follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഒരിയ്ക്കലും തിരിച്ചു നടക്കാൻ കഴിയാത്ത വഴിയിലൂടെ നാം ജനത നടന്നു മുന്നേറുകയാണ്

ജയശങ്കര്‍ പിള്ള » Posted : 21/08/2017

ഒരിയ്ക്കലും തിരിച്ചു നടക്കാൻ കഴിയാത്ത വഴിയിലൂടെ നാം ജനത നടന്നു മുന്നേറുകയാണ്. ചിലപ്പോൾ നടത്തം ഒരു ഓട്ട പാച്ചിലായി മാറുന്നു. സമീപ കാല സാമൂഹിക പ്രശ്നങ്ങൾ ഇന്ത്യൻ ജനതയിലും, വിദ്യാഭ്യാസത്തിലും, സംസ്കാരത്തിലും, വിനയത്തിലും എല്ലാറ്റിലും മുന്നിൽ എന്ന് പേരുകേട്ട കേരളം ജനതയിലും പ്രകടമായിരിയ്ക്കുന്നു.

ഏതാനും മാസങ്ങൾക്കു മുൻപ് ഞാൻ എഴുതിയിരുന്നു. കാലം മാറി, പണ്ട് നടന്നത് തന്നെ ഇന്നും നടക്കുന്നു, മാധ്യമങ്ങളും, സോഷ്യൽ മീഡിയകളും ചെറിയ പ്രശ്നങ്ങളെ വലിയ തലക്കെട്ടിൽ ജനങ്ങളിലും ലോകമെമ്പാടും എത്തിയ്ക്കുന്നു എന്ന്.അത് ഒരു വസ്തുതയാണെങ്കിലും, അതിലും അപ്പുറം എന്തെല്ലാമോ നമ്മുടെ ഇടയിൽ സംഭവിക്കുന്നില്ലേ? പണ്ടെങ്ങും ആരാലും അംഗീകരിയ്ക്ക പ്പെടാതിരുന്ന പലതും പലരാലും അംഗീകരിയ്ക്കപ്പെടുകയും, നടപ്പിലാക്കപ്പെടുകയും ചെയ്യുന്നില്ലേ? ഇത് സാംസ്കാരിക ശോഷണമോ,തൊഴിൽ ഇല്ലായ്മയോ,വളർന്നു വരുന്ന തലമുറയിൽ സ്വയമേ വളർന്നതോ,ആരോ കുത്തിവച്ചതോ ആയ ആധുനികതയുടെ ചിന്തകളും അല്ല.

വൈകുന്നേരങ്ങളിൽ നമ്മുടെ കേരളത്തിലെ വായന ശാലകളിലും, അവിടുള്ള വായന മുറിയിലും നടന്നെത്തുന്ന നല്ലൊരു വിഭാഗം ആളുകൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പത്ര മാസികകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, കഥകൾ, നോവലുകൾ, അറിവുകൾ,ലേഖനങ്ങൾ ഒക്കെ വായിക്കുവാൻ വേണ്ടി എത്തുന്ന ഒരു നള വിഭാഗം മനുഷ്യർ.

ഇന്ന് ആ വായന എവിടെ? ഓൺലൈൻ വായന പേരിനൊരു വായന ആയി മാറിയിരിക്കുന്നു. പ്രാദേശിക വാർത്തകൾ മുതൽ പീഡന വാർത്തകൾക്ക് വരെ പേജുകൾ തരാം തിരിച്ചപ്പോൾ വായനക്കാരൻ ഒരു പ്രത്യേക വിഭാഗത്തിലേക്കും, താളുകളിലേക്കും മാത്രം വായനയെ ചുരുക്കി നിറുത്തിയിരിക്കുന്നു.

മലയാളത്തിലെ കഥകൾക്കും, നോവലുകൾക്കും, കവിതകൾക്കും, യാത്രയ് വിവരങ്ങൾക്കും എല്ലാം വായനാമുറികളിൽ .ഉറക്കം ഉണരാൻ നേരമില്ലാതായി. ആനന്ദും,ഓ വി യും, കടമ്മനിട്ടയും, കാക്കനാടനും, പുനത്തിലും, ഉഷയും, എസ കെയും, തകഴിയും, എം ടി യും,....

