follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

ജയ്‌ ഹിന്ദിലെ മാറ്റവും വീക്ഷണത്തിലെ നാറ്റവും ? സോഷ്യല്‍ മീഡിയയുടെ തലതൊട്ടപ്പനായിട്ടും തരൂര്‍ പെരുവഴിയില്‍ ? കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്‌ ?

വെളിച്ചപ്പാട് » Posted : 19/06/2017

കേരളത്തിലെ കോൺഗ്രസ് അനുഭാവികൾ വര്‍ഷങ്ങളായി കാത്തു കാത്തിരുന്ന ഒരു നല്ല വാർത്ത ഇന്ന് കേൾക്കുവാനിടയായി . അതും കോൺഗ്രസ്സുകാരുടെ ഔദ്യോഗിക ചാനലായ ജയ്‌ഹിന്ദിൽ നിന്നും തുടങ്ങിയപ്പോൾ സന്തോഷം കൊണ്ടിപ്പോൾ ഇരിക്കുവാൻ വയ്യ .

ഇനിയും ഇതുപോലെ ചില ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുവാനിടയായാൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന ആത്മവിശ്വാസം അണികളിൽ ഉണര്‍ന്നു കഴിഞ്ഞു .ഹൈക്കമാൻഡിന്‍റെ അനുവാദത്തോടെ ജയ്‌ഹിന്ദ്‌ എന്നൊരു വെള്ളാനയെ ഡൽഹിയിൽ നിന്നും പയറ്റി തെളിഞ്ഞ ഒരു നല്ല കോൺഗ്രസ്സ് പ്രവർത്തകൻ ഏറ്റെടുത്തിരിക്കുന്നു. ഏകദേശം നാൽപ്പതോളം ഒറിജിനൽ കോൺഗ്രസ് പ്രവർത്തകരുമായി ഓഫീസിൽ ഇടിച്ചു കയറി അധികാരക്കസേരയിൽ സ്വയം അവരോധിച്ചപ്പോൾ തകർന്നുവീണത് വർഷങ്ങളായി വേരുകളുറപ്പിച്ച ഒരു വൻ വടവൃക്ഷമായിരുന്നു .

കുവൈറ്റിലെ യുദ്ധകാലത്ത് ഇന്ത്യൻ സ്‌കൂളിൽ എന്തൊക്കെയോ അഴിമതികളൊക്കെ ചെയ്തുവെന്ന ആരോപണങ്ങളുമായി നാട്ടിലേക്ക് വണ്ടികയറിയ ഒരു മഹാൻ പ്രശ്നങ്ങൾ മീഡിയകൾ ഏറ്റെടുക്കുമെന്ന് മനസ്സിലാക്കിയപ്പോൾ ഏറ്റവും പ്രശ്‍നമുണ്ടാക്കുന്ന മീഡിയയിൽ തന്നെ കയറിക്കൂടുകയായിരുന്നു .

അവിടെ എല്ലാവരിലും ഈ പിടിച്ചടക്കൽ സ്വഭാവം ഉള്ളതുകൊണ്ട് അവരും രണ്ട് കൈകളും നീട്ടി അദ്ദേഹത്തെ സ്വീകരിച്ചു . പിന്നീട് ജയ്‌ഹിന്ദ്‌ ചാനലിന്‍റെ സിഇഒ ആക്കി അവരോധിച്ചപ്പോൾ നഷ്ടമായത് ഒരു ചാനലിന്റെ വേഗതയുള്ള വളർച്ചയായിരുന്നു .കേന്ദ്രത്തില്‍ 10 കൊല്ലവും കേരളത്തില്‍ അഞ്ചഞ്ചു കൊല്ലവും ഭരിച്ചിട്ടും
വീക്ഷണത്തിന്റെയും ജയ്‌ ഹിന്ദിന്‍റെയും അവസ്ഥ


കേന്ദ്രത്തിൽ പത്ത് കൊല്ലവും കേരളത്തിൽ അഞ്ചഞ്ച് കൊല്ലം വീതവും ഭരണ൦ കിട്ടിയിട്ടും ഏറ്റവും താഴെക്കിടയിലുള്ള ഒരു ചാനൽ എന്ന അവസ്ഥയില്‍ നിന്നും മോക്ഷം ലഭിക്കുവാൻ ജയ്‌ഹിന്ദിന് സാധിച്ചിട്ടില്ല .

