മാതാപിതാക്കള്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആ നാലും രണ്ടും വയസ്സുള്ള സഹോദരിമാര്‍ ഇനി യൂറോപ്പിലെ മാള്‍ട്ടയില്‍ സസുഖം ജീവിക്കും

പ്രകാശ് നായര്‍ മേലില
Thursday, January 11, 2018

ആരുടേയും ഹൃദയം തകരുന്ന നിളിവിളിയായിരുന്നു ആ കുരുന്നുകളുടേത്. ഏതോ ഗ്രാമത്തില്‍ നിന്ന് ട്രെയിനില്‍ കൊണ്ടുവന്നു രണ്ടുപേരെയും മദ്ധ്യപ്രദേശിലെ വിദിഷാ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു മാതാപിതാക്കള്‍ കടന്നുകളയുകായിരുന്നു. മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചതുമില്ല.

2005 ലായിരുന്നു ആ സംഭവം. അന്ന് 2 വയസ്സുണ്ടായിരുന്ന നന്ദിനിക്ക് ഇന്ന് 4 വയസ്സായി. 4 വയസ്സായിരുന്ന മൂത്ത സഹോദരി പൂജയ്ക്ക് ഇപ്പോള്‍ 6 വയസ്സും..

ഉത്തരേന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നത് അഭിശാപമായി കണക്കാക്കുന്ന നിരവധി ഗോത്രങ്ങളുണ്ട് ഇപ്പോഴും. പെണ്‍കുട്ടികളെ പ്രസവിക്കുന്ന അമ്മമാരുടെ ജീവിതവും വളരെ ദുഷ്ക്കരമായിരിക്കും. പെണ്‍കുട്ടികള്‍ ശാപാമോ ,ബാദ്ധ്യതയോ ആകുന്നുവെന്ന തോന്നലാണ് ഇവരെ ഉപേക്ഷിക്കാനുള്ള മുഖ്യ കാരണവും. ചവറ്റു കുട്ടകളില്‍ ,പൊന്തക്കാടുകളില്‍,അഴുക്കുചാലുകളിലോക്കെ കുഞ്ഞുങ്ങളെ നിര്‍ദ്ദയം ഉപേക്ഷിക്കുന്ന വാര്‍ത്തകള്‍ ഇതിന്‍റെ ഭാഗം തന്നെയാണ്.

റെയില്‍വേ സ്റ്റേഷനില്‍ പരസ്പ്പരം കെട്ടിപ്പിടിച്ചു നിന്ന് നിലവിളിച്ച സഹോദരിമാരെ റെയില്‍വേ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് യെശോദാ അഡോപ്ഷന്‍ സെന്ററിനു കൈമാറിയത്. അവരാണ് കുഞ്ഞുങ്ങള്‍ക്ക്‌ ഈ പേരുകളും ( നന്ദിനി , പൂജ ) നല്‍കിയത്.

മാതാപിതാക്കളുടെ പേരുകള്‍ മൂത്ത കുട്ടിക്ക് അറിയാമായിരുന്നെങ്കിലും സ്ഥലവും മറ്റു വിവരങ്ങളും അറിയില്ലായിരുന്നു. അനാഥാലയത്തിലെ മറ്റുള്ള കുട്ടികളുമായി ഇവര്‍ വേഗം അടുപ്പത്തിലായെങ്കിലും തമ്മില്‍ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ ഇരു സഹോദരിമാരും തയ്യാറല്ലായിരുന്നു. ഊണും ഉറക്കവും വരെ ഒരുമിച്ച്. ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മുതല്‍ മനസ്സിലുണ്ടായ വല്ലാത്ത ഭീതിമൂലമാകാം ഇത്.

