Advertisment

നമ്പി നാരായണനെ അനുമോദിക്കുന്നവർ എസ്.കെ.ശർമ്മയെ മറന്നു !

New Update

.എസ.ആർ.ഓ ചാരക്കേസിൽ അന്ന് അറസ്റ്റിലായ എസ.കെ. ശർമ്മക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല.

Advertisment

25 വര്ഷം മുൻപ് ഐ.എസ.ആർ.ഓ ചാരക്കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസ് അറസ്റ്റുചെയ്ത 6 പേരിൽ ഒരാളായിരുന്നു ബംഗളുരുവിൽ ലേബർ കോൺട്രാക്ടറായിരുന്ന എസ്.കെ.ശർമ്മ. ISRO യിലെ ക്രയോജനിക് ഡിപ്പാർട്ടമെന്റ് തലവനായിരുന്ന നമ്പി നാരായണൻ, ഡെപ്യുട്ടി ഡയറക്ടർ D.ശശികുമാരൻ, ബിസിനസ്സുകാരൻ ചന്ദ്രശേഖരൻ, മാലദ്വീപ് സ്വദേശിനികളായിരുന്ന മറിയം റഷീദ,ഫൗസിയ ഹസൻ എന്നിവരായിരുന്നു മറ്റുള്ള 5 പേർ.

publive-image

എസ.കെ. ശർമ്മ ബാംഗ്ലൂരിലെ സമ്പന്നമേഖലയിലാണ് താമസിച്ചിരുന്നത്. രണ്ടു കമ്പനികളിലായി 200 ലധികം തൊഴിലാളികൾ അദ്ദേഹത്തിനുകീഴിൽ ജോലിചെയ്തിരുന്നു. 1994 -95 ൽ 50 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിൻറെ ടേൺ ഓവർ. സമൂഹത്തിൽ വലിയ നിലയും വിലയുമുണ്ടായിരുന്ന അദ്ദേഹത്തിന് മൂന്നു പെണ്മക്കളായിരുന്നു.

1994 നവംബർ 21 ന് എസ്.കെ.ശർമ്മയെ ,കേരളാ പോലീസ് ബാംഗ്ലൂരിൽ അദ്ദേഹത്തിൻറെ വസതിയിൽനിന്നറസ്റ്റുചെയ്യുമ്പോൾ അദ്ദേഹത്തിൻറെ കുട്ടികളെല്ലാം 2 നും 10 വയസ്സിനുമിടയിൽ പ്രായമുള്ളവരായിരുന്നു.

publive-image

എന്തുകൊണ്ട് പോലീസ് ശർമ്മയെ അറസ്റ്റു ചെയ്തു?

മാലദ്വീപ് സ്വദേശിനിയായ ഫൗസിയാ ഹസന്റെ മകൾക്ക് ബാംഗ്ലൂരിൽ ശർമ്മയുടെ മക്കൾ പഠിക്കുന്ന ഉന്നതനിലവാരമുള്ള സ്‌കൂളിൽ സുഹൃത്തായ ചന്ദ്രശേഖരന്റെ അഭ്യർത്ഥനപ്രകാരം, ശർമ്മ അഡ്മിഷൻ വാങ്ങിക്കൊടുത്തു എന്നതായിരുന്നു കുറ്റം. ചന്ദ്രശേഖരനും ശർമ്മയും വർഷങ്ങളായി പരസ്പ്പരം അറിയുന്നവരും ആത്മാർത്ഥ സുഹൃത്തുക്കളുമായിരുന്നു.

publive-image

അറസ്റ്റിനുശേഷം നടന്ന സംഭവങ്ങൾ...

പോലീസ് കേരളത്തിലെത്തിച്ച ശർമ്മയെ മൂന്നാം മുറയിലായിരുന്നു ചോദ്യം ചെയ്തത്. ദിവസവും ക്രൂര മർദ്ദനമായിരുന്നു. തല്ലുകയും ബൂട്ടിനു ചവിട്ടുകയും കൂടാതെ കൈകാലുകളിലെ നഖങ്ങളും വലിച്ചു പിഴുതു.നിരപരാധിയാണെന്ന് താണുകേണ് പറഞ്ഞിട്ടും പോലീസ് അത് ചെവിക്കൊണ്ടില്ല.

ഭർത്താവിന്റെ മോചനത്തിനായി ഭാര്യ കിരൺ, മുട്ടാത്ത വാതിലുകളില്ലായിരുന്നു.വീട്ടിലെ രണ്ടു കാറുകളും സ്വർണ്ണാഭരണങ്ങളും കേസ് നടത്തിപ്പിനായി വിറ്റു , ബാങ്കിലുണ്ടായിരുന്ന പണം തീർന്നപ്പോൾ ലോൺ എടുക്കേണ്ടിവന്നു. കുടുംബ൦ കടക്കെണിയിലായി. കമ്പനികളിലെ കരാർ ജോലികളും നഷ്ടമായി.