ദുബായിൽ സർജു മാത്യുവിനെപ്പോലെയും എൽവിസ് ചുമ്മാറിനെ പോലെയും ഡല്‍ഹിയില്‍ ബി എസ് ഷിജുവിനെപ്പോലെയും ഒക്കെയുള്ള നല്ല ടീമുകളെ കിട്ടിയിട്ടും ഒരു ചലനവും സൃഷ്ടിക്കാതെ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന രീതിയിൽ സംപ്രേക്ഷണം തുടർന്നുപോന്ന ജയ്‌ഹിന്ദിന് ശാപമോഷം ഇനിയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു . അല്ലെങ്കില്‍ അങ്ങനെ ആശിക്കാന്‍ മോഹം !

അനിയൻകുട്ടിയെയും വിജയൻ തോമസിനെയും ചെയർമാന്മാരായി ലഭിച്ചപ്പോൾ അവരുടെ ചരിത്രം അന്വേഷിക്കാതെ നിയമസഭാ ലോക്‌സഭാ സീറ്റുകൾ നൽകാമെന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് പണം വാങ്ങിയെടുത്ത് ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കള്ളക്കളികളിൽ കുടുങ്ങി ഒരാളെ കേരളത്തിന്റെ ചെയർമാൻ ആക്കിയും മറ്റയാളെ ഇന്റർനാഷണൽ ചെയർമാൻ ആക്കിയും ഒതുക്കിയപ്പോൾ അന്നത്തെ അധ്യക്ഷന്‍റെ സ്വന്തം ആളെ ദുബായിലെ മാനേജിങ് ഡയറക്ടർ ആയി നിയമിച്ചു .

ഇപ്പോൾ ആ എംഡി എവിടെയാണെന്ന് ആ അധ്യക്ഷനും ദൈവത്തിനും മാത്രമേ അറിയാവൂ . എന്തായാലും ഒരു നിമിത്തമുണ്ട്. ഡല്‍ഹിയില്‍ നിന്നും വന്ന ജോണ്‍ ബ്രിട്ടാസാണ് കൈരളിയെ കര കയറ്റിയത് . ഡല്‍ഹിയില്‍ നിന്നും വന്ന നികേഷ് കുമാറാണ് ഇന്ത്യാ വിഷനിലും റിപ്പോര്‍ട്ടറിലും വിലസിയത് .

ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ജയ്‌ ഹിന്ദില്‍ വന്നിരിക്കുന്ന ബി എസ് ഷിജുവിനും അവിടെ തിളങ്ങാന്‍ ഒരു യോഗമുണ്ട് . എന്തായാലും തുടക്കം മുതല്‍ കോണ്‍ഗ്രസുകാരനായ മാധ്യമ പ്രവര്‍ത്തകനാണയാള്‍ . അതായത് പാര്‍ട്ടിയോട് കൂറുള്ള ഒരാളെ ചാനലിന്‍റെ തലപ്പത്ത് കിട്ടി എന്നര്‍ത്ഥം !കോണ്‍ഗ്രസിനെ വിറ്റ് പണം ഉണ്ടാക്കിയ ഗള്‍ഫിലെ
മുതലാളിമാര്‍ക്കും വേണ്ടാത്ത മാധ്യമങ്ങള്‍


ഗൾഫിലെ നല്ല പണക്കാരിൽ ഏറെയും കോൺഗ്രസ്സ് അനുഭാവം ഉള്ളവർ ആണെങ്കിലും അവരെയൊന്നും കൂടെ കൂട്ടുവാൻ താത്‌പര്യപ്പെടാതെ കണ്ണിൽ കണ്ടവനെയൊക്കെ ചാനലിന്‍റെ തലപ്പത്ത് അവരോധിച്ചപ്പോൾ നഷ്ടമായത് ഒരു നല്ല സംസ്കാരമായിരുന്നു .