എല്ലാം നമ്മുടെ നാടിന്റെ ചരിത്രവും, വർത്തമാനവും, ഭാവിയും, ഭൂതവും എല്ലാം മുൻപേ കുറിച്ചത് ഇന്നും സുവർണ്ണ ലിപിപോലെ ഇന്ന് 40 കളിൽ മുതൽ മുകളിലേക്ക് പ്രായമുള്ളവരിൽ വിവേചനവും, വിവേവകവും, തിരിച്ചറിയുന്ന പാകത്തിന് അരക്കിട്ടു ഉറപ്പിച്ചിരിക്കുന്നു.

പുതു തലമുറയിൽ ആർക്കാണ് അഭിമാനത്തോടെ പറയുവാൻ കഴിയുക, ഗ്രാമീണതയിൽ നിന്നും വളരുന്ന കേരളത്തിന്റെ സാംസ്കാരിക ചരിത്രം എങ്ങിനെ നാഗരികതയിൽ തുടരുകയും ജാതി മത,വർഗ്ഗ ചിന്തകൾക്ക് എല്ലാം അപ്പുറം മനുഷ്യ മനസ്സിന്റെ നന്മകൾ പിന്തുടരുകയും,ചെയ്തിരുന്നു വെന്നും,അതാണ് സ്ഥായിയായ സ്വഭാവവും,ശുദ്ധിയും എന്ന്.വളരെ ചുരുക്കം ചിലർക്ക് കഴിഞ്ഞേക്കാം.

ഗാന്ധിസവും,കമ്യൂണിസവും,സോഷ്യലിസവും എല്ലാം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചിരുന്ന കേരളത്തിൽ പണ്ട് വർഗ്ഗീയ വേർതിരിവുകൾ ഉണ്ടായിരുന്നു. അത് മാത്രമായി ചുരുങ്ങിയിരുന്നില്ല. അരികു ചേർക്കപ്പെട്ടിരുന്നു,പക്ഷെ ആഗോളവൽക്കരിക്കപ്പെട്ടിരുന്നില്ല അരികു ചേർക്കൽ.

സംവരണം എന്നത് മനുഷ്യരുടെ ജാതിയെ അവന്റെ പേരിലൂടെ തിരിച്ചറിയാൻ പ്രയാസമായപ്പോൾ നിയമത്തിലൂടെ നീരസപ്പെടുത്താതെ കടന്നു വന്ന ഒരു തന്ത്രം മാത്രമാണ്.മതം മാറിയ പെൺകുട്ടിയ്ക്ക് വേണ്ടി വാദിയ്ക്കുന്നവർ ആരാണ്?

പ്രത്യക്ഷമായി വാദിക്കുന്ന വിഭാഗത്തിന്റെ അജണ്ടയാണോ,അതോ പരോക്ഷമായി ഭൂരി പക്ഷത്തെ ഒരു കൊടും ക്രൂര ചിന്തയിലേക്ക് നയിക്കുന്ന യാത്രയാണോ? വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന് ജാതിയൊരു തണ്ടപ്പേര് ആണ്.എന്നാൽ കേരളത്തിലെ സമകാലിക രാഷ്ട്രീയത്തിന് ജാതിയും,മതവും ഒരു അവിൻഭാജ്യ ഘടകമാണ്,അത് അലിഖിത സത്യവും.

ഇന്ന് കേരളത്തിൽ നടക്കുന്ന ലവ് ജിഹാദുകളിൽ രണ്ടു വിഭാഗക്കാരും രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്നു.ഇത് സാധാരണ ജനം അറിയാതെ അവനിലേക്ക്‌ പുതിയ ഒരു ചിന്താ ധാരയെ വിടുകയാണ്.ഇന്ന് നാം കാണുന്ന മാധ്യമ വാർത്തകൾ തന്നെ നോക്കാം. ദളിത് യുവാവ്/യുവതി കൊല്ലപ്പെട്ടു,മുസ്‌ലിം യുവാവിനെ മർദ്ദിച്ചു, പള്ളിയിൽ പോയി തിരികെ വന്ന മാർത്തോമാ യുവതിയെ പൊതു വഴിയിൽ ആക്രമിച്ചു.

ആക്രമിക്കപ്പെട്ടതും,കൊല്ലപ്പെട്ടതും,കാണാതായതും സാധാരണ യുവതിയും,യുവാവും ഒന്നും അല്ല,മത ന്യൂന പക്ഷമായ,ഭൂരിപക്ഷമോ ആയ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട മനുഷ്യൻ ആണ്.എന്ത് കൊണ്ട് യുവാവോ യുവതിയോ എന്ന് മാത്രം പറയുന്നില്ല.?

