Advertisment

ആർട്ടിക്കിൾ 370 റദ്ദാക്കല്‍ ഇന്ത്യക്ക് ഗുണമേ ചെയ്യൂ .. കാശ്മീർ പ്രശ്നം പരിഹരിക്കാൻ ബി.ജെ.പി.ക്ക് ഇപ്പോൾ സുവർണാവസരമാണ് വീണു കിട്ടിയിരിക്കുന്നത്

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

 

ന്മു കാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രസര്‍ക്കാർ റദ്ദാക്കിയത് എന്തുകൊണ്ടും നല്ലതാണ്. ഇതുമൂലം താൽക്കാലിക പ്രശ്നങ്ങൾ ഉണ്ടായേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഇന്ത്യക്ക് ഗുണമേ ചെയ്യൂ. കാശ്മീർ പ്രശ്നം പരിഹരിക്കാൻ ബി.ജെ.പി. - ക്ക് ഇപ്പോൾ സുവർണാവസരമാണ് വീണു കിട്ടിയിരിക്കുന്നത്.

16 വർഷത്തിൽ ഏറെയായി അഫ്ഗാനിസ്ഥാനിൽ ഇടപെട്ടിട്ട് അമേരിക്കക്ക് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. അഫ്ഗാനിസ്ഥാനിൽ 60 ശതമാനം മിച്ചം ഏരിയ താലിബാൻറ്റെ കയ്യിലാണ്. അതുകൊണ്ട് അമേരിക്ക ആകെ മൊത്തം ഉൽക്കണ്ഠയിലാണ്. അമേരിക്കൻ ദേശീയത മുഖ്യ രാഷ്ട്രീയ ആയുധമാക്കുന്ന ട്രംപ് ആണെങ്കിൽ ആ അഫ്‌ഗാനിസ്ഥാനിൽ അമേരിക്കൻ പോളിസി പരാജയപ്പെടുന്നതിൻറ്റെ ദേഷ്യം മൊത്തം തീർക്കുന്നത് പാക്കിസ്ഥാനെതിരേ നിലപാടുകൾ കർക്കശമാക്കിയാണ്.

പാക്കിസ്ഥാൻറ്റെ സമ്പദ് വ്യവസ്‌ഥ ആണെങ്കിൽ മഹാമോശം. പഴയ പോലെ ഇന്ത്യക്കെതിരേ ഭീകരരെ ഇറക്കാനുള്ള ശേഷിയോന്നും ഇപ്പോൾ പാക്കിസ്ഥാന് ഇല്ല. പക്ഷെ ഇതൊക്കെ മുതലാക്കണമെങ്കിൽ നല്ല രാഷ്ട്ര തന്ത്രജ്ഞത ഉളള സർക്കാർ വേണം. അത്തരത്തിലുള്ള രാഷ്ട്ര തത്രജ്ഞത ഇനിയിപ്പോൾ ബി.ജെ.പി. പുറത്തെടുക്കുമോ എന്നുള്ളതാണ് വലിയ ചോദ്യചിഹ്നമായി വരുന്നത്.

publive-image

കാശ്മീർ പ്രശ്ന പരിഹാരത്തിനായി ചില സംഘ പരിവാറുകാർ പറയുന്നത് പോലെ പാക്കിസ്ഥാനെ വിഘടിപ്പിക്കാം; അതല്ലെങ്കിൽ പാകിസ്ഥാനെ ഭസ്മീകരിക്കാം എന്ന തോന്നലൊക്കെ വെറുതെയാണ്. അത്തരം തീവ്ര സമീപനങ്ങളൊക്കെ പാക്കിസ്ഥാനിൽ സൈന്യത്തിനും, മത തീവ്രവാദികൾക്കും മേൽകൈ നേടിക്കൊടുക്കുവാനെ ഉപകരിക്കൂ.

അത്തരം സമീപനങ്ങളൊക്കെ കാശ്മീരിലും പ്രത്യാഖാതമുണ്ടാക്കും; പാക്കിസ്ഥാനുമായി വലിയ തോതിൽ അതിർത്തി പങ്കിടുന്ന കാശ്മീരിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. എങ്ങനെ ബി.ജെ.പി. വരും കാലങ്ങളിൽ ഈ കാശ്മീർ പ്രശ്‌നത്തെ നേരിടുമെന്നുള്ളതാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റു നോക്കുന്നത്.

