follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ബഹു. ആന്‍റണി.., താങ്കള്‍ക്ക് അറിയില്ലേ.. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കാലിനടിയിലെ മണ്ണ് ഒലിക്കാന്‍ തുടങ്ങിയതെന്ന് മുതലെന്ന് ? ഇനി മണ്ണ് ബാക്കിയുള്ളത് ഏത് സംസ്ഥാനത്തെന്ന്‍ ? ആദ്യം അതറിയണം !

കിരണ്‍ജി » Posted : 28/01/2017

ഇന്ന് തിരുവനന്തപുരത്ത് കെ പി സി സിയുടെ വിശാല എക്സിക്യുട്ടീവില്‍ പങ്കെടുത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ രണ്ടാമനുമായ എ കെ ആന്റണി നടത്തിയ "മണ്ണൊലിക്കല്‍" പ്രസ്താവന കേരളത്തിലെ കോണ്‍ഗ്രസുകാരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ഈ എഴുപത്തിയേഴാം വയസിലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉന്നത ദൗത്യവും ഏറ്റെടുക്കാനും അത് പിന്നീടൊരിക്കലും ഒരു കോണ്‍ഗ്രസുകാരനും ചെയ്യാനാവാത്ത സ്ഥിതിയിലെത്തിക്കാനും "അസാമാന്യ" വൈഭവമുള്ള ആന്റണിയുടെ വാക്കുകള്‍ കോണ്‍ഗ്രസുകാര്‍ ശിരസാ വഹിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.അഥവാ കോണ്‍ഗ്രസുകാരുടെ കാലിനടിയിലെ മണ്ണ് ബി ജെ പി കൊണ്ടുപോകുന്നതെങ്ങനെയെന്ന്‍ ഇനി മറ്റ്‌ കോണ്‍ഗ്രസുകാര്‍ മനസിലാക്കിയിട്ടില്ലെങ്കിലും അത് ചുരുങ്ങിയ പക്ഷം ആന്റണിയെങ്കിലും മനസിലാക്കണമെന്ന അഭ്യര്‍ത്ഥനയാണ് കിരണ്‍ജിയ്ക്കുള്ളത്.

ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെയാണ്;
"നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും, പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. കാലിനടിയിലെ മണ്ണ് ബി ജെ പി കൊണ്ടുപോകുകയാണെന്ന് തിരിച്ചറിയണം."

ഇതൊക്കെ എ കെ ആന്റണി പറയുന്നത് കേട്ടാല്‍ അദ്ദേഹം കഴിഞ്ഞ എട്ട് - പത്ത് വര്‍ഷമായി രാജ്യത്ത് തന്നെ ഇല്ലായിരുന്നുവെന്നും കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്തെത്തിയതെന്നും ആരെങ്കിലും സംശയിച്ചുപോയാല്‍ തെറ്റിദ്ധരിക്കരുത്.

കോണ്‍ഗ്രസുകാര്‍ക്ക് കാലിനടിയില്‍ മണ്ണുള്ള സംസ്ഥാനം ഏതെന്ന് ആദ്യം അങ്ങ് അറിയുക !ബഹുമാന്യനായ എ കെ ആന്റണി കോണ്‍ഗ്രസില്‍ മൂന്നാമനും പിന്നെ രണ്ടാമനും സര്‍വ്വോപരി വിശ്വസ്ത ഉപദേശകനുമായിട്ട് പത്ത് വര്‍ഷം പിന്നിട്ടു. ഈ കാലഘട്ടത്തില്‍ ഹൈക്കമാന്റിന് മുമ്പില്‍ ഏറ്റവും വിലപിടിപ്പുള്ള വാക്ക് ആന്റണിയുടേതായിരുന്നു.

അങ്ങനെ നന്നായി ഉപദേശിച്ചതിന്റെ ഫലമാണ് ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ ആന്ധ്രയില്‍ പാര്‍ട്ടി കിടന്നിടത്ത് രോമം പോലുമില്ലാത്ത അവസ്ഥ . വൈ എസ് രാജശേഖര റെഡ്ഡി എന്ന ആന്ധ്ര രാഷ്ട്രീയത്തിലെ അതികായന്‍ അപകടത്തില്‍ മരിച്ചപ്പോള്‍ ആ ജനതയുടെ മനസ് ആ കുടുംബത്തോടൊപ്പമായിരുന്നെന്ന് മനസിലാക്കാന്‍ കഴിയാതിരുന്ന ഏക വര്‍ഗം കോണ്‍ഗ്രസിന്റെ ഹൈക്കമാന്റും അവരുടെ ഉപദേഷ്ടാവായിരുന്ന ആന്റണിയുമായിരുന്നു.

