follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

മാറുന്ന കാലാവസ്ഥയും കേരളവും

മുരളി തുമ്മാരുകുടി » Posted : 08/09/2017

‘ഇത്തവണത്തെ വരവിൽ നമ്മുടെ എം എൽ എ മാർക്കുവേണ്ടി കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ഒരു ക്ലാസ്സ് എടുക്കണം’ എന്ന് കോട്ടയത്തെ കാലാവസ്ഥാവ്യതിയാന പഠനത്തിനു വേണ്ടിയുള്ള ഇൻസ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടർ ശ്രീ ജോർജ്ജ് ചാക്കച്ചേരി എനിക്ക് ഒരു മെയിൽ അയച്ചു.

‘ക്ളാസെടുക്കാനൊക്കെ സന്തോഷമേയുള്ളൂ, പക്ഷെ ആരെങ്കിലും വരുമോ? ചുരുങ്ങിയത് പതിനഞ്ച് എം എൽ എ മാരെങ്കിലും ഇല്ലെങ്കിൽ ഞാൻ വരില്ല കേട്ടോ’ എന്നാണ് മറുപടി എഴുതിയത്.കാരണമുണ്ട്. രണ്ടുവർഷം മുൻപ് കോർപ്പറേഷനിലെയും മുനിസിപ്പാലിറ്റിയിലെയും മേയർമാർക്കും ചെയർപേഴ്സൺസിനും ഇതുപോലൊരു ക്ളാസെടുക്കണമെന്ന് പറഞ്ഞിരുന്നു. ഞാൻ ചെന്നപ്പോഴേക്കും പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. മുറിയിൽ പത്തിരുപത് പേരുണ്ട്. എന്റെ ഊഴം വന്നപ്പോൾ അരമണിക്കൂർ സംസാരിച്ചു. സദസ്സിൽ നിന്ന് ഒരു പ്രതികരണവും ഇല്ല. ഉള്ളവർ തന്നെ ഫോണും എടുത്ത് ഇടക്കിടെ പുറത്തു പോകുന്നുണ്ട്. അന്ന് ഞാൻ അധികം ദീർഘിപ്പിക്കാതെ സംസാരം നിർത്തി.

പോരുന്നതിന് മുൻപ് അന്ന് ഞാൻ ചോദിച്ചു, ‘ഇതിൽ എത്ര മേയർമാരും മുനിസിപ്പൽ ചെയർ പേഴ്‌സൺസുമുണ്ട്?’

‘സാറെ, അവരാരും വന്നില്ല, ഇവർ എല്ലാവരും തന്നെ കോർപ്പറേഷനിലെയും മുനിസിപ്പാലിറ്റിയിലെയും സ്റ്റാഫാണ്.”

എനിക്കന്ന് ദേഷ്യവും സങ്കടവും വന്നത് എന്റെ പ്രസംഗം കേൾക്കാൻ അവർ വരാത്തതിലല്ല, കാലാവസ്ഥാവ്യതിയാനം ഈ നൂറ്റാണ്ടിൽ, ഒരുപക്ഷെ നമ്മുടെ ജീവിതകാലത്തു തന്നെ, കേരളത്തിലെ ഓരോ ഗ്രാമത്തെയും നഗരത്തെയും തീവ്രമായി ബാധിക്കാൻ പോകുകയാണ്. അപ്പോൾ അതിനെ പറ്റി അറിവില്ലാത്ത, അറിയാൻ ആഗ്രഹമില്ലാത്ത, അത്രപോലും ദീർഘവീക്ഷണമില്ലാത്ത ആളുകളാണല്ലോ അവിടെയൊക്കെ ഭരണം നടത്തുന്നത് എന്നോർത്താണ്.

‘സാർ, ഇത്തവണ തീർച്ചയായും ആളുകൾ ഉണ്ടാകും. ചുരുങ്ങിയത് 45 പേരെങ്കിലും വരും.’ ജോർജ്ജ് ഉറപ്പ് പറഞ്ഞു.

‘നാല്പത്തിയഞ്ചൊന്നും വേണ്ട, മുപ്പത് പേര് വന്നാൽ തന്നെ അതൊരു വലിയ വിജയമായി ഞാൻ കണക്കാക്കും’ എന്ന മറുപടിയും പറഞ്ഞു. സിദ്ധാർത്ഥിന്റെ പിറന്നാൾ ആഗസ്റ്റ് 23 നായതിനാൽ അതിന് തലേന്നോ പിറ്റേന്നോ എനിക്ക് സൗകര്യമാകുമെന്നും അറിയിച്ചു.

രണ്ടുദിവസത്തിനകം തന്നെ അദ്ദേഹം പിന്നെയും വിളിച്ചു. ‘സാർ, സി എം ഇരുപത്തിരണ്ടിന് തന്നെ സമ്മതിച്ചു. സ്പീക്കറുടെ അനുമതിയും കിട്ടി. ഞങ്ങൾ ഇതുമായി മുന്നോട്ട് പോകുകയാണ്.’

മുഖ്യമന്ത്രിയും സ്പീക്കറുമെല്ലാം പങ്കെടുക്കുമെന്നറിഞ്ഞതോടെ സത്യം പറഞ്ഞാൽ മനസ്സിൽ സമ്മിശ്രവികാരമായിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ മുൻപിൽ കേരളത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒരു പ്രശ്നത്തെപ്പറ്റി സംസാരിക്കാനുള്ള അവസരം അപൂർവമാണ്, ബഹുമതിയാണ്.

പരിസ്ഥിതി വിഷയങ്ങളെപ്പറ്റി ലോകത്തെ പല പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും മുന്നിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി മലയാളത്തിൽ സംസാരിച്ച മുൻപരിചയമില്ല.

പക്ഷെ ഒന്നുകൂടി ഉണ്ട്. ഫേസ്‌ബുക്കിലെ എന്റെ ഫോളോവേഴ്സിനെ സംബന്ധിച്ചിടത്തോളം ഞാൻ ജലത്തിനു മീതെ നടക്കാൻ പോലും കെൽപ്പുള്ളയാളാണ്. എന്നാൽ ചെറുപ്പകാലം മുതൽ പറഞ്ഞുകേട്ട, മനസ്സിൽ വലിയ സ്ഥാനമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റ് നേതാക്കളുടെയും മുന്നിൽ പ്രസംഗിക്കുന്ന കാര്യം ഓർത്തപ്പോൾ അല്പം മുട്ടിടിപ്പുണ്ടായി എന്ന് പറയാതെ വയ്യ.

നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ്. ഓരോ ദിവസവും ഓരോ രാഷ്ട്രീയസംഭവങ്ങളാണ്. തിരുവനന്തപുരത്തായതിനാൽ രാഷ്ട്രീയം നിയമസഭക്ക് പുറത്തേക്കും പടരാനിടയുണ്ട്. അതുകൊണ്ട് പരിപാടി നടന്നാൽ നടന്നു എന്നതാണ് എന്റെ ചിന്ത. ഭാഗ്യത്തിന് അസ്സംബ്ലിക്ക് പുറത്ത് പ്രശ്നമൊന്നുമുണ്ടായില്ല. എന്നാൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിനായി പ്രതിപക്ഷ എം എൽ എ മാർ രണ്ടു ദിവസമായി നിരാഹാരം കിടക്കുകയാണ്. പതിനഞ്ചിന്റെ പണി എട്ടിന്റെതാകുമോ എന്നായിരുന്നു എന്റെ ചിന്ത.

പരിപാടി പറഞ്ഞിരുന്നത് ആറുമണിക്കാണ്. അഞ്ചുമണിക്കേ ഞാൻ സ്ഥലത്തെത്തി. നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി. നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റിൽ ആണ് നല്ല വലിപ്പമുള്ള ഈ ഹാൾ. നിയമസഭയുടെ പിൻവാതിലിലൂടെ ആണ് അങ്ങോട്ടുള്ള പ്രവേശനം. ഭരണകക്ഷിയും പ്രതിപക്ഷവും ഇരിക്കുന്ന അസ്സംബ്ലി സ്റൈലിലല്ല, എല്ലാവർക്കും ഇടകലർന്നിരിക്കാൻ പാകത്തിനാണ് ഇരിപ്പിട സംവിധാനങ്ങൾ.

(നമ്മുടെ നിയമ സഭ പ്രൗഢ ഗംഭീരം ഒക്കെ ആണെങ്കിലും ഒട്ടും ഡിസെബിലിറ്റി ഫ്രണ്ട്‌ലി അല്ല. നമ്മുടെ നിയമസഭാ സാമാജികർ ആയി ഇത്തരം വെല്ലുവിളികൾ ഉള്ളവർ വരാത്തതായിരിക്കണം ഇക്കാര്യത്തിൽ ആരുടേയും ശ്രദ്ധ പതിയാതിരിക്കാൻ കാരണം. ബേസ്‌മെന്റിലേക്കുള്ള വലിയ സ്റ്റെപ്പുകൾ ഇറങ്ങി വരാൻ പലരും ബുദ്ധിമുട്ടുന്നത് ഞാൻ ശ്രദ്ധിച്ചു. ബഹുമാനപ്പെട്ട സ്പീക്കർ ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണം).

സമയം അഞ്ച് അമ്പത്തായിട്ടും എം എൽ എ മാരുടെ പൊടിപോലും കണ്ടില്ല. ഞാൻ അല്പം നിരാശനായെങ്കിലും അത് പുറമെ ഭാവിച്ചില്ല. എന്നാൽ അടുത്ത പത്ത് മിനുട്ടിൽ ഡസൻ കണക്കിന് എം എൽ എ മാർ ഹോളിലേക്ക് വന്നു, പേര് രെജിസ്റ്റർ ചെയ്തു, പിന്നെ കുറേപ്പേർ എന്നെ പരിചയപ്പെട്ടു. സമയത്ത് തന്നെ സ്പീക്കറും മുഖ്യമന്ത്രിയും എത്തി.

ഈ അവസരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി രണ്ടു വാക്ക് പറഞ്ഞില്ലെങ്കിൽ അത് അനൗചിത്യമാകും. കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷെ ഇദ്ദേഹം വളരെ വ്യത്യസ്തനാണ്. എവിടെയും ആൾക്കൂട്ടത്തിന് നടുവിലാണ് ഉമ്മൻ ചാണ്ടിയെങ്കിൽ ആൾക്കൂട്ടത്തിന് നടുവിലും ഏകനാണ് പിണറായി വിജയൻ.

കേരളത്തിലെ മന്ത്രിമാരിൽ അപൂർവമായി മാത്രം കാണുന്ന സമയ നിഷ്ഠയും അദ്ദേഹത്തിന് കൈമുതലായുണ്ട്. നേരിട്ട് കാണുമ്പോളുള്ള പെരുമാറ്റവും വളരെ ഊഷ്മളമാണ്. പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ആണ് കേൾക്കുന്നത്, ആ സമയത്ത് മറ്റുള്ളവരോട് സംസാരിക്കുകയോ ഫോൺ ചെയ്യുകയോ ഒന്നും ചെയ്യില്ല.

സ്പീക്കറാണ് അധ്യക്ഷൻ. കാര്യമാത്രപ്രസക്തമായ ഒരു ചെറിയ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. പിന്നീട് പ്രസംഗിച്ചത് മുഖ്യമന്ത്രിയാണ്. ഈ വർഷം വരാനിരിക്കുന്ന വരൾച്ചയെപ്പറ്റി, അതിന് തയ്യാറെടുക്കേണ്ടതിനെപ്പറ്റി ഒക്കെ അദ്ദേഹം കൈയിൽ ഒരു പേപ്പർ പോലുമില്ലാതെ (ടെലി പ്രോംപ്റ്റർ ഇല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ) സാമാന്യം ദീർഘമായി പ്രസംഗിച്ചു.

കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള ഒരു പുസ്തകത്തിന്റെ പ്രകാശനമായിരുന്നു പിന്നെ. മുഖ്യമന്ത്രിയിൽനിന്നും പുസ്തകം ഏറ്റുവാങ്ങിയത് ശ്രീ തോമസ് ഐസക്കാണ്. ഏതാനും വാക്കുകളിൽ അദ്ദേഹവും പ്രസംഗം ചുരുക്കി. എന്നെ സദസ്സിന് പരിചയപ്പെടുത്തി സംസാരിക്കാൻ ക്ഷണിച്ചത് ജോർജ്ജാണ്.

അതോടെ മുഖ്യമന്ത്രിയും സ്പീക്കറും ധനമന്ത്രിയും എഴുന്നേറ്റു. ഇതുകണ്ട് പതിവ് പോലെ ഉദ്‌ഘാടനം കഴിഞ്ഞ് പൊടിതട്ടി പോകുകയാണോ എന്നോർത്ത് എന്റെ ചങ്കൊന്നു പിടഞ്ഞു. ‘ഞങ്ങൾ താഴെ ഇരിക്കാം. ശരിക്ക് കാണാമല്ലോ’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് ശ്വാസം തിരികെ കിട്ടിയത്.

"ഒരു ദുരന്തത്തിനുശേഷം കേരളത്തിലേക്ക് ഔദ്യോഗികമായി വരേണ്ടിവന്നേക്കും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി" എന്ന് പറഞ്ഞാണ് ഞാൻ പ്രസംഗം തുടങ്ങിയത്. അത് കൊണ്ട് തന്നെ ഒരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് കാലാവസ്ഥ വ്യതിയാനം പോലെ അതി പ്രധാനമായ ഒരു വിഷയത്തിൽ ഒരു പരിപാടി സംഘടിപ്പിച്ച കാലാവസ്ഥ വ്യതിയാന പഠന ഇന്സ്ടിട്യൂട്ടിനും അതിൽ പങ്കെടുക്കുന്നവർക്കും ഉള്ള നന്ദി ആദ്യമേ പറഞ്ഞു.