കാശ്മീർ പ്രശ്നം ഇത്രക്ക് വഷളാക്കിയതിന് തുടക്കം മുതലുള്ള ഭരണാധികാരികളുടെ അളവില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കാശ്മീരിൽ ഭരിച്ചിട്ടുള്ള ബക്ഷി ഗുലാം മുഹമ്മദ്, ഖവാജ ഷംസുദ്ദിൻ, ഗുലാം മുഹമ്മദ് സാദിഖ് തുടങ്ങിയവരൊക്കെ ഈ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയവരിൽ പെടും.

'കാശ്മീർ സിംഹം' എന്ന് അറിയപ്പെട്ടിരുന്ന ഷെയ്ഖ് അബ്ദുള്ളയുടെ സന്മാർഗികതയെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് ഭേദം. പണ്ട് ഷെയ്ഖ് അബ്ദുള്ള ഹൌസ് അറസ്റ്റിൽ ആയിരുന്നപ്പോൾ ചെയ്ത കാര്യങ്ങളൊക്ക ഒരു മുൻ ഇൻറ്റലിജിൻസ് ഓഫീസർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരം ഭരണാധികാരികൾ കാട്ടിക്കൂട്ടിയ വൃത്തികേടുകളുടെ പരിണിത ഫലമാണ് ഇന്ന് കാണുന്ന കാശ്മീർ പ്രശ്നം.

പുൽവാമ പോലുള്ള തീവ്രവാദി ആക്രമണങ്ങൾ വന്നത് മുതലാണ് ബി.ജെ.പി. പോലും അഴിമതിയും സ്വജനപക്ഷപാതവും നടത്തികൊണ്ടിരുന്ന സ്വാർത്ഥരായ കാശ്മീരി നേതാക്കളോടുള്ള സമീപനം മാറ്റിയത്.

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കുകയാണ് കാശ്മീർ പ്രശ്നം പരിഹരിക്കുവാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത്. ഇതു പറയുമ്പോൾ പണ്ട് കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയ ഇടതുപക്ഷക്കാരും, കുറെ ലിബറലുകളും ഉറഞ്ഞു തുള്ളാൻ സാധ്യതയുണ്ട്. ഇടതുപക്ഷം കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയെങ്കിലും അതേ ഇടതു പക്ഷത്തിൻറ്റെ കേരളാ മുഖ്യമന്ത്രിയായ പിണറായി വിജയൻ ലാപ്ടോപ്പും പിടിച്ചാണ് നടക്കുന്നതെന്ന യാഥാർഥ്യം ഇനിയും അംഗീകരിക്കുവാൻ ഇടതു പക്ഷക്കാരും, ലിബറലുകളും തയാറല്ല.

'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' ഇല്ലാതെ ആഗോളവൽക്കരണത്തിൻറ്റെ ഈ കാലത്ത് ഒരു സമ്പത് വ്യവസ്ഥയ്ക്കും വികസിക്കുവാൻ സാധ്യമല്ല. അങ്ങനെയുള്ള വികാസത്തിനും, കാശ്മീരിലെ യുവത്ത്വത്തിനു തൊഴിലും സൃഷ്ടിക്കുവാനും ഏറ്റവും തടസം നിൽക്കുന്ന ഒന്നാണ് ആർട്ടിക്കിൾ 370. കാശ്മീരിന് പ്രത്യേക പദവി ഉള്ളതിനാൽ അത് അന്നാട്ടിലെ ജനങ്ങളെയും നേതാക്കളെയും ഇന്ത്യൻ പൊതു ധാരയിൽ എത്തിക്കുന്നതിന് പകരം വ്യത്യസ്ത ചിന്താഗതി പുലർത്തുന്നവരാക്കി മാറ്റുകയാണ്.

