Advertisment

പൊതുഖജനാവ്‌ കൊള്ളയടിക്കുന്ന അഴിമതിക്കാരായ നേതാക്കളും ഉദ്യോഗസ്ഥരും ഈ വ്യക്തിയുടെ കഥ അറിയണം, ഇന്നത്തെ അവസ്ഥ ഒന്ന് കാണണം

New Update

തറയില്‍ തീര്‍ത്തും അവശനായി തളര്‍ന്നിരിക്കുന്ന ഈ വ്യക്തി ആരെന്നറിയുമോ ? തിരുവായ്ക്ക് എതിര്‍വായില്ലാതെ ഒരിക്കല്‍ ഇദ്ദേഹത്തിനുമുന്നില്‍ IAS,IPS ഉള്‍പ്പെടെ മന്ത്രിമാര്‍ വരെ തലകുനിച്ചു പഞ്ചപുശ്ചമടക്കി നില്‍ക്കുമായിരുന്നു.

Advertisment

150 കിലോ ഭാരവും അഞ്ചേമുക്കാലടി ഉയരവുമുള്ള ആജാനബാ ഹുമായ ഇദ്ദേഹം അധികാരത്തിന്‍റെ ഇടനാഴികളിലെ ഗര്‍ജ്ജിക്കുന്ന ഉഗ്രപ്രതാപിയും അവസാന വാക്കുമായിരുന്നു സാക്ഷാല്‍ സജല്‍ ചക്രവര്‍ത്തി IAS.

publive-image

സജല്‍ ചക്രവര്‍ത്തി IAS , ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി യായിരുന്ന പ്രതാപകാലം ഒരു സംഭവം തന്നെയായി രുന്നു. രണ്ടു വിവാഹം കഴിച്ച ഇദ്ദേഹത്തിന്‍റെ ആഡംബര ജീവിതവും പ്രസിദ്ധമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വരെ ഒച്ചവച്ചു സംസാരിക്കുന്ന തില്‍ മടിയില്ലാതിരുന്ന ഇദ്ദേഹം പലപ്പോഴും മീറ്റിങ്ങുകളില്‍ മൈക്ക് വലിച്ചെറിഞ്ഞു ഇറങ്ങിപ്പോക്കും പതിവായിരുന്നു.. കലക്ടര്‍, SP ഒക്കെ അദ്ദേഹത്തിനുമുന്നില്‍ നിശബ്ദരായി നിന്നിരുന്ന ആ കാലം.

അഴിമതിക്കാരായ അധികാരികള്‍ക്ക് പിന്തുണ കൂടുതലാണ്. സമൂഹത്തില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും. അതു കൊണ്ടുതന്നെ ഒറ്റപ്പെടുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന ഭയത്താല്‍ ഒട്ടുമിക്കവരും എതിര്‍ക്കാന്‍ ധൈര്യപ്പെടുകയുമില്ല.

സജല്‍ ചക്രവര്‍ത്തി , ജാര്‍ഖണ്ഡ് ചായ്ബസയിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരിക്കെ കാലിത്തീറ്റയുമായി ബന്ധപ്പെട്ട് വ്യാജ വൌച്ചറുകളും രേഖകളുമുണ്ടാക്കി ട്രഷറിയില്‍ നിന്ന് 33 കോടി 70 ലക്ഷം രൂപ തട്ടിയെടുത്തവര്‍ക്കെതിരെ കൃത്യമായ അറിവുണ്ടാ യിരുന്നിട്ടും നടപടി എടുത്തില്ല എന്നത് കൂടാതെ അവരില്‍നിന്ന് നല്ലൊരുതുക കൈക്കൂലിയായി കൈപ്പറ്റുകയും പാരിതോ ഷികങ്ങള്‍ സ്വീകരിക്കുകയും ചെയ്തു എന്ന പേരില്‍ റാഞ്ചിയിലെ CBI കോടതി അദ്ദേഹത്തിന് ഇക്കഴിഞ്ഞ ജനുവരി 24 ന് അഞ്ചുവര്‍ഷത്തെ തടവും നാലു ലക്ഷം രൂപ പിഴയും വിധിക്കുക യുണ്ടായി. സജല്‍ ചക്രവര്‍ത്തി ഇപ്പോള്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.

