കോണ്‍ഗ്രസിന് നാഥനില്ല, യുഡിഎഫിന് സ്വീകാര്യതയുള്ള നേതാവുമില്ല ! മുരളീധരനെയും സുധാകരനെയും വെട്ടിനിരത്തി കടപ്പാടിന്റെ പേരില്‍ മുല്ലപ്പള്ളിയെ ആനയിക്കാന്‍ നീക്കം ? കോണ്‍ഗ്രസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ! നേട്ടം കൊയ്യാന്‍ മത്സരിച്ച് ബിജെപിയും സിപിഎമ്മും !!

കിരണ്‍ജി
Saturday, July 14, 2018

കാഴ്ചപ്പാട്/ പുറമേ കാര്യങ്ങള്‍ ഭംഗിയാണെന്ന് തോന്നാമെങ്കിലും ചരിത്രത്തിലെ ഏറ്റവും ദയനീയമായ പ്രതിസന്ധികളിലൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസും യു ഡി എഫും കടന്നുപോകുന്നത്. പാര്‍ട്ടിക്കും മുന്നണിയ്ക്കും ജനങ്ങളില്‍ സ്വീകാര്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പ്രധാന വെല്ലുവിളി.

കെ പി സി സിയ്ക്ക് ഒരു താത്ക്കാലിക പ്രസിഡന്റിനെ നിയമിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും സ്ഥിരം അധ്യക്ഷനെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. യു ഡി എഫ് നേതൃത്വം പോരെന്ന പരാതി കോണ്‍ഗ്രസിന്റെയും ഘടക കക്ഷിയുടെയും നേതാക്കള്‍ പലപ്പോഴായി ഉന്നയിച്ചതാണ്. അക്കാര്യത്തിലും തീരുമാനമായില്ല.

യു ഡി എഫിന് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായ ഉമ്മന്‍ചാണ്ടി ആദ്യ രണ്ടു വര്‍ഷം മുന്നണി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹം ആന്ധ്രയുടെ ചുമതലയോടെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. പുതിയ ചുമതല അദ്ദേഹം ആസ്വദിച്ചു തുടങ്ങിയതോടെ കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ താത്പര്യം കുറഞ്ഞുവരുന്നതായാണ് സൂചന.

ഘടകകക്ഷികളില്‍ ജനതാദള്‍ മുന്നണി വിട്ടെങ്കിലും കേരള കോണ്‍ഗ്രസ് – മാണി തിരിച്ചു വന്നതോടെ ആ ക്ഷീണം മാറി. എന്നാല്‍ രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം അതിനേക്കാള്‍ ക്ഷീണവുമായി. കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് ആണയിടുന്ന എ കെ ആന്റണി തന്നെ നിര്‍ണ്ണായക സമയത്ത് പാര്‍ട്ടിക്കെതിരെ പറയുന്ന ഒരു വിഭാഗം എം എല്‍ എമാരെ സംശയിച്ചു നിര്‍ത്തുന്നു.

മറുവശത്ത് സര്‍ക്കാരിന്റെ പരാജയങ്ങള്‍ പരമ്പരയായി നടക്കുമ്പോഴും അതാഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ഒരുകൈ സഹായം നല്‍കാന്‍ പോലും പ്രതിപക്ഷത്തിനാകുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവനകള്‍ക്കും നിലപാടുകള്‍ക്കും കോണ്‍ഗ്രസുകാരെപ്പോലെ മാധ്യമങ്ങളും വലിയ വില കല്‍പ്പിക്കുന്നില്ല.

പ്രതിപക്ഷ നേതാവ് പോരെന്ന് യു ഡി എഫുകാര്‍പോലും പറയുമ്പോള്‍ നാട്ടുകാര്‍ വേറെന്ത് പറയാന്‍ എന്നതാണ് സ്ഥിതി. പാര്‍ട്ടിക്ക് ഡൈനാമിക് ആയുള്ള നേതൃത്വം വരണമെന്നാണ് കേരളത്തിലെ പ്രവര്‍ത്തകരും യു ഡി എഫ് അനുഭാവികളും ആഗ്രഹിക്കുന്നത്.

അതായത്, ജനങ്ങളെ ആകര്‍ഷിക്കാനും പ്രവര്‍ത്തകരെ ഇളക്കി മറിയ്ക്കാനും വേണ്ടുന്ന നേതൃത്വമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനായി കെ മുരളീധരന്‍, കെ സുധാകരന്‍ പോലുള്ള പേരുകള്‍ അവര്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അത് ഗൗനിക്കാതെ മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള പേരുകളുമായാണ് ഹൈക്കമാന്റിന്റെ നടപ്പ്.

രാഹുല്‍ ഗാന്ധിയെ അനായാസം തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ എ ഐ സി സി അധ്യക്ഷനാക്കിയ മുല്ലപ്പള്ളിയോട് ഹൈക്കമാന്റിന് കടപ്പാടുണ്ട്. അതിന് ഒരു സംസ്ഥാനത്തെ പാര്‍ട്ടിയെ ബലികൊടുക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചാല്‍ കേരളത്തിലെ അവശേഷിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ബി ജെ പി തന്നെ ശരണം !

പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രത്യേകിച്ചൊരു മെറിറ്റും പറയാനില്ലാത്ത പ്രവര്‍ത്തകര്‍ക്ക് ‘ആക്സസ്’ ഇല്ലാത്ത ഒരു നേതാവിന്റെ പക്കല്‍ പാര്‍ട്ടിയെ ഏല്‍പ്പിച്ചാലുണ്ടാകുന്ന സ്ഥിതി പ്രവചിക്കേണ്ട കാര്യം തന്നെയില്ല. സി പി എമ്മിനെ സഹായിക്കലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും ഉദ്ദേശമെങ്കില്‍ കോണ്‍ഗ്രസുകാര്‍ എന്ത് പറയാനെന്നതാണ് സ്ഥിതി.

ഉടനടി കെ പി സി സിയ്ക്ക് ഊര്‍ജ്ജസ്വലമായ നേതൃത്വം എന്നതാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രഥമ ആവശ്യം. അത് ഹസനെപ്പോലെയോ മുല്ലപ്പള്ളിയെപ്പോലെയൊ ബെന്നി ബെഹന്നാനെയൊ കെ സി ജോസഫിനെപ്പോലെയോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിനെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്ന വി ഡി സതീശനെപ്പോലെയോ പോലും ഉള്ള ആളായിക്കരുത്.

കെ മുരളീധരനോ കെ സുധാകരനോ ശശി തരൂരോ എങ്കില്‍ ഉത്തമം. അല്ലെങ്കില്‍ 40 വയസില്‍ താഴെയുള്ള യുവത്വത്തിന് കൈമാറട്ടെ. തൊട്ടുപിന്നാലെ യു ഡി എഫിനും ഒരു ജനകീയ മുഖമുള്ള നേതൃത്വം ഉണ്ടാകണം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാനും പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി മുള്‍മുനയില്‍ നിര്‍ത്താനും കഴിയുന്ന നേതൃത്വം വരണം.

അതുണ്ടായില്ലെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ചരിത്രമായി മാറുകയാവും ഫലം.  കോണ്‍ഗ്രസുകാര്‍ ബി ജെ പിക്കാരായി പരിവര്‍ത്തനം ചെയ്യപ്പെടും. അടുത്ത തെരഞ്ഞെടുപ്പിലും പിണറായി വിജയന്‍ ഭരിക്കും. പിന്നത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയും. ഇന്നത്തെ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും അന്ന് ബി ജെ പിയുടെ നേതൃനിരയിലുണ്ടാകും.

അതിന് അവസരം ഉണ്ടാക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഹൈക്കമാന്റാണ്. മുല്ലപ്പള്ളിയോടുള്ള കടപ്പാട് ഡല്‍ഹിയില്‍ തീര്‍ക്കുന്നതാണ് ഉചിതം. അദ്ദേഹത്തിന്റെ ‘രാഷ്ട്രീയജാതകം’ കേരളത്തിന് ഇണങ്ങില്ല. മുരളിയ്ക്കും സുധാകരനും അയിത്തം കല്‍പ്പിക്കുന്ന നേതാക്കള്‍ പിന്നീട് ദുഖിക്കേണ്ടി വരും.

×