Advertisment

അങ്ങേയറ്റം നിരാശാജനകമായ ഒരു ബഡ്ജറ്റ്

New Update

publive-image

Advertisment

ഴിഞ്ഞ ക്രിസ്മസിന് കേക്ക് വാങ്ങാൻ ഇതെഴുതുന്ന ആൾ ഡൽഹിയിലെ പ്രസിദ്ധമായ ഐ എൻ എ മാർക്കറ്റിൽ പോയിരുന്നു.

ആഫ്രിക്കക്കാരും, നോർത്ത് ഈസ്റ്റിൽ നിന്നുള്ളവരും, ഡൽഹിയിലെ മലയാളികളും ഒക്കെ ഏറ്റവും പ്രയോജനപ്പെടുത്തുന്ന ഒന്നാണ് ഡൽഹിയിലെ ഐ എൻ എ മാർക്കറ്റ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ അവിടെ ക്രിസ്മസ് കേക്കും, ക്രിസ്മസ് ട്രീയും, സാൻറ്റോ ക്ളോസും ഒക്കെയുണ്ട്. പക്ഷെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒട്ടുമേ തിരക്കില്ല.

കഴിഞ്ഞ വർഷം ഇതേ സമയത്ത് അവിടെ നിന്നു തിരിയാൻ പോലും പറ്റില്ലായിരുന്നു. അത്രക്കായിരുന്നു തിരക്ക്. ഉത്തരേന്ത്യയിൽ എവിടെ നോക്കിയാലും കടകളിലെ സ്റ്റോക്ക് തീരാതെ ഉടമസ്ഥർ ഇരിക്കുന്നത് കാണാം.

മാർക്കറ്റുകളിൽ തിരക്ക് ഒട്ടുമേ ഇല്ലാ. സാധാരണ ഗതിയിൽ 5 മണി മുതൽ 8 മണി വരെയുള്ള സമയം വളരെ തിരക്ക് പിടിച്ചതാണ്; ബൈക്കുകളും മനുഷ്യരും അങ്ങോട്ടുമിങ്ങോട്ടും പായുന്ന സമയമാണത്.

ഉത്തരേന്ത്യയിലെ വിൻറ്റർ മാർക്കറ്റിലാകാട്ടെ, കുടുംബിനികളൊക്കെ സ്‌വെറ്ററും, ജാക്കറ്റും, കുട്ടികൾക്കുള്ള കമ്പിളി വസ്ത്രങ്ങളൊക്കെ തിരയുന്നത് പണ്ട് സ്ഥിരം കാഴ്ചയായിരുന്നു. ഇപ്പോൾ അത്തരം സ്ത്രീകളുടേയോ, കുടുംബിനികളുടേയോ സാന്നിധ്യം മാർക്കറ്റുകളിൽ വൻതോതിൽ കാണുവാനേ ഇല്ലാ.

ഇപ്പോൾ ആ പഴയ തിരക്കൊന്നും ഒരു മാർക്കറ്റിലും ഇല്ലാ. ചില കടകളൊക്കെ അടഞ്ഞുകിടക്കുന്നത് പോലും വലിയ മാർക്കറ്റുകളിൽ കാണാം. പലയിടങ്ങളിലും മുമ്പ് തിരക്കിൻറ്റെ കേദാരമായിരുന്ന നിരത്തുകളൊക്കെ ശൂന്യം.

കടക്കാരൊക്കെ മരവിച്ച കണ്ണുകളോടെ കടയിലെ സാധനങ്ങളുമായി ആളുകളെ നോക്കിയിരിക്കുന്നത് കാണാം. ഇന്ത്യ മുഴുവൻ ഇതാണ് സ്ഥിതി. അപ്പോൾ ജനങ്ങളുടെ ക്രയ-വിക്രയ ശേഷി ഉയർത്താതെ സമ്പദ് വ്യവസ്ഥയുടെ ഊർജം എങ്ങനെ വീണ്ടെടുക്കും?

