Advertisment

സെന്റിനൽ ആദിവാസികളുമായി നേരിട്ടിടപഴകിയിട്ടുള്ള നരവംശശാസ്ത്രജ്ഞൻ അവരെപ്പറ്റി മനസുതുറക്കുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സെന്റിനൽ ആദിവാസിസമൂഹം ഇപ്പോഴും ആക്രമണസജ്ജമാണ്. പോലീസ് ടീം ഇന്നലെയും നിരാശയോടെ മടങ്ങി.ഈ ഗോത്രസമൂ ഹവുമായി നേരിട്ടിടപഴകിയ ത്രിലോക്‌നാഥ്‌ പണ്ഡിറ്റിനോട് പോലീസ് സഹായം തേടിയിരിക്കുകയാണ്..

Advertisment

publive-image

<ത്രിലോക്‌നാഥ് പണ്ഡിറ്റ്>

അമേരിക്കൻ മതപ്രചാരകൻ ജോൺ അലൻ ചാവു വിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം ഇന്നലെയും നടന്നില്ല. അമ്പും വില്ലും ആയുധങ്ങളുമായി 13 പേരടങ്ങിയ സെന്റിനാൽ ആദിവാസി യോദ്ധാക്കൾ ആക്രമണസജ്ജരായി കരയിൽ നിന്നതിനാൽ കടലിൽ സുരക്ഷിതമായ ദൂരത്തിനപ്പുറത്തേക്ക് ആൻഡമാൻ പൊലീസിന് പോകാൻ കഴിഞ്ഞില്ല. വൈകിട്ടോടെ അവർ നിരാശരായി മടങ്ങുകയായിരുന്നു.

പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനും ഡൽഹി നിവാസിയുമായ ത്രിലോക്‌നാഥ് പണ്ഡിറ്റ് (TN Pandit ) 1966 മുതൽ 91 വരെ പലതവണ സെന്റിനാൽ ദ്വീപിൽ പോയിട്ടുണ്ട്. സെന്റിനാൽ ആദിവാസികളുമായി പലതവണ ഇടപഴകിയിട്ടുള്ള അദ്ദേഹം ആദ്യമെത്തിയപ്പോൾ അവർ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ബോട്ട് തീരത്തേക്കുപോലും അടുപ്പിച്ചിരുന്നില്ല. രൂക്ഷമായാണ് അവർ പ്രതികരിച്ചിരുന്നത്.

പിന്നീട് നടത്തിയ യാത്രകളിൽ അവരുടെ സമീപനം മെല്ലെമെല്ലെ മാറിവന്നു. ഒരുതവണ നാളീകേരവും,പാത്രങ്ങളും അവർ വാങ്ങിയശേഷം മടങ്ങിപ്പോകാൻ അദ്ദേഹത്തോട് നിർദ്ദേശിക്കുകയായിരുന്നു.

publive-image

കാലം പോകവേ ഒടുവിലൊടുവിൽ അവർ കാത്തുനിൽക്കാൻ തുടങ്ങി. പഴങ്ങളും, വസ്ത്രങ്ങളും, നാളീ കേരങ്ങളും അവർ സന്തോഷപൂർവ്വം സ്വീകരിച്ചു. വസ്ത്രങ്ങൾ അവർ ധരിച്ചുകണ്ടില്ല. അവസാനം ദ്വീപിൽ കാലുകുത്താൻ അവർ അനുവദിച്ചു. ഭാഷ മനസ്സിലായില്ലെങ്കിലും നിഷ്‍കളങ്കരായ അവരുടെ മനസ്സുവായിക്കാൻ വേഗം കഴിഞ്ഞു. അവരുടെ ദിനചര്യകൾ,ജീവിതരീതികൾ,ആചാരങ്ങൾ എന്നിവ കുറേയൊക്കെ ഉൾക്കൊള്ളാനുമായി.