ആർട്ടിക്കിൾ 370 മൂലം ഇന്ത്യക്കാരൻ എന്ന പേരിൽ കാശ്മീരിൽ എത്തി ഭൂമിയോ മറ്റോ സ്വന്തമാക്കാനാകില്ല. ബിസിനസ് ആരംഭിക്കുന്നതിനും പ്രയാസമുണ്ട്. ഭൂമിയും സ്വത്തവകാശവും ഇല്ലാതെ ആരാണ് ബിസിനസ് തുടങ്ങാൻ തയാറാകുന്നത്??? ചുരുക്കത്തിൽ പുറത്തു നിന്നൊരാൾക്കും അവിടെയെത്തി ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട്, കാശ്മീരിനെ ഇന്ത്യൻ മുഖ്യധാരയിൽ എത്തിച്ചേ മതിയാകൂ. ഇതിനു ഭരണാധികാരികൾ കഴിഞ്ഞ 70 വർഷമായി പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി പ്രത്യേക പദവി നിർത്തലാക്കുകയാണ് പ്രധാന പരിഹാരം.

പ്രതിരോധം, വിദേശകാര്യം, വാർത്താ വിനിമയം, കറൻസി – എന്നിവയുടെ കാര്യത്തിൽ മാത്രമേ ഇന്ത്യന് ഭരണഘടന അംഗീകരിയ്ക്കുന്നുള്ളു എന്നുള്ള ഭാഗം 1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്സെസെഷനിൽ' പിന്നീട് തിരുകി കേറ്റിയതാണ്. നെഹ്രുവും ഷെയ്ക്ക് അബ്ദുള്ളയും തമ്മിലുള്ള സൗഹൃദം മുതലെടുത്താണ് ഷെയ്ക്ക് അബ്ദുള്ള ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നിലനിർത്താനുള്ള ഇന്ത്യൻ ഭരണഘടനയുടെ 370- ആം അനുച്ഛേദം നേടിയെടുത്തത്.

കാശ്മീരിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഭൂമി വാങ്ങിച്ചു കൂട്ടി കാശ്മീരിൻറ്റെ പ്രത്യേക സംസ്കാര ചിഹ്നമായ - 'കാശ്മീരിയാത്ത്' നഷ്ടപെടുമോയെന്ന് ഷെയ്ക്ക് അബ്ദുള്ള പേടിച്ചു. പക്ഷെ ഇന്നിപ്പോൾ കാശ്മീരികളിലെ അനേകം പേര് കാശ്മീരി കാർപെറ്റുകളും, കാശ്മീരി ഷാളുകളും, കാശ്മീരി ഹോട്ടലുകളുമായി ഇന്ത്യ മുഴുവൻ നിറഞ്ഞിരിക്കുമ്പോൾ അത്തരം ഒരു സാംസ്കാരികമായ ഒറ്റപ്പെടലിനു പ്രസക്തി ഇല്ലാ.

മലയാളികൾ ലോകം മുഴുവൻ വ്യാപരിച്ചിട്ട് മലയാള ഭാഷയുടെ വികാസത്തിന് എന്തെങ്കിലും ഒരു കുറവുണ്ടായോ??? ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ലോകത്തിൻറ്റെ ഏതു കോണിൽ നിന്നായാലും ആ ഭാഷാപരമായ ഐഡൻറ്റിറ്റി ഒക്കെ നിലനിർത്താൻ സാധിക്കും. ഇതു തന്നെയാണ് കാശ്മീരികളുടെ കാര്യത്തിലും ഭാവിയിൽ സംഭവിക്കാൻ പോകുന്നത്.

ഭരണഘടനയുടെ 370- ആം അനുച്ഛേദം റദ്ദു ചെയ്യാൻ അവകാശമില്ലെന്നൊക്കെ വാദിക്കുന്നത് ശുദ്ധ വിഡ്ഢിത്ത്വമാണ്. ഇന്ത്യയിലെ എല്ലാ നിയമ നിർമാണത്തിനും പാർലമെൻറ്റിനാണ് പരമാധികാരം. പാർലമെൻറ്റ് ഒരു നിയമം വോട്ടിനിട്ട് പാസാക്കി പിന്നീടത് പ്രെസിഡൻറ്റും അംഗീകരിച്ചാൽ അത് നിയമമായി. അതുകൊണ്ട് ആ ഒരു 'ഓപ്ഷൻ' ഇനിയിപ്പോൾ ഇന്ത്യയുടെ ഭരണകർത്താക്കൾ സ്വീകരിക്കുമ്പോൾ അവരെ കുറ്റപ്പെടുത്തുവാൻ വയ്യാ.

