‘മുന്നണിക്ക് വേണ്ടിയുള്ള വിട്ടുവീഴ്ച്ചകൾക്കെതിരെ ചന്ദ്രഹാസമിളക്കുന്നവർ ഇനി ഇലക്ഷനുകളിൽ മൽസരിക്കുമ്പോൾ ഞങ്ങൾക്ക് ഘടകകക്ഷികളുടെ വോട്ട് വേണ്ട, കോൺഗ്രസ്സുകാരുടെ വോട്ട് മാത്രം മതി എന്ന് പറയട്ടെ’

Saturday, June 9, 2018

ജോണ്‍ ഡാനിയേല്‍
(തൃശൂര്‍ ഡിസിസി സെകട്ടറി & തൃശൂര്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍)

യുഡിഎഫിലെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുക്കേണ്ടി വന്നതിന്റെ പേരിൽ കേരളത്തിലെ വലിയൊരു വിഭാഗം പ്രവർത്തകരിലും നേതാക്കളിലും അമർഷവും നിരാശയുമുണ്ട് എന്നതു് സത്യമാണ്. അത് സ്വാഭാവികവുമാണ്. പക്ഷേ, മുന്നണി രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാവാത്തൊരു ഗതികേട് ആയി മാത്രമേ അതിനെ കാണേണ്ടതുള്ളൂ.

കേരളത്തിൽ കോൺഗ്രസും മുന്നണിയും ഇനിയും കൂടുതൽ ദുർബലപ്പെടരുത് എന്ന് ആഗ്രഹിക്കുന്ന ആർക്കും ആ തീരുമാനത്തിൽ തെറ്റ് കാണാനാവില്ല. കേരള കോൺഗ്രസ് അങ്ങനെയൊരു ആവശ്യം മുന്നോട്ടു വെക്കുകയും മുസ്‌ലിം ലീഗ് അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്തപ്പോൾ കേരളത്തിൽ കോൺഗ്രസും മുന്നണിയും ശക്തിപ്പെട്ടു കാണാൻ ആഗ്രഹിക്കുന്ന നേതാക്കൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്തു തീരുമാനമെടുത്ത് ഹൈക്കമാൻഡിനെ അറിയിക്കുകയും കോൺഗ്രസ് അധ്യക്ഷൻ അത് അംഗീകരിക്കുകയുമാണ് ഉണ്ടായത്.

എന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഉമ്മൻചാണ്ടിയെപ്പോലുള്ള ചിലരുടെ ചുമലിലിട്ട് അദ്ദേഹത്തെ പഴി ചുമത്തിക്കൊണ്ടുള്ള പ്രചാരണമാണ് ചിലർ നടത്തുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടുന്നതിനേക്കാൾ അവസരവാദപരവും സ്വാർഥവുമാണ് അത്തരം നടപടികൾ.

കേരള രാഷ്ട്രീയത്തെക്കുറിച്ചും കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും വലിയ പിടിയില്ലാത്ത ചിലരാണ് രാജ്യസഭാ സീറ്റിനെച്ചൊല്ലി വലിയ കോലാഹലമുണ്ടാക്കി കയ്യടി വാങ്ങാൻ ശ്രമിക്കുന്നത്. കേരള നിയമസഭയിൽ കോൺഗ്രസിന് നിലവിൽ വെറും 22 എം.എൽ.എ.മാർ മാത്രമാണുള്ളത് എന്ന വസ്തുത അവർ സൗകര്യപൂർവം മറക്കുന്നു. രാജ്യസഭാ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ 36 ഒന്നാംവോട്ട് വേണം.

കോൺഗ്രസിന്റെ കയ്യിലുള്ളത് വെറും 22 വോട്ട്. മുസ്‌ലിം ലീഗിന് 18 വോട്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ആറ് വോട്ട്. നിലവിൽ കോൺഗ്രസ് സ്ഥാനാർ‌ഥി വിജയിക്കണമെങ്കിൽ ലീഗ് വോട്ട് കിട്ടണം. അല്ലെങ്കിൽ എൽഡിഎഫിൽ നിന്ന് 14 വോട്ട് കിട്ടണം.

അതു നടപ്പുള്ള കാര്യമല്ലല്ലോ. കേരള കോൺഗ്രസിന് സീറ്റ് കൊടുത്തില്ലെങ്കിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലീഗ് പറയുമ്പോൾ കോൺഗ്രസ് നേതാക്കൾ എന്താണ് ചെയ്യേണ്ടിയിരുന്നത്? പോടാ പുല്ലേ, നിന്റെയൊന്നും വോട്ട് ഞങ്ങൾക്കു വേണ്ട എന്നും പറഞ്ഞ് ലീഗിനെ പറഞ്ഞു വിടണമായിരുന്നോ?

കോൺഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത കാലത്തോളം മുന്നണി രാഷ്ട്രീയത്തിൽ നിന്നേ പറ്റൂ. മുന്നണി രാഷ്ട്രീയമെന്നാൽ വിട്ടുവീഴ്ചകളുതേടും അ‍‍ഡ്ജസ്റ്റ്മെന്റിന്റേതുമാണ്. വലിയ പാർട്ടി തന്നെയാണ് എപ്പോഴും ഏറ്റവും കൂടുതൽ അഡ്ജസ്റ്റ്മെന്റിനും വിട്ടുവീഴ്ചക്കും തയാറാവേണ്ടത്. അത് മുന്നണി ജനാധിപത്യത്തിലെ അനിവാര്യമായൊരു ഗതികേടാണെന്നും പറയാം.

പകുതിയോളം എം.എൽ.എ.മാർ മാത്രമുള്ള ജനതാദളിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുത്ത് കർണാടകയിൽ കോൺഗ്രസ് കാണിച്ചതും അതേ മുന്നണി മര്യാദ തന്നെ. അതേ കർണാടക നിയമസഭയിൽ, ഒരു എം.എൽ.എ. മാത്രമുള്ള ബി.എസ്.പി.ക്ക് മന്ത്രിസ്ഥാനം കൊടുത്തതും മുന്നണി മര്യാദയുടെ ഭാഗം. മര്യാദ ഇല്ലാതാവുമ്പോൾ മുന്നണി തന്നെ ഇല്ലാതായേക്കാം.

അനുഭവങ്ങളിൽ നിന്ന് അക്കാര്യങ്ങൾ മനസ്സിലാക്കിയവരാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. പത്തും നാൽപ്പതും കൊല്ലം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ അവർക്ക് അതു മനസ്സിലാക്കാനുള്ള പരിണതപ്രജ്ഞതയുണ്ട്. ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച് സോഷ്യൽമീഡിയയുടെ ത്രീഫോൾ‍ഡ് കുടക്കീഴിൽ മാത്രം ജീവിക്കുന്നവർക്ക് അത്രവേഗം അതു മനസ്സിലാകണമെന്നില്ല.

ഇക്കാര്യത്തിൽ കേരള കോൺഗ്രസും മുസ്ലിം ലീഗും പ്രയോഗിച്ചത് സമ്മർദ്ദതന്ത്രം തന്നെയാണ്, സംശയമില്ല. ചെങ്ങന്നുർ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കോൺഗ്രസ് അൽപം ദുർബലവും പ്രതിരോധത്തിലുമാണെന്ന് മനസ്സിലാക്കിയ ചില ഘടകകക്ഷികൾ മുന്നണിയിൽ അവരുടെ പാർട്ടികളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ വേണ്ടി ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു. മുതലെടുത്തു എന്നും പറയാം. ആ സമ്മർദ്ദത്തിന് മുന്നിൽ കോൺഗ്രസ് വഴങ്ങേണ്ടി വന്നത് മുന്നണി രാഷ്ട്രീയത്തിലെ അനിവാര്യമായ ഒരു അവസ്ഥയാണ്.

ലീഗിനെയും കെ.എം.മാണിയെയും തള്ളിപ്പറഞ്ഞ് മുന്നണിയെ ദുർബലപ്പെടുത്താൻ നിൽക്കാതെ കോൺഗ്രസ് നേതാക്കൾ മുന്നണിയുടെ വിശാല താൽപര്യത്തിന് വേണ്ടി നയതന്ത്രപരമായ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുകയാണ് ചെയ്തത്. അത്തരം വിട്ട് വീഴ്ച്ചകളിലൂടെയാണ് ഏത് മുന്നണിയും നിലനിന്നിട്ടുള്ളത്.

ജീവിതത്തിന്റെ നല്ലൊരു ഭാഗം താണ്ടിക്കഴിഞ്ഞ നേതാക്കൾ ഇത്തരം വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായത് അവരുടെ വ്യക്തിപരമായ ഭാവി ശോഭനമാക്കാനാണ് എന്ന് ഞാൻ കരുതുന്നില്ല. പാർട്ടിയിലെയും മുന്നണിയിലെയും വരുംകാല നേതാക്കൾക്കും പ്രവർത്തകർക്കും വേണ്ടി ക്കൂടിയാണ്. മുന്നണിയുടെ മാത്രമല്ല, പാർട്ടി യുടെയും ചരിത്രം അത്തരം വിട്ടുവീഴ്ച്ചകളുടേതാണ്.

കോൺഗ്രസ് മാത്രമല്ല, ഘടകകക്ഷികളും അങ്ങനെ വിട്ടുവീഴ്ച്ച ചെയ്തിട്ടുണ്ട്. പി.ജെ.കുര്യൻ ആദ്യമായി രാജ്യസഭയിലെത്തിയത് കേരള കോൺഗ്രസ് മാറിക്കൊടുത്തപ്പോളാണ്. ഇടക്കാല മുഖ്യമന്ത്രിയായി വന്ന എ.കെ.ആന്റണി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മലപ്പുറത്ത് ലീഗ് എം.എൽ.എ. രാജിവെച്ച് ഒഴിഞ്ഞ് കൊടുത്ത സുരക്ഷിത സീറ്റിൽ നിന്നാണ്.

രാഷ്ട്രീയ നയതന്ത്രജ്ഞതയുടെയും വിട്ടുവീഴ്ച്ചകളുടെയും ഉസ്താദ് ആയിരുന്ന ലീഡർ കെ.കരുണാകരൻ അവസാനകാലത്ത് പാർട്ടിയിൽ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചതിന്റെ നഷ്ടങ്ങൾ അനുഭവിച്ചത്, ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത് ലീഡറല്ല, കെ.മുരളീധരൻ മുതൽ സി.എൻ.ഗോവിന്ദൻകുട്ടി മുതൽ സജീവൻ കുരിയച്ചിറ വരെയുള്ള ലീഡറുടെ അനുയായികളാണ്, മറക്കരുത്.

×