പാലായനം ചെയ്യുന്ന മലയാളിയും, മലയാളവും

ജയശങ്കര്‍ പിള്ള
Thursday, March 8, 2018

വിപ്ലവം പണി മുടക്കി അല്ല. പണി എടുത്താണ് എന്ന് തെളിയിച്ച രണ്ടു ദേശക്കാർ ആണ് ബംഗാളികളും, ആസാം കാരും. വിപ്ലവത്തോടും, സോഷ്യലിസത്തോടും പ്രണയമേറും തോറും വയറൊട്ടി എല്ലുന്തിയ പട്ടിണി സമൂഹം വർധിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊറുതി മുട്ടി പോര് നിറുത്തിയവർ ഇന്ന് കേരളത്തിന്റെ വിപ്ലവ മണ്ണിൽ പണി എടുത്തു ജീവിക്കുന്നു.

പലരും അവരുടെ നാട്ടിൽ സാധാരണക്കാരിലും ഉയർന്ന സാമ്പത്തീക ഭദ്രതയിലേയ്ക്ക് എത്തിയിരിക്കുന്നു.കഴിഞ്ഞ 10 വർഷത്തിൽ ബംഗാൾ, ഒറീസ്സ, ആസ്സാം സംസ്ഥാനങ്ങളിൽ ഉണ്ടായ ജീവിത നിലവാര ഉയർച്ചയ്ക്ക് കേരളം വഹിച്ച പങ്ക് വളരെ വലുതാണ്.

അസാമിൽ തോക്കും കുഴലിലൂടെ സമത്വം തേടിയ ചെറുപ്പക്കാരുടെ നേതാവ്,വിപ്ലവത്തിലും നല്ലതു വാഴ കൃഷി ആണ് എന്ന് തെളിയിച്ച ഗോൽപാറ ജില്ലയിലെ രുദ്രകാന്ത റാബ ഇന്ന് ആസ്സാം സംസ്ഥാനത്തിലെ ചെറുപ്പക്കാരുടെ താരം ആണ്.

ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും,പ്രാഥമിക കുത്തിവയ്‌പ്പുകൾ എടുക്കാനും,നല്ല വസ്ത്രം ധരിക്കുന്നതിനും,വീടുകൾ മോഡി പിടിപ്പിക്കുന്നതിനും ,സ്വന്തം നാട്ടിലും,കേരളത്തിലും കച്ചവട സ്ഥാപനങ്ങൾ തുടങ്ങുവാനും ഒക്കെ തയ്യാറായിരിക്കുന്നു.

വളരെ ഏറെ കാലം തമിഴ്‌നാട്ടിലെ പാവപ്പെട്ടവരുടെ ഏറ്റവും വലിയ സാമ്പത്തീക സ്രോതസ് കേരളം ആയിരുന്നു.ഇന്നും ഭക്ഷണ പദാര്ഥങ്ങള്ക്കായി നാം തമിഴ് നാടിനെ ആശ്രയിക്കുമ്പോൾ അതിനു പിന്നിൽ തമിഴ് നാട്ടിൽ സ്വന്തം ഏക്കറുകൾ വരുന്ന കൃഷി ഇടങ്ങൾ പാകപ്പെടുത്താൻ അവർ ആദ്യം പണം കണ്ടെത്തിയിരുന്നതും കേരളത്തിലെ നിർമ്മാണ മേഖലയിലെ തൊഴിലുകളിൽ നിന്നും ആയിരുന്നു എന്ന സത്യം നാം മറക്കുന്നു .

ന്യൂനപക്ഷ സമുദായത്തിൽ പെട്ടവർ ഏറ്റവും കൂടുതൽ നല്ല വിദ്യാഭ്യാസവും,നല്ല വസ്ത്രവും, അറിവും, സാമ്പത്തീക ശേഷിയും കൈവരിച്ച ഏക സംസ്ഥാനം കേരളം മാത്രമാണ്. അതിനു സാധിച്ചതും മാറി മാറി വരുന്ന സർക്കാരുകളുടെ പ്രവർത്തനം തന്നെ ആണ്.

