Advertisment

എന്തിനാണ് ഈ ബ്രാഹ്മണവിരോധം..? ബ്രാഹ്മണർ വോട്ട് ബാങ്ക് അല്ലാത്തതിനാലോ..? കേരളം ഭ്രാന്താലയം തന്നെ !

author-image
സുഭാഷ് ടി ആര്‍
Updated On
New Update

ബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങൾ എല്ലാവർക്കും അറിവുള്ളതിനാൽ ആ വിഷയത്തിൽ ചർവിത ചർവണം ആഗ്രഹിയ്ക്കുന്നില്ല.

Advertisment

എന്നാൽ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ നിന്ദ്യരായതും നിന്ദിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നതും ബ്രാഹ്മണസമുദായമാണ് എന്നത് ഖേദകരമാണ്. സംഘടിത വോട്ട് ബാങ്ക് അല്ലാത്തതും കേരളത്തിലെ ജനസംഖ്യയിൽ 0.07% മാത്രമായതും വംശനാശത്തിന്റ വക്കിൽ എത്തി നിൽക്കുന്നത് കൊണ്ടും കൂടിയാണോ.

publive-image

ഒരുകാലത്ത് കേരളത്തിലെ ഭൂരിഭാഗം ഭൂമിയും ബ്രാഹ്മണരുടെ കൈവശമായിരുന്നുവല്ലൊ. ദാനം കിട്ടിയ ഈ ഭൂമിയെല്ലാം ദാനം കൊടുത്തും കാഴ്ചക്കുലയ്ക്കും പുകയിലയ്ക്കും ക്രയവിക്രയം ചെയ്തും സന്തതിപരമ്പരകളില്ലാതെ അന്യാധീനപ്പെട്ടും ഭൂപരിഷ്കരണ നിയമം വന്നപ്പോൾ പിന്നെ കൈവിട്ടും പോയി.

അഷ്ടിയ്ക്കും അന്തിത്തിരിയ്ക്കും നിവൃത്തിയില്ലാതെ പടുതിരിയായി എരിഞ്ഞു തീർന്ന അനേകായിരം ശുദ്ധാത്മാക്കൾ ഉണ്ടായിരുന്നത് ആരും അറിഞ്ഞില്ല.

സുകൃതക്ഷയം എന്ന് സ്വയം ആശ്വസിച്ചും പറഞ്ഞും നാലുകെട്ടിലെയും എട്ടുകെട്ടിലെയും ഇരുട്ടിൽ നിശ്വാസ നെടുവീർപ്പുകൾ ദുരിത ഹോമകുണ്ഡങ്ങളിൽ എണ്ണമറ്റ സംഖ്യ ആഹൂതി ചെയ്തതും തോരാ കണ്ണുനീരാൽ ആത്മാവിന് അഭിഷേകം നടത്തിയതും അറിയാനിടയില്ല.

നവോത്ഥാനം ആറാടിയെത്തിയപ്പോൾ ബ്രാഹ്മണൻ നിഷിദ്ധനായി, ബ്രാഹ്മണ്യം ശാപമായി പലർക്കും. ബ്രാഹ്മണൻ ആരാണന്നോ ലക്ഷണവും ധർമ്മവും കർമ്മവും എന്താണന്നോ പഠിയ്ക്കാനോ അറിയാനോ ശ്രമിച്ചിരുന്നു എങ്കിൽ!

ബ്രാഹ്മണന് വിപ്രനെന്നും ശബ്ദാർത്ഥം ഉണ്ട്. വിപ്രനെന്നാൽ തന്നെയും മറ്റുള്ളവരെയും പാപത്തിൽ നിന്ന് രക്ഷിയ്ക്കുന്നവൻ എന്നതിൽ നിന്നുതന്നെ ആരാണ് ബ്രാഹ്മണൻ എന്ന് വ്യക്തമായി. ആന്ധ്രയിൽ നിന്ന് വന്നാലും കാശിയിൽ നിന്ന് വന്നാലും കേരളത്തിൽ ജന്മം കൊണ്ടാലും വിപ്രൻ തന്നെ.