'ഡിമാൻഡ്' സൃഷ്ടിക്കാനുള്ള പദ്ധതികളൊന്നും ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ ഇല്ലാ. 'ഡിമാൻഡ് ക്രിയേഷന്' ശ്രമിച്ച് സമ്പദ് വ്യവസ്ഥയിൽ നവോന്മേഷം സൃഷ്ടിക്കുന്നതിന് പകരം 'സപ്ളൈ സൈഡ്' മാത്രം നോക്കി എന്നതാണ് ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിലെ പ്രധാന പ്രശ്നം.

തൊഴിലും വരുമാനവും കൂട്ടാനുള്ള ഒരു നടപടിയും ഈ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലാ. റവന്യു വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഈ രാജ്യത്തുള്ളത്. ഡിമാൻഡ് കൂടാതെ റവന്യു വരുമാനം കൂടത്തുമില്ല.

ഡിമാൻഡ് കൂട്ടാതെ ഒരു 'ഡിമാൻഡ്-സപ്പ്ളൈ ഇക്കോണമിയെ' എങ്ങനെ മുന്നോട്ട് നയിക്കും എന്ന് ധന മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറയുന്നില്ലാ. ഇന്നത്തെ ഇന്ത്യയിൽ മാർക്കറ്റുകൾ പൊതുവെ 'ഡൾ' ആണ്.

അപ്പോൾ ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്ത് അവരുടെ ക്രയ-വിക്രയ ശേഷി വർധിപ്പിക്കുന്നതിന് പകരം ബി.എസ്.എൻ.എല്ലും, എയർ ഇൻഡ്യയും ഒക്കെ വിറ്റ് ജീവനക്കാരെ പറഞ്ഞു വിടുകയും ചെയ്‌താൽ ആളുകളുടെ വരുമാനം എങ്ങനെയാണ് ഉയരുന്നത്?

കാര്യങ്ങൾ ഇങ്ങനെയായാൽ ഒരു സാധാരണ പൗരൻറ്റെ ക്രയ-വിക്രയ ശേഷി എങ്ങനെ ഉയരും?

LIC, IDBI, BHEL, BPCL, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എയർ ഇന്ത്യ, - ഇവയെല്ലാം ഇപ്പോൾ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കയാണ്‌ അതല്ലെങ്കിൽ ലിസ്റ്റ് ചെയ്യാൻ പോകുകയാണ്.

പ്രൈവറ്റ് ഷെയർ ഹോൾഡേഴ്‌സിൻറ്റെ ഇൻവെസ്റ്റ്മെൻറ്റ് പ്രകാരം ഇന്ത്യയുടെ അഭിമാനമായിരുന്ന ഈ പൊതുമേഖലാ സ്ഥാപനങ്ങൾ ഭാവിയിൽ പ്രവർത്തിക്കേണ്ടിവരുന്നത് രാജ്യതാൽപര്യത്തിന് ഒട്ടുമേ ഉതകുന്ന നടപടി അല്ലാ.

സ്വകാര്യ വ്യക്തികളുടെ താൽപര്യപ്രകാരമല്ല ജന നന്മക്ക് ഉപകാരപ്പെടേണ്ട പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. സ്വകാര്യവൽക്കരണം അല്ലാ ശരിക്കുള്ള പ്രശ്നം; നമ്മുടെ പ്രൈവറ്റ് മേഖലാ പൂർണമായും നിയമവിധേയമായി പ്രവർത്തിക്കാത്തതാണ്.

ഇന്ത്യയിൽ പ്രൈവറ്റ് ക്യാപ്പിറ്റൽ പൂർണമായും നിയമ വിധേയമായി ഒരിക്കലും പ്രവർത്തിച്ച ചരിത്രമില്ലാ. 'എത്തിക്സും', 'മൊറാലിറ്റിയും' ഇല്ലാത്ത രാഷ്ട്രീയക്കാർ ഇത്തരക്കാർക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നൂ.

അമേരിക്കയുടേതോ, മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലേയോ പ്രൈവറ്റ് ക്യാപ്പിറ്റലുമായി നമ്മുടെ സ്വകാര്യ മൂലധന ശക്തികളെ താരതമ്യപ്പെടുത്തുന്നത് തന്നെ മണ്ടത്തരമാണ്.

ശത കോടീശ്വരനായ 'എൻറോൺ' മേധാവിയെ പോലും വിലങ്ങുവെച്ച് നടത്തിച്ച ചരിത്രമാണ് അമേരിക്കയിലെ നീതിന്യായ സംവിധാനത്തിൻറ്റേത്. റഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന കൊർദോവ്സ്കിയെ അവിടുത്തെ നീതിന്യായ വ്യവസ്ഥ ജയിലിൽ അടച്ചു.

ഇന്ത്യയിൽ അതൊക്കെ സങ്കൽപ്പിക്കാൻ പോലും സാധിക്കുമോ? ഇവിടേ 'മൊണോപ്പൊളികളെ' നിയന്ത്രിക്കേണ്ട 'കോമ്പറ്റിഷൻ കമ്മീഷൻ' ഒക്കെ നോക്കുകുത്തിയായിട്ട് കാലം കുറെയായി.

'ക്യാപ്പിറ്റൽ എക്സ്പൻഡീച്ചർ' അതല്ലെങ്കിൽ മൂലധന നിക്ഷേപം നടത്തി 100 വിമാന താവളങ്ങൾ കൂടി നിർമിക്കും എന്ന് ധന മന്ത്രിക്ക് വെറുതേ വാഗ്ദാനം നടത്താം; അങ്ങനെ വാഗ്ദാനം നടത്തുമ്പോൾ ജനങ്ങളുടെ കയ്യടി കിട്ടും.

പക്ഷെ വരുമാനം കുറഞ്ഞിരിക്കുന്ന സന്ദർഭത്തിൽ, മൂലധന നിക്ഷേപം എവിടുന്ന് വരും എന്നത് മാത്രം മന്ത്രി പറയുന്നുമില്ല. ജനങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ പിന്നെ ആര് ഈ വിമാനാതാവളങ്ങൾ ഒക്കെ ഉപയോഗപ്പെടുത്തും എന്നതും കേന്ദ്ര സാമ്പത്തിക മന്ത്രി പറയുന്നില്ല.

പണ്ട് ബി.ജെ.പി. - ക്ക് വേണ്ടി ചാനൽ ചർച്ചകളിൽ തിളങ്ങിയിരുന്ന നിർമല സീതാരാമന് സാമ്പത്തിക വിഷയങ്ങളെ കുറിച്ച് വലിയ പിടിപാടുള്ളതായി കാണുന്നില്ല. സാമ്പത്തിക സഹ മന്ത്രിയായ അനുരാഗ് ഠാക്കൂറാകട്ടെ, ചാനലുകളിൽ ബഡ്ജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ വിക്കുന്നതും കാണാമായിരുന്നു.

പരസ്യമായി കൊലവിളിക്കും വെടിവെപ്പിനും ആഹ്വാനം നടത്തുന്ന ഒരു മന്ത്രിക്ക് അല്ലെങ്കിലും സാമ്പത്തിക വിഷയങ്ങളോട് എങ്ങനെ ഒരു പ്രൊഫഷണൽ സമീപനം കൈവരും?

നോട്ട് നിരോധനം, ജി.എസ്.ടി., സബ്സിഡി വെട്ടിച്ചുരുക്കൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ സ്വതന്ത്ര വിപണി, ബാങ്കുകളുടെ സംയോജനം, സ്വകാര്യവൽക്കരണം, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടൽ - ഇങ്ങനെ പല പദ്ധതികളുമായി കേന്ദ്ര സർക്കാർ തന്നെ ജനങ്ങളുടെ ക്രയ-വിക്രയ ശേഷി എടുത്തു കളഞ്ഞു.

ഒരു ലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടു എന്നാണ് ‘ഓട്ടോമോട്ടീവ് കംപോണെൻറ്റ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ’ തന്നെ ഈയിടെ പറഞ്ഞത്. ‘കമ്പൾസറി റിട്ടയർമെൻറ്റ്' എന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര സർക്കാരിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും പലരേയും പിരിച്ചു വിട്ടുകഴിഞ്ഞു

. ‘പെർഫോമൻസ് അസസ്മെൻറ്റ്’ എന്നു പറഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ പലർക്കും നോട്ടീസ് നൽകികഴിഞ്ഞു. നോട്ടീസ് പോലും നൽകാതെ അനേകം പേർക്ക് ‘കമ്പൾസറി റിട്ടയർമെൻറ്റും’ കൊടുത്തുകഴിഞ്ഞു. 50 വയസു കഴിഞ്ഞ പലർക്കുമാണ് ‘കമ്പൾസറി റിട്ടയർമെൻറ്റ്' കൊടുക്കുന്നത്.

അനേകം പേർക്ക് ഇന്നത്തെ ഇന്ത്യയിൽ ജോലി നഷ്ട്ടപ്പെട്ടു കഴിഞ്ഞു. മറ്റ് പലരും ജോലി പോകുമെന്ന ഭീതിയിലും ആണ്. പുതുതായി വൻതോതിൽ തൊഴിൽ സൃഷ്ടിക്കാനുള്ള പദ്ധതികളൊന്നും കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരുകൾക്കോ ഇല്ലാ.

ജോലി നഷ്ടപ്പെടും എന്ന് തോന്നിയാൽ ആരാണ് സാധനങ്ങൾക്കായി പണം മുടക്കാൻ തയാറാവുക? നമ്മുടെ വിപണി പ്രതിസന്ധിയിലാവുന്നതിൻറ്റെ കാരണം അതാണ്. പൗരത്വ ബില്ലിനെ ചൊല്ലിയുള്ള ആവശ്യമില്ലാതിരുന്ന വിവാദം സൃഷ്ടിക്കപ്പെട്ടത് ഈ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് തോന്നുന്നത്.

പ്രതിപക്ഷവും ജനങ്ങളും ഇന്നത്തെ ഭരണവർഗം കുഴിച്ച കുഴിയിൽ വീണത് പോലെയാണ് തോന്നുന്നത്. സാമ്പത്തിക തളർച്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറിക്കഴിഞ്ഞു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ടതിനു പകരം മതം പറഞ്ഞു ഇന്ത്യയിൽ ആളുകൾ തമ്മിൽ തല്ലുകയാണ്.

പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിഷേധം ഒന്ന് തണുത്തപ്പോൾ ജെ.എൻ.യു. - വിൽ ആളെ വിട്ട് തല്ലിച്ചു. അതിനു ശേഷം ജാമിയയിലും, ഷഹീൻ ബാഗിലും ആയി രാജ്യ സ്നേഹികളുടെ വിളയാട്ടം.

കേന്ദ്ര മന്ത്രിമാർ തന്നെ പരസ്യമായി കൊലവിളിക്കും വെടിവെപ്പിനും ആഹ്വാനം നൽകുന്നൂ - എല്ലാം രാജ്യസ്നേഹത്തിനു വേണ്ടിയാണ്! ഈ ശ്രദ്ധ തിരിക്കൽ പ്രക്രിയയായാണ് ഇപ്പോൾ ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.

പക്ഷെ ജനം അത് മനസിലാക്കാത്തിടത്തോളം കാലം രാഷ്ട്രീയക്കാർ മതവും, രാജ്യസ്നേഹവും ഒക്കെ കൂടെ കൂടെ പറഞ്ഞു ഇന്ത്യ ഭരിക്കും.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment