സഭയിലേത് അക്രൈസ്തവവും ലജജാകരവുമായ അധികാര വടംവലി. ദൈവ പരിപാലനയില്‍ വിശ്വാസിയായ ഞാന്‍ സഭയിലെ മെത്രാപ്പോലീത്താമാർക്കും മെത്രാന്മാർക്കും ….. വിശ്വാസ ഗണത്തിനും എഴുതുന്ന അജലേഖനം അഥവാ ആടെഴുത്ത്. സഭാ വിവാദത്തിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹിയിലെ അസി. പ്രൊഫസറുടെ കുറിപ്പ്

Friday, March 9, 2018

ഡല്‍ഹി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് അങ്കമാലി – എറണാകുളം അതിരൂപതയിലെ സഹായ മെത്രാനും ഒരു വിഭാഗം വൈദികരും ഉയര്‍ത്തിയ വിമത നീക്കങ്ങള്‍ക്കെതിരെ സഭയില്‍ എതിര്‍ വികാരം ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹി സര്‍വകലാശാല അസി. പ്രൊഫസര്‍ ഡോ. ആല്‍ബര്‍ട്ട് എബ്രാഹം ഫെയ്സ്ബുക്കില്‍ എഴുതിയ ‘അജലേഖനം അഥവാ ആടെഴുത്ത്’ എന്ന കുറിപ്പ് ശ്രദ്ധേയമായി മാറി.

അല്‍മായരുടെ അഭിപ്രായം അഥവാ കുഞ്ഞാടുകളുടെ എഴുത്ത് എന്ന് അര്‍ഥം വരുന്ന തലക്കെട്ടോടുകൂടി മെത്രാന്മാരുടെ ഇടയലേഖനം മാതൃകയിലാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നത്. വിമത വിഭാഗം മെത്രാന്മാര്‍ക്കും വൈദികര്‍ക്കും എതിരെയാണ് കുറിപ്പ്.

ഡോ. ആല്‍ബര്‍ട്ടിന്‍റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ദൈവപരിപാലനയിൽ ഒരു വിശ്വാസിയായ ഞാൻ, സിറോമലബാർ സഭയിലെ മെത്രാപ്പോലീത്താമാർക്കും, മെത്രാന്മാർക്കും, വൈദികർക്കും, സന്യാസി-സന്യാസിനികൾക്കും, സഭ മുഴുവനുമുള്ള വിശ്വാസഗണത്തിനും എഴുതുന്നത്,

സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾ, വളരെ അസാധാരണവും തീർത്തും അക്രൈസ്തവവും അത്യന്തം ലജ്ജാകരമായ അധികാരവടംവലിയുടെ പരിണിതഫലമായി ഉണ്ടായതാണ്. കുർബാനക്രമത്തെ സംബന്ധിച്ചു മുൻപുണ്ടായിരുന്ന തർക്കം, ഈ പ്രശ്‌നത്തിന് അത്തരത്തിലുള്ള വിഭാഗീയതയുടെ ഒരു മാനവും നൽകി. സഭയുടെ തിരഞ്ഞെടുക്കപ്പെട്ട തലവനും, സാർവത്രിക സഭയിലെ കർദിനാൾസംഘത്തിലെ അംഗവുമായ മേജർ ആർച്ചുബിഷപ്പിനെതിരെ സിവിൽ നിയമങ്ങളുനുസരിച്ചു കേസെടുക്കേണ്ടിവരുന്ന സാഹചര്യത്തിൽ വരെ കാര്യങ്ങൾ എത്തിചേർന്നിരിക്കുകയാണ്.

എറണാകുളം അതിരൂപതയിൽ സ്ഥലവില്പനയുമായി ബന്ധപ്പെട്ട് ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നത് സഭയുടെ ഉന്നതാധികാരകേന്ദ്രങ്ങൾവരെ സമ്മതിച്ച ഒരു സത്യമാണ്. വീഴ്ചകൾ പലതും ചർച്ചകളിലൂടെയും സമയമെടുത്തും പരിഹരിക്കാവുന്നതാണ്.

എന്നാൽ എറണാകുളം അതിരൂപതയുടെ ഭരണസംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്ച, സിവിൽ-കാനൻ നിയമങ്ങളനുസരിച്ചുള്ള ഗുരുതരമായ കുറ്റമായി വ്യാഖ്യാനിക്കുന്നതും, അത്തരം വ്യാഖ്യാനങ്ങൾക്ക് മേൽപ്പറഞ്ഞ അതിരൂപതയിലെ ചില മെത്രാന്മാരും വൈദികരും അവരുടെ ശിങ്കിടികളായ ചില അൽമായരും നല്കുന്ന വ്യാജപ്രചാരണങ്ങളും തീർത്തും തെറ്റാണ്.

