Advertisment

കുഴഞ്ഞു വീണു മരിക്കുമ്പോൾ.. നമ്മളും ചുറ്റുമുള്ളവരും അതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. നമ്മൾ കുഴപ്പത്തിൽ ആയാൽ അവർക്കേ നമ്മളെ രക്ഷിക്കാൻ കഴിയൂ

author-image
മുരളി തുമ്മാരുകുടി
Updated On
New Update

publive-image

Advertisment

ന്ന് ഒരിക്കൽ കൂടി ആ കാഴ്ച കണ്ടു. ആളുകളുടെ മുന്നിൽ സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നതിന്റെ ചിത്രം. അദ്ദേഹം മരിച്ചുവെന്നാണ് വായിച്ചത്.

ഇത് ആദ്യമായിട്ടല്ല. പത്ര സമ്മേളനത്തിനിടക്കാണ് പ്രൊഫസർ എം എൻ വിജയൻ കുഴഞ്ഞു വീണു മരിച്ചത്. കഥകളിയും നാടകവും ഒക്കെ കളിക്കുന്നതിനിടയിലും ആളുകൾ കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണക്കാർ മാത്രമല്ല നമ്മുടെ മുൻ പ്രസിഡണ്ട് ആയിരുന്ന ഡോക്ടർ അബ്ദുൽ കലാമും അങ്ങനെയാണ് മരിച്ചത്.

നമ്മുടെ മുന്നിൽ, വീട്ടിലോ പൊതു സഥലത്തോ ഒരാൾ കുഴഞ്ഞു വീണാൽ എന്താണ് ചെയ്യേണ്ടതെന്ന് നമ്മളിൽ ബഹുഭൂരിഭാഗത്തിനും അറിയില്ല. അറിഞ്ഞാൽ തന്നെ അത് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാകില്ല. ഇക്കാര്യങ്ങൾ ചെറുപ്പത്തിലേ പഠിപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പോലും ഇത്തരം സാഹചര്യങ്ങളിൽ ചുറ്റുമുള്ളവർ ആരെങ്കിലും ഇടപെട്ട് ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനുള്ള സാധ്യത ഇരുപത് ശതമാനം മാത്രമാണ്.

സംഗതി വാസ്തവത്തിൽ ലളിതമാണ്. കുഴഞ്ഞുവീണ ആളെ അയാൾക്കും നിങ്ങൾക്കും സുരക്ഷിതമായ രീതിയിൽ എവിടെയെങ്കിലും മലർത്തി കിടത്തിയിട്ട് പൾസ് ചെക്ക് ചെയ്യുക, ശേഷം നെഞ്ചത്ത് ഇരു കൈകളും ചേർത്ത് അമർത്തുക. പണ്ടൊക്കെ ഇടക്ക് കൃത്രിമ ശ്വാസം നല്കാൻ കൂടി നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അപരിചിതരുടെ കാര്യത്തിൽ ഇങ്ങനെ ചെയ്യാൻ ആളുകൾ വിമുഖത കാണിക്കുന്നുവെന്നും അതുകൊണ്ടു തന്നെ ആളുകൾ എന്തെങ്കിലും ചെയ്യാൻ മടിക്കുന്നു എന്നും മനസ്സിലായതോടെ ഇപ്പോൾ ആ നിർദ്ദേശം ഇല്ല.

നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് കുഴഞ്ഞു വീഴുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ആളുകളെ രക്ഷിക്കേണ്ടതെന്ന്. കൂടുതൽ പ്രധാനം നമ്മുടെ ചുറ്റും ഉള്ളവർ അത് അറിഞ്ഞിരിക്കുക എന്നതാണ്. കാരണം നമ്മൾ കുഴപ്പത്തിൽ ആയാൽ അവർക്കേ നമ്മളെ രക്ഷിക്കാൻ കഴിയൂ.

ഇത്തരം പരിശീലനങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാകേണ്ടതാണ്. നമ്മുടെ ഓഫിസുകളിലും റെസിഡന്റ്റ് അസോസിയേഷനിലും വർഷത്തിൽ ഒരിക്കലെങ്കിലും ഇത്തരം ക്ലാസുകൾ നടത്തണം. അടുത്ത ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോൾ അന്തം വിട്ടു നോക്കി നിന്നാൽ പിന്നെ ജീവിതകാലം മുഴുവൻ കുറ്റബോധം ഉണ്ടാകും.

ഇപ്പോൾ ഈ വിഷയം പഠിപ്പിക്കാൻ ഒരു നല്ല മൊബൈൽ ആപ്പ് ഉണ്ട്. Lifesaver എന്നാണ് അതിൻറെ പേര്. നിങ്ങൾ അത് തീർച്ചയായും ഡൌൺലോഡ് ചെയ്ത് വീട്ടുകാരെയും കുട്ടികളെയും കാണിച്ചുകൊടുക്കണം. മൊബൈൽ ഫോൺ വച്ച് തന്നെ പ്രാക്ടീസ് ചെയ്യണം. എപ്പോഴാണ് ആരുടെ ജീവനാണ് നിങ്ങൾ രക്ഷപെടുത്താൻ പോകുന്നതെന്ന് അറിയില്ലല്ലോ.

(വെള്ളത്തിൽ മുങ്ങി ശ്വാസം നഷ്ടപ്പെട്ടവർക്കുള്ള പ്രഥമ ശുശ്രൂഷയും ഇത് തന്നെയാണ്. അവരെ മലർത്തിക്കിടത്തിയോ കമിഴ്ത്തിക്കിടത്തിയോ കുടിച്ച വെള്ളം മുഴുവനും പുറത്തുകളയാൻ ശ്രമിക്കണം എന്നൊക്കെയാണ് ഞാൻ ചെറുപ്പത്തിൽ പഠിച്ചത്. മണ്ടത്തരമാണെന്ന് ഇപ്പോൾ എനിക്കറിയാം).

Advertisment