follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

റോബോട്ടുകളുടെ തേരോട്ടം - എക്കോ ഡിസ്കഷൻ ഫോറം

Jaimy Pattimakkeel » Posted : 04/12/2016എക്കോ ഡിസ്കഷൻ ഫോറം സ്വിസ്സില്‍ നവംബർ 13 ന് നടത്തിയ " റോബോട്ടുകളെ ഭയപ്പെടേണ്ടതുണ്ടോ? "
എന്ന വിഷയത്തില്‍ നിന്നും ..


ഇന്ത്യൻ വസ്ത്ര നിർമാണ-വ്യാപാര രംഗത്തെ പ്രമുഖരായ റെയ്മൺഡ്‌സ്‌ കമ്പനി തങ്ങളുടെ നിർമ്മാണശാലകളിൽ ജോലിചയ്യുന്ന പതിനായിരത്തോളം തൊഴിലാളികൾക്ക് പകരം അടുത്ത മൂന്ന് വർഷങ്ങൾക്കകം റോബോട്ടുകളെ ഉപയോഗപ്പെടുത്തും എന്ന് പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ സെപ്തംബർ പതിനാറിനാണ്. ഏതാണ്ട് ഒരു മാസത്തിനുശേഷം ഒക്ടോബർ 20-ന് അമേരിക്കയിലെ ഫോർട്ട് കോളിന്സിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള കൊളറാഡോ സ്പ്രിങ്‌സിലേക്ക് 50,000 ക്യാൻ ബിയറുമായി പോയ ട്രക്ക്‌, ഡ്രൈവർ ഇല്ലാതെയാണ് ഓടിയത്. ഐ ബി എം കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ പ്രോഗ്രാമായ "വാട്സൺ" -ൻറെ ആരംഭ കാലം മുതൽക്കേ അവർ ശാസ്‌ത്രജ്‌ഞരോടും ഡോക്ടര്മാരോടും ഗവണ്മെന്റുകളോടുമൊപ്പം പ്രവർത്തിക്കുകയും സങ്കിർണ്ണമായ പല പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്തുകയും ചെയ്തു.

മാനവസമൂഹത്തിൻറെ ബഹുഭൂരിപക്ഷത്തിന്റെയും അറിവോ സമ്മതമോ കൂടാതെ റോബോട്ടുകളും വിവരസാങ്കേതികവിദ്യയിലൂന്നിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസും നമ്മുടെ പാടങ്ങളിലും, വ്യവസായശാലകളിലും, സ്‌കൂളുകളിലും എന്തിനേറെപ്പറയുന്നു നമ്മുടെ കിടപ്പറകളിൽപ്പോലും സജീവസാന്നിധ്യമാവുകയാണ്. കാർഷിക, വ്യാവസായിക, പ്രതിരോധ, ആരോഗ്യസംരക്ഷണ, വിദ്യാഭ്യാസമേഖലകളിലെല്ലാം തന്നെ റോബോട്ടുകൾ അവയുടെ സാന്നിദ്ധ്യം ഉറപ്പിച്ച് കഴിഞ്ഞു. ബ്രിട്ടീഷ് ദിനപത്രമായ ദി മിററിന്റെ (The Mirror)റിപ്പോർട്ട് പ്രകാരം വരും വര്ഷത്തെ ട്രെൻഡ്, ഏകരായി അന്യതാബോധമനുഭവിക്കുന്ന മനുഷ്യർക്ക് ആശ്വസമായെത്തുന്ന യാന്ത്രികസുഹൃത്തായ, സെക്സ്റോബോട്ടുകളായിരിക്കും എന്നാണ്.

മാനവരാശി എങ്ങോട്ട്?