ജഗന്‍ മോഹന്‍ റെഡ്ഡി ഇല്ലെങ്കിലും കോണ്‍ഗ്രസ് ആന്ധ്രയില്‍ തഴച്ചു വളരുമെന്നും, വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നുമൊക്കെയാണ് അങ്ങുള്‍പ്പെടെ പ്രസംഗിച്ചത്. എന്നിട്ടെന്തായി ? ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ കാലിനടിയില്‍ നിന്ന് വെറും മണ്ണ് മാത്രമല്ല, ഭൂമി തന്നെ ഒലിച്ചുപോയി !

കൈവെള്ളയിലിട്ട് ഭരിച്ചുകൊണ്ടിരുന്ന ആന്ധയില്‍ 7 സീറ്റ്, തെലുങ്കാനയില്‍ 13 . പോരെ ?
അതുപോകട്ടെ ! ഇനി ഡല്‍ഹിയിലെ കാര്യം നോക്കാം.

ഡല്‍ഹിയില്‍ സംഭവിച്ചത് !

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മൂന്ന്‍ തവണ തുടര്‍ച്ചയായി ഭരണം നടത്തിയ സംസ്ഥാനമാണ്. മൂന്നാം തവണ ഷീലാ ദീക്ഷിതിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് കണ്ടപ്പോള്‍ അവിടെ ജനപ്രിയ നേതാവ് അജയ് മാക്കനെ മുഖ്യമന്ത്രിയാക്കി കളം ഏല്‍പ്പിച്ചുകൊടുക്കാന്‍ ആവുന്നതും നേതാക്കള്‍ പറഞ്ഞതാണ്. താങ്കള്‍ പോലും അത് സമ്മതിച്ചില്ല.

ഒടുവില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തലയില്‍ വച്ചുപോയ കൈ തിരിച്ചെടുക്കാന്‍ ഒരാഴ്ച വേണ്ടി വന്നു. മാക്കനെ മുഖ്യമന്ത്രിയാക്കിയാല്‍ തങ്ങളുടെ സ്ഥാനം പോകുമോ എന്നാണു താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതിയത്.

ഇനി എണ്ണിയെണ്ണി പറയേണ്ടതില്ലല്ലോ.. ഹരിയാന, ജന്മു കാശ്മീര്‍, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മഹാരാഷ്ട്ര .. എന്നിങ്ങനെ അടുത്ത കാലം വരെ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളുടെ കാര്യം ഒന്ന് ഇരുത്തി ചിന്തിക്കുക. അവിടെയൊക്കെ കോണ്‍ഗ്രസുകാരുടെ കാലിനടിയില്‍ മണ്ണാണോ ? പിണ്ണാക്കാണോ ? ഉള്ളതെന്ന്.

കേരളത്തില്‍ മണ്ണൊലിപ്പ് തുടങ്ങിയതിങ്ങനെ !ഇപ്പോള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസുകാരുടെ കാലിനടിയില്‍ ആന്റണി പറഞ്ഞ വസ്തു ഉള്ള ഏക സംസ്ഥാനം കേരളമാണ്. അത് താങ്കളുടെ കഴിവുകൊണ്ടല്ല. താങ്കളുടെ ശ്രമം വിജയിക്കാത്തതുകൊണ്ടാണ്. കര്‍ണ്ണാടകയില്‍ നിലവിലുണ്ടെങ്കിലും അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവിടുത്തെ കാര്യത്തിലും തീരുമാനമാകും.