സഭയുടെ തലവനെ മാനസികമായി പീഡിപ്പിച്ചു പുറത്താക്കി, ആ സ്ഥാനം കൈക്കലാക്കുക എന്ന വ്യക്തമായ ലക്ഷ്യം മുൻനിർത്തിയുള്ള, ചില അധികാര’യന്ത്ര’ങ്ങളും, അഹങ്കാരവും, സ്വാർത്ഥതയും അധികാരക്കൊതിയും ഉപ്പിലിട്ടു സൂക്ഷിച്ചിരിക്കുന്ന ചില ഇറക്കുമതി’ഭരണി’കളുമാണ് ഇതിന് പിന്നിലെന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

കൃത്യമായി ആസൂത്രണം ചെയ്തതും, അത്യന്തം വഞ്ചനാത്മകവും, ക്രിസ്തുവിന്റെയും സഭയുടെയും പഠിപ്പിക്കലുകൾക്കു ഘടകവിരുദ്ധവുമാണ് ഇവയെല്ലാം എന്നത് ഏതൊരു സാധാരണ സിറോമലബാർ വിശ്വാസിക്കും മനസ്സിലാക്കാവുന്ന കാര്യമാണ്.

കാര്യങ്ങൾ കൈവിട്ടുപോയസ്ഥിതിക്ക് ഇനി പ്രതികരിക്കേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതും സിറോ-മലബാർ സഭയുടെ സിനഡ് ആണ്. തെറ്റ് ചെയ്തവൻ ശിക്ഷക്ക് അർഹനാണ് എന്ന ഹെഗേലിയൻതത്വം അനുസരിച്ചു, കാനൻ നിയമങ്ങളുടെ നഗ്നലംഘനങ്ങൾ പലതവണ നടത്തിയ എറണാകുളം അതിരൂപതയിലെ വൈദിക ഗുണ്ടാടന്മാരെയും വട്ടോളി കേസുകളെയും, ലജ്‌ജാകരമായി അവർക്കു അടിമപ്പണി ചെയ്യുന്ന അല്മായരെയും, തിരശീലക്കുപിന്നിൽ ഒളിഞ്ഞിരുന്നു ഇതിനെല്ലാം പിന്തുണ നൽകുന്ന ഭരണിയന്ത്രങ്ങളെയും സഭാനിയമങ്ങളനുസരിച്ചു മാതൃകാപരമായി ശിക്ഷിക്കേണ്ടത് സഭാസിനഡിന്റെ ധാർമികബാധ്യതയാണ്.

അതുചെയ്യാത്തപക്ഷം, സഭയിലെ മെത്രാന്മാരുടെ കൂട്ടായ്മ, സഭയുടെ അധികാരസംവിധാനങ്ങളോടും, വിശ്വാസികളോടും, ദൈവികനീതിയുടെയും മാനുഷിക നീതിയുടെയും സാമാന്യതത്വങ്ങളോടും ചെയ്യുന്ന പൊറുക്കാനാവാത്ത അനീതിയായിരിക്കും.

അതിനാൽ ഈ പ്രശ്നത്തിന് നീതിപൂർവ്വകമായ പരിഹാരം ആവശ്യമാണ്. ഈ പ്രശ്നത്തിൽ, അത്തരത്തിലുള്ള രണ്ട് പരിഹാരസാധ്യതകളാണ് ഉള്ളത്. ഒന്നാമതായി മേജർ ആർച്ചുബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയ കേന്ദ്രങ്ങൾക്കെതിരെ മുഖംനോട്ടമില്ലാതെ സഭാനിയമനുസരിച്ചുള്ള നടപടി. അല്ലെങ്കിൽ, പ്രശ്നപരിഹാരത്തിനായി, വേണ്ടിവന്നാൽ സഭയെ വിഭജിക്കുക.

എന്നുവച്ചാൽ, എറണാകുളം രൂപതയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും വൈദികരും മേജർ അർച്ചബിഷപ്പിന്റെ കീഴിൽ സിറോ മലബാർ സഭയിൽ തുടരാനാഗ്രഹിക്കുന്നവരാകയൽ, അവർക്കായി അങ്കമാലിയൊ പറവൂരോ കേന്ദ്രികരിച്ചു പുതിയ അതിരൂപത സ്ഥാപിക്കുക.

സിറോ മലബാർസഭയുടെ ആസ്ഥാനകാര്യാലയം കാക്കനാട് നിലനിർത്തിക്കൊണ്ടുതന്നെ, കുറവിലങ്ങാടോ, അങ്കമാലിയോ മേജർ ആർച്ചുബിഷപിന്റെ ഭദ്രാസനവുമായി പ്രഖ്യാപിക്കുക.

ബാക്കിയുള്ള ഗുണ്ടാടൻമാരെയും മാർപാപ്പയ്ക്കെതിരെവരെ അഴിമതിയാരോപണം ഉയർത്തിയ അവരുടെ പിണിയാളുകളെയും ഭരണിയന്ത്രങ്ങളുടെ കീഴിൽ സ്വതന്ത്ര സഭയാകുവാൻ വിട്ടുകൊടുക്കുക. പുകഞ്ഞകൊള്ളി പുറത്തുതന്നെയാണ് നല്ലത്. പല്ലിൽ കുത്തി മണക്കുന്നതും, മണപ്പിക്കുന്നതും ചികിത്സ അടിയന്തരമായി ആവശ്യമുള്ള മാനസികരോഗം തന്നെയാണെന്നും ഈയവസരത്തിൽ എല്ലാവരെയും ഓർമിപ്പിക്കുന്നു.

മിശിഹായിൽ സ്നേഹപൂർവ്വം, ഒരു സിറോ മലബാർ സഭാ വിശ്വാസി

[ഡോ. ആൽബർട്ട് എബ്രഹാം.
അസിസ്റ്റന്റ് പ്രൊഫസർ, ഡൽഹി സർവകലാശാല.]

×