പഴങ്ങൾ,കിഴങ്ങുകൾ,തേൻ, പന്നി,ആമ ,മൽസ്യം ഇവയൊക്കെയാണ് അവരുടെ ആഹാരം. കൃഷി ചെയ്യാൻ ഇവർക്കറിയില്ല. ഉപ്പും, പഞ്ചസാരയും രുചിച്ചിട്ടില്ലാത്ത ഇവർക്ക് പഞ്ചസാര വളരെ ഇഷ്ടമായി. പ്രേത - ഭൂതങ്ങളെ ആരാധിക്കുന്ന ഇവർ നല്ല കറുത്ത നിറമുള്ളവരാണ്. വെളുത്തനിറത്തിൽപ്പിറക്കുന്ന കുഞ്ഞുങ്ങളെ ഇവർ ജനിക്കുമ്പോൾത്തന്നെ കൊന്നുകളയുമത്രേ.

അനാരോഗ്യം അലട്ടുന്ന 85 കാരനായ ത്രിലോക്‌നാഥ് പണ്ഡിറ്റ് ഇപ്പോൾ ഡൽഹിയിലെ വീട്ടിൽ പൂർണ്ണ വിശ്രമത്തിലാണ്. അദ്ദേഹം ഈ ഗോത്രസമൂഹത്തെപ്പറ്റി ഞെട്ടിക്കുന്ന ഒരു വിവരം കൂടി വെളിപ്പെടുത്തുകയുണ്ടായി.

അതായത് സെന്റിനാൽ ആദിവാസികൾ പിടികൂടി കൊലപ്പെടുത്തുന്ന വ്യക്തിയുടെ മൃതദേഹം മറവുചെയ്ത് ഒരു നിശ്ചിത കാലയളവിനുശേഷം അത് പുറത്തെടുത്ത് കടൽക്കരയിൽ കൊണ്ടുവന്നശേഷം വലിയ കഴകളിൽ അത് അവിടെ കുത്തിനിർത്തുമത്രേ. ദ്വീപിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പായാണ് അവരിത് ചെയ്യുന്നത്.

publive-image

അദ്ദേഹം പൊലീസിന് നൽകിയിരിക്കുന്ന ഉപദേശത്തിൽ ശക്തമായി പറഞ്ഞിരിക്കുന്നത് , ബലപ്രയോഗം വഴിയല്ലാതെ സെന്റിനാൽ ആദിവാസികളെ അനുനയിപ്പിച്ചു മാത്രമേ ദ്വീപിൽ കടക്കാൻ പാടുള്ളു എന്നാണ്. കാരണം എല്ലാവരും ദ്വീപിൽ അതിക്രമിച്ചുകടക്കാനാണ് ഇതുവരെയും ശ്രമിച്ചിരുന്നത്. എന്നാൽ അവരുടെ മനസ്സുകീഴടക്കാനോ അനുനയിപ്പിക്കാനോ ആരും ശ്രമിച്ചിട്ടില്ല.

സെന്റിനാൽ ആദിവാസികളെ അനുനയിപ്പിക്കാനും അമേരിക്കൻ പൗരന്റെ ബോഡി വീണ്ടെടുക്കാനുമുള്ള പല ടിപ്‌സുകളും ത്രിലോക്‌നാഥ്‌ പൊലീസിന് നൽകിയിട്ടുണ്ട്. ആ വഴിക്കാകും പോലീസ് രണ്ടാം ഘട്ട ശ്രമം ഇനി നടത്തുക.

ബലപ്രയോഗത്തിലൂടെ ദ്വീപിൽ കടക്കാനും മൃതദേഹം വീണ്ടെടുക്കാനും ശ്രമിച്ചാൽ ലോകത്തെ അതിപുരാതനമായ നമുക്ക് വിലപ്പെട്ട ഒരു ആദിവാസിസമൂഹം തന്നെ ഭൂമുഖത്തുനിന്ന് ഇല്ലാതാകുമെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.

Advertisment