” നിങ്ങള്‍ ഉടന്‍ മടങ്ങിവരണം . പട്ടിണിയാണെങ്കിലും നമുക്കിവിടെ സമാധാനത്തോടെ കഴിയാം..! – പ്രസിഡന്റിന്റെ ആഹ്വാനം ശ്രവിച്ച കുവൈറ്റിലെ ഫിലിപ്പീന്‍സ് പ്രവാസികള്‍ ധര്‍മ്മ സങ്കടത്തില്‍ ! സമ്പത്ത് വേണോ, രാജ്യസ്നേഹം വേണോ ? – അവരെന്ത് തീരുമാനിക്കും ?

പ്രകാശ് നായര്‍ മേലില
Monday, April 30, 2018

‘ നിങ്ങള്‍ അവിടെക്കഴിയുന്ന ഓരോ നിമിഷവും വിനാശം വിതയ്ക്കുന്ന പ്രളയ ഭീതിപോലെയാകും ജീവിക്കേണ്ടിവരുക.

നമുക്ക് ദാരിദ്ര്യമുണ്ട്, പക്ഷേ ഞാനുറപ്പുതരുന്നു , മടങ്ങി വരുന്ന നിങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ആത്മാഭിമാനത്തോടെ അന്തസ്സായി ജോലിചെയ്യാനുള്ള അവകാശം നമ്മള്‍ ആ എണ്ണരാജ്യത്തിനു പണയം വയ്ക്കാന്‍ തയ്യാറല്ല… ”

കഴിഞ്ഞ ദിവസം മനീലയില്‍ ഫിലിപ്പീന്‍സ് പ്രസിഡണ്ട്‌ റോഡ്രി ഗോ ദുട്ടെര്‍റ്റ് ( Rodrigo Duterte ) കുവൈറ്റിലേക്ക് ഇനിമുതല്‍ ഫിലിപ്പീന്‍സുകാരെ ജോലിക്കായി വിടുന്നത് പൂര്‍ണ്ണ മായും നിരോധിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് മുകളില്‍ കൊടുത്തിരി ക്കുന്നത്.

ഇന്നുമുതല്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കുവൈറ്റ് വിസകള്‍ പൂര്‍ണ്ണ മായും നിരസിക്കുകയാണ്.

കുവൈറ്റിലേക്ക് ആളുകളെ ജോലിക്കുവുടുന്നത് താല്‍ക്കാലികമായി ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍ത്തലാക്കിയിരുന്നു.

ഇപ്പോഴത്‌ പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയും കുവൈറ്റില്‍ കഴിയുന്ന 2.60 ലക്ഷം ആളുകളോട് എത്ര യും വേഗം രാജ്യത്തേക്ക് മടങ്ങാനുമാണ് പ്രസിഡണ്ട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്…..

ഫിലിപ്പീന്‍സ് സ്വദേശിനിയായ ജോന്ന ഡലീന ഡെമാ ഫില്‍സിനെ കുവൈറ്റിലെ ലബനോന്‍ – സിറിയന്‍ വംശജരായ ദമ്പതികള്‍ കൊലചെയ്തു മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഫിലിപ്പീന്‍സും കുവൈറ്റുമായുള്ള ബന്ധം ആദ്യം വഷളാകുന്നത്.

തൊഴിലുടമയാല്‍ പീഡിപ്പിക്കപ്പെട്ട തൊഴിലാളികളെ ഫിലിപ്പീന്‍സ് എംബസ്സി സാഹായിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതാണ് ഫിലിപ്പീന്‍സ് അംബാസഡറെ പുറത്താക്കാന്‍ കുവൈറ്റിനെ പ്രേരിപ്പിച്ചത്. രാജ്യത്തിന്‍റെ നിയമവാഴ്ച്ചയെ വെല്ലുവിളിച്ച നടപടിയെന്നാണ് ഇതിനെ കുവൈറ്റ് വിശേഷിപ്പിച്ചത്‌.

ഫിലിപ്പീന്‍സ് അംബാസഡറെ കവൈറ്റ് പുറത്താക്കുകയും ഫിലിപ്പീന്‍സിലുള്ള തങ്ങളുടെ അംബാസഡറെ മടക്കിവിളിക്കുകയും ചെയ്തതിനു പിന്നാലെ ഫിലിപ്പീന്‍സും തങ്ങളുടെ കുവൈറ്റ് അംബാസഡറെ തിരിച്ചുവിളിക്കുകയായിരുന്നു.

ഫിലിപ്പീന്‍സ് സ്വദേശിനിയുടെ കൊലയുമായി ബന്ധപ്പെട്ട് കൊലയാളികളായ ദമ്പതികളെ കുവൈറ്റ്‌ കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും കുറ്റവാളി കളില്‍ ഒരാളായ സിറിയന്‍ സ്വദേശിനി ഇപ്പോഴും സിറിയയില്‍ കഴിയുകയാണ്. ഇതും ഫിലിപ്പീന്‍ സിനെ പ്രകോപിപ്പിക്കാന്‍ കാരണമായി…

ഫിലിപ്പീന്‍സ് പൌരന്മാരുടെ സുരക്ഷാ – തൊഴില്‍ പ്രശ്നങ്ങളില്‍ വളരെ ശക്തമായ നിലപാടുകളാണ് ഗള്‍ഫ് മേഖലയിലെ ഫിലിപ്പീന്‍സ് എംബസികള്‍ കൈക്കൊള്ളുന്നത്.

കുവൈറ്റില്‍ ഇത്തരത്തില്‍ 7 യുവതികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഫിലിപ്പീന്‍സിന്റെ അവകാശവാദം.

ഇനിയെന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാമാന്യ നിലയിലായാലും ഗാര്‍ഹികജോ ലികള്‍ക്ക് ഫിലിപ്പീന്‍സ് സ്ത്രീകള്‍ക്ക് വിസ അനുവദിക്കുന്നതല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നിയമം തന്നെ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്.

ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. ബന്ധം സാധാരണ നിലയിലേക്ക് മടങ്ങാനുള്ള സാദ്ധ്യതയും സമീപകാലത്തൊന്നും ഉണ്ടാകാനും ഇടയില്ല.

അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു നാട്ടിലേക്ക് മടങ്ങുകയല്ലാതെ ഫിലിപ്പീന്‍ പൌരന്മാര്‍ക്ക് മുന്നില്‍ മറ്റു വഴികളൊന്നും അവശേഷിക്കുന്നില്ല.

ചര്‍ച്ച ഫലം കാണാത്ത സാഹചര്യത്തില്‍ മൂന്നു ദിവസത്തിനകം കുവൈറ്റിലുള്ള ഫിലിപ്പീന്സ് അംബാസഡര്‍ കൂടി സ്ഥലം വിടുകയാണ്.

×