മറ്റു സംസ്ഥാനങ്ങളിലേതു പോലെ ആജീവനാന്ത നേതൃസ്ഥാനമാനങ്ങൾ ,മുഖ്യമന്ത്രിയും,രാഷ്ട്രീയ സർക്കാരും കേരളത്തിൽ ഇല്ല എന്നുള്ളതും, രാഷ്ട്രീയം ഇല്ലാതെ മാറി നിൽക്കുന്ന 20 ശതമാനത്തോളം ആളുകൾ ഇന്നും കേരളത്തിൽ ഉണ്ട് എന്നതും മലയാളിയുടെ മാത്രം പ്രത്യേകത ആണ്.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ “അഴിമതി,കൊലപാതക, അടിപിടി, ഭീഷണി , പാവാട, പരസ്പരം പഴി ചാരി പഴുതു കാണും രാഷ്ട്രീയം ” വാസനകൾ കൂടി സ്വയമേ തിരിച്ചറിവ് ഉണ്ടായി നിറുത്തിയാൽ ഏതൊരു ഇന്ത്യൻ സംസ്ഥാനത്തിനും മാതൃക തന്നെ ആയി തുടരും നമ്മുടെ കൊച്ചു കേരളവും,ഭരണ വർഗ്ഗവും.

പ്രവാസ ജീവിതത്തിന്റെ ,കുടിയേറ്റത്തിന്റെ പരിവേഷത്തിൽ കേരളം മുന്നേറുമ്പോൾ അന്യസംസ്ഥാന പ്രവാസികൾ കേരളത്തിലൂടെ സ്വന്തം രാജ്യത്തു തന്നെ പ്രവാസികൾ ആയിരിക്കുന്നു.

നമ്മുടെ നാട്ടിലെ അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തന്നെ വീടുകൾ, കൃഷി ഇടങ്ങൾ എന്നിവ സ്വന്തം ആക്കുവാനും, അവരുടെ കുട്ടികളെ മലയാളം ഉൾപ്പടെ ഉള്ള ഭാഷകൾ പഠിപ്പിക്കുവാനും, നല്ല വിദ്യാഭ്യാസം ചെയ്യിക്കുവാനും തുടങ്ങി ഇരിക്കുന്നു. അന്യ ദേശ മിശ്രവിവാഹങ്ങളും വ്യാപകമാകുന്നു എന്നതും നല്ല സൂചനകൾ തന്നെ.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ ആണെങ്കിലും മലയാളിയ്ക്കും കേരളത്തിനും നഷ്ടമാകുന്ന ഒന്ന് ഉണ്ട്,നമ്മുടെ ഭാഷ, നമ്മുടെ നല്ല മലയാള വാക്കുകൾ, വരികൾ, ആദ്യം ഇന്ഗ്ലീഷ് ഭാഷ മലയാളത്തെ വിഴുങ്ങി ഇരുന്നു എങ്കിൽ, ഇന്ന് ഹിന്ദി, ബംഗാളി, എന്നിങ്ങനെ നിരവധി ഭാഷകൾ മലയാളത്തിലേയ്ക്ക് കുടിയേറിയിരിക്കുന്നു. ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകത ആണ്.

പ്രൊ.കോശി നൈനാൻ (ബിഷപ്പ് മൂർ കോളേജ്) ന്റെ വരികൾ ഈ ഭാഷാ വിഷയത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. പുതിയ പുതിയ വാക്കുകൾ എല്ലാ നിമിഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏക ഭാഷ മലയാളം മാത്രമാണ്,മറ്റു ഭാഷകളുടെ കടന്നു കയറ്റം മലയാളത്തെ അതിന്റെ യഥാർത്ഥ സത്തയിൽ നിന്നും അകറ്റുന്നു.”

കുടിയേറുന്ന മലയാളിയും,കുടിയിൽ (കേരളത്തിൽ) ഉറങ്ങുന്ന മലയാളിയും മലയാളത്തിലേക്കും,കേരളത്തിലേക്കും ഉള്ള കുടിയേറ്റം അറിയാതെ പോകുന്നു എന്ന് മാത്രം അടിവരയിടുന്നു.

×