പക്ഷെ അത്തരത്തിൽ ഒരു 'ഓപ്ഷൻ' നോക്കുന്നതിനു മുൻപ് കാശ്മീരി ജനതക്ക് അത് ഉപയോഗപ്പെടും എന്ന് അവരെ പറഞ്ഞു മനസിലാക്കണം. ചുരുക്കം പറഞ്ഞാൽ കാശ്മീരി ജനതയെ വിശ്വാസത്തിലെടുത്തു ഇത്തരം നിയമ നിർമാണം നടത്തണം. അത് ബി.ജെ.പി. ഇപ്പോൾ ചെയ്തിട്ടുണ്ടോ എന്ന കാര്യം സംശയകരമാണ്.

കേരളത്തിൽ കംപ്യുട്ടറിനെതിരെ തെരുവ് നാടകം നടത്തിയെങ്കിലും ആത്യന്തികമായി കംപ്യുട്ടർ ഗുണമല്ലാതെ ദോഷമൊന്നും ചെയ്തില്ലല്ലോ. 'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' കാശ്മീരിനും ഭാവിയിൽ ഗുണമേ ഉണ്ടാക്കാൻ പോകുന്നുള്ളൂ.

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഡ്രാഫ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി നെഹ്റു ഡോക്റ്റർ അംബേദ്കറിനോട് പറഞ്ഞപ്പോൾ അദ്ദേഹം അതിനു തയാറായില്ല. പിന്നീട് നെഹ്രുവും ഷെയ്ക്ക് അബ്ദുള്ളയും തമ്മിലുള്ള സൗഹൃദം മുതലെടുത്താണ് ഷെയ്ക്ക് അബ്ദുള്ള ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നിലനിർത്താനുള്ള ഇന്ത്യന് ഭരണഘടനയുടെ 370- ആം അനുച്ഛേദം കടുത്ത സമ്മർദത്തിലൂടെ നേടിയെടുത്തത്.

1950 ജനുവരി 26 - നാണ് ഈ പ്രത്യേക പദവി നിലവിൽ വന്നത്. ഇതിൻറ്റെ കൂടെ ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാർക്ക് മാത്രം ഭൂമി വാങ്ങിക്കുവാനുള്ള അവകാശവും, സ്കോളർഷിപ്പ് സ്കീമുകളും ഒക്കെ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം ആർട്ടിക്കിൾ 35 A 1954 - ൽ കൂട്ടി ചേർത്തു. ഇത്തരത്തിലുള്ള 'സ്പെഷ്യൽ പ്രിവിലേജുകൾ' ആണ് ജമ്മു കാശ്മീരിലും, മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോളവൽക്കരണത്തിൻറ്റെ കാലഘട്ടത്തിൽ ഈ 'സ്പെഷ്യൽ പ്രിവിലേജുകൾ' ഒക്കെ എടുത്തു കളയണം. കാശ്മീരിൽ മാത്രമല്ലാ; മറ്റു സംസ്ഥാനങ്ങളിലെയും 'സ്പെഷ്യൽ പ്രിവിലേജുകൾ' എടുത്തു കളയണം. ആർട്ടിക്കിൾ 371A, 371B, 371C, 371D, 371E, 371F, 371G, 371H - അനുസരിച്ചു നാഗാലാൻഡ്, ആസ്സാം, മണിപ്പൂർ, സിക്കിം, അരുണാചൽ, ആന്ധ്രാ, മിസോറം - ഈ സംസ്ഥാനങ്ങളൊക്കെ പല തരത്തിലുള്ള പ്രത്യേക 'സ്പെഷ്യൽ പ്രിവിലേജുകൾ' അനുഭവിച്ചു പോരുന്ന സംസ്ഥാനങ്ങളാണ്.

