ഈ പ്രളയം പഠിപ്പിച്ച രണ്ടു കാര്യങ്ങള്‍ ..

Tuesday, August 21, 2018

1. ഭൂമിയുടെ ഉപരിതലം മനുഷ്യനായി പതിച്ചു കിട്ടിയതല്ല എന്ന ബോധം ഒന്നുകൂടി ഉണർത്താനായി.

സ്വന്തമായി സമ്പാദിച്ച് പടുത്തുയർത്തിയ മണിമന്ദിരങ്ങളും സ്ഥാവരജംഗമങ്ങളും ഉപേക്ഷിച്ച് പ്രാണൻ മാത്രം മതി എന്ന ചിന്തയാൽ സുരക്ഷാസ്ഥാനം തേടാൻ മനുഷ്യർ നെട്ടോട്ടമോടി. അവൻ തന്നെ ഇടിച്ചു നിരത്തിത്തുടങ്ങിയ കുന്നിൻപുറങ്ങളെ അഭയം പ്രാപിക്കേണ്ടി വന്നു. ഭൂമിയുടെ പ്രകൃത്യാലുള്ള നിമ്നോന്നതാവസ്ഥ സ്വാഭാവികമാണ് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു!

ആരാലും തടഞ്ഞു നിർത്താനാവാത്ത ജലപ്രവാഹങ്ങളെ സ്വഛന്ദം ഒഴുകാൻ അനുവദിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. മലകൾക്കുള്ളിലെ സ്വാഭാവികമായ ജലസംഭരണികളെ പാറമടകളിലെ തമരടികളും വെടി പൊട്ടിക്കലും കൊണ്ട് പൊട്ടിയൊലിക്കാൻ അനുവദിക്കരുത് എന്ന് ബോധ്യമായിരിക്കുന്നു.

നദികളുടെ പിരിവുകളും തിരിവുകളും നിലനിർത്തേണ്ടതും പോയവ വീണ്ടെടുക്കപ്പെടേണ്ടതുമാണെന്ന് തിരിച്ചറിഞ്ഞു. ഉപയോഗരഹിതമായി കിടന്ന ചതുപ്പുകൾക്കും നീർക്കെട്ടുകൾക്കും അവയുടെതായ കടമകൾ ഉണ്ടെന്നറിഞ്ഞു.

മുറ്റത്തെ മറയ്ക്കുന്ന ഓടുപാളികൾ പൊളിച്ചു മാറ്റേണ്ടതാണെന്ന ചിന്തയുണ്ടായി. എല്ലാറ്റിനുമുപരി പ്രകൃതിയുടെ സർവ്വസംഹാരശേഷി ബോധ്യമായി. ഭയത്തോടെയും ആദരവോടെയും ഇനിയെങ്കിലും ഈ മഹാപ്രതിഭാസത്തെ അറിഞ്ഞ് ആരാധിക്കാൻ പൊന്നുപോലെ കാക്കാൻ ജ്ഞാനോദയം ഉള്ളിലുണ്ടായി.

2. മനുഷ്യർ തമ്മിലുള്ള മദമാത്സര്യവും കാലുഷ്യങ്ങളും ഭിന്നതകളും മറന്ന് അപായത്തിൽ തങ്ങളെല്ലാം സമൻമാരാണെന്ന് ബോധ്യപ്പെടാനിടയായി.

വംശവർഗ്ഗവർണ്ണമത വ്യത്യാസമില്ലാതെ ഭൂമിയിലെ ഏറ്റവും മികച്ച സമൂഹജീവിയാണ് മനുഷ്യൻ എന്ന തിരിച്ചറിവുണ്ടാക്കി. കൂട്ടി വച്ച സമ്പത്ത് ആർക്ക്,എന്തിന്, എന്ന ചിന്ത ചെറുതായെങ്കിലും ഉള്ളിൽ നാമ്പു പൊട്ടി. ആപത്തിലെ പരസ്പരമുള്ള കൈത്താങ്ങ് മനുഷ്യരിലെ എല്ലാ അതിർവരമ്പുകളും ഭേദിച്ച് ഒരിക്കൽ കൂടി മാനവസാഹോദര്യത്തിന്റെ വെന്നിക്കൊടി ഉയർത്തി.

ഇനി നാളെയും നിരവധി തിരിച്ചടികൾ മനുഷ്യസമൂഹം നേരിടേണ്ടിവരും എന്നും അവയെ തരണം ചെയ്യാൻ സമചിത്തതയോടെ ശാസ്ത്രീയബോധത്തോടെ ഒറ്റക്കെട്ടായി നീങ്ങണമെന്ന സന്ദേശമാണ് ഒരു പ്രളയകാലത്ത് മനുഷ്യരിൽ തനിയെ ഉരുവപ്പെടുന്നത്.

×