Advertisment

കെപിസിസി അധ്യക്ഷ പ്രഖ്യാപനം കാത്തിരുന്ന് പൊറുതിമുട്ടി ! രാഹുല്‍ജി പ്രഖ്യാപിക്കുന്നതും കാത്ത് ഫ്ലക്സും പോസ്റ്ററും തയാറാക്കി കാത്തിരിക്കുന്നത് നാലോളം നേതാക്കള്‍; ചിലര്‍ ഇപ്പഴേ ലഡു പൊട്ടിച്ചു !!

author-image
കിരണ്‍ജി
New Update

publive-image

Advertisment

ഡല്‍ഹി:   പുതിയ കെ പി സി സി അധ്യക്ഷനെ കാത്തിരുന്നു പ്രവര്‍ത്തകര്‍ മടുത്തപ്പോള്‍ സ്ഥാനമോഹികളായ നേതാക്കള്‍ ഫ്ലക്സ് ബോര്‍ഡ് അടിക്കാന്‍ ഫോട്ടോഷോപ്പ് തീര്‍ത്ത് കാത്തിരിക്കുന്നു. ഫ്ലക്സ് റെഡി .., പ്രഖ്യാപിച്ചാല്‍ മതിയെന്ന .. നിലപാടില്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തിനായി കാത്തിരിക്കുന്നത് നാലോളം നേതാക്കളെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിലര്‍ കാത്തിരുന്നു പൊറുതിമുട്ടിയപ്പോള്‍ ഫെയ്സ്ബുക്ക് പേജുകള്‍ വഴി അഭിവാദ്യങ്ങള്‍ സ്വയം സ്വീകരിച്ചു തുടങ്ങി. പുതിയ കെ പി സി സി അധ്യക്ഷന് അഭിവാദ്യങ്ങള്‍ എന്ന് മാത്രമല്ല, വൈകിയെങ്കിലും ഉചിതമായ തീരുമാനം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കും എം ഐ സി സി നേതാക്കള്‍ക്കും കൂടി അഭിവാദ്യം വരെ അര്‍പ്പിച്ചുകൊണ്ടാണ് പലരുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകള്‍.

publive-image

പ്രഖ്യാപനം ഇന്നോ നാളെയോ എന്നുകരുതി സമ്മര്‍ദ്ദം ചെലുത്താനായി ഡല്‍ഹിയില്‍ തമ്പടിച്ച ചില നേതാക്കളും അനുയായികളും കാശ് തീരാറായപ്പോള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നിട്ടും രാഹുല്‍ ഗാന്ധിക്ക് ഒരു കുലുക്കവുമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇടയ്ക്ക് ഡി സി സി അധ്യക്ഷന്മാരെ വിളിച്ച് മുകുള്‍ വാസ്നിക്ക് ഒരു സര്‍വേ നടത്തിയപ്പോള്‍ 'മോഹി'കള്‍ വീണ്ടും ഡല്‍ഹിക്ക് വണ്ടികയറിയതാണ്. ചിലര്‍ ഇപ്പോഴും അവിടെ തുടരുന്നു.

"എന്‍റെ പേരാണ് മുന്നില്‍, ഞാനായിരിക്കും, രാഹുല്‍ ജി കൈവിടില്ല, എല്ലാം റെഡിയായിരിക്കണം, പ്രഖ്യാപിച്ചിട്ട് വരുന്നതല്ലേ നല്ലത്.. ഗംഭീരമാക്കണം" എന്നൊക്കെയാണ് വിവിധ നേതാക്കള്‍ നാട്ടിലുള്ള അണികളോട് പതിഞ്ഞ സ്വരത്തില്‍ തട്ടിവിട്ടുകൊണ്ടിരിക്കുന്നത്.

publive-image

മറ്റൊരു പ്രമുഖ നേതാവ് താന്‍ ആറാം തീയതി കെ പി സി സി ഓഫീസിലേക്ക് തിരിക്കും എന്ന് അനുയായികളെ അറിയിച്ചിട്ടുണ്ട്. 'എന്തിനാണാവോ ?' എന്ന് ആര്‍ക്കും അറിയത്തുമില്ല. തനിക്ക് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് നേതാവിന്റെ പക്ഷം. എന്തായാലും ഇത്തവണ അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോള്‍ ആര്‍പ്പു വിളിക്കാന്‍ ആരും കാണില്ല. കാരണം അതിനുള്ള അനുയായിവൃന്ദവും ശുഷ്കമാണ്. പക്ഷേ പറഞ്ഞു കേള്‍ക്കുന്നതില്‍ സാധ്യതയും അവര്‍ക്ക് തന്നെ.

