വിമര്‍ശനവും സ്വയംവിമര്‍ശനവും; ഒരു സോഷ്യലിസ്റ്റ്‌ റിപ്പബ്‌ളിക്‌ എന്ന ക്ഷേമരാഷ്ട്രസങ്കല്‌പം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭരണാധികാരികള്‍ ഈ ആന്തരിക നവീകരണപ്രക്രിയക്ക്‌ വിധേയരാവണം

എസ് പി നമ്പൂതിരി
Friday, December 29, 2017

‘മനുഷ്യധര്‍മ്മങ്ങളില്‍ ഏറ്റവും ദിവ്യമായത്‌ പശ്‌ചാത്താപമാണ്‌. ‘
– കാര്‍ലൈല്‍

തെറ്റുപറ്റാത്ത മനുഷ്യരില്ല. പ്രസ്ഥാനങ്ങളുമില്ല. വിമര്‍ശനങ്ങള്‍ സമചിത്തതയോടെ സ്വീകരിക്കുകയും സ്വയം വിമര്‍ശനത്തിനു വിധേയമാവുകയും ചെയ്യുമ്പോഴാണ്‌ തെറ്റുതിരുത്താന്‍ കഴിയുന്നത്‌.

കാര്‍ലൈല്‍ പറയുമ്പോലുള്ള ഒരു ദിവ്യധര്‍മ്മം അപ്പോള്‍ പ്രവര്‍ത്തനനിരതമാവും-പശ്‌ചാത്താപം. ഇപ്പോള്‍ ഇതോര്‍മ്മിക്കാന്‍ കാരണം ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു പ്രസ്‌താവനയാണ്‌. ഇക്കൊല്ലം ഡിസംബര്‍ ആറാംതീയതി അദ്ദേഹം ഇങ്ങനെ പ്രവചിച്ചു.

മുഖ്യമന്ത്രിസ്ഥാനംപോലുള്ള ഒരു ഭരണഘടനാപദവി അലങ്കരിക്കുന്ന ഒരു സന്ന്യാസിവര്യന്റെ വെളിപ്പെടുത്തലുകളാണ്‌ ഇതെന്ന പ്രാധാന്യം നാമതിന്‌ കൊടുക്കണമല്ലോ. ഒരു ഭരണാധികാരിയുടേയും രാഷ്ട്രീയനേതാവിന്റെയും ആത്മീയാചാര്യന്റെയും പദവികള്‍ ഒരേസമയം കൈയ്യാളുന്ന ഒരാളാണദ്ദേഹം.

രാഷ്ട്രീയധികാരവും ഒരു മതാദ്ധ്യക്ഷന്റെ ആത്മീയശക്തിയും ലയിച്ചിണങ്ങുന്നതിന്റെ ഗുണദോഷങ്ങള്‍ ചരിത്രകാരന്മാര്‍ പഠനവിഷയമാക്കിയിട്ടുണ്ട്‌.

യോഗി ആദിത്യനാഥ്‌: ‘……………1992-ല്‍ ഇതേ ദിവസമാണ്‌ ഹൈന്ദവശക്തികളുടെ കരുത്ത്‌ ലോകത്തിന്‌ കാണിച്ചുകൊടുത്തത്‌. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന ഹൈന്ദവശക്തി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു………’

ഈ ദേവാലയദ്ധ്വംസനത്തെത്തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ മരിച്ചുവീണത്‌ രണ്ടായിരത്തില്‍പരം മനുഷ്യാത്മാക്കളാണ്‌. പരുക്കേറ്റവരുടെ കണക്കുപോലും രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈരാജ്യത്തിന്റെ ധനമാനാദികളില്‍ സംഭവിച്ച ആഘാതങ്ങള്‍ വിലയിരുത്താന്‍ പോലുമാവില്ല. ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്ന മതേതരത്വമാണിവിടെ തകര്‍ന്നടിഞ്ഞത്‌.