ഒരു ഒട്ടകത്തിന്റെ പടമാണ് ഞാൻ ആദ്യം കാണിച്ചത്. ഒട്ടകത്തിന് അറബി ഭാഷയിൽ ഒന്നിലധികം പര്യായങ്ങളുണ്ടെങ്കിലും മലയാളത്തിൽ ഒരു പേരേയുള്ളു, ഒട്ടകം. കാരണം ഒട്ടകം നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ല. അതുപോലെ climate എന്ന ഇംഗ്ലീഷ് വാക്കിന്റെ ശരിയായ പരിഭാഷ കാലാവസ്ഥ എന്നല്ല. കാലാവസ്ഥ എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നത് weather എന്ന ദൈനംദിന അന്തരീക്ഷ സ്ഥിതിയെയാണ്. അപ്പോൾ ശരിയായ ഒരു വാക്കു പോലുമില്ലാതെയാണ് കാലാവസ്ഥാ വ്യതിയാനത്തെ നമ്മൾ നേരിടേണ്ടത് എന്ന് പറഞ്ഞായിരുന്നു എന്റെ തുടക്കം.

കാലാവസ്ഥാ വ്യതിയാനം എന്നത് നാളത്തെ പ്രശ്നമല്ല എന്നതായിരുന്നു അടുത്തതായി ഞാൻ പറഞ്ഞത്. ലോകത്ത് പലയിടങ്ങളിൽ യാത്ര ചെയ്യുന്നതിനാൽ കേരളം നാളെ എങ്ങനെയാകും എന്ന് ഭാവനയിൽ കാണാൻ ഇന്നേ എനിക്ക് കഴിയുന്നു. നാളത്തെ കേരളം ഇന്നത്തെ സിംഗപ്പൂർ പോലെയോ അഫ്ഘാനിസ്ഥാൻ പോലെയോ ഐവറികോസ്റ്റ് പോലെയോ ആകാം.

ഈ രാജ്യങ്ങളൊന്നും ഇപ്പോഴത്തെ സ്ഥിതിയിലായത് ആകസ്മികമായിട്ടല്ല, അവിടുത്തെ നേതാക്കളും ജനങ്ങളും എടുത്ത ചില നിർണ്ണായകമായ തീരുമാനങ്ങളുടെ പരിണതഫലമാണ്. കാലാവസ്ഥാ വ്യതിയാനത്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന നാളത്തെ കൊച്ചിയെപ്പോലെയാണ് ഇന്നത്തെ സമരാംഗ് എന്ന ഇൻഡോനേഷ്യൻ നഗരം.

അവിടെ വർഷാവർഷം വെള്ളം കയറുന്നു, വീടുകൾ നശിക്കുന്നു, അതിനാൽ ഓരോ അഞ്ചു വര്ഷം കൂടുമ്പോൾ നാട്ടുകാർക്ക് വീടിന്റെ നിരപ്പ് ഉയർത്തേണ്ടിവരുന്നു, പത്തു വർഷത്തിൽ ഒരിക്കൽ സർക്കാരിന് റോഡുകൾ മാറ്റിപ്പണിയേണ്ടി വരുന്നു. ഇപ്പോൾത്തന്നെ എറണാകുളത്ത് ഇത് സംഭവിക്കുന്നുണ്ട് എന്ന് ഞാൻ പറഞ്ഞതുകേട്ട് ചിലർ തലയാട്ടുന്നത് കണ്ടപ്പോൾ വിഷയത്തിന് കാറ്റു പിടിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനശാസ്ത്രവും രാഷ്ട്രീയവുമാണ് പിന്നെ പ്രതിപാദിച്ചത്. കാലാവസ്ഥ മാറുന്നതിന്റെ ശക്തമായ ലക്ഷണങ്ങൾ ഇപ്പോഴേ ലോകത്തുണ്ട്. കരയിലെ ചൂട്, കടലിലെ ചൂട്, ഗ്ലേസിയറുകൾ ഉരുകുന്നത്, കൊടുങ്കാറ്റുകൾ കൂടുതൽ ശക്തിമത്താകുന്നത് ഇതൊക്കെ ഇപ്പോഴേ പ്രകടമാണ്.

കേരളത്തിലും ഇതിന്റെ പല പ്രതിഫലനങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്, മഴക്കാലം കുറയുന്നു, മഴയില്ലാത്ത ദിവസങ്ങളുടെ എണ്ണം കൂടുന്നു, മുൻപ് കേട്ടിട്ടില്ലാത്ത പോലെ ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുന്നു, പരിചയമില്ലാത്ത അസുഖങ്ങൾ (ചിക്കൻ ഗുനിയ) ഉണ്ടാകുന്നു. സലിം അലി കണ്ടിട്ടില്ലാത്ത പ്രദേശത്തെല്ലാം ഇപ്പോൾ മയിലുകളെ കാണുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഒരു ജൈവ സൂചനയായി കാണാം എന്നും ഞാൻ അഭിപ്രായപ്പെട്ടു.

കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണം ഫോസിൽ ഇന്ധനങ്ങളുടെ വർദ്ധിച്ച ഉപയോഗം ആണെന്നും അത് തന്നെ വികസിതരാജ്യങ്ങളാണ് വൻ തോതിൽ ഉപയോഗിച്ചു തീർത്തതെന്നും രണ്ടഭിപ്രായമില്ല. ചരിത്രപരമായി വളരെ കുറച്ച് സംഭാവനയേ ഹരിതവാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യ നൽകിയിട്ടുള്ളൂ. ഇപ്പോൾ പോലും അമേരിക്കയുടെ പ്രതിശീർഷ ഹരിതവാതക ഉല്പാദനത്തിന്റെ അഞ്ചിലൊന്നേ നമ്മൾ ഉണ്ടാക്കുന്നുന്നുള്ളൂ.

അതുകൊണ്ടുതന്നെ ഹരിതവാതകങ്ങൾ കുറക്കുന്ന കാര്യത്തിൽ വികസിതരാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും ഇന്ത്യക്ക് വികസിക്കാൻ സമയം വേണമെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക ലൈൻ. അടുത്തകാലം വരെ ചൈനയുടെ നയവും അങ്ങനെ തന്നെയായിരുന്നു.

എന്നാൽ ഹരിതവാതകങ്ങളുടെ ബഹിർഗമനം രണ്ടായിരത്തി മുപ്പതാകുന്നതോടെ പരമാവധിയിൽ എത്തിക്കുമെന്നും അതിനുശേഷം പടിപടിയായി കുറച്ചു കൊണ്ടുവരുമെന്നും രണ്ടായിരത്തി പതിനഞ്ചിൽ ചൈന സമ്മതിച്ചു, കാരണം കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക അവസരങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നാണ് അവർ ഇപ്പോൾ ശ്രദ്ധിക്കുന്നത്.

കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ചായിരുന്നു പിന്നീട് പറഞ്ഞത്. കാലാവസ്ഥാവ്യതിയാനം എന്നത് സത്യമാണോ? ആണെങ്കിൽ അതിന് മനുഷ്യരാണോ ഉത്തരവാദികൾ? അങ്ങനെയെങ്കിൽ അതിനെ തടുക്കാൻ മനുഷ്യസമൂഹത്തിന് കഴിയുമോ? എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ് തർക്കങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ കാര്യത്തിൽ ലോകത്തിന് ഉപദേശം നല്കാനാണ് Inter governmental Panel on Climate Change (IPCC) ഉണ്ടാക്കിയിരിക്കുന്നത്.

നൂറ്റിയമ്പതോളം രാജ്യങ്ങളിൽനിന്നും അവർ നാമനിർദ്ദേശം ചെയ്ത രണ്ടായിരത്തോളം ശാസ്ത്രജ്ഞന്മാരാണ് കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള ശാസ്ത്രീയ വിശകലനം നടത്തുന്നത്. അവരുടെ സ്വന്തം അഭിപ്രായമനുസരിച്ചല്ല ചർച്ചകൾ നടക്കുന്നത്, ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ശാസ്ത്രീയ ലേഖനങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് ചർച്ച.

ലോകത്ത് ഇന്നേവരെ ഒരു പ്രശ്നത്തെപ്പറ്റി പഠിക്കാൻ ഇത്ര വിപുലമായ ഒരു സംവിധാനം ഉണ്ടായിട്ടില്ല. ആധുനിക ലോകത്ത് ശാസ്ത്രീയമായ രീതിയിൽ എങ്ങനെയാണ് നയപരിപാടികൾ ഉണ്ടാക്കാൻ നിർദ്ദേശം നൽകേണ്ടത് എന്നതിന്റെ മാതൃകയാണ് IPCC. മുൻപറഞ്ഞ മൂന്നു ചോദ്യങ്ങളും അതായത്, കാലാവസ്ഥാവ്യതിയാനം ഉണ്ടായിട്ടുണ്ടോ, അതിന് മനുഷ്യൻ ഉത്തരവാദിയാണോ, അതിനെതീരെ മനുഷ്യന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നതെല്ലാം ഈ സംഘം പരിശോധിച്ച് ശാസ്ത്രീയമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്.

കാലാവസ്ഥാവ്യതിയാനം ഒരു യാഥാർഥ്യമാണ്, അത് മനുഷ്യനിർമ്മിതമാണ്, അതിന്റെ വ്യാപ്തി കുറക്കാൻ മനുഷ്യന് സാധിക്കും എന്ന് IPCC പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ഇനിയും ഇക്കാര്യത്തിൽ വിവാദമുണ്ടെന്ന് കരുതുന്നവരും വരുത്തിത്തീർക്കുന്നവരും ശാസ്ത്രത്തിന്റെ രീതികൾ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരല്ല.

ആഗോളതാപനം കുറക്കാൻ വേണ്ടി ഹരിതവാതകങ്ങൾ ബഹിർഗമിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തം ആർക്കാണെങ്കിലും ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലോകത്തെല്ലായിടത്തും ഉണ്ടാകുമെന്നും അതിനെ നേരിടാൻ നമ്മുടെ ഓരോ ഗ്രാമവും നഗരവും സംസ്ഥാനവും തയ്യാറെടുക്കണം എന്നതുമായിരുന്നു പ്രസംഗത്തിലെ അടുത്ത പോയിന്റ്. കേരളത്തിന് ഇപ്പോൾ ഒരു State Action Plan for Climate Change ഉണ്ട്.

നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ എട്ട് രംഗത്ത് കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും അതിനെ നേരിടാനുള്ള കർമ്മപദ്ധതിയെയും അതിന് പ്രതീക്ഷിക്കുന്ന ചെലവിനെക്കുറിച്ചും ഒക്കെ പ്രതിപാദിക്കുന്ന രേഖയാണിത്. മഴയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ജല സുരക്ഷയും ഊർജ്ജ സുരക്ഷയും. കാലാവസ്ഥ മാറ്റം ഇത് രണ്ടിനെയും ബാധിക്കും.

നമ്മൾ ഇപ്പോൾ കൃഷി ചെയ്യുന്ന വിളകൾ അതേ പ്രദേശത്ത് കൃഷി ചെയ്യാൻ പറ്റാതെ വരും വിളവ് കുറവും, വളർത്തു മൃഗങ്ങളുടെ കാര്യവും ഇത് പോലെ തന്നെ. മുൻപ് പരിചയം ഇല്ലാത്ത രോഗങ്ങൾ മനുഷ്യനും മൃഗത്തിനും കൃഷിക്കും ഉണ്ടാകും. വെള്ളത്തെ ആശ്രയിച്ചിരുന്ന ടൂറിസം മാറേണ്ടി വരും, തീരപ്രദേശങ്ങളിൽ കടലാക്രമണം കൂടും, സമുദ്രനിരപ്പുയരുമ്പോൾ ആളുകൾ മാറി താമസിക്കേണ്ടി വരും.

നമ്മുടെ വലുതും ചെറുതും ആയ നഗരങ്ങളിൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവും സാധാരണമാകും. ചൂട് കൂടുന്നതോടെ വനത്തിലും, വന്യജീവികളും മാറ്റങ്ങൾ ഉണ്ടാകും, കാട്ടുതീ ഒക്കെ ഇപ്പോഴത്തേതിലും കൂടി വരും. ചൂടിന്റെ പ്രശ്നങ്ങൾ നാട്ടിലും ഉണ്ടാകും എന്നെല്ലാം നമ്മുടെ പ്ലാൻ പറയുന്നുണ്ട്.

പക്ഷെ കാലാവസ്ഥാവ്യതിയാനം കേരളത്തിൽ എങ്ങനെ ആയിരിക്കും എന്നതിന്റെ പറ്റിയുള്ള ഒരു നല്ല മോഡൽ ഉണ്ടാക്കാതെ തയ്യാറാക്കിയതിനാൽ അടുത്ത അഞ്ചുവർഷത്തേക്ക് ഇതിന് വേണ്ടി ആവശ്യപ്പെട്ടിരിക്കുന്നത് വെറും ആയിരം കോടി രൂപയാണ് (അത് തന്നെ കിട്ടിയിട്ടും ഇല്ല).

രണ്ടായിരത്തി എട്ടിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ സാമ്പത്തികശാസ്ത്രം പഠിച്ച പ്രൊഫസർ നിക്കോളാസ് സ്റ്റൺ പറഞ്ഞിരിക്കുന്നത് ഇനിയുള്ള കാലമത്രയും നമ്മുടെ ജി ഡി പി യുടെ ഒരു ശതമാനമെങ്കിലും കാലാവസ്ഥാവ്യതിയാനത്തെ തടയാനും അതോടൊപ്പം ജീവിച്ചുപോകാനുള്ള തയ്യാറെടുപ്പിനും ഉപയോഗിച്ചില്ലെങ്കിൽ രണ്ടായിരത്തി അമ്പതാകുമ്പോഴേക്കും ജി ഡി പിയുടെ എട്ടു മുതൽ പതിനഞ്ചു ശതമാനം വരെ പ്രതിവർഷം കുറവുണ്ടാകുമെന്നാണ്.

കേരളത്തിന്റെ ഇപ്പോഴത്തെ ജി ഡി പി ഏഴുലക്ഷം കോടിയിലും അധികമാണ്. അപ്പോൾ വർഷം ഏഴായിരം കോടി രൂപയെങ്കിലും ശരാശരി വകയിരുത്തിയാലേ പ്രശ്നത്തെ ഗൗരവമായി നേരിടാനാകൂ. ഇപ്പോഴത്തെ State Action Plan On Climte Change (SAPCC) മാറ്റിയെഴുതണം എന്നായിരുന്നു എന്റെ നിർദേശം (ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് പിന്നീട് ജോർജ്ജ് എന്നോട് പറഞ്ഞു).

കാലാവസ്ഥാവ്യതിയാനം നമ്മുടെ ആക്ഷൻ പ്ലാനിൽ പറഞ്ഞിട്ടില്ലാത്ത വലിയൊരു സാമൂഹ്യപ്രശ്നം ഉണ്ടാക്കുമെന്ന കാര്യം ഞാൻ കാര്യകാരണസഹിതം ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതമായി ലോകത്ത് ഏറെ ആളുകൾ സ്വന്തം നാട് വിടേണ്ടി വരും.ഇവരെ കാലാവസ്ഥാ കുടിയേറ്റക്കാർ അല്ലെങ്കിൽ കാലാവസ്ഥ അഭയാർത്ഥികൾ എന്നാണ് പറയുന്നത് (climate migrants, climate refugees). കേരളത്തിൽ ഇവർ രണ്ടുതരത്തിലുണ്ടാകും. ഒന്നാമത് കേരളത്തിൽ ഇപ്പോൾ കാണുന്ന മറുനാടൻ തൊഴിലാളികളിൽ ഏറെയും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ദുരന്തങ്ങൾ (വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ) ഉള്ള പ്രദേശങ്ങളിൽ നിന്നും വരുന്നവർ ആണെന്നാണ് Center for Migration and Inclusive Development നടത്തിയ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്.

അപ്പോൾ മാറുന്ന കാലാവസ്ഥ കേരളത്തിലേക്കുള്ള തൊഴിലാളികളുടെ വരവ് കൂട്ടും, തിരിച്ചു പോക്ക് കുറക്കുകയും ചെയ്യും, അതേ സമയം ലോകം ഫോസിൽ ഫ്യൂവലിൽനിന്നും റിന്യൂവബിൾ ഊർജ്ജത്തിലേക്ക് മാറ്റുന്നതോടെ ഇപ്പോൾ എണ്ണയുൽപ്പാദനത്തിലൂടെ നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥക്ക് കോട്ടം തട്ടും. ലക്ഷക്കണക്കിന് മലയാളികളുടെ തൊഴിലിനെ അത് ബാധിക്കും. വലിയ തിരിച്ചുവരവ് ഉണ്ടാകും. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും സമ്മർദ്ദത്തിലാഴ്‌ത്തും.

ആഗോളതാപനത്തിന്റെ ഇപ്പോൾ ലോകത്ത് കണ്ടു തുടങ്ങിയിട്ടുള്ളതും അത് കൊണ്ട് തന്നെ തർക്കമില്ലാത്ത ഒരു പ്രത്യാഘാതം മഴയുടെ സാന്ദ്രത കൂടുന്നതാണ്. കേരളത്തിലെ പല നഗരങ്ങളിലും മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഇനിയൊരു പതിവാകും. എന്നാൽ അവിടെയും നിൽക്കില്ല കര്യങ്ങൾ.

പതിവില്ലാത്ത വലിയ മഴയുണ്ടാകും, പണ്ട് ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ (1099, മലയാള വര്ഷം) ഉണ്ടായതുപോലെ. അന്നത്തേതിലും മലയാളികളുടെ ജനസംഖ്യ പത്തിരട്ടിയായി, സമ്പത്ത് നൂറിരട്ടിയും. തൊണ്ണൂറ്റൊമ്പതിൽ മലവെള്ളം കയറിയിടത്തെല്ലാം ഇപ്പോൾ വീടുകളും വിമാനത്താവളവും ഫാക്ടറികളും വന്നു.

ഇനിയും തൊണ്ണൂറ്റൊമ്പതിലെ പോലെ വെള്ളപ്പൊക്കം ഉണ്ടാകും, കാലാവസ്ഥ വ്യതിയാനം അത് പഴയതിലും രൂക്ഷമാക്കും, അന്ന് ആൾ നാശവും അർത്ഥനാശവും എത്രയോ വലുതായിരിക്കും ?. ഗൂഗിൾ ഇമേജുകളുടെ സഹായത്തോടെ ആലുവാപ്പുഴയുടെ ഇരു കരകളിലെയും പുതിയ വികസനവും പഴയ ജലനിരപ്പും കാട്ടി ഈ വിഷയം ഞാൻ മുഖ്യമന്ത്രി ഉൾപ്പടെ ഉളളവരുടെ ശ്രദ്ധയിൽ കൊണ്ടുവാരാൻ ആ അവസരം ഉപയോഗിച്ചു (ഏറെ നാളായി ഞാൻ ഇവിടെ പറയുന്ന കാര്യമാണല്ലോ).

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചിന്തകളും സാങ്കേതികവിദ്യയിൽ വരുന്ന മാറ്റങ്ങളും കാരണം പെട്രോളിന്റെ യുഗം അവസാനിച്ചുവെന്നും സോളാറിന്റെ യുഗം ആരംഭിച്ചുവെന്നും ഞാൻ പറഞ്ഞു. രണ്ടായിരത്തി ഇരുപത്തി അഞ്ചുമുതൽ തന്നെ പല ലോക രാജ്യങ്ങളിലും പെട്രോൾ ഡീസൽ കാറുകൾ നിർമ്മാണം നിര്ത്തുകയാണ്.

ഇതൊരു വലിയ അവസരം ആണ്, അത് നമുക്ക് ഉപയോഗിക്കാവുന്നതും ആണ്. പക്ഷെ ലോകത്തെവിടെയും സോളാർ എനർജിയെപ്പറ്റി ഗൂഗിൾ സേർച്ച് ചെയ്താൽ കിട്ടുന്നത് സോളാർ പാനലുകളുടെയും പ്ലാന്റുകളുടെയും പടമാണെങ്കിൽ കേരളത്തിൽ കിട്ടുന്നത് വിവാദചിത്രങ്ങൾ ആണെന്ന് പറയണമെന്നുണ്ടായിരുന്നു. വാക്ക് ഔട്ട് പേടിച്ച് ഞാൻ എന്നെ നിയന്ത്രിച്ചു.