ആന്ധ്രയിൽ നിന്ന് വന്നവരാണ് എന്ന് പറഞ്ഞ് ആക്ഷേപിച്ചാലൊന്നും അഞ്ച് വർഷം കഴിയുമ്പോൾ കൈവിട്ടു പോകുന്ന ഭരണം പോലെ തീരുന്നതല്ല ബ്രാഹ്മണ്യം.

യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദയാ ശ്രുതം,

വിദ്യാ വിജ്ഞാനമാസ്തിക്യമേതദ് ബ്രാഹ്മണലക്ഷണം.

ധ്യാനയോഗം, തപസ്സ്,ദമം (ഇന്ദ്രിയനിഗ്രഹം) ദാനം, സത്യം, ശുചിത്വം,ദയ,വേദാഭ്യാസവും ഇതരവിദ്യകളും വിശേഷജ്ഞാനം, ഈശ്വരവിശ്വാസം തുടങ്ങി പത്ത് ഗുണങ്ങൾ ഉള്ളവരേ ബ്രാഹ്മണൻ എന്ന പേരിന് അർഹനാകുന്നുള്ളൂ.

ബ്രാഹ്മണന് വിധിച്ചിരിക്കുന്ന കർമ്മങ്ങൾ നോക്കൂ!

അദ്ധ്യാപനം ചാദ്ധ്യയനം യജനം യാജനം തഥാ,

ദാനം പ്രതിഗ്രഹശ്ചൈവ ബ്രാഹ്മണാനാമകൽപയത്.

പഠിയ്ക്കൽ,പഠിപ്പിയ്ക്കൽ യാഗം ചെയ്യൽ, യാഗം ചെയ്യിയ്ക്കൽ, ദാനം കൊടുക്കലുംവാങ്ങലും ബ്രാഹ്മണർക്ക് വിധിയ്ക്കപ്പെട്ട കർമ്മങ്ങൾ ആകുന്നു.

ശ്രേയാൻ സ്വധർമ്മോ വിഗുണ: പരധർമ്മാത് സ്വനുഷ്ഠിതാത്,

സ്വധർമ്മേ നിധനംശ്രേയ:പരധർമ്മോ ഭയാവഹ(ഭഗവത് ഗീത)

ഗുണം കുറഞ്ഞതാണങ്കിലും സ്വന്തം കുലധർമ്മം അനുഷ്ഠിക്കുന്നതാണ് അന്യകുലധർമ്മം നന്നായി അനുഷ്ഠിക്കുന്നതിനേക്കാൾ നല്ലത്.സ്വധർമ്മാനുഷ്ഠാനത്തിൽ മരണം സംഭവിച്ചാലും നന്മയുണ്ടാവും.അന്യകർമ്മം അനുഷ്ഠിക്കുന്നത് ഭയത്തിന് കാരണവും ആകും എന്ന് കുലധർമ്മമാഹാത്മ്യം അടിവരയിട്ടു പറയുന്നു.

ആചാര:പരമാ വിദ്യാ ആചാര:പരമാഗതി:

സദാചാരവതാം പുംസാം സർവ്വത്രാപ്യഭയം ഭവേത് (മനുസ്മൃതി)

സദാചാരമാകുന്നു ഏറ്റവും വലിയ വിദ്യ. ആചാരമാണ് ശ്രേഷ്ഠമായ മാർഗ്ഗം.സദാചാരയുക്തൻമാരായ മനുഷ്യർക്ക് എല്ലാ ദിക്കിലും സംരക്ഷണം ലഭിക്കും എന്ന് ആചാരമാഹാത്മ്യം വിശദീകരിക്കുന്നു.

നിത്യം സ്നാത്വാ ശുചി: കുര്യാദ്ദേവർഷിപിതൃതർപ്പണം,

ദേവതാഭ്യർച്ചനം ചൈവ സന്ധാവന്ദനമേവച (മനുസ്മൃതി)

നിത്യവും രണ്ടുനേരം കുളിച്ച് ശുചിയായി ദേവന്മാർക്കും ഋഷിമാർക്കും പിതൃക്കൾക്കും തർപ്പണം ചെയ്യണം. സന്ധ്യാവന്ദനവും ഇഷ്ടദേവതാപൂജയും അനുഷ്ഠിയ്ക്കണം. പരദേവതോപാസനയും സന്ധാവന്ദനവും ചെയ്ത് ഒരു നല്ല ദിവസത്തിനായി പ്രാർത്ഥിയ്ക്കണം. ഒരു ബ്രാഹ്മണന്റെ നിത്യാനുഷ്ഠാനങ്ങൾ ഈ വിധമാണ്.

മേൽപറഞ്ഞ പ്രകാരം ജിവിതചര്യകൾ അനുഷ്ഠിച്ചു വരുന്ന ബ്രാഹ്മണർ ഇന്നും സമൂഹത്തിലുണ്ട്. ക്ഷേത്രങ്ങളിൽ പൂജാദികർമ്മങ്ങളുമായി കഴിയുന്ന ബ്രാഹ്മണർ സംഖ്യയിൽ കുറവാണെങ്കിലും അനുഷ്ഠാനങ്ങൾ ആചരിയ്ക്കുന്നതിലും മറ്റും ശ്രദ്ധേയരാണ്.

തലമുറകളായി പകർന്നു കിട്ടിയ ശ്രേഷ്ഠമായ അറിവും ജീവിതനിഷ്ഠകളും ഉറച്ച ദൈവവിശ്വാസവും ഭക്ഷണശീലങ്ങളും കഴിവും ബുദ്ധി സാമർത്ഥ്യവും ബ്രാഹ്മണർക്ക് എല്ലാ മേഖലകളിലും ഉന്നത തലങ്ങളിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്. അത് മാതൃക ആയി കണ്ടുകൊണ്ട് ആ തലത്തിലേക്ക് ഉയരാൻ മറ്റുള്ളവർ ശ്രമിയ്ക്കുന്നതല്ലേ അഭികാമ്യം.

സമൂഹത്തിന് ഹാനികരമായ യാതൊരു തരത്തിലുള്ള ദോഷപ്രവൃത്തികളും ഈ വിഭാഗത്തിൽ പെട്ടവർ ചെയ്യാറില്ല. സ്വാഭിമാനത്തിന് കോട്ടം തട്ടുന്ന ഒരു കർമ്മത്തിനും മുതിരില്ല. ചുരുക്കം ചിലർ പരപ്രേരണയിൽ വശംവദരായി ദുഷ്പ്രവൃത്തികൾ ചെയ്തത് മുജ്ജന്മ കർമ്മദോഷമെന്നല്ലാതെ എന്താണ്.

ജന്മം കൊണ്ടല്ല കർമ്മം കൊണ്ട് ആണ് ബ്രാഹ്മണൻ ആകുന്നത് എന്ന് പറയുന്നവരോട്, എത്ര ആളുകളെ ചൂണ്ടിക്കാട്ടാനാവും. ക്ഷേത്രങ്ങളിൽ പൂജാദി കർമ്മങ്ങൾ ചെയ്യാൻ അബ്രാഹ്മണരും ഉണ്ടെങ്കിലും മേൽസൂചിപ്പിച്ച പ്രകാരം ജിവിതചര്യകൾ അനുഷ്ഠിച്ചു വരുന്ന എത്രപേരുണ്ട്.

അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ അനുവദിയ്ക്കരുതെന്ന് പ്രതിഷേധിയ്ക്കാൻ പോലും ബ്രാഹ്മണർ മുന്നോട്ട് വന്നില്ല. എന്നിട്ടും ബ്രാഹ്മണരെ നിന്ദിയ്ക്കാനും മറ്റും ആളുകൾ ശ്രമിയ്ക്കുന്നത് എന്തിനുവേണ്ടി ആണന്ന് മനസ്സിലാവുന്നില്ല.

Advertisment