‘ലോകാസമസ്‌താസുഖിനോഭവന്തു’ എന്ന സന്ദേശം ലോകസമക്ഷമവതരിപ്പിച്ച ആര്‍ഷഭാരതസംസ്‌കാരത്തിനു യോജിച്ചതാണോ ഈ ദേവാലയധ്വംസനവും മനുഷ്യക്കുരുതിയും? ഈ യോഗി സ്വപ്‌നം കാണുന്ന ഹൈന്ദവനവോത്ഥാനം ഇത്തരം സംഹാരകൃത്യങ്ങളാണോ? പ്രാണിഹിംസപോലും മഹാപാപമായിക്കാണുന്ന ഒരു സംസ്‌കാരത്തിന്റെ പ്രാതിനിധ്യമവകാശപ്പെടുന്ന ഒരു സന്ന്യാസിശ്രേഷ്‌ഠനാണ്‌ ഈ മനുഷ്യക്കുരുതിയെ പ്രകീര്‍ത്തിക്കുന്നത്‌, ന്യായീകരിക്കുന്നത്‌.

രാഷ്ട്രീയാധികാരം നേടിയെടുക്കുന്നതിനുള്ള ഒരു കുറുക്കുവഴിയായിട്ടാണ്‌ ഈ മസ്‌ജിദ്‌ സംഹാരത്തെ ഹൈന്ദവയാഥാസ്ഥിതികത്വം കണ്ടത്‌. അതിനു പശ്‌ചാത്തലം ഒരുക്കാന്‍ മതവികാരങ്ങള്‍ ആളിക്കത്തിച്ചു. അന്നും വാജ്‌പേയിയെപ്പോലുള്ള വിവേകശാലികള്‍ ഈ ദേവാലയധ്വംസനത്തില്‍ ദു:ഖിതരായിരുന്നു.

ഈ പുരാതനമായ മുസ്‌ളീം ദേവാലയം സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്ന്‌ അന്നേ അദ്ദേഹം പറഞ്ഞതാണ്‌. ഈ പള്ളി പൊളിച്ചതിനേക്കുറിച്ച്‌ അന്വേഷണം നടത്തിയ കമ്മീഷന്‍ കണ്ടെത്തിയ അറുപത്തിയെട്ടു കുറ്റവാളികളിലൊരാളാണ്‌ വാജ്‌പേയി. പരമമായ ദിവ്യധര്‍മ്മമെന്ന്‌ കാര്‍ലൈന്‍ വിശേഷിപ്പിച്ച പശ്‌ചാത്താപം അനുഭവിച്ച ആളാണ്‌ വാജ്‌പേയ്‌. അന്നുമിന്നും ഈ യോഗിയെപ്പോലുള്ളവരുടെ നേതാവാണദ്ദേഹം.

‘തെറ്റുപറ്റുന്നത്‌ മനുഷ്യസഹജം-പൊറുക്കുന്നത്‌ ദൈവികം’ എന്ന ഷേക്‌സ്‌പിയര്‍ വാക്യം കവിയായ വാജ്‌പേയിയെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടാണദ്ദേഹം സഹപ്രവര്‍ത്തകരോടും അനുയായികളോടും ക്ഷമിച്ചത്‌. പതിനാറുഭാഷകളില്‍ പാണ്ഡിത്യമുള്ള നരസിംഹറാവു ആണ്‌ അന്ന്‌ പ്രധാനമന്ത്രി. അതിലേതെങ്കിലുമൊരു ഭാഷയില്‍ പള്ളിപൊളിക്കരുതെന്ന്‌ പറയാന്‍ അദ്ദേഹവും തയ്യാറായില്ല. ആ ദിവസം മുഴുവന്‍ അദ്ദേഹം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ആയിരുന്നത്രേ.

കുറ്റകരമായ അനാസ്ഥയെന്ന്‌ ഇതിനെ വിശേഷിപ്പിച്ചാല്‍ അതൊരു വല്ലാത്ത ലളിതവല്‍ക്കരണമായിപ്പോകും. ഇതൊക്കെ രാഷ്ട്രീയതന്ത്രങ്ങളുടെ ഭാഗമാണ്‌. ഇന്നും രാമക്ഷേത്രനിര്‍മ്മാണത്തേക്കാള്‍ ഈ വിഷയത്തിന്റെ വൈകാരികത സജീവമായി നിലനിര്‍ത്തുകയും അതിന്റെ തണലില്‍ ഭരണാധികാരം സംരക്ഷിക്കുകയും ആണ്‌ ലക്ഷ്യം.

വാസ്‌തവത്തില്‍ മതേതരരാഷ്ട്രം എന്ന നമ്മുടെ ഭരണഘടനാസങ്കല്‌പമല്ലേ ആ ദേവാലയത്തോടൊപ്പം തകര്‍ക്കപ്പെട്ടത്‌? അതില്‍ ദു:ഖിക്കുന്നുവെന്നും പശ്‌ചാത്തപിക്കുന്നുവെന്നും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയെന്ന നിലക്ക്‌ അതില്‍ മാപ്പപേക്ഷിക്കുന്നുവെന്നും പറയാനുള്ള ഹൃദയവിശാലതയല്ലേ യോഗിയെന്നറിയപ്പെടുന്ന ആ മുഖ്യമന്ത്രി ചെയ്യേണ്ടത്‌?

ക്ഷേത്രം-ഒരു പ്രതീകം മാത്രം


ക്ഷേത്രമെന്നാലെന്താണെന്ന്‌ യോഗേശ്വരനായ കൃഷ്‌ണന്‍ ഗീതയില്‍ അര്‍ജുനന്‌ വിശദീകരിച്ചുകൊടുത്തിട്ടുണ്ട്‌. താഴെപ്പറയുന്ന ഗീതാവാക്യത്തിന്റെ പൊരുള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ യോഗിയേപ്പോലുള്ളവര്‍ ഇത്തരം പ്രസ്‌താവനകള്‍ നടത്തുമായിരുന്നില്ല.

‘ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ’
(ഭഗവല്‍ഗീത)
(അല്ലയോ അര്‍ജ്ജുനാ! ഈ ശരീരംതന്നെയാണ്‌ ക്ഷേത്രമെന്ന പേരില്‍ അറിയപ്പെടുന്നത്‌.)

ശരീരത്തില്‍ കുടികൊള്ളുന്ന ആന്തരികചൈതന്യമാണ്‌ ഈശ്വരന്‍. ദൈവത്തിന്റെ പേരില്‍ കാണുന്ന മറ്റെല്ലാം വെറും പ്രതീകങ്ങള്‍ മാത്രം. ‘അഹം ബ്രഹ്‌മാസ്‌മി’ എന്ന വേദസൂക്തവും ഇതുതന്നെയാണ്‌ വ്യക്തമാക്കുന്നത്‌-ഞാന്‍ തന്നെയാണ്‌ പരബ്രഹ്‌മം. ഈ പരബ്രഹ്‌മതത്വം ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സിംബലുകള്‍ മാത്രമാണ്‌ ദേവാലയങ്ങളും വിഗ്രഹങ്ങളുമൊക്കെയും.

ഈശ്വരസാക്ഷാല്‍ക്കാരത്തിനുവേണ്ടിയുള്ള മനുഷ്യന്റെ വിജ്‌ഞാനാര്‍ജ്ജനയാത്രയില്‍ ദേവാലയങ്ങള്‍ നേഴ്‌സറിസ്‌കൂളുകള്‍ മാത്രമാണെന്ന്‌ വിവേകാനന്ദനെപ്പോലുള്ള ഭാരതീയാചാര്യന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്‌. ആദിത്യനാഥിനേപ്പോലുള്ള ആധുനികയോഗികള്‍ ഇവയൊക്കെ മനസ്സിരുത്തി പഠിക്കണം.

‘മനപ്രസാദം കുരുതേ
തദേവേശ്വരപൂജയാ’
(ഭാഗവതം)

(മറ്റുള്ളവര്‍ക്ക്‌ മനപ്രസാദമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയാണ്‌ -അതുമാത്രമാണീശ്വരപൂജ.)

മാനവസേവതന്നെയാണ്‌ മാധവസേവയെന്ന്‌ ശ്രീകൃഷ്‌ണകഥാമൃതം വ്യാഖ്യാനിച്ചിട്ടുള്ള ഭാരതീയാചാര്യന്മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌. ഇതൊന്നും അറിയാത്ത ആളല്ലല്ലോ സന്ന്യാസിശ്രേഷ്‌ഠനായ യോഗി ആദിത്യനാഥ്‌. ഒരു വിഭാഗം ജനങ്ങളുടെ ഈശ്വരാര്‍പ്പണചിന്തകളില്‍ മുറിവേല്‍പ്പിച്ചുകൊണ്ടല്ലേ ആ പള്ളി തകര്‍ന്നടിഞ്ഞത്‌?