ആഗോള സാമ്പത്തിക സമൂഹത്തിന്റെ 2016 ലെ ഒരു പഠന പ്രകാരം 2020 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിൽ ഏതാണ്ട് 50 ലക്ഷം തൊഴിലവസരങ്ങൾ റോബോട്ടുകളും നാനോടെക്‌നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്ന് തട്ടിയെടുത്തേക്കാം. ഫ്യുച്ചറിസ്റ്റിക് തിങ്ക് ടാങ്ക് (Think Tank)ഡാവിഞ്ചിയുടെ സ്ഥാപകനായ തോമസ് ഫ്രേയുടെ കണക്കനുസരിച്ച് 2030 ആവുമ്പോഴേക്കും അത് 200 കോടി കവിയും. പേടിക്കാനില്ല, പുതിയ തൊഴിൽ മേഖലകളും തൊഴിലവസരങ്ങളും ഉണ്ടാവും. റോബോട്ടുകളെ നിർമ്മിക്കുവാനും നന്നാക്കുവാനും മനുഷ്യരെ ആവശ്യം വരുമല്ലോ എന്നു നമുക്ക് സമാധാനിക്കാം. എന്നാൽ റോബോട്ടുകൾ റോബോട്ടുകളെ നിർമ്മിക്കുന്ന ഒരു സാഹചര്യത്തെപ്പറ്റി നാമൊന്നും ചിന്തിച്ചുകാണില്ല. അതെ, റോബോട്ടുകൾക്കതിനുള്ള കഴിവുണ്ട്.

2016 നവംബർ 16 ന് എക്കോ-സ്വിസ്സ് ഡിസ്കഷൻ ഫോറം ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തു. റോബോട്ടുകളുടെ ഉദയത്തെപ്പറ്റി ചിത്രകാരനും ചിന്തകനുമായ ശ്രീ. മാത്യു കുഴിപ്പള്ളിൽ (formerly Film Department, Swiss Television) വർണ്ണശബളവും, വിജ്ഞാനപ്രദവുമായ ഒരു presentation അവതരിപ്പിച്ചു സംസാരിച്ചു. unimate എന്ന ആദ്യ വ്യാവസായിക റോബോട്ടിൽ തുടങ്ങിയ അദ്ദേഹം, അതിന്റെ പടിപടിയായ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ (programmable robots,intelligent humanoid robots, nano-robots - and their present day applications) വരച്ചു കാണിച്ചു.

ഭാവിയിലെ സൈനിക ഏറ്റുമുട്ടലുകളെയും അവയുടെ പരിണിത ഫലങ്ങളെയും റോബോട്ടുകൾ എങ്ങനെ നിയന്ത്രിക്കും? നമ്മുടെ വിശ്വസ്തരായ personal assistant മാരായി റോബോട്ടുകൾ മാറുമ്പോൾ നമ്മുടെ കുടുംബ സങ്കല്പങ്ങളും ബന്ധങ്ങളുമെല്ലാം എങ്ങനെയൊക്കെ മാറിമറിയും? റോബോട്ടുകൾ നമുക്കായി ഭക്ഷണം പാകം ചെയ്യുമ്പോൾ അത് നമ്മുടെ രുചിഭേദങ്ങളെയും ആരോഗ്യത്തെയും എങ്ങനെയൊക്കെ ബാധിക്കും? ലൈംഗിക റോബോട്ടുകൾ നമ്മുടെ ലൈംഗികതയെ എങ്ങനെയൊക്കെ മാറ്റിമറിക്കും? യന്ത്രങ്ങൾ രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും മനുഷ്യനോടു താദാത്മ്യം പ്രാപിക്കുമ്പോൾ മനുഷ്യൻറെ പെരുമാറ്റം ഒന്നിനൊന്നു യാന്തികമാവുകയാണോ? ഭാവി യാന്ത്രിക മനുഷ്യരുടേതായിരിക്കുമോ?

എക്കോ-ഡിസ്കഷൻ ഫോറം ഈ വിഷയത്തെപ്പറ്റിയും അനുബന്ധ പ്രശ്നങ്ങളെപ്പറ്റിയും അതീവ ജാഗ്രതയോടും ഔൽസുക്യത്തോടും കൂടി ചർച്ച നടത്തി. സ്വിസ്സ് യൂണിവേഴ്സിറ്റികൾ റോബോട്ടുകളുടെ കളിതൊട്ടിലായിരുന്നു എന്ന കാര്യവും, ജനന നിരക്ക് കുറയുന്ന ചൈനയിൽ യുവ തൊഴിലാളികൾക്കു പകരം റോബോട്ടുകളെ വിന്യസിക്കാനുള്ള ശ്രമവുമൊക്കെ ചർച്ചയിൽ പൊന്തി വന്നു, ഇതിനൊക്കെ മുകളിലായി അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെക്കൊണ്ട്‌ വീർപ്പുമുട്ടുന്ന ഇന്ത്യക്ക് റോബോട്ടുകൾ ഒരു തിരിച്ചടിയാവില്ലേഎന്നത് എല്ലാവർക്കും ആശങ്കയുളവാക്കുന്നതായിരുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+