ഇവർക്കൊന്നും എന്താണ് വാലില്ലാത്ത പേരുകൾ ഇല്ലേ? മനപ്പൂർവ്വം വിഭാഗീയത വളർത്തുന്ന വാർത്തകളും,എടുത്തു പറച്ചിലുകളും നിറുത്തേണ്ടിയിരിക്കുന്നു.വനിതാ വാദികളുടെ കാര്യവും ഒട്ടും മോശമല്ല.

ചിലതൊക്കെ നമ്മളും പിന്തുടരുകയോ, പിൻപറ്റുകയോ ഒക്കെ ചെയ്‌താൽ മാത്രമേ സ്ത്രീ സമത്വവും, അവകാശവും സംരക്ഷിക്ക പ്പെടുകയുള്ളൂ എന്ന് വിചാരിക്കുന്ന ആധുനിക വനിതകൾക്കു തെറ്റി എന്നെ പറയാൻ കഴിയൂ.

വനിതാ സംരക്ഷണ വിഭാഗത്തിലെ മേധാവികളും പ്രതി നിധികളും ചാനലുകളിൽ നടത്തിയ ചർച്ചകൾ കണ്ടു. അവരൊക്കെ എത്രയോ പക്വതയോടെയും,അളന്നും,ചിട്ട പ്പെടുത്തിയും, ആണ് പ്രതികരിയ്ക്കുന്നതു.എന്നാൽ തെരുവിൽ ജനങ്ങളോട്/അധികാരികളോട് അവകാശങ്ങൾക്കു ആക്രോശിക്കുന്നു വിഭാഗത്തിന് ഏതു രീതിയിൽ ആണ് പരിഗണന ലഭിക്കുക.

പണ്ട് അധികാരി വർഗ്ഗത്തോട് കയർത്തു കത്തിക്കയറിയ രാഷ്ട്രീയം കേരളത്തിന് ഉണ്ടായിരുന്നു.അന്ന് അവകാശങ്ങൾ നേടി എടുത്തിട്ടുണ്ട് താനും. നേതാക്കൾ തീർത്ത അവകാശ രാഷ്ട്രീയത്തിൽ ബലിയാടുകൾ ആകുന്ന ഒരു വിഭാഗം ആയി കേരളത്തിലെ പ്രസ്ഥാനങ്ങളുടെ അണികൾ മാറിയിരിക്കുന്നു.

അവകാശങ്ങൾ അനുഭവിക്കാനുള്ളത് ആണെങ്കിലും,യാഥാർഥ്യങ്ങൾ ആണ് ജീവിതത്തെ മാറ്റി മറിയ്ക്കുന്നതു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു,സത്യങ്ങൾ പലതും ആകാം.

.ഒരു ഉദാഹരണം കൂടി പറഞ്ഞു കൊള്ളട്ടെ,സ്വർഗ്ഗതുല്യമായ സിറിയയും,ഇറാക്കും എല്ലാം പൊടിപാറുന്ന മൺകൂനകൾ മാത്രം ആക്കുകയും ,ടൈഗ്രീസ് നദിയിൽ ചുവപ്പു ജലം കട്ട പിടിപ്പിച്ചതും രാജ്യത്തിലെ ഭൂരിപക്ഷ മതത്തിലെ ജാതി പ്പോരുകൾ മാത്രമായിരുന്നു. സ്ഥലകാലങ്ങളും,ഭാഷയും,സംസ്കാരവും,മതവും മാറിയാലും ചുവപ്പു രക്തം മാത്രം ഓടുന്ന മനുഷ്യനിൽ മത ചിന്തവളർന്നാൽ, വളർത്തിയാൽ പുകയുന്നകൂനകളും, കട്ടപിടിക്കുന്ന നദീതടങ്ങളും കേരള മണ്ണിൽ സ്ഥാനം പിടിക്കുന്ന ദൂരം അതി വിദൂരം ആല്ല.

രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ പ്രത്യാക്രമണങ്ങളിലൂടെ ,സമരങ്ങളിലൂടെ നിരന്തരം പടവെട്ടുന്ന നാം ഒരിയ്ക്കലും തിരിച്ചു നടക്കാൻ കഴിയാത്ത വഴിയിലൂടെ നടന്നു മുന്നേറുകയാണെന്ന് അടിവരയിടുന്നു.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+