publive-image

ഈ കേസുമായി ബന്ധപ്പെട്ട് 1998 ല്‍ സിബിഐ അറസ്റ്റു ചെയ്ത അദ്ദേഹം 18 മാസവും 7 ദിവസവും അന്നും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഇതേ കേസില്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവും ജഗന്നാഥ മിശ്രയും കുറ്റക്കാരാണെന്ന് കണ്ടെത്തി 2013 ല്‍ കോടതി ശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി സജല്‍ ചക്രവര്‍ത്തിയെ വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീംകോടതി യെ സമീപിക്കുകയും സജലിനെതിരെ വീണ്ടും വിചാരണ നടത്താന്‍ അനുമതി നേടുകയുമായിരുന്നു. ആ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

ഉഗ്രപ്രതാപിയായിരുന്ന സജല്‍ ചക്രവര്‍ത്തി റിട്ടയര്‍മെന്റിനു ശേഷം എകനായാണ് കഴിയുന്നത്‌. വീട്ടുകാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍ ,ബന്ധുക്കള്‍ എല്ലാവരും അദ്ദേഹത്തെ കൈവിട്ടു. രണ്ടു ഭാര്യമാരും വിവാഹമോചനം നേടി വിട്ടുപോയി. മുന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് ഖജനാവില്‍ നിന്ന് കോടികള്‍ മുക്കിയ സജല്‍ ചക്രവര്‍ത്തിയുടെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണ്.

അഴിമതിവീരന്‍ എന്ന് മുദ്രകുത്ത പ്പെട്ട അദ്ദേഹത്തെ റിട്ടയര്‍മെന്റ് കഴിഞ്ഞശേഷം ആരും തിരിഞ്ഞുനോക്കാതെയായി. ഒരു കുട്ടിയെ ദത്തെടുത്തു വളര്‍ത്തിയിരുന്നു. വിവാഹം കഴിഞ്ഞതോടെ അതും തിരിഞ്ഞുനോക്കിയില്ല. അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പില്ല. മിലിട്ടറിയില്‍ ഉദ്യോഗസ്ഥനാ യിരുന്ന ഒരേയൊരു സഹോദരനും മരിച്ചുപോയി...

വീട്ടില്‍ ഒരു സഹായിയായിരുന്നു ആശ്രയം. പൂച്ചകളെയും പട്ടികളെയും കുരങ്ങന്മാരെയും വീട്ടില്‍ വളര്‍ത്തി.അവരായിരുന്നു തുണ.

publive-image

ജോലിഭാരം കൂടുതലെന്ന കാരണത്താല്‍ സഹായിയും ഒടുവില്‍ മുങ്ങി. ശിക്ഷാ വിധിക്കായി കോടതിയിലെത്തിയ സജല്‍ ചക്രവര്‍ത്തിയുടെ അവസ്ഥകണ്ട് പലരും ഞെട്ടിപ്പോയി. സ്വതന്ത്രമായി നടക്കാന്‍ കഴിയില്ല. ലിഫ്റ്റ്‌ ഇല്ലാതിരുന്നതിനാല്‍ മുകളിലത്തെ നിലയിലേക്കുള്ള പടികള്‍ അദ്ദേഹം ഇഴഞ്ഞാണ് കയറിയത്. ഒന്നുരണ്ടുപേര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും ഭാരക്കൂടുതല്‍ കൊണ്ട് അവരും പിന്‍വാങ്ങി.. കോടതിയിലെത്തി അവശനായി തറയിലിരുന്നാണ് അദ്ദേഹം വിധി കേട്ടത്. ( ചിത്രം കാണുക )..

ഒരിക്കല്‍ ഹൃദയാഘാതം സംഭവിച്ച സജല്‍ ചക്രവര്‍ത്തിക്ക് പ്രമേഹം,രക്തസമ്മര്‍ദ്ദം, കാഴ്ചക്കുറവ് , കരള്‍ - കിഡ്നിരോഗങ്ങള്‍ മൂലം ദിവസം 17 തരം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും അതിനാല്‍ ശിക്ഷായിളവ് നല്‍കണമെന്നുമുള്ള അദ്ദേഹത്തിന്‍റെ വക്കീലിന്‍റെ അഭ്യര്‍ഥന കോടതി അംഗീകരിച്ചില്ല.

കാറും ,വാതിലും തുറന്നുകൊടുക്കാന്‍ ഉന്നതാധികാരികള്‍ മത്സരിച്ചിരുന്ന ഒരു കാലം സജലിനുണ്ടായിരുന്നു. എന്നാല്‍ വിധിപ്രസ്ഥാവ്യം കേട്ടശേഷം തിരികെ കോടതിയുടെ മുകള്‍ നിലയില്‍നിന്ന് പടികള്‍ ഒന്നൊന്നായി നിരങ്ങിയിറങ്ങിയ തീര്‍ത്തും അവശനായ അദ്ദേഹത്തെ സഹായിക്കാനെത്തിയ പോലീസുകാരെ നോക്കി അദ്ദേഹം കണ്ണുനീര്‍ വാര്‍ത്തു. പോലീസുകാര്‍ അദ്ദേഹത്തെ സാന്ത്വനിപ്പിക്കുന്നത് കാണാമായിരുന്നു.

publive-image

ആ കണ്ണുകള്‍ ഇടയ്ക്കിടെ ആരെയോ തിരയുന്നുണ്ടായിരുന്നു. ഒരുപക്ഷേ വിട്ടുപോയ ഭാര്യമാരില്‍ ആരെയോ അല്ലെങ്കില്‍ കടന്നുകളഞ്ഞ സഹായിയെയോ.. ആരും വന്നില്ല.. നിരാശനായി പോലീസ് വാനില്‍ക്കയറി അദ്ദേഹം ജയിലേക്ക് ഒരനാഥനെന്ന കണക്കേ യാത്രയായി.

പോലീസുകാര്‍ ചേര്‍ന്ന് താങ്ങിയെടുത്തു വാനിലേക്ക് കയറ്റി യാത്രയാകുമ്പോഴും അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു..

നേതാക്കള്‍ക്കും രാഷ്ട്രീയക്കര്‍ക്കുമൊപ്പം ചേര്‍ന്ന് പൊതുഖജനാവിലെ പണം മോഷ്ടിക്കാന്‍ കൂട്ടുനിന്ന തികഞ്ഞ അഴിമതിക്കാരനായിരുന്ന സജല്‍ ചക്രവര്‍ത്തി IAS എന്ന മുന്‍ ചീഫ് സെക്രട്ടറി യുടെ അനിവാര്യമായ പതനമയിരുന്നു ഇക്കഴിഞ്ഞ ജനുവരി 24 നു ജാര്‍ഖണ്ഡ് ലെ റാഞ്ചി സിബിഐ കോടതിയില്‍ കണ്ടത്.

ഇതുമായി ബന്ധപ്പെട്ടു ഉത്തരേന്ത്യയില്‍ പ്രചരിക്കുന്ന ഒരു വാട്സാപ് സന്ദേശം ഇങ്ങനെയാണ്.

" പണവും ,പ്രതാപവും ,പ്രസിദ്ധിയും ഒക്കെ മായയാണ്. വെറും മായ . സ്ഥായിയായി ഒന്നുമാത്രം.. അതു മരണമാണ്."

Advertisment