വിശ്വാസം അതല്ലേ എല്ലാം …

ലിനോ ജോണ്‍ പാക്കില്‍
Saturday, June 30, 2018

ഒരു നല്ല വിശ്വാസി ആകുവാൻ എല്ലാ ക്രൈസ്തവ സഭകളും പഠിപ്പിക്കുമ്പോൾ, സഭാ നേതൃത്വത്തിൽ ഇരിക്കുന്നവർ തന്നേ വിശ്വാസത്തേയും അതിലേ ആചാര അനുഷ്ഠാനങ്ങളേയും പൗരോഹിത്യ പദവികളും ദുരുപയോഗം ചെയ്ത സമൂഹത്തിലെ തെറ്റായ പ്രവണതകളിലേക്ക് പോകുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.

ഏത് ക്രൈസ്തവ വിഭാഗമാണെങ്കിൽ കൂടി, ന്യൂനപക്ഷമാണോ ഭൂരിപക്ഷമാണോ കപടഭക്തരായ നേതാക്കൾ എന്ന സംശയം മാത്രമേ ഇന്നൊരു സാധാരണ വിശ്വാസിക്കുള്ളു. ഇത്തരം ജീർണതകൾ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചുതാണെങ്കിൽ കൂടി, സാങ്കേതിക വിദ്യയുടെ വളർച്ച കൂടുതലായും സഭയിലെ വിശ്വാസികൾ പുരോഹിതന്മാരിൽ നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകൾ പുറത്ത് കൊണ്ടു വന്നിരിക്കുകയാണ്.

നിയമപരമായ കണക്കെടുത്താൽ മതപുരോഹിതന്മാർ പ്രതിചേർക്കപ്പെട്ടിട്ടുള്ള കേസ്സുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വന്ന് കൊണ്ടിരിക്കുന്നു. ഒരു സഭയെന്നല്ല എല്ലാ സഭയും കുറ്റക്കാരായവരോട് കൈകൊള്ളുന്ന നിലപാട് സഭയുടെ മുഖം രക്ഷിക്കലിൽ ഒതുങ്ങി നിൽക്കുകയാണ്. വൈദീക വൃത്തിയിൽ നിന്ന് അത്തരക്കാരെ നീക്കം ചെയ്യുകയോ ,ശിക്ഷാനടപടികൾ സ്വീകരിച്ച് ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ സഭകൾ കൈക്കൊള്ളുന്നത് വളരെ വിരളമാണ്.

സമൂഹത്തോട് ക്രൈസ്തവ സഭകൾ ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും, കുറ്റവാളികളെ സംരക്ഷിച്ച് ,തെറ്റിനേ ശരിയായി ആവിഷ്കരിക്കുന്നത്.ആത്മീയത് പുറം കുപ്പായത്തിലെ വെളുപ്പ് മാത്രമാണെന്നുള്ള പുതു തലമുറയുടെ ധാരണ സാധൂകരിക്കപ്പെടുന്നു. വിശുദ്ധമായ പൗരോഹിത്യത്തേ അതിന്റേതായ ആദരവോടും ഭയഭക്തിയോടും സേവന മനോഭാവത്തിൽ പ്രവർത്തിക്കുന്ന സഭയിലേ പുരോഹിതന്മാർക്കും വലിയ വെല്ലുവിളിയായ് മാറുന്നുണ്ട്, ദൈവവേലയേ ദുരപയോഗം ചെയ്യുന്ന കുറ്റവാളികളായ മതപുരോഹിതരുടെ അനിയന്ത്രിതമായ വർദ്ധന.

വ്യക്തിഹത്യയും, ബ്ലാക്ക് മെയിലിംഗും ,ലൈംഗീക ചൂഷണവും ,കൊലപാതകവും, ബാലപീഠനവും സ്വവർഗരതിയും തുടങ്ങി സഭയിന്ന് ജനങ്ങളേ എതൊക്കെ തിന്മകളിൽ നിന്ന് മാറ്റി നിർത്തുവാൻ പ്രസംഗങ്ങളിൽ ആഹ്വാനം ചെയ്യുന്നവോ അവയിലെല്ലാം തന്നേ സഭാനേതൃത്വത്തിലേ പ്രധാന വ്യക്തികളുടെ കൈകളിൽ കറ പുരണ്ടിരിക്കുകയാണ്.

ശക്തമായ നടപടി ഒന്നു മാത്രമേ പ്രതിവിധിയുള്ള, നിഷ്ഠയുള്ള ജീവിതവും കഠിന പ്രയ്തനവും കൊണ്ട് മുനഗാമികൾ ജീവൻ നൽകിയ വളർത്തി കൊണ്ടുവന്ന ക്രൈസ്തവ സഭകൾ ഇനിയും ഉള്ളിലെ ജീർണതകളെ മറച്ച് വയ്ക്കാതെ ,അവയെല്ലാം അടിയന്തരമായി ശസ്ത്രക്രിയ ചെയ്ത പുറത്താക്കി പൂർണ്ണ വിശുദ്ധിയുടെ പൂർവ്വ സ്ഥിതിയിലേക്ക് മാറേണ്ടിയിരിക്കുന്നു.

ക്രിസ്തുവിനേ പോലെ ജീവിച്ചവർക്കാണ് അന്നത്തേ സമൂഹം ക്രിസ്ത്യാനിയെന്ന് പേർ വിളിച്ചത് , എന്നാൽ ഇന്നോ നാമമാത്ര ക്രിസ്ത്യാനികളായി പല ക്രൈസ്തവ സഭകളും സമൂഹവും മാറുന്നു. സുഖലോലുപതയും ആഡംഭരവും അധികാര പ്രീണനവും, രാഷ്ട്രീയ കുതിര കച്ചവടവും ,ക്രിസ്തുവിന്റെ മുഖത്തേ കൂടുതൽ മുറിപ്പെടുത്തുന്നു.

ക്രിസ്തീയ വിശ്വാസം ഇരുളിനേ നീക്കുന്ന വെളിച്ചമാണ്, അത് തിന്മയേ നശിപ്പിക്കുന്ന തീജ്യാലയാകണം. വലിയ അറിവോ പാണ്ഡിത്യമോ സാമ്പത്തീകമോ ഇല്ലെങ്കിലും ,പ്രയാസങ്ങളിൽ രോഗങ്ങളിൽ ദുരിതങ്ങളിൽ ആയ അനേകം സാധുക്കളായ വിശ്വാസികൾ, സഭയുടെയും പൗരോഹിത്യത്തിന്റെയും മുന്നിൽ നിഷ്കളങ്കമായി പ്രാർത്ഥിക്കുവാൻ മുട്ടുകുത്തുമ്പോൾ അവിടെ ചൂഷണം ഉണ്ടാകുവാൻ പാടില്ല.

വാർത്തകൾക്കും ചർച്ചകൾക്കുമപ്പുറം ഇനിയും നവോത്ഥാനം ക്രൈസ്തവ സഭകളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. നെല്ലും പതിരും വേർതിരിച്ച് ,അനാവിശ്യകാര്യങ്ങളേ പൂർണ്ണമായി നിരോധിക്കേണ്ടിയിരിക്കുന്നു. വിശ്വാസികളെ നഷ്ടപ്പെടുത്തി കൊണ്ട് സഭയ്ക്ക് ഒരിക്കലും നിലനിൽപ്പ് ഉണ്ടാവുകയില്ല, പുതിയ തലമുറയുടെ മനസ്സിലേക്ക് വിശ്വാസത്തിന്റെ വേരുകൾ ആഴന്നിറങ്ങണമെങ്കിൽ സഭകൾ സ്വയം തിരുത്തപ്പെടണം.

ക്രിസ്തുവിന് രണ്ടായിരം വർഷത്തിനിപ്പുറം രണ്ടായിരത്തിലധികം ക്രൈസ്തവ സഭകൾ ഉണ്ടാക്കുന്നതിലല്ല, നിലവിലുള്ള സഭകൾ ക്രൈസ്തവ മൂല്യം ചോർന്നു പോകാതെ ശക്തി പ്രാപിച്ച് സമൂഹത്തിന് ക്രിസ്തുവിനേ സുവിശേഷിക്കുകയത്രേ വേണ്ടത്.

ബൈബിളിലേ സുവിശേത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വരികൾ ഒന്നു മനസ്സ് ഇരുത്തി വായിക്കാം, “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ ,എന്തെന്നാൽ അവർ ദൈവത്തേ കാണും”. സഭകളും പുറമേയുള്ള വിശ്വാസത്തിനപ്പുറം ഹൃദയ വിശുദ്ധിയിലേക്ക് വളർന്ന് ദൈവത്തേ സമൂഹത്തിന് കാണിച്ച് കൊടുക്കുന്നവരാകട്ടെ.

×