ഒരു സാധാരണ കല്യാണത്തിന്‍റെ കാസറ്റ് കൊണ്ട് കൊടുത്താൽ അത് വരെ പ്രക്ഷേപണം ചെയ്യുന്ന തരത്തിലുള്ള സംസ്കാരം . ഗൾഫിലെ സകലമാന മുതലാളിമാരും കേരളത്തിൽ അല്ലെങ്കിൽ കേന്ദ്രത്തിൽ കോൺഗ്രസ്സിനെക്കൊണ്ട് ഗുണം ലഭിക്കുന്നവർ തന്നെയാണ് .

ഇല്ല എന്ന് ഒരു മുതലാളിക്കും നെഞ്ചിൽ കൈകൾ വെച്ച് പറയുവാനാവില്ല . പലരും ഇന്നത്തെപ്പോലെ അംബാസിഡര്‍മാരെന്നൊക്കെയുള്ള അവസ്ഥയില്‍ എത്തിയത് കോണ്‍ഗ്രസിനെ വിറ്റാണ് .

ഒന്നുമില്ലെങ്കിലും ഇവർക്കൊക്കെ പത്മശ്രീ പുരസ്‌കാരങ്ങൾ വലിച്ചുവാരി കൊടുത്തത് കോൺഗ്രസ്സുകാർ തന്നെയായിരുന്നല്ലോ . എന്നിട്ടും ഈ പറഞ്ഞ ചാനലിനുവേണ്ടിയോ വീക്ഷണത്തിനുവേണ്ടിയോ ഒരു രൂപ പരസ്യത്തിന്‍റെ വകയിലോ , അല്ലെങ്കിൽ ഷെയർ എന്ന വകയിലോ വാങ്ങിയെടുക്കുവാൻ തലപ്പത്തുള്ള സിഇഒ ക്കോ , എംഡിക്കോ , ചെയർമാൻമാർക്കോ സാധിച്ചിട്ടില്ല . അഥവാ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആ സ്ഥാപനങ്ങളില്‍ എത്തിയിട്ടുമില്ല .

പണ്ടെന്നോ കയ്യെഴുത്തു മാസികയില്‍ ലേഖനം എഴുതിയതാണത്രെ
പത്രത്തിന്‍റെ എഡിറ്ററാകാന്‍ യോഗ്യത


നാല് പണം ശമ്പളം കൊടുത്ത് പണി അറിയാവുന്ന ഒരു പ്രോഫഷണലിനെ ഓരോ വകുപ്പിലും നിയമിക്കാനായില്ല . ചിലര്‍ വീക്ഷണം തുടങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ - വീക്ഷണം പൂട്ടുമ്പോള്‍ പെരുവഴിയില്‍ .

അല്ലാതെ മഴയത്ത് പോലും വേറൊരു പത്രത്തിന്‍റെ തിണ്ണയില്‍ കയറി നില്‍ക്കാന്‍ യോഗ്യതയുള്ള ഒരാളില്ലത്രേ . ഖദറിട്ടവരൊക്കെ കാര്യസ്ഥര്‍ ! പണ്ടെന്നോ കയ്യെഴുത്തു മാസികയില്‍ ലേഖനം എഴുതിയിട്ടുണ്ടെന്നതാണ് യോഗ്യത ?

കോണ്‍ഗ്രസ് മാധ്യമങ്ങളില്‍ ഏത് കാലത്ത് അന്വേഷിച്ചാലും മാസങ്ങളായി ശമ്പള കുടിശിഖ എന്നൊരു വിശേഷം പതിവാണ് . കൈരളിയും ദേശാഭിമാനിയും ഒക്കെ ഭരണം ഉള്ളപ്പോൾ സാന്റിയാഗോ മാർട്ടിൻ പോലെയുള്ള തല തൊട്ടപ്പന്മാരെ കയ്യിലെടുത്ത് ചാനലിനെ നല്ലരീതിയിൽ കൊണ്ടുപോകുമ്പോൾ അങ്ങനെയൊന്നും അല്ലാതെ തന്നെ നല്ല രീതികളിൽ പണം തരുവാൻ ഗൾഫിലെ ഓരോ കോൺഗ്രസ്സ് അനുഭാവികളും തയാറാണ്.

ദേശാഭിമാനിയില്‍ ഒരാള്‍ക്ക് പത്രപ്രവര്‍ത്തകന്‍ ആകണമെങ്കില്‍ നേതാവിന്‍റെ ചീട്ടുമായി ചെന്നിട്ട് ഒരു കാര്യവുമില്ല. പണി അറിഞ്ഞിരിക്കണം. മാര്‍ക്കറ്റിംഗ് മാനേജര്‍ ആകാന്‍ ബിസിനസ് അറിഞ്ഞിരിക്കണം .

ഇപ്പോ പിന്നെ വീക്ഷണത്തിന്‍റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. പാര്‍ട്ടിയിലെ ഗ്രൂപ്പുകളെ തമ്മിൽ അടിപ്പിക്കുവാനും മുന്നണിയിലെ ഘടക കക്ഷികളെ പ്രകോപിപ്പിക്കുവാനും മാത്രമായി ഒരു പത്രം . കപ്പലണ്ടിക്കാർ വരെ വാങ്ങുന്നില്ല എന്നാണ് എതിരാളികൾ വീക്ഷണത്തെ കുറിച്ച് പറഞ്ഞു പരത്തുന്നത് .

പേപ്പറിന് കനം ഇല്ലത്രെ ?. പക്ഷെ അതൊന്നുമല്ല വീക്ഷണം മാറ്റത്തിന്‍റെ പാതയിലാണെന്നാണ് പുതിയ നായകര്‍ പറയുന്നത് . അതിനു കഴിയുമെന്നതില്‍ തര്‍ക്കമില്ല . പഴയ ശീലങ്ങള്‍ ഉപേക്ഷിക്കണമെന്ന് മാത്രം .ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയയുടെ
തലതൊട്ടപ്പനായിട്ടും തരൂര്‍ പെരുവഴിയില്‍ ?


അതുപോലെതന്നെ സോഷ്യൽ മീഡിയ . സത്യം പറഞ്ഞാൽ ശശി തരൂരാണ് ഇന്ത്യക്കാരെ ട്വിറ്റര്‍ എന്താണെന്ന് പരിചയപ്പെടുത്തിയത് . ഇത്രയും വിവരവും വിവേകവും ലോകപരിചയും ഉള്ള നേതാക്കൾ പാർട്ടിയിൽ ഉണ്ടായിട്ടും കോൺഗ്രസ്സ് നേതൃത്വം അതൊന്നും ഉപയോഗപ്പെടുത്താതെ എതിർകക്ഷികളെ
കയറൂരി വിട്ടുകൊണ്ട് സോഷ്യൽ മീഡിയ കയ്യടക്കുവാൻ സഹായിച്ചപ്പോൾ നഷ്ടമായത് ആ രംഗത്തെ കോൺഗ്രസിന്‍റെ ആധിപത്യം ആയിരുന്നു .

2009 ലോകസഭാ തിരഞ്ഞെടുപ്പിൽ സ്മാർട്ട് കിയോസ്കുകളും യു ട്യൂബ് വീഡിയോകളും നിരത്തി ഭരണം തുടർന്നപ്പോൾ 2014 ആയപ്പോൾ എല്ലാം പിറകോട്ടുപോകുന്ന കാഴ്ചകൾ ആണ് ലോകം കണ്ടത് . മോഡിയും കൂട്ടരും സോഷ്യൽ മീഡിയ അടക്കി വാണപ്പോൾ കോൺഗ്രസ്സ് പകച്ചു പോകുന്ന അവസ്ഥ നമ്മൾ കണ്ടു .

ശശി തരൂരിനെപോലെയുള്ള ജീനിയസുകളെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കാതെ രാജ്യസഭയിലൂടെ ഡൽഹിയിൽ എത്തിച്ചുകൊണ്ട് ക്യാമ്പയിൻ ഏൽപ്പിക്കുകയായിരുന്നു വേണ്ടത് . അല്ലാതെ ഇന്റർനെറ്റ് എന്തെന്നറിയാതെ സോഷ്യൽ മീഡിയയിൽ പുറം തിരിച്ചു നിൽക്കുന്ന നേതാക്കളെ മുന്നിൽ നിർത്തുമ്പോൾ ലോക്‌സഭയിൽ പ്രതിപക്ഷസ്ഥാനം വരെ കിട്ടാതെ വിഷമിക്കേണ്ടി വരുന്നു .

