follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ട്രംപിന്റെ ‘പരിസ്ഥിതിസംരക്ഷണ നയവാഹകന്‍’ സ്കോട്ട് പ്രുയിട് ഒരു ഭീമാബദ്ധമോ?

മനോജ് കെ ജോൺ » Posted : 11/12/2016

സ്കോട്ട് പ്രൂയിടാണ് അമേരിക്കയുടെ പുതിയ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ തലവന്‍. (Environmental Protection Agency Chief).നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ്റ് ഡോണാള്‍ഡ് ട്രംപിന്‍റെ നോമിനിയായിട്ടാണ് പ്രൂയിട് ഈ സ്ഥാനത്തെത്തുന്നത്. കൌതുകരമായ വസ്തുത എന്താണെന്നു വച്ചാല്‍ കാലാവസ്‌ഥാ വ്യതിയാനത്തിൽ ഒട്ടും വിശ്വാസമില്ലാത്ത ആളാണ്‌ ഇനി ഈ ഏജന്‍സിയെ നയിക്കാന്‍ പോകുന്നത് എന്നുള്ളതാണ്. മിക്കവാറും ഈ EPA തന്നെ പിരിച്ചു വിടുക എന്നുള്ളതായിരിക്കും ഈ മാന്യദേഹത്തിന്‍റെ പ്രഥമ ലക്ഷ്യം.മനുഷ്യന്‍ കാരണമായി കാലാവസ്‌ഥാ വ്യതിയാനം സംഭവിക്കുന്നുണ്ട് എന്ന വസ്തുത വിശ്വസിക്കുന്നവരാണ് 97 % ലോകശാസ്ത്രജ്ഞന്മാരും. നാസയും പല ഇന്റർനാഷണൽ ഏജൻസികളും വളരെ വിശദമായ ഗവേഷണങ്ങളിലൂടെ ഇത് സ്ഥിതീകരിച്ചിട്ടുമുണ്ട് .
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ രേഖകള്‍ പരിശോധിച്ചാല്‍ 2001മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലായിരുന്നു ലോകത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ആറര ലക്ഷം വര്‍ഷത്തെ വിലയിരുത്തിയാല്‍ ഭൂമിയിലുള്ള അന്തരീക്ഷ കാർബൺ ഡയോക്സയിഡ്ന്റെ അളവ് 300ppm മാത്രമായിരുന്നത് വ്യാവസായിക വിപ്ലവത്തിന് ശേഷം പൊടുന്നനെ ഉയർന്നു ഇപ്പോൾ 400ppm എത്തി നില്‍ക്കുന്നു. കണക്കുകള്‍ ഇങ്ങനെയായിരുന്നിട്ടും കാലാവസ്‌ഥാ വ്യതിയാനം എന്ന ഒന്നില്ല എന്ന് ചിന്തിക്കുന്നവരോട് എന്തു പറയാന്‍?

സമുദ്രനിരപ്പ് കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ തന്നെ 17സെന്റിമീറ്റര്‍ ഉയർന്നിട്ടുണ്ട്. അതായത് അതിനു മുന്‍പുള്ള നൂറ്റാണ്ടിൽ ഉയർന്നതിന്റെ രണ്ടിരട്ടിയിലധികമാണ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മാത്രം സമുദ്രം ഉയര്‍ന്നത്. തന്നെയുമല്ല ഈ പ്രക്രിയയുടെ വേഗതയും കൂടിയെന്നുള്ളതും ശ്രദ്ധിക്കണം
ഇന്ത്യാരാജ്യത്തിന്‍റെ അത്ര വലുപ്പമുള്ള ഐസ് പാളികൾ ഈയടുത്തിടെ ധ്രുവങ്ങളില്‍ നിന്നും റെക്കോർഡ് വേഗതയില്‍ അലിഞ്ഞു ഇല്ലാതെയായി.