സമൂഹത്തിൽ കുടുംബം ഒറ്റപ്പെട്ടു. പഴയ സുഹൃത്തുക്കൾ പോലും കണ്ടാൽ മിണ്ടാതെയായി. അയൽവീ ട്ടുകാർ വീടിന്റെ മതിലിനു ഉയരം കൂട്ടി. ക്ലബ്ബിലെ അംഗത്വം അവഗണന മൂലം ഉപേക്ഷിച്ചു. കുട്ടികൾക്ക് സ്‌കൂളി പഠിക്കാൻ കഴിയാതെ വന്നു. ചാരക്കേസുമായി ബന്ധപ്പെട്ടു ദിവസവും പത്രങ്ങളിൽ വരുന്ന വാർത്തകൾ വച്ചുള്ള അദ്ധ്യാപകരുടെയും സഹപാഠികളുടെയും കുത്തുവാക്കുകൾ സഹിക്കവയ്യാതെ അവരെ സ്‌കൂളിനിന്നു മാറ്റുകയായിരുന്നു.

publive-image

ജാമ്യത്തിലിറങ്ങിയശേഷവും ശർമ്മ ഒറ്റപ്പെട്ടാണ് ജീവിച്ചത്. ഒരു മാസം 5 മുതൽ 10 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന അദ്ദേഹം കടക്കെണിയിലായി. കേരളാ സർക്കാരിനെതിരെ സുപ്രീം കോടതിയിൽ 55 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു ഫയൽ ചെയ്ത കേസ് 6 വര്ഷം അവിടെ അതേപടി കിടന്നു. ഒടുവിൽ തീർപ്പിനായി കീഴ്ക്കോടതിക്കു കേസ് റെഫർ ചെയ്തെങ്കിലും നാളിതുവരെ നടപടികളൊന്നും ആയിട്ടില്ല.

പോലീസിന്റെ ക്രൂരമർദ്ദനവും, ജയിൽവാസവും മൂലം മാനസികവും ശാരീരികവുമായി തകർന്നുപോയ ശർമ്മയ്ക്ക് ഇനിയൊരുയർത്തെഴുന്നേൽപ്പ്‌ അസാദ്ധ്യമായിരുന്നു.

നാലു വര്ഷം മുൻപ് അന്നനാളത്തിൽ ക്യാൻസർ പിടിപെട്ട ശർമ്മ ഇപ്പോൾ അതിന്റെ നാലാം സ്റ്റേജിലാണ്. ക്യാൻസർ മെല്ലെമെല്ലെ നട്ടെല്ലിനേയും ബാധിച്ചു കഴിഞ്ഞു.

publive-image

" മരണം ആസന്നമാണെന്നെനിക്കറിയാം. ഞാനുൾപ്പെടെ എല്ലാവരും നിരപരാധിയാണെന്ന് വിധിവന്നപ്പോൾ മനസ്സിന് വലിയ ആശ്വാസമായി. ആൾക്കാരുടെ മനോഭാവം മാറി. പലരും ഇപ്പോൾ സ്നേഹത്തോടെയും ദയാവായ്പോടെയുമാണ് ഇടപെടുന്നത് . കേരളാ പോലീസ് എന്നെ കള്ളക്കേസിൽ കുടുക്കിയില്ലായിരുന്നെ ങ്കിൽ മാസം 5 മുതൽ 10 ലക്ഷം രൂപവരെ എനിക്ക് സമ്പാദിക്കാനും കുടുംബം പൂർണ്ണമായും സുരക്ഷിതമാ ക്കാനും കഴിയുമായിരുന്നു.1998 മുതൽ നീതിക്കായി പോരാടുന്ന എനിക്ക് മരിക്കും മുൻപ് നഷ്ടപരിഹാരം ലഭിച്ചാൽ മക്കൾക്കും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനായല്ലോ എന്ന ചാരിതാർത്ഥ്യത്തോടെ കണ്ണടയ്ക്കാം " .. ഈ വാക്കുകൾ ഉരുവിടുമ്പോൾ ശർമ്മയുടെ കൺകോണുകളിനിന്നു കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു.

ഇപ്പോൾ 62 വയസ്സുള്ള ശർമ്മയുടെ അന്നത്തെ രണ്ടുവയസ്സുകാരി മകൾ മോനിഷയ്ക്ക് ഇന്ന് 26 വയസ്സായി.

കേരളാപോലീസ് കുരുക്കിയ കെണിയിൽപെട്ടുപോയ സാധുവായ ഒരു മനുഷ്യന് തന്റെ സ്വപ്നങ്ങളെല്ലാം ഒന്നൊന്നായി തകർന്നടിയുന്നത് നിസ്സഹായതയോടെ മാത്രമേ നോക്കിനിൽക്കാനായുള്ളു. കാലമിത്ര കഴിഞ്ഞിട്ടും ഇനിയും നീതിദേവതയുടെ കടാക്ഷത്തിനായി അദ്ദേഹം കാത്തിരിക്കുന്നു.

Advertisment