ഈ സംസ്ഥാനങ്ങളൊക്കെ പ്രശ്ന ബാധിത സംസ്ഥാനങ്ങളും ആണ്. ഈ സംസ്ഥാനങ്ങളിലൊക്കെ ഭൂമി വാങ്ങിക്കാനോ, ഇൻവെസ്റ്റ്മെൻറ്റ് നടത്താനോ ഒക്കെ ബുദ്ധിമുട്ടുകൾ ഉണ്ട്. ഭൂമിയും സ്വത്തവകാശവും ഇല്ലാതെ ആരാണ് ബിസിനസ് തുടങ്ങാൻ തയാറാകുന്നത്??? 'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' ഇല്ലാതെ ആഗോളവൽക്കരണത്തിൻറ്റെ ഈ കാലത്ത് ഒരു സമ്പത് വ്യവസ്ഥയ്ക്കും വികസിക്കുവാൻ സാധ്യമല്ല. ഇങ്ങനെ വൻ തോതിൽ 'ഇൻവെസ്റ്റ്മെൻറ്റ്' വന്നാൽ കൂടുതൽ കേന്ദ്രീകരണം അല്ലേ വരാൻ പോകുന്നതെന്നുള്ള ചോദ്യം വരും.

ഇതെഴുതുന്ന ആൾക്ക് തോന്നുന്നത് വികസനത്തിൻറ്റെ കാര്യം വരുമ്പോൾ നാം കൂടുതൽ 'ഡിസ്റ്റ്രിക്റ്റ് പ്ലാനിങ്' എന്ന ആശയത്തിലേക്ക് നീങ്ങണം എന്നാണ്. കേന്ദ്രീകരണവും വികേന്ദ്രീകരണവും നമ്മുടെ വികസന പ്രക്രിയയിൽ ഒരുമിച്ചു നീങ്ങേണ്ടതുണ്ട്. 'ഡിസ്റ്റ്രിക്റ്റ് പ്ലാനിങ്' എന്ന തലം നടപ്പാക്കിയതിനു ശേഷം 'ബ്ലോക്ക് ലെവൽ പ്ലാനിങ്ങും' വികസനവും ആയിരിക്കും ഇന്ത്യക്ക് അഭികാമ്യമെന്നും തോന്നുന്നു.

ഇന്ത്യയുടെ വൈവിധ്യത്തിനും, സാമൂഹ്യമായ സങ്കീർണതക്കും പരിഹാരം തദ്ദേശീയമായ വികസനം ആണ്. കേരളത്തിലെ കൊതുകുകടിക്ക് നമുക്ക് കേന്ദ്രത്തിൽ പരാതി ഉന്നയിക്കുവാൻ സാധ്യമല്ലല്ലോ. ഇതു പോലെ എല്ലാ സംസ്ഥാനങ്ങളിലും തദ്ദേശീയമായ പ്രശ്നങ്ങളുണ്ട്. ഡിസ്റ്റ്രിക്റ്റ് കളക്ടർമാരോടൊപ്പം ബ്ലോക്ക് ഡെവലപ്പ്മെൻറ്റ് ഓഫീസർക്കും പ്രാധാന്യം നൽകുന്ന വികസന പദ്ധതികൾക്ക് മാത്രമേ രാജ്യത്തെ പല പ്രശ്നങ്ങൾക്കും പരിഹാരം നിർദേശിക്കുവാൻ സാധിക്കുകയുള്ളൂ.

ഇത്തരം വികസന പ്രശ്നങ്ങളെക്കാൾ കാശ്മീരിൽ നോക്കി കാണേണ്ട മറ്റൊരു കാര്യവുമുണ്ട്. അത് മതം ചെലുത്തുന്ന സ്വാധീനമാണ്. കാശ്മീരിലെ മുസ്ലിം വിശ്വാസം ആയുധമാക്കുന്നവരെ പോലെ തന്നെ ഹിന്ദു വിശ്വാസവും രാഷ്ട്രീയ ആയുധമാക്കുന്നവരാണ് കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നത്. മുസ്ലീങ്ങളുടെ തീവ്ര മത വിശ്വാസ രീതികൾ ബി.ജെ.പി.-യെ പോലെ ഒരു പാർട്ടിയെ ഇന്ത്യയിൽ വളർത്തുന്നതിൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇനിയിപ്പോൾ കേന്ദ്രത്തിലെ തീവ്ര ഹിന്ദുത്ത്വവും, കാശ്മീരിലെ തീവ്ര ഇസ്‌ലാമും ഏറ്റുമുട്ടുമോ എന്നാണ് കാണേണ്ടത്.