ഇനിയും ചൂണ്ടിക്കാണിക്കാന്‍ അനേകം വാദങ്ങള്‍ ഉണ്ട്. പക്ഷെ അത് കേള്‍ക്കാനും, കേള്‍ക്കുന്നത് ഉള്‍ക്കൊള്ളുവാനും സന്നദ്ധരാകുന്നവരുടെ അടുത്തല്ലേ പറയേണ്ടത് എന്ന ചോദ്യം ന്യായമാണ്.
ഇതൊന്നും കാലാവസ്‌ഥാ വ്യതിയാനത്തിൽ വിശ്വസിക്കാത്തവരോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. നാസയോ ഏതു നാസ? അവരുടെ കാലം കഴിഞ്ഞെന്നു പറയുന്നവരോട് ഇതൊന്നും പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്.

കൊടുങ്കാറ്റ്,പ്രളയം,കാട്ടുതീ,വരൾച്ച, കഠിനമായചൂട്, അലർജി മൂലമുണ്ടാകുന്ന രോഗങ്ങള്‍…ഇവയെല്ലാം ചരിത്രത്തിൽ ഏറ്റവുമധികം രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്. മനുഷ്യരാശിയെ മൊത്തത്തിൽ ബാധിക്കുന്ന ഈ കാര്യങ്ങൾ ഗൗനിക്കാതിരിക്കുന്നത് അടുത്ത തലമുറയോട് ചെയുന്ന കൊടും ക്രൂരതയാണ് എന്ന് എങ്ങനെ പറയാതെയിരിക്കും?

മനുഷ്യന്‍റെ ആരോഗ്യത്തെയും, പ്രകൃതിയെയും തന്നെ പന്താടുന്ന നയങ്ങളായിരിക്കും സ്കോട്ട് പ്രൂയിട് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുക. കാരണം അയാള്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒന്നും വിശ്വാസമുള്ള കൂട്ടത്തിലല്ല. ഇത് സാധാരണക്കാരായ അമേരിക്കക്കാരില്‍ ഇപ്പോള്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല.
വിശ്വസിക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇനി എന്തൊക്കെ വസ്തുതകൾ നിരത്തി പറഞ്ഞു കൊടുത്താലും വിശ്വസിക്കില്ല. എന്നുള്ളത് മനുഷ്യന്റെ ഒരു പൊതു സ്വഭാവം ആണ്. പക്ഷെ അത് സ്വന്തം കുഴി കൂടി തോണ്ടുന്നതാകുമ്പോഴാണ് കുഴപ്പം.
എങ്കില്‍ ഒരു കാര്യം ചെയ്യാം…ഇത് വിശ്വസിക്കാത്തവരെ എല്ലാം ഒരു വാണത്തിൽ കേറ്റി മേല്‍പ്പോട്ടു വിട്ടു നോക്കാവുന്നതാണ് എന്ന് തോന്നുന്നു. കാരണം സ്പേസിൽ പോകുന്നവർക്ക് ഉണ്ടാവുന്ന ഒരു മാനസിക പരിവർത്തനത്തെക്കുറിച്ച് കേട്ടിട്ടുണ്ട് -‘ഓവർവ്യൂ എഫ്ഫെക്റ്റ്‌’ (Overview effect).
വളരെ വളരെ ദൂരെ നിന്ന് നമ്മുടെ ഈ ഭൂമിയെ, ഒരു ചെറിയ നീല ഗോളമായി, വളരെ നേർത്ത ഒരു അന്തരീക്ഷത്തിന്റെ സംരക്ഷണം മാത്രമായി അനന്തമായ ശൂന്യതയിൽ കാണുമ്പോൾ രാജ്യവും, രാഷ്ട്രീയവും എല്ലാം നിസ്സാരമെന്നു തോന്നുകയും ഭൂമിയെ സംരക്ഷിക്കണമെന്നും തോന്നുന്നുകയും ചെയ്യുന്ന ഒരു എഫ്ഫക്റ്റാണ് അത്.
പ്രകൃതിസംരക്ഷണത്തെ നിസ്സാരമായി കാണുന്ന ഇത്തരം പ്രുയിടന്മാരുടെ
മനസ് മാറ്റാൻ ഇനി അതെ ഉള്ളു രക്ഷ എന്ന് തോന്നുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+