സോഷ്യൽമീഡിയ ഉപയോഗിക്കുന്ന മലയാളികളിൽ കോൺഗ്രസ്സ് അനുഭവമുള്ളവരാണ് ഏറ്റവും
അധികം . എന്നിട്ടും സോഷ്യൽ മീഡിയയിൽ ഒരു ചലനവും സൃഷ്ടിക്കുവാൻ കോൺഗ്രസ്സിനാകുന്നില്ല .
ഇപ്പോഴാണ് മറ്റുള്ളവരൊക്കെ സോഷ്യൽ മീഡിയ എന്താണെന്ന് മനസ്സിലാക്കി തുടങ്ങുന്നത് .കാര്യത്തോട് അടുക്കുമ്പോള്‍ പാര്‍ട്ടിക്കാരന്‍ കറിവേപ്പില !
മറ്റേ നേതാവ് മെട്രോയില്‍ കയറിയപോലെ വരുന്നയാള്‍ കാര്യം കാണും
?


ആമയും മുയലും പന്തയം നടത്തിയതുപോലെ അവരൊക്കെ ഇപ്പോൾ ഏറെ മുന്നിൽ നടക്കുകയാണ് . ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽപോലും കോൺഗ്രസ് ക്യാമ്പയിൻ കൈകാര്യം ചെയ്തയാളിപ്പോള്‍ ബിജെപിയിൽ ചേരുവാൻ മെമ്പർഷിപ്പിനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണത്രെ .

വർഷങ്ങളായി കോൺഗ്രസിനുവേണ്ടി എഴുതുകയും തല്ല് കൊള്ളുകയും ഒക്കെ ചെയ്ത ആളുകളെ ഒന്നുമല്ലാതാക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസ് ക്യാമ്പയിൻ കക്ഷി കൈക്കലാക്കിയത് . അതാണ്‌ കോണ്‍ഗ്രസിന്‍റെ കാര്യം . അവസരം വരുമ്പോള്‍ പണിയെടുക്കുന്നവനെ ചവിട്ടി പുറത്താക്കി മറ്റേ നേതാവ് മെട്രോയില്‍ കയറിയതുപോലെ വലിഞ്ഞുകയറി വന്നവന് കൈ കൊടുക്കും !

പിന്നെ പോഷകസംഘടനകളുടെ നേതൃത്വം . അതിൽ പ്രധാനമായും ഗൾഫിലെ കോൺഗ്രസ് അനുഭാവ സംഘടനകളിൽ ഏറെ ആളുകൾക്കും കോൺഗ്രസ് എന്താണ് ? രാഷ്ട്രീയം എന്താണ് ? എന്നൊന്നും അറിയാത്തവരാണെന്നതാണ്.

ഗള്‍ഫിലെ പാര്‍ട്ടിക്കാരുടെ കൂറ് പോക്കറ്റിനോടോ ?

നേതാക്കന്മാർ ഗൾഫിൽ സന്ദർശനം നടത്തുമ്പോൾ കൂടെക്കൂടി അവർ കാണുവാൻ പോകുന്ന മുതലാളിമാരെ പരിചപ്പെട്ടുകൊണ്ട് ആ ബന്ധത്തിൽ സ്വന്തം കച്ചവടങ്ങൾ കൊഴുപ്പിക്കുന്ന ആളുകളാണ് ഗൾഫിലെ പാർട്ടിയുടെ മുൻ നിരകളിലുള്ളത് . അവര്‍ക്ക് പാർട്ടിയോടല്ല കൂറ് , പോക്കറ്റിനോടാണ് .

അസഹിഷ്ണുതയും വർഗീയതയും അധികരിച്ചുകൊണ്ട് മുന്നേറുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ് എന്ന പാർട്ടി നശിക്കാതെ നിലനില്‍ക്കേണ്ടത് ഏതൊരു ഇന്ത്യക്കാരൻെറയും ഉള്ളിന്‍റെ ഉള്ളിലെ ആഗ്രഹമാണ് . സീതാറാം യെച്ചൂരിയും അതുതന്നെയാണ് പറയുന്നത് . പക്ഷെ ആ ചിന്ത ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഇല്ലെങ്കില്‍ പിന്നെന്ത്‌ ചെയ്യാം ?

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+