കാലാവസ്ഥാവ്യതിയാനം എന്ന ആഗോള പ്രതിഭാസത്തെ നേരിടാൻ കേരളം എന്ന ചെറിയ സംസ്ഥാനത്തിന് എന്തുചെയ്യാൻ കഴിയുമെന്ന നിർദ്ദേശങ്ങളോടെയാണ് പ്രസംഗം ഉപസംഹരിച്ചത്. അതിന്റെ ആമുഖമായി ഞാൻ ഒരു കാര്യം പറഞ്ഞു.

കേരളം ഒരു ചെറിയ സ്ഥലമാണെന്ന ചിന്ത വെച്ചാണ് ഞാനും ഐക്യരാഷ്ട്രസഭയിൽ ചേർന്നത്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തിലും താഴെയേ നമ്മൾ ഉള്ളു, വെറും നാൽപ്പതിനായിരം ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും.

എന്നാൽ ഐക്യരാഷ്ട്രസഭയിലെ 150 അംഗരാജ്യങ്ങളിൽ കേരളത്തേക്കാൾ ജനസംഖ്യ കുറവാണ്. കേരളത്തേക്കാൾ വിസ്തീർണ്ണം കുറഞ്ഞ അമ്പത് രാജ്യങ്ങളെങ്കിലും ഉണ്ട്. അതുകൊണ്ടുതന്നെ കേരളം ഒരു ചെറിയ സ്ഥലമാണെന്നും നമ്മുടെ പ്രവർത്തികൾക്ക് ആഗോളപരമായ ഒരു പ്രസക്തിയുമില്ലെന്നുമുള്ള ചിന്ത ഉപേക്ഷിക്കണമെന്നും ഞാൻ പറഞ്ഞു.

ആസ്‌ട്രേലിയ, മലേഷ്യ, ശ്രീലങ്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ജനസംഖ്യ നമ്മളെക്കാൾ കുറവാണ്. ലോകത്തിന് മാതൃകയായ അനവധി നയങ്ങൾ ഉള്ള നോർവേ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ കൂട്ടി അതിലേക്ക് സിംഗപ്പൂരിലെ ജനങ്ങളെ എടുത്തിട്ടാലും കേരളത്തിൽ അതിലും കൂടുതൽ ആളുകളുണ്ട്.

അപ്പോൾ വാസ്തവത്തിൽ വലിയ ഒരു സമൂഹത്തിൻറെ ഭാവിയാണ് എന്റെ മുന്നിലിരിക്കുന്ന മുഖ്യമന്ത്രിയും എം എൽ എ മാരും നിയന്ത്രിക്കുന്നത് എന്ന പ്രസ്താവന കേട്ട് അവർ അത്ഭുതത്തോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു.

സംസ്ഥാന ഗവൺമെന്റിന് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനും, ഒഴിവാക്കാനാവാത്തതുമായി ഒത്തുപോകാനുമുള്ള പത്തു കാര്യങ്ങളാണ് ഞാൻ സദസിന് മുന്നിൽ വെച്ചത്. ഇത് അതിന്റെ പ്രായോഗിക ബുദ്ധിമുട്ടിന്റെ ക്രമത്തിൽ പത്തു മുതൽ ഒന്നുവരെ കൗണ്ട് ഡൗൺ ആയിരുന്നു.

10. കേരളത്തിലെ എല്ലാ എം എൽ എ മാരുടെയും (മന്ത്രിമാരുടേത് ഉൾപ്പെടെ) ഹരിത പാദമുദ്ര കണക്കുകൂട്ടുക. നമ്മൾ വിമാനത്തിൽ കയറുമ്പോഴും വാഹനത്തിൽ യാത്ര ചെയ്യുകയും എ സി ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നതിന് എവിടെയെങ്കിലും ഒക്കെ ഹരിതവാതകങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്.

നമ്മൾ ഓരോരുത്തരുടെയും ഹരിത പാദമുദ്ര കണ്ടുപിടിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ഗൗരവമായി, വ്യക്തിപരമായി ചിന്തിക്കുന്നതിന്റെ ആദ്യപടിയാണ്. ഇത് കണ്ടുപിടിച്ചു കഴിഞ്ഞാൽ അതിനെ ഓഫ് സെറ്റ് ചെയ്യാൻ ഹരിതവാതകത്തെ ആഗിരണം ചെയ്യുന്ന എന്തെങ്കിലും ചെയ്യാം.

(മരം നടുക, വീട്ടിൽ ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കുക, സോളാർ വൈദ്യുതി സ്ഥാപിക്കുക) അല്ലെങ്കിൽ ഹരിതവാതകം ഉണ്ടാകുന്നത് കുറക്കാം (ജീവിത രീതി മാറ്റാം, കാറിൽ പോകുന്നതിന് പകരം ട്രെയിനിൽ പോകാം).

ഇതൊക്കെ നിയമസഭ കൂട്ടായി ചെയ്താൽ അതിന് വ്യാപകമായ പബ്ലിസിറ്റി കിട്ടും, കൂടുതൽ ജനങ്ങൾ അറിയും. കേരളത്തിലെ ജനങ്ങളിൽ ഒരു ശതമാനമെങ്കിലും ഹരിതവാതകത്തെപ്പറ്റി ചിന്തിക്കാനും അത് കുറച്ചുകൊണ്ടുള്ള ജീവിതരീതി അവലംബിക്കാനും ശ്രമിച്ചാൽ അത്രയും ആയല്ലോ.

9. കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ ഒരു മന്ത്രാലയമുണ്ടാക്കുക. ലോകത്തെ പതിനഞ്ചോളം രാജ്യങ്ങളിൽ ഇപ്പോൾ കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ മാത്രം ഒരു മന്ത്രാലയമുണ്ട്. ഇപ്പോൾ കേരളത്തിൽ ഇതൊരു ചെറിയ വകുപ്പും ഇൻസ്റ്റിട്യൂട്ടും മാത്രമാണ്.

മന്ത്രാലയം ഉണ്ടാകുന്നതിലൂടെ ഈ വിഷയത്തിന് വർദ്ധിച്ച ഗൗരവം കൈവരും, കൂടുതൽവിവരങ്ങൾ അകത്തുനിന്നും പുറത്തുനിന്നും സംഭരിക്കാൻ കഴിയും, വിവിധ മന്ത്രാലയങ്ങൾ കാലാവസ്ഥാവ്യതിയാനം കൂടുതൽ കാര്യമായെടുക്കാൻ അവസരമുണ്ടാകും. (ഇതിന് പറ്റിയ ഒരാളുടെ പേര് (എന്റെ തന്നെ) പറയണം എന്നുണ്ടായിരുന്നു. പക്ഷെ വിഷയത്തിന്റെ ഗൗരവം ചോർന്നുപോകുമെന്നതിനാൽ മിണ്ടിയില്ല).