ചില തീവ്ര സംഘ പരിവാർ അനുയായികൾ ഇപ്പോൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് പോലെ കാശ്മീരിലെ മുസ്ലിങ്ങൾ മുഴുവൻ തീവ്രവാദികളും, ഇന്ത്യാ വിരുദ്ധരും അല്ലാ. കാശ്മീർ പ്രശ്നം സങ്കീർണ്ണമാണ്. കാശ്മീർ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ജമ്മുവിൻറ്റെ പ്രശ്നമുണ്ട്; ലഡാക്കിൻറ്റെ പ്രശ്നമുണ്ട്; പാക് അധീന കാശ്മീരിൻറ്റെ പ്രശ്നമുണ്ട്; മറ്റു മേഖലയുടെയും പ്രശ്നമുണ്ട്.

1947-ൽ പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീർ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാൻ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിന് ഒരു മാസം മുമ്പുതന്നെ ജമ്മുവിൽ ഹിന്ദുക്കളും സിഖുകാരും രാജഭരണത്തിൻറ്റെ സഹായത്തോടെ തിരിച്ചടിയ്ക്കാൻ തുടങ്ങിയിരുന്നു.

പതിനായിരക്കണക്കിന് മുസ്ലീംങ്ങൾ ജമ്മുവിൽ നിന്ന് പ്രക്ഷോഭത്തിൻറ്റെ പ്രഭവകേന്ദ്രമായ പുഞ്ചിൽ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. 1947ഒക്ടോബര് 22 ന് പുഞ്ചിലെ വിപ്ലവകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കാശ്മീരിനെ ആക്രമിച്ചു. ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരിൽ 60,000 ലേറെ പേർ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു.

ഹിന്ദു വിരുദ്ധപ്രക്ഷോഭം അയൽ പ്രദേശങ്ങളായ മിർപൂറിലേക്കും മുസാഫറബാദിലേക്കും പടർന്നു. 1947 ഒക്ടോബർ 24 ന് പുഞ്ചിലെ വിപ്ലവകാരികൾ 'ആസാദ് കാശ്മീർ' എന്ന പേരിൽ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഇവർക്ക് പാകിസ്ഥാൻറ്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാൻറ്റെ സർവ്വ വിധ സഹായങ്ങളും ഉണ്ടായിരുന്നു. പഠാൻ ഗോത്ര വർഗ്ഗക്കാരുടെ ആക്രമണത്തെ തടയാൻ ജമ്മു-കാശ്മീർ രാജാവ് ഇന്ത്യാ ഗവണ്മെൻറ്റിൻറ്റെ സഹായം തേടി.

എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ നിർവ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്മെൻറ്റ് ഹരി സിംഗിനെ അറിയിച്ചു. ഇതിനെ തുടർന്ന്, 1947 ഒക്ടോബർ 26 - ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരി സിംഗും ഇന്ത്യാ ഗവണ്മെൻറ്റിനെ പ്രതിനിധീകരിച്ച് ലോർഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. അടിസ്ഥാനപരമായി കാശ്മീരിൽ നിന്നു ഭീഷണിയാൽ ഓടി പോരേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നമുണ്ട്; ജമ്മുവിൽ നിന്ന് ഭീഷണിയാൽ ഓടി പോരേണ്ടി വന്ന മുസ്ലീങ്ങളുടെയും പ്രശ്നമുണ്ട്.

1948-ലെ Instrument of Accession-നോടൊപ്പമുള്ള ധവള പത്രത്തിൽ വ്യക്തമാക്കിയ കാര്യങ്ങളനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളിൽ ആണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. 1947 ഒക്ടോബർ 27 ന് ഇന്ത്യൻ പട്ടാളം ജമ്മു-കാശ്മീരിൽ പ്രവേശിച്ചു. അന്ന് തൊട്ടിന്നു വരെ പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീർ.