നാളുകളായി ഇവരെ ദത്തെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു അഡോപ്ഷന്‍ സെന്റര്‍ ഭാരവാഹികള്‍. ഇളയ കുട്ടിയെ ദത്തെടുക്കാന്‍ ചിലര്‍ താല്‍പ്പര്യപ്പെട്ടു വന്നെങ്കിലും ഇരുവര്‍ക്കും പരസ്പ്പരം വേര്‍പിരിയാനാകില്ലെന്ന സത്യം അഡോപ്ഷന്‍ സെന്റര്‍ അധികാരികളും മനസ്സിലാക്കി.

അവരുടെ ശ്രമം ഫലം കണ്ടു. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ നിന്നുള്ള Miriyam Jemik ഉം Itini Villa യുമാണ്‌ ഇരുവരെയും ദത്തെടുക്കാനായി ഇക്കഴി ഞ്ഞ ഞായറാഴ്ച വിദിഷയില്‍ എത്തിയിരിക്കുന്നത്..

ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല. കുട്ടികള്‍ ഉണ്ടാകുകയുമില്ല. മാള്‍ട്ടയില്‍ ലൈഫ് സയന്‍സ് സെന്റര്‍ HOD യാണ് ‘ഇത്തിനി വില്ല’, ഭാര്യ ‘മറിയം ജെമി’ ഫാര്‍മസിസ്റ്റ് ആണ്. ഒരു വര്‍ഷമായി ഇവര്‍ ഇന്ത്യയില്‍ നിന്നുള്ള കുട്ടിയെ ദത്തെടുക്കാന്‍ Indian Ministry of Women and Child Development ല്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു..

വിദിഷയിലെ യെശോദാ അഡോപ്ഷന്‍ സെന്ററില്‍ ഉള്ള ഈ രണ്ടുകുട്ടികളെപ്പറ്റിയും അറിഞ്ഞ ദമ്പതികള്‍ അവരെ രണ്ടാളെയും ദത്തെടുക്കാന്‍ തയ്യാറാകുകയായിരുന്നു.

വിദിഷയിലെ അഡോപ്ഷന്‍ സെന്ററില്‍ കഴിഞ്ഞ 6 മാസമായി ഒരു അദ്ധ്യാപകനെ വച്ച് രണ്ടു കുട്ടികള്‍ക്കും ഇംഗ്ലീഷ് ട്യൂഷന്‍ നല്‍കിവന്നു. അക്ഷരങ്ങള്‍ മനസ്സിലാക്കാനും അത്യാവശ്യം ആശയവിനിമയം നടത്താനും അവര്‍ പഠിച്ചു കഴിഞ്ഞു.

ഇത്തിനി വില്ല – മറിയം ദമ്പതികള്‍ ഇപ്പോള്‍ കുട്ടികള്‍ക്കൊപ്പം വിദിഷയിലാണ്. അടുത്തയാഴ്ച എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി അവര്‍ കുട്ടികളെയും കൊണ്ട് മാള്‍ട്ടക്ക് മടങ്ങും. ഇതിനിടെ ഇരുവരുടെയും പേരുകള്‍ മാറ്റാനുള്ള അപേക്ഷ അവര്‍ കോടതിയില്‍ സമര്‍പ്പിച്ചതും അനുവദിക്കപ്പെട്ടു. കുട്ടികളുടെ പുതിയ പേരുകള്‍ ഇനി Pippa , Nina എന്നിങ്ങനെയായിരിക്കും.

കുട്ടികള്‍ക്കായി പ്രത്യേക ബെഡ് റൂമും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിവച്ചിട്ടാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് ദമ്പതികള്‍ അറിയിച്ചു. കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരെ പഠിപ്പിക്കുന്നത്‌ കൂടാതെ ഡാന്‍സും ,മ്യൂസിക്കും പഠിപ്പി ക്കാനുള്ള അദ്ധ്യാപകരേയും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു..

അച്ഛനമ്മമാര്‍ ഉപേക്ഷിക്കപ്പെട്ട് ഈ ലോകത്ത് ഒറ്റപ്പെട്ടുപോയ അവര്‍ക്ക് ഇനി ഒരു പുതുലോകവും നല്ല ഭാവിയുമാകും വരാന്‍ പോകുന്നത്.

×