8. പുതിയ State Action Plan on Climate Change ഉണ്ടാക്കുക. പഴയ പ്ലാനിന്റെ പരിമിതികൾ പറഞ്ഞല്ലോ. കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി സാമൂഹ്യവിഷയങ്ങളിൽ (അഭയാർഥികളുടെ പ്രശ്നം) കൂടി കൂട്ടിച്ചേർത്ത് വൻ ദുരന്തങ്ങളെ നേരിടാനുള്ള കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ജി ഡി പി യുടെ ഒരു ശതമാനമെങ്കിലും ഇനിയുള്ള ഓരോ വർഷവും ചെലവാക്കുന്ന മട്ടിലാകണം പുതിയ ആക്ഷൻ പ്ലാൻ.

7. കാലാവസ്ഥാ സാക്ഷരത കൂട്ടുക. ക്ലൈമറ്റ് എന്ന വാക്കിന് ശരിയായ പരിഭാഷ പോലും ഇല്ല എന്ന് പറഞ്ഞല്ലോ. കേരളത്തിലെ ശരാശരിക്കരുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള പൊതു സമൂഹത്തിന്റെ ചിന്ത ഇപ്പോഴും ആയിരത്തി തൊള്ളായിരത്തി എൺപതിലെ പോലെയാണ്.

(കാലാവസ്ഥ വ്യതിയാനം പാശ്ചാത്യർ ഉണ്ടാക്കിയതാണ്. നമ്മുടെ വികസനം ഇതുപോലെ നടക്കണം, ഇതിന്റെ പ്രത്യാഘാതങ്ങൾ ഒരു നൂറ്റാണ്ടെങ്കിലും അകലെയാണ്. എനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാനില്ല). പക്ഷെ ഇതെല്ലാം മാറിക്കഴിഞ്ഞു. ഈ വിഷയത്തിൽ ശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ലോകത്തിലും ഉണ്ടായ മാറ്റങ്ങൾ മലയാളികളിൽ എത്തിക്കണം.

പാരീസ് ഉടമ്പടി ഉൾപ്പെടെയുള്ള പ്രധാന റിപ്പോർട്ടുകൾ തർജ്ജമ ചെയ്ത് എല്ലാവരിലുമെത്തിക്കുക, സ്‌കൂളിലും കോളേജിലും കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി പഠിപ്പിക്കുക. കലയിലും സിനിമയിലും ഒക്കെ കാലാവസ്ഥാവ്യതിയാനം വിഷയമാക്കാൻ പ്രോത്സാഹനം നൽകുക. ഇങ്ങനെയൊക്കെ ചെയ്ത് വേണം കേരളത്തിലെ കാലാവസ്ഥാ സാക്ഷരത വർദ്ധിപ്പിക്കാൻ.

6. കാലാവസ്ഥാ ഗവേഷണത്തിൽ പണം മുടക്കുക. കേരളത്തിൽ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. തിരുവനന്തപുരത്തുള്ള കിഴങ്ങ് ഗവേഷണകേന്ദ്രം മുതൽ കാസർഗോഡ് അടക്ക ഗവേഷണകേന്ദ്രം വരെ ഇരുപതോളം സ്ഥാപനങ്ങളിൽ കാലാവസ്ഥാ ഗവേഷണം നടക്കുന്നുണ്ട്. എന്നാൽ ഇവർ തമ്മിൽ പരസ്പരം സഹകരണമോ സംസാരമോ ഇല്ല.

ഓരോരുത്തരും അവർക്ക് ലഭ്യമായ വിഭവങ്ങളും താല്പര്യമുള്ള മേഖലയും വെച്ച് “ചെറുകിട” ഗവേഷണമാണ് നടത്തുന്നത്. ആഗോളതാപനം കേരളത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് എല്ലാവർക്കും അടിസ്ഥാനമായി ഉപയോഗിക്കാവുന്ന ഒരു നല്ല മോഡൽ പോലും ഇന്നുവരെ ഉണ്ടായിട്ടില്ല. കാലാവസ്ഥാവ്യതിയാന പഠനത്തിനായി പുതിയൊരു ഇൻസ്റ്റിറ്റ്യൂട്ട് വന്നിട്ടുണ്ടെങ്കിലും അവർക്ക് ഇപ്പോഴും ആവശ്യമായ സ്റ്റാഫോ പണമോ ലഭ്യമല്ല.

ഹരിയാനയിലെ ദേശീയ പോത്തുഗവേഷണ കേന്ദ്രത്തിന് വർഷത്തിൽ മുപ്പതുകോടി രൂപ കർമ്മപദ്ധതിയുണ്ട്. നൂറ്റിയെൺപത് ശാസ്ത്രജ്ഞന്മാരും. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം തുടങ്ങിയിരിക്കുന്ന കാലാവസ്ഥാവ്യതിയാന സ്ഥാപനം നമ്മുടെ അഭിമാനവും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയുമാകണമെങ്കിൽ പോത്തുഗവേഷണത്തിന് ചിലവാക്കുന്ന അത്രയും പണമെങ്കിലും ഇവിടെ ചിലവാക്കണമെന്ന് ഒരു പോത്തിന്റെ ചിത്രം ഉൾപ്പെടെ ഞാൻ പറഞ്ഞുനിർത്തി.

5. നമ്മുടെ ഭാവി പുനരുജ്ജീവിപ്പിക്കാവുന്ന ഊർജ്ജത്തിലാണ്. പെട്രോളിന്റെയും കരിയുടെയും കാലം കഴിഞ്ഞുവെന്നും സോളാർ ഉൾപ്പെടയുള്ള രംഗത്താണ് ഊർജ്ജമേഖലയുടെയും സുരക്ഷയുടെയും ഭാവി കിടക്കുന്നതെന്നും ആയിരുന്നു അടുത്ത പോയിന്റ്.

മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും സൂര്യപ്രകാശമുള്ള കേരളത്തിൽ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന ജനസംഖ്യയുള്ള നാട്ടിൽ സൗരോർജ്ജ ഉൽപ്പാദനത്തിന് വലിയ സാധ്യതകളുണ്ട്. പോരാത്തതിന് ഈ വിഷയത്തിലെ എഞ്ചിനീയറിംഗ്, ടെക്നിഷ്യൻ മാനുഫാക്ച്ചറിംഗ് രംഗത്തെല്ലാം കേരളത്തിന് മുൻകൈ നേടാൻ കഴിയും എന്ന് ചൈനയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു.

ഫ്രാൻസിൽ പുതുതായി ഉണ്ടാക്കുന്ന ഓരോ കെട്ടിടത്തിനും സോളാർ റൂഫ് നിയമം മൂലം നിർബന്ധമാക്കുന്നത് പോലെ കേരളത്തിലും പുതിയതും പഴയതുമായ സർക്കാർ - സ്വകാര്യ കെട്ടിടങ്ങളിൽ സോളാർ കൊണ്ടുവരുന്നതിന് നിയമവും പ്രോത്സാഹനവും വേണമെന്ന് ഞാൻ എടുത്തുപറഞ്ഞു.

4. ഹരിതമായ നിർമ്മാണം: കെട്ടിടങ്ങളുടെ നിർമ്മാണവും ഉപയോഗവും ആണ് ഹരിതവാതകങ്ങൾ ഉണ്ടാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നത്. കേരളത്തിൽ ആകട്ടെ കെട്ടിട നിർമ്മാണം ഒരു ആഘോഷം ആണ്. ഇതിൽത്തന്നെ ലക്ഷക്കണക്കിന് കെട്ടിടങ്ങൾ വെറുതെ ഉണ്ടാക്കിയിട്ടിരിക്കുകയാണ്. നിർമ്മാണരംഗത്ത് UK ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൊണ്ടുവന്നിട്ടുള്ള sustainable construction മാതൃകകൾ കേരളം സ്വീകരിക്കേണ്ടതാണെന്നായിരുന്നു എന്റെ നിർദ്ദേശം.

3. പ്രകൃതിയോടൊത്ത് നിർമ്മിക്കുക: (Building with Nature) കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ കാണാൻ പോകുന്നത് നമ്മുടെ കടൽത്തീരത്തും മലകളിലും ആണ്. കടലാക്രമണം വർധിക്കും, ജലനിരപ്പ് ഉയരും, വലിയ മഴയും ഉരുൾപൊട്ടലും സർവസാധാരണമാകും. ഇപ്പോഴത്തെ പോലെ കടൽഭിത്തി കെട്ടി സംരക്ഷിക്കുക എന്നത് സമൂഹത്തിന് താങ്ങാൻ പറ്റാതെവരും.

പ്രകൃതിയോടൊത്ത് പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയുടെ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക എന്ന പുതിയ രീതിയാണ് കാലാവസ്ഥാവ്യതിയാനം കൊണ്ട് ഏറെ ബുദ്ധിമുട്ടാൻ പോകുന്ന രാജ്യങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

ഈ മേഖലയിലെ സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്നത് നെതർലാൻഡ് ആണ്. അവർ അമേരിക്കയിലും വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ഉൾപ്പെടെ ധാരാളം രാജ്യങ്ങളിൽ ഇത് പ്രചരിപ്പിക്കുന്നുമുണ്ട്. കേരളത്തിൽ ഇതിന്റെ സാദ്ധ്യതകൾ പഠിക്കാനും ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കണം. നമ്മുടെ എഞ്ചിനീർമാരെ പഴഞ്ചൻ കോൺക്രീറ്റിൽ നിന്നും മോചിപ്പിക്കുകയും വേണം.

2. ജലത്തിന് വികസിക്കാൻ സ്ഥലം കൊടുക്കുക: (Making Space for Water) ലോകത്ത് എല്ലായിടത്തും തന്നെ നഗരങ്ങൾ ഉണ്ടായത് കടൽത്തീരത്തോ നദിയുടെ തീരത്തോ ആണ്. മനുഷ്യന്റെ ആവശ്യത്തിനു വേണ്ടി നദിയെ ഭിത്തികൾക്കുള്ളിൽ ഒതുക്കി, കടലിനെ മതിൽ കെട്ടി തടഞ്ഞുനിറുത്തി അതിന്റെ പുറകിലാണ് മനുഷ്യൻ നഗരങ്ങളും വികസനവും ഉണ്ടാക്കിയത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ പുതിയ ലോകത്ത് വെള്ളത്തെ തടഞ്ഞുനിർത്താൻ ഇന്നത്തെ മതിലുകൾ പോരാതെവരും. ഇത് പതുക്കെ നമുക്ക് വേണമെങ്കിൽ ഉയർത്തിക്കൊണ്ടുവരാം. പ്രകൃതിയോടുള്ള ഈ മത്സരത്തിൽ മനുഷ്യൻ തോൽക്കുകയെ ഉള്ളു, സംശയമില്ല.

അതിനാൽ വർഷത്തിലൊരിക്കലോ പല വർഷങ്ങളിലൊരിക്കലോ വർദ്ധിച്ചുവരുന്ന വെള്ളത്തിന് കയറിക്കിടക്കാൻ കുറച്ച് സ്ഥലം ബാക്കിവെക്കുക എന്ന തന്ത്രമാണ് ലോകം പുതിയതായി ആസൂത്രണം ചെയ്യുന്നത്. നഗരത്തിനു മുൻപ് നദിക്ക് വികസിക്കാൻ തണ്ണീർത്തടങ്ങൾ ബാക്കിവെക്കുക, നഗരത്തിനടുത്ത് നദിക്കരയിൽ പാർക്കുകളും ഫുട്ബോൾ ഗ്രൗണ്ടും നടപ്പാതകളും ഒരുക്കി ജനങ്ങളെ അല്പം പിന്നിലേക്ക് മാറ്റുക എന്നതൊക്കെയാണ് പുതിയ രീതി.

ഒന്നോരണ്ടോ ദിവസമോ കൂടിയാൽ ഒരാഴ്ചയോ കിടന്നിട്ട് വെള്ളം അതിന്റെ വഴിക്ക് പോകും. കയറിയ വെള്ളം ഈ സമയംകൊണ്ട് ഭൂഗർഭജലത്തെ ഉയർത്തും, കരയിലെ ഫലഫൂയിഷ്ടത കൂടും. വെള്ളത്തിന് കയറിക്കിടക്കാൻ ഇടം നൽകുന്ന വികസനമേ നിലനിൽക്കുകയുള്ളൂ.

1. സ്ഥലവിനിയോഗത്തിന്റെ പ്ലാനിംഗ്: (Landuse Planning) കേരളത്തിന്റെ വികസനത്തെ ഇപ്പോൾ മുരടിപ്പിക്കുന്നതിന്റെ ഒന്നാമത്തെ കാരണം നമ്മുടെ സ്ഥലവിനിയോഗത്തിലുള്ള നിയന്ത്രണം ഇല്ലായ്മയാണ്. ഇതിന്റെ ഫലമായി നമ്മുടെ ഭൂമിയെ തുണ്ടുതുണ്ടാക്കി അത് വിറ്റും വാങ്ങിയും നമ്മുടെ പണം മുഴുവൻ നാം ഭൂമിയിൽ നിക്ഷേപിച്ചിരിക്കുകയാണ്.

കേരളത്തിന് ഭൂമിയുടെ കുറവുണ്ട് എന്ന മിഥ്യാധാരണ എങ്ങനെയോ വന്നുപെടുകയും ചെയ്തിരിക്കുന്നു. വാസ്തവത്തിൽ സ്ഥിതി മറിച്ചാണ്. കൃഷിക്കാണെങ്കിലും വീട് വെക്കാനാണെങ്കിലും നമുക്ക് ഇരുപത് വർഷത്തേക്ക് കുറച്ച് ഭൂമി മതി. ഒരു പതിറ്റാണ്ടിൽ ഇരുപത്തിയഞ്ചു ശതമാനം എന്ന കണക്കിലാണ് കേരളത്തിൽ നഗരവൽക്കരണം.

ഇപ്പോൾത്തന്നെ കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലേറെ നഗരത്ത

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+