊഴിൽ. ഇറാക്കിലെ മറ്റു പ്രദേശങ്ങളിൽ നടക്കുന്ന അക്രമങ്ങളും, പോരാട്ടങ്ങളുമൊന്നും ഞങ്ങളെ ബാധിച്ചിരുന്നില്ല.ഗ്രാമത്തിലെ മൊത്തജനസംഖ്യ 1700 വരും.യസീദികളായിരുന്നു ഭൂരിഭാഗവും. ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ ഗ്രാമം ആക്രമിക്കുമെന്നുള്ള യാതൊരു സൂചനയും ഒരിക്കലും ലഭിച്ചിരുന്നില്ല.

2014 ആഗസ്റ്റ് മൂന്നിനാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഞങ്ങളുടെ ഗ്രാമം ആക്രമിക്കുന്നത്. ഞാനന്ന് ആറാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.കുറേപ്പേർ ഷിൻജാ മലമുകളിൽ കയറിപ്പോയി രക്ഷപെട്ടു. ദൂരവും ഉയരവും കൂടുതലായതിനാൽ ഞങ്ങൾക്ക് അതിനു കഴിയുമായിരുന്നില്ല. അതിനാൽ ഭൂരിഭാഗവും ഇസ്ലാമിക് സ്റ്റേറ്റ് പോരാളികൾക്ക് മുന്നിൽ കീഴടങ്ങി. ആഗസ്റ്റ് 3 മുതൽ 15 വരെ മറ്റു സ്ഥലങ്ങളിൽനിന്നുള്ള ആളുകൾക്കൊപ്പം ഞങ്ങളെ അവർ തടവിൽ വച്ചു.

അടുത്ത ഗ്രാമത്തിലെ 3000 വരുന്ന പുരുഷന്മാരെ അവർ വധിച്ചതായും 5000 ത്തോളം സ്ത്രീകളെയും കുട്ടികളെയും തടവിൽ വച്ചതായും വിവരം വന്നിരുന്നു.

ഞങ്ങൾ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒരു സ്‌കൂളിന്റെ താഴത്തെ നിലയിലും പുരുഷന്മാരെ മുകളിലത്തെ നിലയിലുമായാണ് പാർപ്പിച്ചിരുന്നത്. എനിക്ക് സഹോദരങ്ങളെ കാണാമായിരുന്നു. അമ്മയും സഹോദരി മാരും എനിക്കൊപ്പമായിരുന്നു..ആയിരത്തോളം വരുന്ന ഇസ്‌ലാമിക് പോരാളികൾ ഞങ്ങളുടെ മൊബൈൽ, പേഴ്‌സ്,പണം, ആഭരണം ഇവയെല്ലാം കരസ്ഥമാക്കിയശേഷം രണ്ടു ദിവസത്തിനകം എല്ലാവരും ഇസ്‌ലാം മതം കബൂൽ ചെയ്യണമെന്ന മുന്നറിയിപ്പും നൽകുകയുണ്ടായി..

രണ്ടാം ദിവസം അവർ കൽപ്പിച്ചു. ” ഇസ്‌ലാം മതം സ്വീകരിക്കാൻ തയ്യറുള്ളവർ ഈ കെട്ടിടത്തിൽ നിന്ന് പുറത്തുപോകുക.” പക്ഷേ ആരും പോകാൻ തയ്യറായില്ല. പുറത്തുപോകുന്നവരെ വെടിവച്ചുകൊല്ലാനുള്ള അടവായിരുന്നു അത്. കാരണം യസീദികൾ ഇസ്‌ലാം മതം സ്വീകരിക്കുന്നത് ഇസ്‌ലാമിക് സ്റ്റേറ്റ് അംഗീകരിച്ചി രുന്നില്ല. സ്ത്രീകളെ പ്രത്യേകിച്ചും യുവതികളെ അവർ കൊല്ലുകയില്ല എന്ന് അറിയാമായിരുന്നു. അവരെ അടിമകളാക്കി വില്പനയ്ക്കും സെക്സിനുമായാണ് ഉപയോഗിക്കുന്നത്..

പുരുഷന്മാരെ അവർ നിരനിരയായി ഇറക്കിക്കൊണ്ടുപോയപ്പോൾ അവരെ എന്തുചെയ്യുമെന്ന് ഒരൂഹവുമി ല്ലായിരുന്നു. അവരെ ഗ്രാമത്തിനു പുറത്തേക്കാണ് കൊണ്ടുപോയത്. പിന്നീട് തുടരെത്തുടരെ വെടിയൊച്ചകൾ കേട്ടപ്പോൾ ഒന്ന് മനസ്സിലായി എന്റെ സഹോദരങ്ങൾ ഉൾപ്പെടെ എല്ലാവരും മരിച്ചുവീഴുകയാണെന്ന്. ഒരു വൃദ്ധന്റെ കയ്യിലിരുന്ന കൊച്ചുമകനെ പിടിച്ചുവാങ്ങിയിട്ടാണ് അയാളെ അവർ വെടിവച്ചുകൊന്നത്.ആ കുട്ടിയെ ഭീകരർ സ്‌കൂളിൽക്കൊണ്ടുവന്നു വിട്ടപ്പോൾ ഓരോരുത്തരെയും നിരനിരയായി നിർത്തി വെടിവച്ചുകൊന്ന കാര്യം അവനാണ് ഞങ്ങളോട് വിവരിച്ചത്.

ജീവിതം തകർന്നുപോയ നിമിഷങ്ങൾ. കരയാനും ,വിലപിക്കാനുമല്ലാതെ ഒന്നും കഴിയുമായിരുന്നില്ല. ആണുങ്ങളെയെല്ലാം കൊലപ്പെടുത്തിയശേഷം ഇസ്ലാമിക് പോരാളികൾ ഞങ്ങളെ അടുത്ത ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാത്രിയായപ്പോൾ അവിടുത്തെ സ്‌കൂളിൽ ഞങ്ങളെ പാർപ്പിക്കുകയും സ്ത്രീകളെ മുഴുവൻ മൂന്നുഗ്രൂപ്പുകളായി അവർ തിരിക്കുകയും ചെയ്തു. ആദ്യത്തെ ഗ്രൂപ്പിൽ യുവതികളും, രണ്ടാമത്തെ ഗ്രൂപ്പിൽ കുട്ടികളും മൂന്നാമത്തെ ഗ്രൂപ്പിൽ വയസ്സായവരും എന്ന രീതിയിലായിരുന്നു തരം തിരിച്ചത്.

പിറ്റേദിവസം കുഞ്ഞുങ്ങളെയെല്ലാം അവരുടെ ട്രയിനിങ് ക്യാംപിൽ കൊണ്ടുപോയി. വയസ്സായ സ്ത്രീകളെയെല്ലാം അവർ അജ്ഞാതമായ സ്ഥലത്തുകൊണ്ടുപോയി വെടിവച്ചുകൊന്നു. എന്റെ അമ്മയും അക്കൂട്ടത്തിൽ കൊല്ലപ്പെട്ടു.

അന്ന് രാത്രി ഞങ്ങളെയെല്ലാം മൊസൂളിലേക്കാണ് കൊണ്ടുപോയത്.പിന്നീടവിടെ കൊടിയ പീഡനങ്ങളാണ് അരങ്ങേറിയത്.എന്റെ സഹോദരങ്ങളെയും അമ്മയെയും കൊലപ്പെടുത്തിയവർ ഒന്നൊന്നായി എന്നെ അതിക്രൂരമായി റേപ്പ് ചെയ്തു. എന്തുചെയ്യണം , എന്താണ് നടക്കുന്നത് എന്നുപോലും ചിന്തിക്കാൻ എനിക്കാകു മായിരുന്നില്ല..

രണ്ടു നാൾ കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ മൊസൂളിലെ ഇസ്‌ലാമിക കോടതിയിൽ ഹാജരാക്കി.അവിടെ ഞങ്ങളുടെ ഫോട്ടോ എടുത്തു. ആയിരക്കണക്കിന് സ്ത്രീകളുടെ ഫോട്ടോ അവിടെ ഭിത്തിയിൽ പതിച്ചിരുന്നു. അതിന്റെയെല്ലാം അടിയിൽ ഒരു ഫോൺ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്ത്രീയുടെ ഉടമയായ ഇസ്‌ലാമിക് സ്റ്റേറ്റ് പോരാളിയുടേതാണ് ആ നമ്പർ.

മറ്റുള്ള പോരാളികളും ആളുകളും ഇവിടെവന്നു ചിത്രങ്ങളിലുള്ള ഏതെങ്കിലും സ്ത്രീയെ ഇഷ്ടപ്പെട്ടാൽ അവരുടെ ഉടമയായ പോരാളിയോട് വിലപേശൽ നടത്തി അവരെ വിലയ്ക്ക് വാങ്ങാവുന്നതാണ്. അതിനാണ് മൊബൈൽ നമ്പർ അടിയിൽ നൽകിയിരിക്കുന്നത്. ഇങ്ങനെ വിലയ്ക്ക് വാങ്ങപ്പെടുന്ന സ്ത്രീകളെ മറ്റുള്ളവർക്ക് മറിച്ചുവിൽക്കുകയോ,വാടകയ്ക്ക് നൽകുകയോ, സമ്മാനമായി നൽകുകയോ ചെയ്യാൻ ഒരു തടസ്സവുമില്ല.

എന്നെ ഒരു തടിയനായ ഇസ്‌ലാമിക് പോരാളിക്കാണ് നൽകാൻ വിധിക്കപ്പെട്ടത്. ഒരു ആജാനബാഹുവായ മനുഷ്യൻ. കാഴ്ചയിൽ തന്നെ ഭയം തോന്നും. ഞാനയാളുടെ കാലുപിടിച്ചു യാചിച്ചു. പക്ഷെ അതൊന്നും അയാൾക്കുമുന്നിൽ വിലപ്പോയില്ല.അയാൾ ഒരാഴ്ച തുടർച്ചയായി എന്നെ പിച്ചിച്ചീന്തി. കണ്ണുനീരിനും , യാചനയ്ക്കുമൊന്നും ആ കഠിനഹൃദയത്തിൽ ഇടമില്ലായിരുന്നു.

ഒരാഴ്ചയ്ക്കുശേഷം അയാളില്ലാത്ത നേരം നോക്കി ഞാൻ രക്ഷപെടാനായി ഓടി..പക്ഷേ ലക്‌ഷ്യം നേടാനായില്ല. പിടികൂടപ്പെട്ട എന്നെ വീണ്ടും ഇസ്‌ലാമിക കോടതിയിൽ കൊണ്ടുപോയി കുറ്റവിചാരണ നടത്തി. ഒളിച്ചോടിയതിന്റെ ശിക്ഷയായി ആറു സുരക്ഷാഗാർഡുകൾ എന്നെ ബലാൽസംഗം ചെയ്യാൻ വിധിക്കപ്പെട്ടു.

ആറുപേരും വിധി നടപ്പാക്കാൻ ഒന്നൊന്നായി എന്റെ ശരീരത്തിൽ മത്സരിക്കുകയായിരുന്നു. എന്റെ ബോധം മറഞ്ഞിട്ടും അവരാകൃത്യം തുടരുകതന്നെ ചെയ്തു. വീണ്ടും പലതവണ വിൽക്കപ്പെട്ട ഞാൻ മൂന്നുമാസക്കാലം ഈ യാതനകളൊക്കെ സഹിക്കുകയായിരുന്നു. ആഹാരവും ,വസ്ത്രവും ,മരുന്നും ,വൃത്തിയുള്ള തുണികൾ പോലുമില്ലാതെ..

അവസാനത്തെ എന്റെ ഉടമയായ വ്യക്തി എന്നെ മറ്റൊരാൾക്ക് വിൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കൂടുതൽ വിലകിട്ടാൻ എന്നെ ധരിപ്പിക്കുന്നതിനുള്ള നല്ല വസ്ത്രങ്ങൾ വാങ്ങാനായി അദ്ദേഹം മാർക്കറ്റിലേക്ക് പോയതായിരുന്നു തുണയായത്. ഞാൻ ആ വീടുവിട്ടോടി..മൊസൂളിലെ തെരുവുകളിലൂടെ ഒരു ഭ്രാന്തിയെപ്പോലെ ഞാൻ പാഞ്ഞു. ഒടുവിൽ ഓടിത്തളർന്ന ഞാൻ ഒരു മുസ്‌ലിം കുടുംബത്തിന്റെ വാതിലിൽ മുട്ടി. അവർ കതകുതുറന്നു.അവശയും ക്ഷീണിതയുമായ എന്നെ അവർ അകത്തേക്ക് നയിച്ചു.

എന്റെ കഥകൾ കേട്ടു മനസ്സലിവ് തോന്നിയ അവർ എന്നെ രക്ഷിക്കാമെന്നുറപ്പുനല്കി.പോരാളികളറിഞ്ഞാൽ ആ കുടുംബം തന്നെ അവർ ഇല്ലാതാക്കും.അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കാൻ ആരും തയ്യാറാകില്ല.

എന്നെ അവർ വളരെ സുരക്ഷിതമായി കുർദിസ്ഥാൻ അതിർത്തിവരെ എത്തിച്ചു.അവിടെ അഭയാർത്ഥി ക്യാമ്പിൽ എത്തിയപ്പോഴാണ് ശ്വാസം നേരേ വീണത്. അഭയാർത്ഥി ക്യാംപിൽ ആരും എന്നോടൊന്നും ചോദിച്ചിരുന്നില്ല.

മൊസൂളിലും ,ഇസ്‌ലാമിക് സ്റ്റേറ്റ് തടവറകളിലും പീഡനങ്ങളേറ്റു കഴിയുന്ന ആയിരക്കണക്കിന് സ്ത്രീകളെപ്പറ്റി ലോകത്തോട് തുറന്നുപറയാൻ ഞാനാഗ്രഹിച്ചു. അപ്പോഴാണ് ജർമ്മൻ സർക്കാർ 1000 അഭയാർത്ഥികളെ അവിടെനിന്നു സ്വീകരിക്കാൻ തയ്യാറായതും ആ ലിസ്റ്റിൽ ഞാൻ കടന്നുകൂടിയതും.

ജർമ്മനിയിൽ ചികിത്സക്കിടയിൽ ഡോക്ട്ർമാരോടും സ്റ്റാഫിനോടും എന്റെ കഥകൾ ഞാൻ വിവരിച്ചിരുന്നു. എന്നെ കാണാൻ വന്ന പത്രക്കാരോടും ഞാൻ മനസുതുറന്നു. ഒരു മറയുമില്ലാതെ എന്റെ മുഖത്തിന്റെ ചിത്രമെടുക്കാൻ ഞാൻ അവരോടാവശ്യപ്പെടുകയായിരുന്നു.

ഒരു സാമൂഹ്യസംഘടനയുടെ ആളുകളാണ് ഞാൻ അനുഭവിച്ചതും മറ്റു സ്ത്രീകൾ അവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ കൊടിയ പീഡനങ്ങളുടെയും അമാനവീയ കൃത്യങ്ങളുടെയും വിവരങ്ങൾ ഐക്യരാഷ്ട്രസഭാവേദിയിൽ നിന്ന് ലോകത്തോട് വിളിച്ചുപറയാൻ നിർദേശിച്ചത്.

അന്ന് ഞാൻ വിവരിച്ച യാതനകൾ കേട്ട് ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങൾ മനസ്സുകൊണ്ടെനിക്കുവേണ്ടി പ്രാര്ഥിച്ചിട്ടുണ്ടാകും.അവരുടെയെല്ലാം കണ്ണുകൾ ഈറനാകുന്നത് എന്റെ മനക്കണ്ണിലൂടെ ഞാൻ കാണുകയായിരുന്നു………….”

സ്ത്രീകൾക്കെതിരെയുള്ള ബലാൽസംഗങ്ങളും അവർക്കെതിരെയുള്ള അതിക്രമങ്ങളും ചെറുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് പ്രേരണയായാണ് നാദിയക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകപ്പെട്ടിരി ക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളുടെ തടവറകളിൽ കഴിയുന്ന അനേകായിരം സ്ത്രീകളെ മോചിപ്പിക്കാനുള്ള ശ്രമം നടത്തുന്ന സംഘടനയുടെ ഭാഗമായാണ് ഇപ്പോൾ നാദിയ പ്രവർത്തിക്കുന്നത്.

( ബിബിസി റേഡിയോയുടെ പ്രത്യേക പരിപാടിയായ ഔട്ട് ലുക്കിൽ ലേഖകൻ മാത്യു ബെനിസ്റ്ററിനോട് നാദിയ വെളിപ്പെടുത്തിയതാണ് മുകളിലെ വിവരങ്ങൾ )

×