അവരുടെ ജീവിതക്ഷേത്രത്തെ തച്ചുതകര്‍ത്തതിന്‌ വൈകിയാണെങ്കിലും ആ സംസ്ഥാനത്തെ മുഖ്യമന്ത്രി രാജ്യത്തോട്‌ മാപ്പപേക്ഷിക്കുകയല്ലേ അഭികാമ്യം? ആര്യന്മാരെയെന്നപോലെ ജൂതന്മാരേയും ക്രിസ്‌ത്യാനികളേയും മുഹമ്മദീയരേയും ഹൃദയപൂര്‍വ്വം സ്വീകരിച്ച വിശാലമനസ്ഥിതിയല്ലേ, നമ്മുടെ പൈതൃകം.

‘ആത്മവത്‌ സര്‍വ്വഭൂതേഷു’ (സര്‍വ്വജീവജാലങ്ങളേയും സ്വന്തം ആത്മാവിനേപ്പോലെ കാണണം)

ഈ ഭാരതീയദര്‍ശനത്തോട്‌ ആദരവുണ്ടെങ്കില്‍ യോഗി ആദിത്യനാഥ്‌ ആയിരങ്ങള്‍ മരിക്കാനിടയായ ദേവാലയധ്വംസത്തിന്‌ മാപ്പപേക്ഷിക്കുകയല്ലേ വേണ്ടത്‌? മാപ്പപേക്ഷിക്കുന്നില്ലെന്നു മാത്രമല്ല, ഹൈന്ദവശക്തി ഉണര്‍ന്നിരിക്കുകയാണെന്നു പറഞ്ഞ്‌ ആ ദേവാലയധ്വംസനത്തെമഹത്വവല്‍ക്കരിക്കുകയാണ്‌ ചെയ്യുന്നത്‌.

മതം-വിവേകാനന്ദവീക്ഷണത്തില്‍


ഗാന്ധിജിയേയും വിവേകാനന്ദനേയും കടമെടുക്കാനും അവരുടെ പ്രശസ്‌തിയുടെ തണലില്‍ സ്വന്തം സങ്കുചിതതാല്‌പര്യങ്ങളെ നട്ടുവളര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന യോഗി ആദിത്യനാഥിനേപ്പോലുള്ളവര്‍ മനസ്സിലാക്കുന്നതിനുവേണ്ടി വിവേകാനന്ദന്റെ രണ്ട്‌ ഉദ്ധരണികള്‍ താഴെക്കൊടുക്കുന്നു:

ഒന്ന്‌: മതം ഗ്രന്ഥങ്ങളിലല്ല; ദേവാലയങ്ങളിലല്ല; അത്‌ സാക്ഷാല്‍ അനുഭവമാണെന്ന്‌ മനസ്സിലാക്കുമ്പോള്‍ മാത്രമെ മതകാര്യങ്ങളിലുള്ള തര്‍ക്കങ്ങളും കലഹങ്ങളും അവസാനിക്കജകയുള്ളു. മതത്തെ ആചാരമായി മാത്രം കാണുന്നവരും അതിന്റെ യഥാര്‍ത്ഥ അനുഭവം കൈവരാത്തവരുമാണ്‌ മതത്തിന്റെ പേരില്‍ കലഹങ്ങള്‍ക്കൊരുങ്ങുന്നത്‌.

രണ്ട്‌: വേദങ്ങളോ ബൈബിളോ ഖുറാനോ ഇല്ലാത്ത ഒരു ലോകത്തിലേക്ക്‌ മനുഷ്യരാശിയെ നയിക്കുകയാണ്‌ വേണ്ടത്‌. ഇതു ചെയ്യേണ്ടത്‌ വേദങ്ങളേയും ബൈബിളിനേയും ഖുറാനെയും സമന്വയിപ്പിച്ചുകൊണ്ടാണ്‌. ഏകത്വമെന്ന മതത്തിന്റെ വ്യത്യസ്‌തപ്രകാശധാരകള്‍ മാത്രാമണ്‌ മതങ്ങളെന്ന്‌ മനുഷ്യരാശിയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയെന്ന നിലക്ക്‌ ഒരു സമുന്നതഭരണഘടനാപദവി വഹിക്കുന്നയാളാണ്‌ യോഗി ആദിത്യനാഥ്‌. സന്ന്യാസിയെന്ന നിലക്ക്‌ ആദ്ധ്യാത്മികമണ്ഡലത്തിലും തലപ്പൊക്കമുള്ള ഒരാശ്രമമേധാവിയാണ്‌ അദ്ദേഹം. വിവേകാനന്ദദര്‍ശനം ആത്മസാല്‍ക്കരിക്കാന്‍ ഈ യോഗി തയ്യാറാവുന്ന പക്ഷം ബാബറിമസ്‌ജിദ്‌ പൊളിച്ചതിനും തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ക്കും രാഷ്ട്രത്തോട്‌ മാപ്പപേക്ഷിക്കേണ്ടിവരും-ഭരണാധികാരിയെന്ന നിലയിലും ആത്മീയാചാര്യനെന്ന നിലയിലും. ഇതൊരു പുതിയകാര്യമൊന്നുമല്ല. പല ഭരണാധികാരികളും ഇത്തരം പശ്‌ചാത്താപപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്‌.

ഇപ്പശ്‌ചാത്താപമേ പ്രായശ്‌ചിത്തം


ലണ്ടനില്‍ മഹാത്മജിയുടെ പേരില്‍ ഒരു തെരുവും ആ തെരുവിന്റെ തലക്കല്‍ ഗാന്ധിജിയുടെ ഒരു പ്രതിമയുമുണ്ട്‌ (ആ പ്രതിമ സന്ദര്‍ശിക്കാനും പ്രതിമക്കു മുന്നില്‍ നിന്ന്‌ ആ മഹാത്മാവിന്‌ ആദരാഞ്‌ജലികളര്‍പ്പിക്കാനും എനിക്കവസരം ലഭിച്ചിട്ടുണ്ട്‌.) ഈ പ്രതിമയുടെ അനാച്ഛാദനകര്‍മ്മം നിര്‍വ്വഹിച്ചത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയാണ്‌. അന്നദ്ദേഹം പ്രസംഗമധ്യേ പറഞ്ഞു:

‘ഈ മഹാത്മാവിനെ ദക്ഷിണാഫ്രിക്കയില്‍ വച്ച്‌ നമ്മുടെ പ്രതിനിധികള്‍ ശാരീരികമായിപ്പോലും പീഡിപ്പിച്ചിട്ടുണ്ട്‌. ഈ പ്രതിമാസ്ഥാപനംകൊണ്ടു മാത്രം അതിനൊരു പരിഹാരമാവില്ല. ഇനിയദ്ദേഹത്തിന്റെ ജീവിതം പഠിക്കുകയും ആദര്‍ശങ്ങളുള്‍ക്കൊള്ളുകയും മാത്രമാണൊരു പോംവഴി.’

ദക്ഷിണാഫ്രിക്കയില്‍ വച്ച്‌ ഗാന്ധിജിയെ ട്രെയിനില്‍നിന്ന്‌ കഴുത്തിന്‌ പിടിച്ച്‌ പ്‌ളാറ്റ്‌ഫോമിലേക്ക്‌ തള്ളിയിട്ട സംഭവത്തെ അനുസ്‌മരിച്ചാണദ്ദേഹം സംസാരിച്ചത്‌. ലണ്ടന്‍ നഗരസഭയുടെ മേയര്‍ ജാലിയന്‍ വാലാബാഗ്‌ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം അവിടെ ആ രക്തസാക്ഷിസ്‌മാരകത്തില്‍ മുട്ടുകുത്തിനിന്ന്‌ പ്രാര്‍ത്ഥിക്കുകയുണ്ടായി.

ഈ അതിക്രമത്തിന്‌ ബ്രിട്ടീഷ്‌ ജനതക്കുവേണ്ടി മാപ്പപേക്ഷിക്കുന്നുവെന്നും അതില്‍ പശ്‌ചാത്താപം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സാര്‍വ്വദേശീയരംഗത്ത്‌ ഇത്തരം നിരവധി ക്ഷമാപണങ്ങള്‍ നടന്നിട്ടുണ്ട്‌.

ബ്രിട്ടീഷ്‌-കനേഡിയന്‍-ജാപ്പനീസ്‌-ന്യൂസിലന്റ്‌-ഭരണത്തലവന്മാര്‍ ഓരോ സന്ദര്‍ഭങ്ങളില്‍ നടത്തിയ അതിക്രമങ്ങളില്‍ പില്‍ക്കാലത്ത്‌ അപരാധബോധത്താല്‍ ക്ഷമായാചനം ചെയ്‌ത ചരിത്രമുണ്ട്‌.

ഇവിടെ കേരളത്തിലാണെങ്കില്‍ നമ്മുടെ മുഖ്യമന്ത്രി നടത്തിയ ക്ഷമായാചനം ചെറിയതോതിലാണെങ്കിലും ഒരു ഉജ്വലമാതൃകയാണ്‌. തമിഴ്‌നാട്ടുകാരനായ ഒരു തൊഴിലാളി തക്കസമയത്ത്‌ ചികിത്സ കിട്ടാതെ കേരളത്തില്‍ വച്ച്‌ മരിച്ച സംഭവത്തില്‍ ആതൊഴിലാളികുടുംബത്തോട്‌ അദ്ദേഹം മാപ്പപേക്ഷിച്ചു-സഹായധനവും നല്‍കി. കേരളത്തിലെ ചില ആശുപത്രികളിലെ അശ്രദ്ധകള്‍ക്കാണ്‌ മുഖ്യമന്ത്രി മാപ്പിരന്നത്‌.

സംഭവത്തെക്കുറിച്ച്‌ വകുപ്പുതല അന്വേഷണമുണ്ടാവുമെന്നും മേലില്‍ ഇത്തരം സംഭവങ്ങളാവര്‍ത്തിക്കാതിരിക്കാന്‍ തക്ക നടപടികള്‍ സ്വീകരിക്കുമെന്നുമൊക്കെപ്പറഞ്ഞ്‌ അദ്ദേഹത്തിന്‌ ആ അദ്ധ്യായം അവസാനിപ്പിക്കാമായിരുന്നു.

അത്തരംനടപടികള്‍ സ്വീകരിച്ചുവെന്നുമാത്രമല്ല അതിനും പുറമേ പരസ്യമായി മാപ്പിരക്കുകയും ചെയ്‌തു. അത്‌ ശ്രീ. പിണറായി വിജയന്റെ ഹൃദയവിശാലതയാണ്‌- ഹൃദയശോഭയാണ്‌. ആസൂത്രണം ചെയ്‌തു നടപ്പാക്കിയ ഈ ദേവാലയ സമുച്ചയത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ ഈ തമിഴ്‌ തൊഴിലാളിയുടെ മരണം യാദൃച്ഛികമായ ഒരു നിസ്സാരസംഭവമാണ്‌. മുഖ്യമന്ത്രിക്ക്‌ ഇതില്‍ ഒരു പങ്കുമില്ല.

അദ്ദേഹം ധാര്‍മ്മികഉത്തരവാദിത്വമേറ്റെടുത്ത്‌ ഖേദം പ്രകടിപ്പിക്കുകയാണുണ്ടായത്‌ ദേവാലയധ്വംസനത്തിനു നേതൃത്വംകൊടുത്ത പാര്‍ട്ടിയുടെ പ്രതിനിധിയായ യു.പി. മുഖ്യമന്ത്രിയുടെ കഥ അങ്ങനെയല്ല. ഇന്ത്യന്‍ഭരണഘടനയുടെ മതേതരസ്വഭാവമുള്‍ക്കൊള്ളാന്‍ അദ്ദേഹം തയ്യാറാവണം. തയ്യാറായാല്‍ അദ്ദേഹം ക്ഷമാപണസന്നദ്ധനാവും.

ഇന്ത്യന്‍ഭരണഘടനയയില്‍ നിന്ന്‌ മതേതരമെന്ന പദം നീക്കം ചെയ്യണമെന്ന്‌ ഒരു കേന്ദ്രമന്ത്രി പ്രസ്‌താവിക്കുകയും തുടര്‍ന്ന്‌ പാര്‍ലമെന്റിനകത്തും പുറത്തും ഇതേച്ചൊല്ലി വാദകോലാഹലങ്ങള്‍ നടക്കുകയും ചെയ്യുന്ന പശ്‌ചാത്തലത്തില്‍ ഈ ക്ഷമാപണം പ്രത്യേകപ്രാധാന്യമര്‍ഹിക്കുന്നു.

മുഖ്യമന്ത്രി ക്ഷമാപണസന്നദ്ധനായാല്‍ ബുദ്ധമതാനുയായി ആയ അശോകചക്രവര്‍ത്തിയെക്കുറിച്ച്‌ അദ്ദേഹത്തിന്‌ പഠിക്കേണ്ടിവരും അശോകന്റെ സര്‍വ്വമതസമഭാവന അദ്ദേഹത്തിന്‌ ഒരു പുതിയവെളിച്ചമായിത്തീരും.

അശോകസ്‌തംഭവും ബഹുസ്വരതയും


അശോകചക്രാങ്കിതമാണ്‌ നമ്മുടെ ദേശീയപതാക. അശോകസ്‌തംഭം ഇന്ത്യയുടെ ദേശീയചിഹ്‌നമാണ്‌. ഇതെങ്ങിനെ സംഭവിച്ചു? ഇന്ത്യഭരിച്ചിറങ്ങിപ്പോയ നിരവധി ചക്രവര്‍ത്തിമാരില്ലേ? എന്തുകൊണ്ട്‌ അശോകനെ മാതൃകയാക്കി? ബുദ്ധമതം സ്വീകരിച്ച ഒരു രാജാവായിരുന്നു അശോകന്‍.

ബുദ്ധമതപ്രചരണം അദ്ദേഹത്തിനൊരു ലഹരിപോലെയായിരുന്നു. അതോടൊപ്പം മതസഹിഷ്‌ണുതയിലും, വിശ്വമാനവികതയിലും സര്‍വ്വമതസമഭാവനയിലും അദ്ദേഹം പ്രതിജ്‌ഞാബദ്ധനായിരുന്നു. ബുദ്ധദര്‍ശനങ്ങളുടെ സാര്‍വ്വലൗകികഃയും സമസൃഷ്ടിസ്‌നേഹവും ഇതിലൊരു പങ്കു വഹിച്ചിരിക്കാം. അദ്ദേഹത്തിന്റെ ശിലാശാസനങ്ങളിലിങ്ങനെ കൊത്തിവച്ചിരിക്കുന്നു:

ഒന്ന്‌: ഐശ്വര്യം പലതരത്തിലും കൈവന്നുവെന്നു വരാം. അതിനെല്ലാം അടിസ്ഥാനകാരണം മനോവാക്‌കര്‍മ്മങ്ങളിലെ ആത്മനിയന്ത്രണമാണ്‌. അതായത്‌ ആക്ഷേപകരമാംവിധം സ്വമതത്തെ പ്രശംസിക്കുകയോ, അന്യമതങ്ങളെ നിന്ദിക്കുകയോചെയ്യാതിരിക്കുക. അതോടൊപ്പം അന്യമതസ്ഥരെ ബഹുമാനിക്കുകയും വേണം. ഇങ്ങനെ ചെയ്യുമ്പോള്‍ സ്വമതസ്ഥരെ ഉയര്‍ത്തുകയും അന്യമതസ്ഥരെസഹായിക്കുകയുമാണ്‌ ചെയ്യുന്നത്‌.

രണ്ട്‌: ഈ രാജ്യത്ത്‌ സര്‍വ്വമതസ്ഥരും സഹവസിക്കണം-സോദരസ്‌നേഹത്തോട സഹവസിക്കണം. കാരണം, തങ്ങളുടെ ആശകളും ഇഷ്ടാനിഷ്ടങ്ങളും എത്രമാത്രം വ്യത്യസ്‌തങ്ങളും ഉച്ചനീചങ്ങളും ആയാലും എല്ലാ ജനങ്ങളും അടിസ്ഥാനപരമായി മനശ്ശുദ്ധിയുള്ളവരാണ്‌.

ഇന്ന്‌ പരിഷ്‌കൃതസമൂഹം മതസൗഹാര്‍ദ്ദത്തേക്കുറിച്ചും മതസഹിഷ്‌ണുതയേക്കുറിച്ചും മുടിനാരിഴകീറിയുള്ള ചര്‍ച്ചകളില്‍ വ്യാപൃതരാവുന്നു.
രണ്ടായിരത്തിമുന്നൂറ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇന്ത്യയിലെ ഒരു ചക്രവര്‍ത്തി നാടുനീളെ സ്ഥാപിച്ച ശിലാശാസനങ്ങളില്‍ നിന്നാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്ന ഉദ്ധരണികള്‍ എടുത്തത്‌.

വാര്‍ത്താവിതരണസംവിധാനങ്ങളൊന്നും നിലവിലില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി ഇത്തരം മഹത്‌വാക്യങ്ങള്‍ കല്ലില്‍ കൊത്തിവച്ച്‌ നാടുനീളെ സ്ഥാപിച്ച അശോകന്‍ എക്കാലവും എല്ലാവര്‍ക്കും പാഠ്യവിഷയമാവേണ്ട ഒരു മഹത്‌വ്യക്തിതന്നെ. അശോകസന്ദേശം യു.പി.മുഖ്യമന്ത്രി ആത്മസാല്‍ക്കരിച്ചാല്‍ അയോധ്യയില്‍ രാമക്ഷേത്രവും ബാബറിമസ്‌ജിദും ഗതകാലപ്രൗഢിയോടെ സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ചു നല്‍കും.

ഒരു ഞെട്ടില്‍ വിരിഞ്ഞ രണ്ടുപൂക്കള്‍പോലെ രണ്ടുദേവാലയങ്ങളും ശോഭയോടെ സഹവസിക്കും. ഇന്നലെയുടെ നന്മകള്‍ സ്വാംശീകരിച്ചുകൊണ്ടാവണം. നാമിന്നിലേക്ക്‌ കാലെടുത്തുവക്കുന്നത്‌. ഇന്നത്തെക്കാള്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു നാളെയിലേക്കാവണം നമ്മുടെ യാത്ര. ഈ വിഷയത്തില്‍ വെളിച്ചം വീശാന്‍ കഴിയുന്ന വയലാറിന്റെ പ്രസിദ്ധമായ രണ്ട്‌ ഈരടികള്‍ ഞാനിവിടെ ഉദ്ധരിക്കട്ടെ.

ചത്ത നൂറ്റാണ്ടിന്‍ ശവം സൂക്ഷിക്കാതതിന്നന്ത-
സ്സത്തയെ സംസ്‌കാരമായ്‌ സിദ്ധവല്‍ക്കരിക്കുവാന്‍
ഒത്തുചേരുക നമ്മളീക്കലാക്ഷേത്ര-
നൃത്ത വേദിയിലിന്നത്തേ കവികളെ

ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളേക്കുറിച്ച്‌ ഈ രീതിയില്‍ സ്വയംവിമര്‍ശനം നടത്തി, തെറ്റുതിരുത്തി മുന്നോട്ടുപോകുന്നവര്‍ക്ക്‌ വന്നുപോയ തെറ്റുകളേക്കുറിച്ച്‌ പശ്‌ചാത്തപിക്കാനോ ക്ഷമായാചനം നടത്താനോ വിഷമമുണ്ടാവില്ല.

വിമര്‍ശനങ്ങളേ സ്‌നേഹ-
പൂര്‍വ്വകം സ്വീകരിക്കുക
സ്വയം വിമര്‍ശനം വേണം
കണ്ടെത്താന്‍ ശരിതെറ്റുകള്‍

സ്വയം വിമര്‍ശനം നല്ലോ-
രാത്മശുദ്ധി പ്രവര്‍ത്തനം
വിമര്‍ശന നെരിപ്പോടി-
ലൂതിക്കാച്ചിയെടുക്കലാം.

×