Advertisment

ചരിതമുറങ്ങുന്ന പുനലൂർ തൂക്കുപാലം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

പുനലൂർ എന്ന പേരുകേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് 18 മത് നൂറ്റാണ്ടിന്റെ അവസാനകാലത്ത് അവിടെ നിർമ്മിച്ച തൂക്കുപാലമാണ്. തെക്കേ ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലമായിരുന്നു ഇത് കൊല്ലം ജില്ലയുടെ കിഴക്കേ കവാടമാണ് പുനലൂർ എന്ന പട്ടണം.

Advertisment

സഹ്യന്റെ പ്രവേശനനഗരമായും ഇതിനെ വിശേഷിപ്പിക്കാം. പണ്ടുകാലം മുതൽക്കേ വ്യാപാരവാണിജ്യ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണ് പുനലൂർ. പുനലൂർ ചന്ത വളരെ പേരുകേട്ടതായിരുന്നു.മലഞ്ചരക്ക് - സുഗന്ധവ്യജ്ഞനങ്ങളുടെ മൊത്ത വ്യാപാരകേന്ദ്രമായിരുന്നു ഇവിടം.

publive-image

പുനലൂരിന്റെ നഗരമദ്ധ്യത്തിലൂടെയൊഴുകുന്ന കല്ലടയാറിനു കുറുകേ ഒരു പാലം നിർമ്മിക്കണമെന്ന ആശയം അന്നത്തെ തിരുവിതാംകൂർ രാജാവ് ആയില്യം തിരുനാളിന്റെ ദിവാനായിരുന്ന നാണുപിള്ളയാണ് മുന്നോട്ടുവച്ചത്.

കല്ലടയാർ പൊതുവെ ശാന്തമെന്നു തോന്നുമെങ്കിലും അടിയൊഴുക്ക് അക്കാലത്തു വളരെ ശക്തമായിരുന്നതിനാൽ തൂണുകൾ സ്ഥാപിച്ചുള്ള പാലം നിലനിൽക്കില്ല എന്ന സാങ്കേതിക ഉപദേശത്തെത്തു ടർന്നാണ് ദിവാൻ തൂക്കുപാലം എന്ന ആശയം മുന്നോട്ടുവച്ചത്...

publive-image

നിർദ്ദേശം രാജാവിനാൽ അംഗീകരിക്കപ്പെടുകയും 1871 ൽ അനുമതി ലഭിക്കുകയും ചെയ്തു. പുനലൂർ തൂക്കുപാലം ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ ആറുവർഷം കൊണ്ട് 1877- ൽ പണിപൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.

പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായമായി. ആദ്യമൊക്കെ കുതിരവണ്ടികളും കാളവണ്ടികളും പോയിരുന്ന പാലത്തിൽക്കൂടെ പിന്നീട് ലോറിയും ബസുമൊക്കെ അനായാസം കടന്നുപോയി.

publive-image

കല്ലടയാറിന്റെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന പുനലൂർ പട്ടണത്തിന്റെ വികസനത്തിൽ നിർണ്ണായകമായ പങ്കാണ് തൂക്കുപാലത്തിനുള്ളത്. കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം.

ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തേക്ക്‌തടി പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ ഇന്നത്തെ തലമുറയ്ക്ക് കൗതുകകരം തന്നെയാണ്‌. 20 അടി വീതിയും 400 അടി നീളവുമുണ്ട് പാലത്തിന്.

publive-image

( ഈ ലേഖകൻ തൂക്കുപാലത്തിലൂടെ അക്കാലത്തു നിരവധിതവണ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. ഒരു സമയം ഒരു വാഹനം മാത്രമേ കടത്തിവിടുമായിരുന്നുള്ളു. വാഹനം കയറുമ്പോൾ പാലം പൂർണ്ണമായും ചങ്ങലകളിൽ ചാഞ്ചാടുകയും മറുഭാഗം അൽപ്പം ഉയരുകയും ചെയ്യുമായിരുന്നു. ബസ് പാലത്തിന്റെ മദ്ധ്യഭാഗം കഴിയുമ്പോ ഴാണ് ആ ഭാഗം താഴുന്നത്. അന്നത്തെ യാത്രകൾ ഓർക്കുമ്പോൾ മനസ്സിൽ ഇപ്പോഴും വല്ലാത്തൊരു ആവേശം തോന്നാറുണ്ട് ).

1970കളില്‍ ഗതാഗതം നിലച്ച ഈ പാലം 1990ല്‍ പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി ഏറ്റെടുക്കുകയും 1.35 കോടി രൂപാമുടക്കി പുനരുദ്ധാരണം നടത്തുകയും സന്ദർശകർക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

publive-image

<ലേഖകൻ തൂക്കുപാലത്തിനു മുന്നിൽ>

സമാന്തരമായി തൊട്ടടുത്തുതന്നെ വലിയൊരു കോൺക്രീറ്റ് പാലം നിർമ്മിച്ചതിനാൽ ഇപ്പോൾ വാഹനഗതാഗതം പൂർണ്ണമായും അതിൽക്കൂടെയാണ്. തൂക്കുപാലത്തിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. കൊല്ലത്തുനിന്ന് ഒരു മണിക്കൂർ കൊണ്ട് ട്രെയിൻ മാർഗ്ഗം പുനലൂരിലെത്താം.

കൊല്ലത്തുനിന്നുതന്നെ ഒന്നര മണിക്കൂർ കൊണ്ട് ബസിലും (45 കിലോമീറ്റർ) എത്തിച്ചേരാം .തിരുവനന്തപുരത്തുനിന്നും കൊല്ലം വഴി ട്രെയിനിലും ( കന്യാകുമാരി - പുനലൂർ എക്സ്പ്രസ്സ് ) ബസിലും ( 65 കിലോമീറ്റർ ) പുനലൂരിലെത്താ വുന്നതാണ്... തെന്മല,ആര്യങ്കാവ്, പാലരുവി തുടങ്ങിയ കിഴക്കന്മേഖലകളിലേക്കു വരുന്ന സഞ്ചാരികൾക്ക് പുനലൂർ തൂക്കുപാലം തികച്ചും കൗതുകകരവും വേറിട്ടതുമായ ഒരു കാഴ്ചയായിരിക്കും.

Advertisment