ഇസ്‌ലാം മതവും രാജ്യവും ഉപേക്ഷിച്ചുപോയ സൗദി യുവതിയെ തായ്‌ലാൻഡ് മടക്കിയയക്കില്ല

പ്രകാശ് നായര്‍ മേലില
Wednesday, January 9, 2019

ക്കഴിഞ്ഞ ശനിയാഴ്ച കുവൈറ്റിൽ നിന്ന് ബാങ്കോക്ക് വഴി ആസ്‌ത്രേലിയയ്ക്കു രക്ഷപെടാൻ ശ്രമിച്ച സൗദി യുവതിയായ “റഹാഫ് മുഹമ്മദ് അൽ കുനൂനെ” ബാങ്കോക്ക് എയർപോർട്ടിൽ വച്ച് ഒരു സൗദി അധികാരി പിടികൂടുകയും നിർബന്ധപൂർവ്വം അവരുടെ പാസ്പോർട്ട് കൈക്കലാക്കുകയുമായിരുന്നു.

ഇതേത്തുടർന്ന് അവിടെ നിന്നും ഓടി എയർപോർട്ടിലെ ഹോട്ടലിൽ അഭയം പ്രാപിച്ച റഹാഫ് മുഹമ്മദ് അൽ കുനൂൻ അടച്ചിട്ട ഹോട്ടൽ മുറിയിൽ നിന്ന് , തന്നെ രക്ഷിക്കണമെന്ന സന്ദേശം സോഷ്യൽ മീഡിയ വഴി ലോകത്തെ അറിയിക്കുകയായിരുന്നു.

തിരിച്ചു ചെന്നാൽ തന്റെ കുടുംബവും സൗദി അധികാരികളും തന്നെ കൊലപ്പെടുത്തുമെന്നും താനെല്ലാം ഉപേക്ഷിച്ചാണ് ആസ്‌ത്രേലിയക്ക് പോകുന്നതെന്നും അവിടെ ജോലിചെയ്തു സ്വതന്ത്രയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു.

റഹാഫ് മുഹമ്മദ് അൽ കുനൂനെ കുവൈറ്റിന് മടക്കിയയക്കാനാണ് ബാങ്കോക്കിലെ സൗദി അധികാരികളും തായ്‌ലൻഡ് സർക്കാരും തീരുമാനിച്ചത്.

ഒടുവിൽ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയുടെ ശരണാർത്ഥി ഏജൻസിയും ശക്തമായി ഇടപെട്ടതിനെത്തുടർന്ന് സൗദി അധികാരികൾ പാസ്സ്‌പോർട്ട് മടക്കിനൽകുകയും അവരെ ബാങ്കോക്കിൽ തന്നെ തുടരാൻ അനുവദിക്കുകയുമായിരുന്നു.

റഹാഫ് മുഹമ്മദ് അൽ കുനൂനെ നിർബന്ധിച് ഒരിടത്തേക്കും അയക്കില്ലെന്ന് തായ്‌ലൻഡ് സർക്കാർ ഇന്ന് പരസ്യമായ നിലപാടെടുത്തു. ” ഇത് ഞങ്ങളുടെ രാജ്യമാണ്.ഒരു രാജ്യത്തിന്റെ എംബസ്സിയും അവരെ എവിടെയെങ്കിലും നിർബന്ധിച്ചു കൊണ്ട് പോകാൻ ഞങ്ങളനുവദിക്കില്ല.” തായ് വക്താവറിയിച്ചു.

ഇതേപോലെ 2017 ൽ കുവൈറ്റിൽ നിന്ന് ഫിലിപ്പീൻസ് വഴി ആസ്‌ത്രേലിയക്ക് കടക്കാൻ ശ്രമിച്ച സൗദി വനിത ദീന അലി ദാസലൂം ( 24 ), മനില എയർപോർട്ടിൽ വച്ച് പിടിക്കപ്പെടുകയും സൗദിക്ക്‌ മടക്കിക്കൊണ്ടു പോകുകയുമായിരുന്നു. അന്നവർ ഒരു കാനഡ സ്വദേശിയുടെ മൊബൈൽ വഴി, തന്നെ കുടുംബവും സർക്കാരും ചേർന്ന് കൊലചെയ്യാൻ സാധ്യതയുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു..

അതിനുശേഷം ഇന്നുവരെ അവരെപ്പറ്റിയുള്ള ഒരു വിവരവും പുറംലോകമറിഞ്ഞിട്ടേയില്ല.

×