മറ്റൊരു നേതാവ് പറയുന്നത് കേട്ടിട്ട് അദ്ദേഹത്തിന്റെ അനുയായികളും ത്രില്ലിലാണ്. "കെ പി സി സി അധ്യക്ഷ സ്ഥാനത്ത് കാലങ്ങളായി അവഗണിക്കപ്പെട്ട വിഭാഗമായത് കൊണ്ട് ഇത്തവണ ഉറപ്പാണ്, രാഹുല്‍ജിയുടെ മനസ്സില്‍ ഞാന്‍ തന്നെ, മാഡം പ്രത്യേകം പറഞ്ഞിട്ടുണ്ട്, ഫ്ലക്സ് റെഡിയായിരിക്കണം, പണം പ്രശ്നമല്ല" എന്നൊക്കെയാണ് നേതാവിന്റെ വാക്കുകള്‍. ഫ്ലക്സിന്റെ മാറ്ററിന്റെ ഫോട്ടോഷോപ്പും റെഡിയാണ്. ഫോട്ടോഗ്രാഫറെ ഡല്‍ഹിയില്‍ തന്നെ വിളിച്ചുവരുത്തി കൊള്ളാവുന്ന കുറെ ഫോട്ടോകള്‍ അയച്ചു കൊടുത്തിട്ടുമുണ്ട്.

publive-image

"ധൈര്യമായിരിക്കടാ .. നമ്മളല്ലാതെ വേറാര് ?" എന്നാണ് കരുത്തനായ നേതാവിന്റെ കരുത്തുറ്റ വാക്കുകള്‍. ആയതുപോലെ തന്നെയാണ്, പ്രഖ്യാപിച്ചാല്‍ മാത്രം മതിയെന്നാണ് കരുത്തനായ നേതാവിന്റെ നിലപാട്.

മറ്റൊരു നേതാവ് ആരും അറിയാതെ എത്ര കുപ്പി ചെമ്മീന്‍ അച്ചാറും ചെമ്മീന്‍ ഡ്രസ് ചെയ്തതും ഡല്‍ഹിയില്‍ എത്തിച്ചെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കക്ഷിയുടെത് 'ചെമ്മീന്‍ നയതന്ത്രമാണ്'. ഭാര്യ ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് അങ്ങ് എത്തിക്കുന്നത് എം ജി റോഡിലെ പ്രശസ്ത കടയില്‍ നിന്നും വാങ്ങിയ കുപ്പിയുടെ സ്റ്റിക്കര്‍ പൊട്ടിച്ചാണ്.

ആയമ്മയ്ക്കാണെങ്കില്‍ സംഭവം ഭയങ്കര ഇഷ്ടവും. ചെമ്മീന്‍ ഗുണം ചെയ്യില്ലെന്ന് പറയാനാകില്ല, കേന്ദ്ര മന്ത്രി സ്ഥാനം മുതല്‍ കൊള്ളാവുന്ന കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വരെ വീണത് അതിലാണ്. കെ പി സി സി അധ്യക്ഷ സ്ഥാനം അതില്‍ വീഴുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

publive-image

ഇതിനിടെ വര്‍ക്കിംഗ് പ്രസിഡന്റുമാരാകാന്‍ ലിസ്റ്റില്‍ പേര് പോയ രണ്ടു പേര്‍ കൊതികുത്ത് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. 'വര്‍ക്കിംഗ്' ഇല്ലാതെ 'പ്രസിഡന്റ്' മാത്രം മതിയെന്നാണ് അവരുടെ പക്ഷം. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന നേതാവിന്റെ കീഴിലിരിക്കാന്‍ എന്നെ കിട്ടില്ലെന്നാണ് അതിലെ പ്രമുഖന്റെ നിലപാട്. ആ നേതാവ് യൂത്ത് കോണ്‍ഗ്രസിനെ നയിക്കുമ്പോള്‍ ഇപ്പറഞ്ഞ കക്ഷി വള്ളിനിക്കറിട്ട് നടക്കുവാരുന്നുവെന്നത് വേറെ കാര്യം.

പക്ഷേ, കക്ഷി പറയുന്നത് താനിപ്പോള്‍ വാനോളം വളര്‍ന്നുവെന്നാണ്. കുറഞ്ഞത് രാഹുല്‍ ഗാന്ധിയുടെ എങ്കിലും കീഴിലല്ലെങ്കില്‍ തന്നെ കിട്ടില്ലെന്നാണ് കക്ഷിയുടെ നിലപാട്. ഭയങ്കര സീനിയറാണത്രേ ?

publive-image

അങ്ങനെ 4 സെന്റ്‌ ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും റെഡിയാണ്. ഇനി രാഹുല്‍ജി ലഡു പൊട്ടിച്ചാല്‍ അതിലൊരാള്‍ ഇതെല്ലാം പുറത്തിറക്കും. മറ്റ്‌ മൂന്ന്‍ പേരും കത്തിച്ചു കലയും. അവര്‍ക്ക് അതിന്റെ ചെലവ് കൊടുത്ത് നഷ്ടം തീര്‍ക്കാന്‍ റെഡിയാണെന്ന് അമി'ഠ്'ഷാ വേണ്ടപ്പെട്ടവര്‍ വഴി അവരെ അറിയിക്കാന്‍ കാത്തിരിക്കുന്നു. പക്ഷേ, ആന്ധ്രയോ യു പിയോ പോലല്ലല്ലോ കേരളം. ഇവിടെ ആ പരിപ്പ് വേകാന്‍ സമയമെടുക്കും.

kpcc
Advertisment