കോഴിക്കോടിനെ അകറ്റി നിര്‍ത്തുന്നവരോട് ചിലത് പറയട്ടെ

ജിതിന്‍ ഉണ്ണികുളം
Monday, June 4, 2018

നിപ്പാ വൈറസ് കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ വന്നപ്പോള്‍ കോഴിക്കോട് എന്ന ജില്ലയെ തന്നെയാണ് നിങ്ങളെല്ലാം കൂടെ ഒറ്റപ്പെടുത്തിയിരിക്കുന്നത്….പക്ഷെ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ ഞങ്ങളുടെ നാട്ടുകാരെ ഒറ്റപ്പെടുത്തില്ല, കൂടെ നില്‍ക്കും മരിക്കാന്‍ ആണെങ്കില്‍ മരിക്കാന്‍ ജീവിക്കാനാണെങ്കില്‍ അങ്ങനെ…..എന്താന്നറിയോ ങ്ങള്‍ക്ക് ഒക്കെ, കോയിക്കോട്ടാരെ സ്നേഹിക്കാനെ പഠിച്ചിട്ടുള്ളൂ അകറ്റി നിര്‍ത്തുവാന്‍ പഠിച്ചിട്ടില്ല.

ഇങ്ങനെ ഒന്ന് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത് നിങ്ങള്‍ അടങ്ങുന്ന കേരള ജനതയും ഇവിടുത്തെ മാധ്യമങ്ങളുമാണ്. നിപ്പാ എന്ന മാരകമായ വൈറസ് ബാധിച്ചപ്പോള്‍ ഞങ്ങള്‍ തളര്‍ന്നത് ആ ബാധയ്ക്ക് മുന്‍പില്‍ അല്ല, കേരളത്തില്‍ എവിടെ ചെല്ലുമ്പോഴും കോഴിക്കോട്ട് നിന്നും വരുകയാണ് എന്ന് പറയുമ്പോള്‍ നിങ്ങളെല്ലാം അകറ്റി നിര്‍ത്തുന്നത് കാണുമ്പോഴാണ് ഞങ്ങള്‍ തളര്‍ന്നത്….

ഇതുപോലെ വൈറസുകള്‍ നിങ്ങളുടെ നാട്ടിലും ചിലപ്പോള്‍ വന്നേക്കാം , പക്ഷെ കോഴിക്കോട്ടാര് ങ്ങളെ ആരെയും അകറ്റി നിര്‍ത്തില്ല. ഒറ്റപ്പെടുന്നതിന്റെ വേദന ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്..

ഇനി ഇവിടുത്തെ മാധ്യമങ്ങളോട് ചിലത്,

നിപ്പാ വൈറസ് എന്നത് ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ ഉണ്ടാക്കിയ വൈറസ് അല്ല , നിങ്ങളുടെ എല്ലാം ചര്‍ച്ചകള്‍ കാണുമ്പോള്‍ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് അങ്ങനെ തോനുന്നു. അന്തിച്ചര്ച്ചകളില്‍ ഞങ്ങളെ ഭയത്തിലാക്കുവാനല്ല ഭയം ഇല്ലാതാക്കുവാന്‍ വേണ്ടിയാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്, അല്ലാതെ ചാനലിന്റെ നിലവാരം കൂട്ടുവാന്‍ വേണ്ടി തറ വേലകള്‍ കാണിക്കരുത്. ചാനലുകാരെ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ വെല്ലുവിളിക്കുന്നു.

നിപ്പാ വൈറസ് ബാധ ഏറ്റിരിക്കുന്ന ഏതെങ്കിലും ഒരാളുടെ അരികില്‍ അയാളോട് ആ ഒരു അവസ്ഥയെക്കുറിച്ച് ഒന്ന് അന്വേഷിക്കാമോ, ഇല്ലെങ്കില്‍ നിപ്പാ മൂലം മരണപ്പെട്ട ഏതെങ്കിലും ആളുടെ കുടുംബത്തില്‍ പോയി അവിടുത്തെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുമോ? ചങ്കൂറ്റം ഇല്ല അല്ലേ? എങ്കില്‍ പിന്നെ കോഴിക്കോടിനെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ഭീതി ജനിപ്പിക്കുന്ന ഒരു ജില്ലയായി ചിത്രീകരിക്കരുത്. ഞങ്ങള്‍ക്ക് ജീവിക്കണം ഭയം കൂടാതെ…..

നിപ്പാ എന്ന വൈറസ് കാരണം ഞങ്ങളെ അകറ്റി നിര്‍ത്തുന്നവര്‍ ഒന്നോര്‍ക്കുക ഇവിടെ നിന്നും അധികം ദൂരമില്ല തലസ്ഥാനം വരെ നീളുവാന്‍…. ഞങ്ങളെ അകറ്റി നിര്‍ത്തുകയല്ല കൂടെ നിന്ന് ധൈര്യം നല്‍കുകയാണ് ചെയ്യേണ്ടത്……

ഞങ്ങള്‍ക്ക് ഇവിടെ ഇപ്പോള്‍ നിപ്പാ പേടിയില്ല, കാരണം ഞങ്ങള്‍ തനിച്ചല്ല….കോഴിക്കോട് ഒന്നടങ്കം ഞങ്ങള്‍ക്കൊപ്പം ഉണ്ട്…..

×