1948 ജനുവരി ഒന്നാം തീയതി ഇന്ത്യ കാശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തിച്ചു. തുടർന്ന് പാകിസ്ഥാനും ഇതേ ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഇന്ത്യയുടെയും പാകിസ്ഥാൻറ്റെയും ഭാഗങ്ങൾ വിശദമായി കേട്ടശേഷം 1948 ഏപ്രിൽ ഇരുപത്തി ഒന്നാം തീയതി പ്രമേയം (നമ്പർ 47) പാസാക്കി. ഇതിനെ തുടർന്ന്, പ്രശ്നം പഠിച്ചു റിപ്പോർട്ട് ചെയ്യാൻ അർജൻറ്റിന, ബെൽജിയം, കൊളംബിയ, ചെക്കോസ്ലോവാക്കിയ, അമേരിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികളെ നിയോഗിച്ചു.

ഈ കമ്മീഷൻറ്റെ ഇടപെടലിനെ തുടർന്നാണ് കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യവിജയം കണ്ടെത്തിയത്. കമ്മീഷൻറ്റെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണോ കാശ്മീരിൻറ്റെ ഭാഗമാണോ എന്നത് സ്വതന്ത്രമായി നടത്തുന്ന ഹിതപരിശോധന തീരുമാനിക്കും; ഇതിനു വേണ്ടി ഒരു Plebiscite അഡ്മിനിസ്ട്രേറ്റർ-നെ ഐക്യ രാഷ്ട്രസഭ നാമ നിർദ്ദേശം ചെയ്യും; അന്തിമ തീരുമാനം ഹിത പരിശോധന അനുസരിച്ചായിരിക്കും; പലായനം ചെയ്ത മുഴുവൻ ജനതയെയും തിരിച്ചുകൊണ്ടുവന്ന് ഹിതപരിശോധനയിൽ പങ്കെടുപ്പിക്കണം; രണ്ടു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണം.

1949 ജനുവരി ഒന്നാം തീയതി വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കാശ്മീരിൻറ്റെ ഭൂരിഭാഗവും - ജമ്മുവും, ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീർ എന്ന പ്രദേശവും ചില വടക്കൻ പ്രവിശ്യകളും പാകിസ്ഥാൻറ്റെ അധീനതയിലും. പാകിസ്ഥാൻറ്റെ കൈവശം ഇരിക്കുന്ന ഭൂമിയെയാണ് ഇന്ത്യ പാക് അധീന കാശ്മീർ (POK) എന്ന് പറയുന്നത്. ഇന്ത്യയും, പാക്കിസ്ഥാനും വെടിനിർത്തൽ നടപ്പിലാക്കി. പക്ഷെ, രണ്ടു രാജ്യങ്ങളും അവരവരുടെ കൈയ്യിലെ ഭൂപ്രദേശം സ്വന്തമായി കണക്കാക്കി. രണ്ടു രാജ്യങ്ങളിലെയും പട്ടാളത്തിൻറ്റെ നിയന്ത്രണത്തിലാണ് ജമ്മു ആൻഡ് കാശ്മീരും, പാക് അധീന കാശ്മീരും.

പിന്നീട് കാശ്മീർ പ്രശ്നം വഷളായത് നെഹ്റു ഷെയ്ക്ക് അബ്ദുള്ളയെ തടവിലാക്കുകയും, 1966-ലെ യുദ്ധത്തിന് ശേഷവുമായിരുന്നു. 1966-ലെ യുദ്ധം വരെയും പ്രശ്ന പരിഹാരങ്ങൾക്ക് പല നിർദേശങ്ങളും ഉണ്ടായിരുന്നു. അനാവശ്യമായി 1966-ൽ പാക്കിസ്ഥാൻ ആക്രമിച്ചതിന് ശേഷം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീർ പ്രശ്നത്തിൽ ചർച്ച സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്ദുള്ളയോട് പറയുന്നുണ്ട്.

ചരിത്രകാരൻ രാമ ചന്ദ്ര ഗുഹ തൻറ്റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്തകത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയും ഷെയ്ക്ക് അബ്ദുള്ളയുമായുള്ള ചർച്ച സവിസ്തരം പ്രദിപാദിക്കുന്നുണ്ട്.

