ഡാമുകള്‍ ഒറ്റയടിക്ക് തുറന്നുവിട്ട മഹാ തെറ്റുകള്‍ വിവാദ പ്രളയമാകും മുമ്പ് പി കെ ശശിയെ രംഗത്തിറക്കിയ ബുദ്ധികൂര്‍മ്മതയെ സ്തുതിക്കണം. ശരിക്കും ഇപ്പോള്‍ ആരാണ് ശശി ? പി കെ ശശിയോ പൊതുജനങ്ങളോ മാധ്യമങ്ങളോ ? 

കിരണ്‍ജി
Friday, September 7, 2018

പൊടുന്നനെ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വന്നു പതിച്ച ഒരു രാഷ്ട്രീയ ന്യൂന മര്‍ദ്ദമാണ് പി കെ ശശി വിവാദം. അത് വന്നത് പി ബി ഉള്‍ക്കടലില്‍ നിന്നാണ്. ഒന്നുമറിയാതെ സി പി എം വലിയൊരു പേമാരി കേരളത്തിലേക്ക് തുറന്നു വിടുമെന്ന് ആലോചിക്കാനേ വയ്യ.

അങ്ങനെ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗമാണ് സി പി എം എന്ന് ചിന്തിക്കാനേ പാടില്ല. അതും സൈദ്ധാന്തിക ഗുണമുള്ള പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയില്‍ നിന്ന്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇത് സി പി എം അറിഞ്ഞുകൊണ്ട് തന്നെ പുറത്തുവിട്ട ഒരു ഭൂതമാണെന്ന് കരുതണം.

അതിന് കാരണം വേണമല്ലോ ? 500 ഓളം പേരുടെ ജീവനും 40000 ത്തോളം കോടിയുടെ വേറെ നഷ്ടങ്ങളും ഉണ്ടാക്കിയ പ്രളയം ഡാമിന്റെ രൂപത്തില്‍ സര്‍ക്കാരിനെ തിരിഞ്ഞു കുത്തുന്നത് ഒഴിവാക്കണം. അങ്ങനൊരു സംശയം സി പി എമ്മിനെ അറിയുന്നവര്‍ക്ക് ഇല്ലാ(തില്ലാ)തില്ല !!

മഹാദുരന്തമായി മാറിയ പ്രളയത്തിന് കാരണം 33 ഡാമുകള്‍ ഒറ്റയടിക്ക് തുറന്നു വിട്ടതാണെന്ന കിംവദന്തി നാടാകെ പാട്ടായപ്പോള്‍ അത് പണിയായി മാറുമെന്ന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാകുമോ ? മാധവ് ഗാഡ്ഗിലും ഇ ശ്രീധരനും മറ്റ്‌ വിദഗ്ധരുമായി സര്‍ക്കാരിനെതിരെ ഹിമാലയന്‍ രൂപത്തില്‍ ആഞ്ഞടിച്ച വിമര്‍ശനങ്ങളെ അപ്പാടെ തുരത്താന്‍ പോന്ന വജ്രായുധമായി പി കെ ശശി.

ഏറ്റവും സേഫായ വിവാദം. പരാതി കോടതിയുടെയോ പോലീസിന്റെയോ മുന്നിലില്ല. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കാന്‍ സംഭവം സി പി എം പീഡനമായതിനാല്‍ സാധ്യതയില്ല. വാദിയും പ്രതിയും ഒരേ പാര്‍ട്ടിക്കാര്‍ തന്നെയായതിനാല്‍ ആവശ്യം കഴിയുമ്പോള്‍ ബലൂണ്‍ കാറ്റഴിച്ചു വിടുംപോലെ വിവാദങ്ങള്‍ അവസാനിപ്പിക്കാനും എളുപ്പം.

അതിനിടെ പ്രളയവും ഡാം തുറന്നുവിട്ട വിവാദങ്ങളുമൊക്കെ ആറേ പോയി അറബിക്കടലില്‍ പതിക്കുകയും ചെയ്തു. ആപത്ത് കിലോമീറ്ററുകള്‍ക്കപ്പുറം ഉറഞ്ഞു കൂടുന്നത് കാണുമ്പോഴേ അതിന് തടയിടാനുള്ള മിടുക്ക് ഈ പാര്‍ട്ടിക്കുണ്ട്. അതിനാലാണ് ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ലെന്ന് സാക്ഷാല്‍ പിണറായി തന്നെ പറയുന്നത്.

ഈ ഗ്യാപ്പില്‍ മന്ത്രിമാരൊക്കെ സര്‍ക്കാര്‍ ചിലവില്‍ ഉലകം ചുറ്റി കറങ്ങിയടിച്ച് വരും. മന്ത്രി രാജു ജര്‍മ്മനിയില്‍ പോയി വന്നു പറഞ്ഞ വിവരങ്ങള്‍ കേട്ടപ്പോഴേ സഹപ്രവര്‍ത്തകര്‍ക്ക് തോന്നിയതാണ് നമുക്കും പോകണമെന്ന്. അങ്ങനെ ആ ആഗ്രഹവും അങ്ങ് സാധിച്ചു. ഇനി മടങ്ങി വരും വരെ പി കെ ശശി വേണം ഇതൊക്കെ കൈകാര്യം ചെയ്യാന്‍.  മന്ത്രി രാജുവിന്‍റെ ജര്‍മ്മന്‍ യാത്രയൊക്കെ നിസാരമായി ഒതുക്കി.

ഇതിനിടയില്‍ വെള്ളപ്പൊക്കത്തിനിടെ സ്വന്തം കുടുംബാംഗങ്ങളും വീടും വെള്ളത്തില്‍ മുങ്ങി കിടക്കുമ്പോഴും അതൊന്നും നോക്കാന്‍ നില്‍ക്കാതെ ജോലിയാണല്ലോ വലുതെന്നു വിചാരിച്ച് ഒരാഴ്ചയോളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഊണും ഉറക്കവും ഉപേക്ഷിച്ച് നടന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഒരു വീതം പിടിച്ചെടുക്കാന്‍ നോക്കിയെന്നു പറഞ്ഞ് അടുത്ത വിവാദം.

പക്ഷേ, പത്രക്കാര്‍ക്ക് ഇവിടെ ശശി മഹാമേരുവായി തിളങ്ങി നില്‍ക്കുമ്പോള്‍ എന്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദാരിദ്ര്യവും. അതോടെ ശശിയുടെ ചിലവില്‍ ആ വിഷയവും കൈകാര്യം ചെയ്തു. ഇതൊക്കെ കാണുമ്പോള്‍ സത്യത്തില്‍ ആരാണ് ശശി ? എന്നാണ് തോന്നുന്നത്. പി കെ ശശിയോ അതോ പൊതുജനം ശശിയോ ?

×