ഗുജറാത്തിലെ നർമ്മദാ നദീതീരത്ത് നിർമ്മിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും ഉയരമുള്ള (182 മീറ്റർ) സർദാർ വല്ലഭഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി ഇപ്പോൾ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്.
ഒക്ടോബർ 31 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുന്ന ഈ പ്രതിമ 6.6 തീവ്രതയുള്ള ഭൂകമ്പവും 220 കിലോമീറ്റർ വേഗതയുള്ള കൊടുങ്കാറ്റും അതിജീവിക്കാൻ പ്രാപ്തിയുള്ള തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഏഴുകിലോമീറ്റർ ദൂരെനിന്നുവരെ ഈ പ്രതിമ കാണാവുന്നതാണ്.
അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഇരട്ടിഉയരമുള്ള ഈ പ്രതിമയിലെ ലിഫ്റ്റ് വഴി സഞ്ചാരി കൾക്കു പ്രതിമയുടെ ഹൃദയഭാഗം വരെ എത്താൻ കഴിയുന്നതാണ്. അവിടെ നിർമ്മിച്ചിട്ടുള്ള ഗാലറിയിൽ നിന്നുകൊണ്ട് നർമ്മദാ അണക്കെട്ടും നർമ്മദയുടെ 17 കിലോമീറ്റർ ദൂരെവരെ നീണ്ടുകിടക്കുന്ന പൂന്തോപ്പിന്റെ താഴ്വാരവുൾപ്പെടെയുള്ള ദൃശ്യങ്ങൾ കാണാവുന്നതാണ്. സന്ദർശകർക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.