1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാൻ, ചെച്നിയ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള തീവ്ര ഇസ്ലാമിക സംഘടനകളിൽ പെട്ട ആയുധ ധാരികളായ തീവ്ര വാദികളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം ആണ് പിന്നീട് കാശ്മീർ പ്രശ്നം തീർത്തും വഷളാക്കിയത്. 'ദ കാർപ്പറ്റ് വാഴ്സ്' എന്ന പുസ്തകത്തിൽ ഈ വിദേശ തീവ്രവാദികളുടെ ഇടപെടൽ നന്നായി പറയുന്നുണ്ട്.

ഇപ്പോൾ സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുകയാണ്. ഇതനുസരിച്ച് ദിവസം ചെല്ലുന്തോറും കാശ്മീർ മൗലികവാദ ആശയത്തോട് അടുക്കുകയാണ്. ഈ മത തീവ്രവാദത്തോടൊപ്പം 1988-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സൈനിക പിന്മാറ്റത്തിനു ശേഷം തീവ്ര ഇസ്ലാമിക സംഘടനകളുടെ കാശ്മീരിലേക്കുള്ള കടന്നു കയറ്റം കൂടി ഉണ്ടായി.

1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്സെഷൻ' പ്രകാരവും ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച റാഡ്ക്ലിഫ് എഗ്രിമെൻറ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. അതുകൊണ്ട് തന്നെ കാശ്മീരിൻറ്റെ കാര്യത്തിൽ അവകാശ വാദവും പറഞ്ഞു കൊണ്ട് പാക്കിസ്ഥാൻ വരുന്നത് ശുദ്ധ മൗഢ്യമാണ്.

പരസ്പര വിശ്വാസം വളർത്താനുളള നടപടികൾ ഉണ്ടാവണം. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ തുടങ്ങിയതാണ് കാശ്മീരിലെ പ്രശ്നങ്ങൾ. ഏതാണ്ട് 70 വർഷത്തിലേറെ പഴക്കമുണ്ട് കാശ്മീരിലെ പ്രശ്നങ്ങൾക്ക്. യഥാർത്ഥത്തിൽ ഭൂപടത്തില് കാണുന്ന കാശ്മീരിന്റെ പകുതി ഭാഗം മാത്രമാണ് ഇന്ത്യയുടെ അധീനതയിലുളളത്.

വടക്ക് ഭാഗം പാക്കിസ്താൻറ്റെയും, കിഴക്ക് ഭാഗത്തുളള അക്സായി ചിൻ എന്ന പ്രദേശം ചൈനയുടെയും അധീനതയിലാണുളളത്. കാശ്മീർ സംസ്ഥാനം മുഴുവൻ മുസ്ലിങ്ങളല്ല. ജമ്മുവിൽ ഹിന്ദുക്കളും ലഡാക്കിൽ ബുദ്ധ മതക്കാരുമാണ് ഭൂരിപക്ഷം.

ഇറക്കു കുപ്പായം ധരിക്കുന്ന കാശ്മീരിലെ മുസ്ലിങ്ങൾ തന്നെ ഇന്ത്യയിലെ മറ്റു മുസ്ലീങ്ങളിൽ നിന്ന് ഭാഷാപരമായും സാംസ്കാരികമായും വ്യത്യസ്തരാണ്. കശ്മീർ പോലെ തന്നെ സ്വാതന്ത്ര്യത്തിന് ശേഷം പിന്നീട് ഇന്ത്യൻ യൂണിയനിൽ ചേർന്ന സംസ്ഥാനങ്ങളാണ് ത്രിപുര, മണിപ്പൂർ, നാഗാലാൻറ്റ്, ഗോവാ, സിക്കിം - തുടങ്ങിയവ. ആ സംസ്ഥാനങ്ങളെയും, ജനങ്ങളെയും ഒരുമിപ്പിക്കുവാൻ നമുക്ക് കഴിഞ്ഞു.

ദീർഘവീക്ഷണമുള്ള ഭരണാധികാരികൾക്ക് മാത്രമേ ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികൾ എടുക്കാനാവൂ. ആ ദീർഘവീക്ഷണം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. കാശ്മീർ പ്രശ്നം പരിഹരിക്കാനായി ഉൾക്കൊള്ളുമോ എന്നാണ് ഇനീയിപ്പോൾ കാണേണ്ടത്.

 

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment