Advertisment

ലോക കമ്യൂണിസ്റ്റുകൾ കാരാട്ട്‌ ലൈനിനു പിന്നാലെ പരക്കം പായു൦. സുധാകർ റെഡ്ഢിയും കാനം രാജേന്ദ്രനും യെച്ചൂരിയും വി.എസും അതുംനോക്കി വന്യമായി ചിരിക്കു൦

New Update

സത്യത്തിൽ നിരീക്ഷണ ക്യാമറ ഒരു വലിയ പ്രശ്നം തന്നെയാണ്‌…

Advertisment

നമ്മളൊക്കെ അതിന്റെ ഗുണദോഷങ്ങൾ അറിയുന്നത്‌ അടുത്തകാലത്താണ്‌…

പക്ഷേ എത്രയോ ദശാബ്ദങ്ങളായി സമ്പന്ന രാഷ്ട്രങ്ങൾ ലോകത്തെ സൂക്ഷ്മമായി ഉപഗ്രഹകണ്ണുകളിലൂടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നൂ…!

പക്ഷേ അവരേയും പറ്റിക്കുവാൻ പ്രാപ്തരാണിന്ത്യാക്കാർ എന്ന് 1996ൽ നമ്മുട ശാസ്ത്രജ്ഞർ അവർക്ക്‌ മനസ്സിലാക്കിക്കൊടുത്തു, പൊക്രാനിൽ വിരിയിച്ച അണുബോംബ്‌ സ്പോടനത്തിലൂടെ.

publive-image

അമേരിക്കൻ ചാരക്കണ്ണുകൾക്ക്‌ ഭൂഗോളത്തിന്റെ 24 മണിക്കൂർ ഭ്രമണത്തിനിടയിൽ രണ്ടുമണിക്കൂർ നേരം ഇന്ത്യ അപ്രാപ്യമാണെന്ന് അവർ കണ്ടുപിടിച്ചു. ആ രണ്ടുമണിക്കൂർ കൃത്യമായി ഉപയോഗിച്ചു, മാസങ്ങളുടെ പ്രയത്നത്തിലൂടെ അവർ അതു സാധ്യമാക്കി. ബുദ്ധൻ ചിരിച്ചു.

ചൈനയേയും പാകിസ്താനേയുമൊക്കെ പറ്റിക്കുന്നതിൽ ഇന്ത്യാക്കാർ മോശമല്ലെന്ന് ഇതേവരെ തെളിയിക്കുന്നുമുണ്ട്‌.

പക്ഷേ കാര്യങ്ങൾ അവിടംകൊണ്ടൊന്നും തീരുന്നില്ല. നിരീക്ഷണ ക്യാമറ കേരളത്തിലെ പാർട്ടി ഓഫീസുകളിൽ വരെ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ സഖാക്കൾ പഠിച്ചു, വിജയിക്കുകയും ചെയ്തു.

നമ്മുടെ അതിർത്തികളിലുടനീളം ചൈനാക്കാരും അവരുടെ പാകിസ്ഥാനി സുഹൃത്തുക്കളും നിരീക്ഷണ ക്യാമറകൾ നിരത്തിയിട്ടുണ്ടെങ്കിലും, 'ഒരു ചുക്കും' അവർക്ക്‌ കിട്ടുന്നില്ല എന്നതിൽ നമ്മുടെ ശാസ്ത്രജ്ഞർ ഊറ്റം കൊള്ളാറുണ്ട്‌.

പക്ഷേ ബംഗാളിൽ മൂന്നുദശാബ്ദങ്ങൾ നീണ്ട കമ്യൂണിസ്റ്റ്‌ കുത്തക ഭരണത്തിനു തിരശ്ശീല വീണത്‌, ലോകവാർത്തകളിൽക്കൂടിയാണ്‌ ചൈനീസ്‌ ഭരണാധികാരികൾ അറിഞ്ഞതെന്ന സത്യം അവരെ ശരിക്കും ഞെട്ടിച്ചു. നിരീക്ഷണക്യാമറകളെ അവർ ആദ്യമായി ശപിച്ചു.

ഭാരതം ഭരിക്കാനുള്ള അവസരം 'ജ്യോതിബാസുവിനു നേർക്ക്‌' നീട്ടിയപ്പോൾ അതിനെ നിഷ്കരുണം ചവിട്ടിത്തൊഴിച്ച്‌ പുറത്താക്കി ക്ലീൻ ഷേവ്‌ ചെയ്ത മുഖത്തെ ഇല്ലാത്ത കൊമ്പൻ മീശ ചുരുട്ടി പോഡിയത്തിന്റെ ഔന്നത്യത്തിൽ നിന്നു ചിരിച്ച പ്രകാശ്‌ കാരാട്ടിനെ അന്നേ ചൈനാക്കാർ നോട്ടമിട്ടു.

യെച്ചൂരിയാണ്‌ സെക്രട്ടറിയെങ്കിലും പാർട്ടിയെ തന്റെ കൈകളിൽ മെരുക്കി നിർത്താനുള്ള കാരാട്ടിന്റെ അസാമാന്യ പാടവത്തെ ചൈനീസ്‌ പാർട്ടി പഠനവിഷയമാക്കി. സ. ഹർകിഷൻ സുർജിത്‌ സിംഗ്‌ സെക്രട്ടറിയായിരുന്നപ്പോൾ 'കാരാട്ട്‌ ലൈൻ' ആയിരുന്നല്ലോ പ്രബലം എന്നതിനു രക്തസാക്ഷിയായത്‌ സാക്ഷാൽ ജ്യോതിബാസു തന്നെ.!

അങ്ങനെ എന്തിനും ഏതിനും പരിഹാരം നൽകുന്ന 'കാരാട്ട്‌ ലൈനി'നെ ചൈനാക്കാർ 'ഫോളോ' ചെയ്യാൻ തുടങ്ങി.

എന്തു വിലകൊടുത്തും ബി.ജെ.പി ക്കെതിരേ ഒരു പൊതുവേദിയുണ്ടാകുന്നത്‌ നല്ലതല്ല, കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ വളർച്ചയ്ക്ക്‌ ഗുണകരമല്ലാ എന്ന 'കാരാട്ട്‌ ലൈൻ' യെച്ചൂരിയുടെ പല്ലും നഖവും അടർത്തിയിട്ടപ്പോൾ ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ തന്നെ കാരാട്ടിനു പിന്നാലെ 'പപ്പരാസികളെ' നിയോഗിക്കാൻ തുടങ്ങി.

ഒടുവിലിതാ കാരാട്ട്‌ പ്രഖ്യാപിച്ചു, "ത്രിപുരയിലെ മഹത്തായ വിജയത്തിൽ നിന്നും നാം പാഠം പഠിക്കേണ്ടതുണ്ട്‌" എന്ന്.

അതു കേട്ടപ്പഴേ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പരമാധികാരിക്ക്‌ കാര്യം മനസ്സിലായി.

ജനാധിപത്യം തുടർന്നാൽ 'കമ്യൂണിസ്റ്റ്‌ ഭരണം' ചവറ്റുകൊട്ടയിലാകും വീഴുക. 'റഷ്യ മുതൽ ത്രിപുര വരെ ' എന്ന ഒരു തീസീസും ഒറ്റരാത്രികൊണ്ട്‌ രചിക്കപ്പെട്ടു.

24 മണിക്കൂർ സമയത്തിനകം ചൈനയിലും ജനാധിപത്യത്തെ മാറ്റിനിർത്തി. കമ്യൂണിസ്റ്റ്‌ ഏകാധിപത്യമാണ്‌ സുരക്ഷിതമാർഗ്ഗമെന്ന് വിധിയെഴുതി. കമ്യൂണിസ്റ്റ്‌ ചക്രവർത്തിയെ വാഴിക്കുകയും ചെയ്തു.

ഇനി മുതൽ നമ്മൾ കാണുവാൻ പോകുന്നത്‌,

'ഷി ജിൻ പിംഗ്‌ ദാദ' ചക്രവർത്തിയെ ആയിരിക്കും.

ലോക കമ്യൂണിസ്റ്റുകൾ കാരാട്ട്‌ ലൈനിനു പിന്നാലെ പരക്കം പായുന്നതും നമുക്ക്‌ കാണാം. !

സി.പി ഐ ക്കാരും സുധാകർ റെഡ്ഢിയും കാനം രാജേന്ദ്രനും യെച്ചൂരിയും സി.പി.എമ്മിന്റെ ജന്മത്തിൽ ഭാഗഭാക്കായവരിലവശേഷിക്കുന്ന ഏക സഖാവ്‌ വി.എസും വന്യമായി ചിരിക്കുന്നതും…!

.

Advertisment