follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

പ്രവാസത്തിലെ നീർകുമിളകൾ

ജയശങ്കര്‍ പിള്ള » Posted : 16/08/2017

"ഇതൊരു പുരാണം അല്ല യാഥാർഥ്യം മാത്രം ആണ്"...(എല്ലാ ഹയ് പ്രൊഫൈൽ,ലോപ്രൊഫൈൽ കാർക്കും വേണ്ടി ..!!)

ഒരാൾ എന്ത് ജോലി ചെയ്യുന്നു എന്നതിൽ അല്ല. അത് എങ്ങിനെ /എന്തിനു വേണ്ടി ചെയ്യുന്നു എന്നതിൽ ആണ് കാര്യം.ഏതു തൊഴിൽ ചെയ്യുവാൻ സന്നദ്ധവും, ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥയും, കൂറും വച്ച് പുലർത്തുകയും സ്വന്തമായും, കുടുംബത്തിന്റെ ഉന്നമനത്തിനായും ആത്മ സമർപ്പണം ചെയ്യുകയും ആണെങ്കിൽ ആ തൊഴിലാളി ആയിരിയ്ക്കും യഥാർത്ഥ തൊഴിൽ സ്നേഹിയും, തൊഴിലാളി എന്ന അന്തസ്സുള്ള വാക്കിന്റെ യഥാർത്ഥ അവകാശിയും.മലയാളികൾ ലോകത്തിലെ എല്ലാ കോണുകളിലും തൊഴിൽ ചെയ്യുന്നുണ്ട്. വിവിധ മേഖലകളിൽ ആയിട്ട്.അതിൽ ടൈ യും കോട്ടും സൂട്ടും ഇട്ടവർ മുതൽ വള്ളി ചെരുപ്പും, കീറിയ വസ്ത്രങ്ങൾ അണിഞ്ഞു ശുചിമുറികൾ വൃത്തിയാക്കുന്നവർ വരെ ഉണ്ട്. അവരിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, വെറും സ്‌കൂൾ വിദ്യാഭ്യാസം പോലും പേരിനു മാത്രം അവകാശം ആയുള്ളവരും ഉണ്ട്.

ഇവരുടെ എല്ലാം വരുമാനത്തിന്റെ ഒരു ഭാഗം ആണ് നാട്ടിലെ കുടുംബാങ്ങങ്ങളുടെ വിദ്യാഭ്യാസം,ചികിത്സ, ഭവന നിർമ്മാണം, വസ്ത്രം,ഭക്ഷണം,വിവാഹം,.. അങ്ങിനെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നതു. സർക്കാരിന്റെ പല പദ്ധതികളിലും ഒരു ഭാഗമായി തീരുന്നതും ഇവരുടെ വരുമാനത്തിന്റെ ഭാഗം ആണ്.

അഭ്യസ്ത വിദ്യൻ ആയ ഒരു ചെറുപ്പക്കാരൻ, ഗള്ഫിലോ, യൂറോപ്പിലോ, അമേരിക്കയിലോ ജോലി അന്യോഷിച്ചു വരികയും, വിദ്യാർത്ഥി ആയി വരികയും ചെയ്യുമ്പോൾ അവനിൽ പ്രതീക്ഷ അർപ്പിച്ച ഒരു കൂട്ടം മനുഷ്യ ജീവികൾ നാട്ടിൽ ഉണ്ട്. സ്വന്തം മകൻ, മകൾ, ഭാര്യ, ഭർത്താവ്, അനിയൻ, അനിയത്തി.. ഇവർ അന്യനാട്ടിൽ, ചൂടിലും, തണുപ്പിലും ഭക്ഷണം കഴിച്ചോ?

കൃത്യമായി ഉറങ്ങിയോ, ഭാഷയുടെയും, നിറ വ്യത്യാസങ്ങളുടെയും ചേരിപ്പോരുകളിൽ നാറ്റം തിരിയുകയാണോ എന്നൊക്കെ ഓർത്തു വേവലാതി പെടുന്ന ഒരു കൂട്ടം രക്ത ബന്ധങ്ങൾ.അവരുടെ വേവലാതി ആധുനികതയിൽ എല്ലാം തികഞ്ഞു എന്ന് വിശ്വസിക്കുന്നവർക്ക് ചിലപ്പോൾ മനസ്സിലാകില്ല.

പറഞ്ഞത് ഇത്രയുമേ ഉള്ളൂ.. കണ്ണീരും കൈയും ആയി,കടവും വിലയും വാങ്ങി സ്വന്തം കൂടപ്പിറപ്പുകളെ ജോലിക്കായാലും, പഠിക്കുവാൻ ആയാലും വിദേശത്തയക്കുമ്പോൾ നാട്ടിലുള്ളവരും, ഈ യാതൃകാനും ഒരേ നൗകയിൽ തന്നെ ആണ്. ആവലാതികളുടെ നൗകയിൽ. സ്വന്തം മാതാപിതാക്കളോട് സഹോദരങ്ങളോട് ഞങ്ങൾക്ക് വിദേശത്തു സുഖം ആണ്,നല്ല ജോലി ആയി, വിദ്യാഭ്യാസവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റുന്നു എന്ന് പറയുന്നവരുടെ മനസ്സിന്റെ ആഴം ആണ് നാം മനസ്സിലാക്കേണ്ടുന്നത്.

എത്ര കഷ്ടപ്പാട് ആണെങ്കിലും ഒരു പ്രവാസി സുഖമാണ് എന്ന് നാട്ടിലുള്ളവരോട് പറയുമ്പോൾ മനസ്സ് തെങ്ങുക ആണ് എങ്കിലും അവനെ സ്നേഹിക്കുന്നവർ സന്തോഷിക്കുന്നത് കാണുമ്പോൾ ഉള്ള ആശ്വാസം അതിനെ കാണുകയും മനസ്സിലാക്കുകയും ചെയ്യാതെ കുറെ പുരാണങ്ങൾ എഴുതി ചമച്ചിട്ടു കാര്യം ഇല്ല.

ഗൾഫിലെയും കാനഡയിലെയും, അമേരിക്കയിലെയും, യൂറോപ്പിലെയും ഭൂരിഭാഗം വീമ്പു പറയുന്ന ഹായ് പ്രൊഫൈൽ ആളുകളും തുടങ്ങിയത് ലോപ്രൊഫൈലിൽ നിന്നാണ് എന്നും മറക്കാതിരിക്കുന്നതു ഇപ്പോഴും നന്നായിരിയ്ക്കും.ഇത് ഒരു പുരാണം അല്ല.ഒരു യാഥാർഥ്യം മാത്രം ആണ്.,

ഓരോ പ്രവാസിയ്ക്കു വേണ്ടിയും പ്രാർത്ഥിക്കുകയും, അവരെ സ്നേഹിക്കുകയും ചെയ്യുന്ന രക്തബബന്ധങ്ങളെ, നല്ല സുഹൃത്തുക്കളെ വേദനിപ്പിക്കാതെ സ്വയം എരിയുന്ന എല്ലാ സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് വേണ്ടിയും (വിദ്യാർത്ഥി ആയാലും, പി ആർ, സിറ്റിസൺ വിഭാഗത്തിൽ പെട്ടവർ ആയാലും) പ്രാർത്ഥിക്കുന്നു.

ഒരു ചെറു കളവിലൂടെ സ്വയം മനസ്സിനോട് പൊറുത്തുകൊടുക്കുകയും, തന്നെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഇങ്ങനെ ഉള്ളവരുടെ പ്രവർത്തികളിൽ കളിയാക്കി രസം കണ്ടെത്തുന്നതിന് തുല്യമാണ് ചില യാഥാർഥ്യങ്ങൾ പരസ്യമായി വിളിച്ചു പറയുന്നത് എന്നും നാം സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+