അങ്ങനെ കേരളത്തിലെ ഈ മണ്ണ് പരമാവധി ഒഴുക്കി കളയാന്‍ ശ്രമിച്ച ഒന്നാമത്തെ നേതാവ് സാക്ഷാല്‍ എ കെ ആന്റണി തന്നെയാണ്. കാരണങ്ങള്‍ എണ്ണിയെണ്ണിപ്പറയാം. നിഷേധിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങ് നിഷേധിക്കുക.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അഴിമതിയുടെ കൂത്തരങ്ങാണെന്ന് ആദ്യം പറഞ്ഞ മഹാനായ നേതാവ് ആന്റണിയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ കേരളത്തിലെ വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. താങ്കള്‍ മറന്നു കാണില്ലല്ലോ ?

ഉമ്മന്‍ചാണ്ടി മോശക്കാരന്‍, എളമരം കരീം സമര്‍ഥനായ ഭരണാധികാരി !"കേരളത്തിലേക്ക് എന്തെങ്കിലും ഒരു പദ്ധതി അനുവദിക്കാന്‍ തോന്നുന്നില്ല, അനുവദിച്ചാല്‍ അത് നല്ല രീതിയില്‍ നടക്കുമെന്ന് ഉറപ്പില്ല." എന്നായിരുന്നു ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി താങ്കള്‍ പറഞ്ഞത്. അന്നദ്ദേഹം മുഖ്യമന്ത്രിയാണ്. ഭരണം തുടങ്ങി ആദ്യം 100 ദിന കര്‍മ്മ പദ്ധതി, പിന്നെ 6 മാസ കര്‍മ്മ പദ്ധതി.. ഇങ്ങനെ ഉമ്മന്‍ചാണ്ടി വെട്ടിത്തിളങ്ങി നിന്നപ്പോഴായിരുന്നു താങ്കള്‍ ഈ അടി അടിച്ചത്. അതും മര്‍മ്മം നോക്കി.

ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരെ പ്രതിപക്ഷം പോലും ആരോപണം ഉന്നയിക്കാന്‍ മടിച്ചു നിന്നപ്പോഴുള്ള പ്രതികരണം. എന്തിനായിരുന്നു അത് ? അന്ന് തുടങ്ങിയതാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയിലെ കാലിനടിയിലെ മണ്ണൊലിപ്പ്.

ഇടത് സര്‍ക്കാരിന്റെ കാലത്ത് അതേ പ്രതിരോധ വകുപ്പിന്റെ കേരളത്തിലെ പരിപാടിയില്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിനെ താങ്കള്‍ വാനോളം പ്രശംസിച്ചു. ആത്മാര്‍ഥതയുള്ള ഭരണാധികാരിയാണെന്ന് പറഞ്ഞു . ആയിരിക്കാം . പക്ഷെ താങ്കളുടെ സഹപ്രവര്‍ത്തകര്‍ അങ്ങനല്ലല്ലോ പറയുന്നത് ?

അപ്പോള്‍ അതില്‍ നിന്നും നാട്ടുകാര്‍ എന്ത് മനസിലാക്കണമായിരുന്നു. ഇടതുപക്ഷമാണ് നല്ലത്, ഉമ്മന്‍ചാണ്ടിയും കൂട്ടരും എ കെ ആന്റണിക്ക് പോലും അംഗീകരിക്കാന്‍ വിഷമമുള്ള കള്ളന്മാരാണെന്നല്ലേ. അതാണ്‌ താങ്കള്‍ ചെയ്തത്.

ടി എന്‍ പ്രതാപനെയും സതീശനെയും സ്പോണ്‍സര്‍ ചെയ്തതാര് ?ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പൊരുതാന്‍ നെല്ലിയാമ്പതി വിഷയം മുതല്‍ താങ്കളുടെ വിശ്വസ്തരായ ടി എന്‍ പ്രതാപനും വി ഡി സതീശനും ചേര്‍ന്നുണ്ടാക്കിയ ഹരിത ഗ്രൂപ്പ് കഴിഞ്ഞ സര്‍ക്കാരിനെ പരസ്യമായി ചെളിവാരിയെറിഞ്ഞത് കുറച്ചൊന്നുമല്ല.

സര്‍ക്കാരിനെതിരെ പൊരുതാന്‍ കോണ്‍ഗ്രസില്‍ തന്നെ ഒരു കൂറുമുന്നണിയായിരുന്നു സതീശനും പ്രതാപനും ഉണ്ടാക്കിയത്. അത് വേണ്ടുവോളം പ്രോത്സാഹിപ്പിച്ചത് താങ്കളാണ്. അങ്ങനെയുള്ള സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ വി ഡി സതീശനെ ഡല്‍ഹിയില്‍ വിളിപ്പിച്ച് എ ഐ സി സി സെക്രട്ടറിയാക്കി കേരളത്തിലേക്കയച്ചു. അതായത് ചെയ്തത് കൊള്ളാം ..ഇനിയും നന്നായി തുടരണം എന്ന് ഉപദേശവും കൊടുത്ത് ..അല്ലെ ? പിന്നെ ഹൈക്കമാന്റില്‍ ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ കുറ്റം പറയുന്നത് സതീശനായിരുന്നു.

കേരളത്തിലെ ചാനലുകളായ ചാനലുകള്‍ കയറിയിറങ്ങി ഈ സതീശനും പ്രതാപനും യു ഡി എഫ് സര്‍ക്കാരിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തപ്പോള്‍ താങ്കള്‍ തടഞ്ഞോ ? മലര്‍ന്നു കിടന്നു തുപ്പരുതെന്ന് പറഞ്ഞോ ? ഇപ്പോള്‍ പറഞ്ഞതുപോലുള്ള പ്രസംഗം അന്ന് താങ്കള്‍ നടത്തിയോ ? ഒന്നുമില്ല. പകരം പ്രോത്സാഹിപ്പിച്ചു.

ചെന്നിത്തലയുടെ താക്കോല്‍ സ്ഥാനം !കോണ്‍ഗ്രസിന്റെ ഭരണത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രണ്ടും രണ്ടാളായിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് മറ്റാരേക്കാളും താങ്കള്‍ക്കറിയാമായിരുന്നല്ലോ. അത് തിരുവഞ്ചൂരിന്റെ കയ്യില്‍ വന്നതേ പണി പാളി തുടങ്ങി. അതെടുത്ത് രമേശ്‌ ചെന്നിത്തലയുടെ കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ ഭരണം പാളുമെന്നു താങ്കള്‍ മനസിലാക്കിയില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും ?

അതും കഴിഞ്ഞു. രമേശിനെ ആഭ്യന്തര മന്ത്രിയാക്കി. ബാര്‍ കോഴ മുതല്‍ ജേക്കബ്ബ് തോമസിന്‍റെ ഇടപെടലുകള്‍ വരെ ഓരോ വിഷയങ്ങള്‍. ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ മുഖ്യമന്ത്രിയെ വക വയ്ക്കതെയെന്നു വ്യക്തമായി. അത് സര്‍ക്കാരിനെ താഴെയിറക്കും എന്ന സ്ഥിതിയിലെത്തി.

ആന്റണി രമേശിനെ വിളിച്ച് ഈ കളി നടക്കില്ല രമേശേ .. എന്ന് ഒരുവാക്ക് പറഞ്ഞാല്‍ ആ കളികള്‍ അവിടെ നില്‍ക്കുമായിരുന്നു. പക്ഷേ അതുണ്ടായില്ല. പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാരിനും മുന്നണിയ്ക്കും എതിരായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍.

ജേക്കബ്ബ് തോമസിനെതിരെ നടപടി ഉടന്‍ എന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞപ്പോള്‍ ആഭ്യന്തര മന്ത്രി ജേക്കബ്ബ് തോമസിനെ സഹായിച്ചു. എം വി നികേഷ് കുമാറിനെതിരെ കേസെടുക്കാന്‍ യു ഡി എഫ് പറഞ്ഞപ്പോള്‍ മന്ത്രി അത് തടഞ്ഞു. പകരം യു ഡി എഫിനെ ചാനലിലിരുന്നു നികേഷ് കുമാര്‍ വലിച്ചുകീറി. സംരക്ഷണം നല്‍കിയത് ആഭ്യന്തര വകുപ്പ്.

സംശയം ഉണ്ടെങ്കില്‍ ഇടുക്കിയിലെ ഡി സി സി ഭാരവാഹി സി പി മാത്യുവിനെ വിളിച്ച് ചോദിക്കുക. ഇതൊന്നും ആന്റണി അറിയാതെയാണോ സംഭവിച്ചത്. നിങ്ങള്‍ പരസ്പരം തമ്മിലടിച്ച് യു ഡി എഫ് സര്‍ക്കാരിന്റെ കാലിനടിയിലെ മണ്ണ് ഒലിപ്പിച്ച് കളയരുതെന്നു ആന്റണി പറഞ്ഞില്ല.

സര്‍ക്കാര്‍ വിരുദ്ധനെ കെ പി സി സി അധ്യക്ഷനാക്കി !കേന്ദ്രത്തിലെ മോഡി സര്‍ക്കാരിന്റെ വിജയം പ്രധാനമന്ത്രിയും ബി ജെ പി അധ്യക്ഷനും തമ്മിലുള്ള സൌഹൃദവും ഒത്തൊരുമയും ഐക്യവുമാണ്. സര്‍ക്കാര്‍ പറയുന്നതിനപ്പുറം പാര്‍ട്ടിയില്ല. പാര്‍ട്ടി പറയുന്നതിനപ്പുറം സര്‍ക്കാരുമില്ല. അതൊരു കൂട്ടായ്മയുടെ വിജയമാണ്.

ഇപ്പോള്‍ കേരളത്തില്‍ ഇടത് സര്‍ക്കാരിന്റെ കാര്യവും അത് തന്നെയാണ്. മുഖ്യമന്ത്രി പറയുന്നതിനപ്പുറം പാര്‍ട്ടി സെക്രട്ടറിക്ക് അഭിപ്രായമില്ല. പാര്‍ട്ടി പറയുന്നതിനപ്പുറം സര്‍ക്കാരുമില്ല. അതാണ്‌ വിജയം. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഉമ്മന്‍ചാണ്ടിയുടെ സ്ഥിതി എന്തായിരുന്നു.

ഉമ്മന്‍ചാണ്ടി ഒരു തീരുമാനം എടുത്താല്‍ അതിനെതിരെ സുധീരന്‍ സര്‍ക്കാരിന് കത്തയയ്ക്കും, എന്‍ പ്രതാപന്‍ ചാനലുകള്‍ മാറി നടന്ന് വിമര്‍ശിക്കും, വി ഡി സതീശന്‍ ചാനലുകളില്‍ പറയുന്നത് " സര്‍ക്കാര്‍ തീരുമാനം തെറ്റാണ്. ഇത് തിരുത്തണം. തിരുത്തിയില്ലെങ്കില്‍ ഞങ്ങള്‍ തിരുത്തിയ്ക്കും" എന്നാണ്. ചാനലുകള്‍ക്ക് ചാകര.

സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് പതിവാണ്. പക്ഷേ സ്വന്തം സര്‍ക്കാരിനിടയില്‍ നിന്ന് വിമര്‍ശനം ഉണ്ടായാല്‍ മാധ്യമങ്ങള്‍ അത് ആഘോഷിക്കാതിരിക്കുമോ ?. ഭരണത്തിന്റെ ശോഭ കളയാന്‍ അതിലധികം വേറെ എന്തെങ്കിലും വേണോ ?

അങ്ങനുള്ള വി എം സുധീരനെ കെ പി സി സി അധ്യക്ഷനാക്കിയപ്പോള്‍ ആന്റണിക്കറിയാമായിരുന്നില്ലേ ഇത് ശരിയാകില്ലെന്ന്. കോണ്‍ഗ്രസില്‍ അന്ന് സര്‍ക്കാരിന്റെ ഏറ്റവും ശക്തനായ വിമര്‍ശകന്‍ സുധീരനായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചക്കിലും കൊക്കിലും ഒതുങ്ങാത്ത സുധീരനെ കെ പി സി സി അധ്യക്ഷനാക്കിയ ആന്റണിയുടെ ബുദ്ധി എന്തായിരുന്നു.

ഇരുവരും കൊമ്പുകോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസുകാരുടെ കാലിനടിയിലേക്ക് മണല്‍കൂമ്പാരം കുന്നുകൂടുമെന്ന് അദ്ദേഹം കരുതിയെന്ന് ചിന്തിക്കാനാകില്ല. കാരണം അത്തരം കുന്നായ്മകള്‍ കണ്ടുപിടിച്ച പൊളിറ്റിക്കല്‍ ശാസ്ത്രജ്ഞനാണ് ആന്റണി. മിണ്ടേണ്ട സമയത്ത് ആന്റണി മിണ്ടില്ല . മിണ്ടാരുതാത്ത സമയത്ത് മിണ്ടും . അതാണ്‌ ആന്റണി .

എന്തായാലും കാര്യങ്ങള്‍ ആന്റണി നിരൂപിച്ചതുപോലെ നടന്നു. തുടര്‍ ഭരണം ഉണ്ടായാല്‍ കേരളത്തിലല്ല കേന്ദ്രത്തിലും ഉമ്മന്‍ചാണ്ടി താരമായി മാറുമെന്ന് ആന്റണിക്കറിയാമായിരുന്നു. രണ്ടു ക്രിസ്ത്യാനികൾ, രണ്ടു മലയാളികള്‍... അപ്പോള്‍ ഒരാള്‍ പിന്തള്ളപ്പെടാം. അത് കൂട്ടത്തില്‍ മന്ദബുദ്ധിയായ ആളായിരിക്കുമല്ലോ ?

ഈ പണിയും ഉപദേശവും ഒന്നിച്ചുവേണ്ടിയിരുന്നോ ?ഇത്രയുമൊക്കെ കൊണ്ടെത്തിച്ചിട്ട് കേരളത്തിലെ പാര്‍ട്ടിയുടെ ബലക്ഷയത്തെപ്പറ്റി സംസാരിക്കാന്‍ , ആന്റണിയുടെ കാലം കഴിഞ്ഞ കാര്യം അദ്ദേഹം മനസിലാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ആന്റണിയുടെ ഒരു പ്രസ്താവന കണ്ടാല്‍ മതി കോണ്‍ഗ്രസുകാര്‍ അതിനടിയില്‍ പൊങ്കാല തുടങ്ങും.

പിന്നെ തലമുറമാറ്റത്തെ പിന്തുണച്ച് ആന്റണി അടുത്തിടെ രംഗത്ത് വന്നിരുന്നു. അങ്ങനെയെങ്കില്‍ 80 കാരനായ എഴുന്നേല്‍ക്കാനും നില്‍ക്കാനും വയ്യാത്ത അനാരോഗ്യം മൂലം ഓര്‍മ്മശക്തി പോലും തകരാറിലായ വയലാര്‍ രവിക്ക് ഇത്തവണ രാജ്യസഭാ സീറ്റ് വാങ്ങി നല്‍കിയത് എന്തിനായിരുന്നു. അത് തലമുറമാറ്റക്കാരായ ഏതെങ്കിലും ചെറുപ്പക്കാര്‍ക്ക് നല്‍കിയാല്‍ പോരായിരുന്നോ ?

അതുംപോട്ടെ .., ആന്റണിയുടെ കാര്യം. കേരളത്തില്‍ ഒരു കോണ്‍ഗ്രസുകാരനും ആകാന്‍ പറ്റാത്ത പദവികളില്‍ എത്തിയ ആളാണ്‌ ആന്റണി. 37 -)൦ വയസില്‍ മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്റ്, പിന്നെയും രണ്ടു തവണ മുഖ്യമന്ത്രി, മൂന്ന്‍ തവണ കേന്ദ്രമന്ത്രി, മന്ത്രിസഭയിലെ രണ്ടാമന്‍.. ഇങ്ങനെ ... ഇത്രയുമൊക്കെയായ താങ്കള്‍ എന്തിനാണ് ഈ മാത്യു കുഴല്‍നാടനോ, സി ആര്‍ മഹേഷോ, ടി സിദ്ദിഖോ പോലുള്ളവരുടെ അവസരം നഷ്ടപ്പെടുത്തി വീണ്ടും രാജ്യസഭാംഗമായത്...

പറയാന്‍ തുടങ്ങിയാല്‍ ഇനിയും ഏറെ .... പക്ഷേ വേണ്ട. അത്യാവശ്യം കോണ്‍ഗ്രസുകാര്‍ക്ക് മനസിലാകാനുള്ളത് ഇതിലുണ്ട്. കിരണ്‍ജി അവസാനിപ്പിക്കുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+